പുതുവര്‍ഷവും പ്രതീക്ഷകളും

പുതുവര്‍ഷവും പ്രതീക്ഷകളും

2020 പിറക്കുമ്പോള്‍ എന്തൊക്കെയാണ് ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകള്‍? ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് പ്രൊഫസര്‍, ജയന്തി ഘോഷ് ഈയിടെ ഒരു അഭിമുഖത്തില്‍ നല്‍കിയ ഉത്തരത്തില്‍ ഈ കുറിപ്പ് തുടങ്ങുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. രാജ്യം അനേകം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്താണ് താങ്കള്‍ക്ക് തോന്നുന്നത് എന്ന ചോദ്യത്തിനോട് പ്രതികരിച്ചു കൊണ്ട് അവര്‍ പറഞ്ഞത്, തന്‍റെ അധ്യാപകനായിരുന്ന ജോവാന്‍ റോബിന്‍സണ്‍ പറയാറുള്ള ഒരു കാര്യമാണ്. അത് ഇന്ത്യയെക്കുറിച്ച് എന്ത് പറഞ്ഞാലും, അതിന്‍റെ മറുവശവും സത്യമാണ് എന്നതാണ്. 'ഒരു വശത്തു പ്രതീക്ഷകള്‍ നശിക്കുമ്പോഴും, മറുവശത്തു പ്രത്യാശിക്കുവാന്‍ ഒരായിരം കാരണങ്ങള്‍ തരുന്ന രാജ്യമാണ് ഇന്ത്യ. ഓരോ മതമൗലികവാദിക്കു പകരവും, ജാതിമത വൈവിധ്യത്തിലും, സഹിഷ്ണുതയിലും വിശ്വസിക്കുന്ന, അഭിമാനിക്കുന്ന വേറെ നൂറു പേരുള്ള രാജ്യം.' ഒരുപക്ഷേ ഇതാണ് നമ്മെ എക്കാലത്തും, ഇന്ത്യ എന്ന സങ്കല്‍പ്പത്തില്‍ അടിയുറച്ചു വിശ്വസിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. പുതിയൊരു വര്‍ഷം തുടങ്ങുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല.

തിരഞ്ഞെടുപ്പ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും രാജ്യത്തെ ജനങ്ങള്‍ ഭയമില്ലാതെ രാഷ്ട്രീയം ചിന്തിക്കുകയും, സംസാരിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ആരോഗ്യകരമാകുന്നത്. അങ്ങനെയുള്ള ഒരു അന്തരീക്ഷമാണ്, മൂല്യബോധമുള്ള രാഷ്ട്രീയവും, ജനാധിപത്യവും ഉണ്ടാക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി, രാഷ്ട്രീയപ്രവര്‍ത്തനം സാമൂഹ്യ മാധ്യമങ്ങളിലേക്കു മാത്രമായി ചുരുങ്ങുന്ന ഒരു പ്രതിഭാസമുണ്ട്. പലപ്പോഴും ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക്, എന്തും ചെയ്യുവാനുള്ള ധൈര്യം കൊടുക്കുന്നത്, ജനങ്ങളുടെ ഈ നിസ്സംഗതയാണ്. പൊതുജനങ്ങളുടെ നിശ്ശബ്ദത, അവരുടെ അംഗീകാരമായി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു അവസ്ഥ. തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം, എന്തും നടപ്പില്‍ വരുത്താനുള്ള ഒരു ലൈസന്‍സ് ആയി മാറുന്നത് ഇവിടെയാണ്. ഈ സാഹചര്യത്തില്‍ ആണ് ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ആളുകള്‍ തെരുവില്‍ അണിനിരന്നു പൗരത്വബില്ലിനെ എതിര്‍ത്തത് ശ്രദ്ധേയമാകുന്നത്. തെരുവിലെ പ്രക്ഷോഭം എന്നത് ജനാധിപത്യത്തിന്‍റെയും, പൗരന്മാരുടെ അവകാശങ്ങളുടെയും സംരക്ഷണത്തിന് ഒരുപക്ഷേ അവശ്യം വേണ്ട ഒന്നാണ് എന്നതാണ് വാസ്തവം. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു സംഗതി, തെരുവില്‍ റാലി നടത്തുന്നതും, പൊലീസിന്‍റെ അടികൊള്ളുന്നതും മനുഷ്യര്‍ അത് രസിക്കുന്നു എന്നത് കൊണ്ടല്ല, മറിച്ചു മറ്റു വഴികള്‍ അടയുന്നത് കൊണ്ടാണ്. ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു സംഗതി, വന്‍ തോതില്‍ ഉണ്ടായ വിദ്യാര്‍ത്ഥി പങ്കാളിത്തമാണ്. ഒരുപക്ഷേ ഈ പുതുവര്‍ഷത്തില്‍ നമ്മുടെ രാജ്യത്തിന് ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒന്നാണിത്. വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഒരു സന്ദേശം തങ്ങള്‍ വിഭജന മുദ്രാവാക്യങ്ങളുടെ കൂടെയല്ല, മറിച്ചു ജാതിമത ഭേദമെന്യേ രാജ്യത്തിനൊപ്പം ഒറ്റക്കെട്ടാണ് എന്നതാണ്. ഇതുപോലെ ചിന്തിക്കുന്ന കുട്ടികള്‍ക്കാണ് ഒരുപക്ഷേ രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുക.

