ഭാഷ: വികാരവും രാഷ്ട്രീയവും

എഴുത്തുഭാഷ ഉപയോഗിച്ച് 'അറിവ്' എഴുതി സൂക്ഷിക്കാനും കൈമാറാനുമുള്ള കഴിവാണ് മനുഷ്യനെ എല്ലാ മൃഗങ്ങളേക്കാളും വ്യതസ്തനും ശക്തനുമാക്കിയത്. ഇന്ന് ലോകത്തു ചെറുതും വലുതുമായ ലിപികള്‍ ഉള്ളതും ഇല്ലാത്തതുമായ 6500 ഭാഷകള്‍ ഉണ്ടെന്നു കരുതപ്പെടുന്നു. ഉപയോഗം ഇല്ലാതെ നശിച്ചു പോയ ആയിരക്കണക്കിന് ഭാ ഷകള്‍ വേറെയുമുണ്ട്. നമ്മുടെ രാജ്യത്ത് ഏകദേശം 