ഇന്ത്യയുടെ എക്കാലത്തെയും വലിയ ശക്തിയും, തനിമയും അതിന്‍റെ ബഹുസ്വരതയാണ് എന്ന തിരിച്ചറിവില്‍ ആണ് ഇന്ത്യയുടെ സുരക്ഷയും സമൃദ്ധിയും അടങ്ങിയിരിക്കുന്നത്. ഏതെങ്കിലും ഭരണകൂടം ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോഴാണ് അത് രാജ്യത്ത് അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നത്. ഒരു പക്ഷേ മുമ്പെന്നത്തേക്കാളും, ഈ ജനാധിപത്യ മതേതരമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള ഒരു കടമയാണ് ഇന്ന് ഇന്ത്യയിലെ ഓരോ പൗരനും ഉള്ളത്. അത് നമ്മുടെ അയല്‍വക്കത്തും, തൊഴിലിടങ്ങളിലും, നമ്മള്‍ എവിടെയൊക്കെ ഒരുമിച്ചു കൂടുന്നുവോ അവിടെയെല്ലാം സംഭവിക്കേണ്ട ഒന്നാണ്. വിഭജനങ്ങള്‍ എപ്പോഴും ഭരണകൂടത്തിന് സൗകര്യവും, രാജ്യത്തിന് അപകടവും ആണെന്ന് ഓര്‍ക്കുക. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ പോലും, പലവിധ ലേബലുകളില്‍ ഒതുക്കുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ രാജ്യത്തു കാണുന്നത്. ഇത് വളരെ നിശബ്ദമായി, ആസൂത്രിതമായി നടക്കുന്ന ഒന്നാണ്. രാജ്യദ്രോഹികള്‍ തുടങ്ങി അര്‍ബന്‍ നക്സല്‍ വരെയുള്ള പ്രയോഗങ്ങള്‍ക്ക്, ഏകദേശം സാദ്ധ്യത വന്ന മട്ടാണ്. ഈയിടെ പ്രധാനമന്ത്രി വരെ, സമരം ചെയ്ത പ്രമുഖ വ്യക്തികളെ അര്‍ബന്‍ നക്സല്‍ എന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. ഇത്തരം പ്രചാരണങ്ങളില്‍ വീണു പോകാതെ, മനഃപൂര്‍വ്വമുള്ള ലേബലുകള്‍ക്കെതിരെ നാം കരുതിയിരിക്കേണ്ടതുണ്ട്.

സാമൂഹ്യമാധ്യമങ്ങളിലൂടെ വന്‍തോതില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ കുറയുന്നതിന് പകരം കൂടുന്ന സ്ഥിതിവിശേഷം ആണുള്ളത്. ഓരോ ദിവസവും നമ്മെ ശക്തമായി സ്വാധീനിക്കുവാന്‍ ഇടയുള്ള നൂറു കണക്കിന് വാര്‍ത്തകളും, ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരുപക്ഷേ ഈ വര്‍ഷവും നാം ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു മേഖലയാണിതെന്നു പറയാതെ വയ്യ. വായിക്കുന്ന, കാണുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയാന്‍ എങ്ങനെ സാധിക്കുമെന്ന് ആളുകളെ പഠിപ്പിക്കേണ്ടതുണ്ട്. വാര്‍ത്തകളുടെ ഉറവിടം എന്താണ്, എങ്ങനെയാണ് ഒരു വാര്‍ത്ത സത്യമാണോ എന്ന് പരിശോധിക്കുക, ഇവയെല്ലാം അതിപ്രധാനമാണ്. ഭാരതത്തിന്‍റെ ജനാധിപത്യത്തെക്കുറിച്ചു പറയുമ്പോള്‍, അത് ചരിത്രത്തിലെ ഏറ്റവും അസ്വാഭാവികമായ പരീക്ഷണവും വിജയവും ആയിരുന്നു എന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയാറുണ്ട്. ഇത്രയും വൈവിധ്യവും, ദാരിദ്ര്യവും നിരക്ഷരതയും ഉള്ള ഒരു രാജ്യമാണ് സ്വാതന്ത്ര്യം കിട്ടിയ ഉടന്‍ എല്ലാവര്‍ക്കും പ്രായപൂര്‍ത്തി വോട്ടവകാശം കൊടുത്തത്. കഴിഞ്ഞ 73 വര്‍ഷമായി, അത് മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടു തന്നെ അതിനെ ശക്തമായി നില നിര്‍ത്തുവാന്‍ ഇന്ത്യക്ക് സാധിക്കും. ഈ ആത്മവിശ്വാസവും, ജാഗ്രതയുമാകട്ടെ നമ്മുടെ പുതുവര്‍ഷചിന്തകള്‍. സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രമല്ല, നമ്മുടെ എല്ലാ പരിസരങ്ങളിലും ജനാധിപത്യവും, രാഷ്ട്രീയവും ചര്‍ച്ചയാകട്ടെ. അതോടൊപ്പം, സാധ്യമായ എല്ലാ വേദികളിലും ജനാധിപത്യവിശ്വാസിയെപ്പോലെ പ്രതികരിക്കുവാന്‍ ഉള്ള ശക്തിയും ആര്‍ജ്ജവവും നമുക്ക് കൈമോശം വരാതിരിക്കട്ടെ.

ലേഖകന്‍റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org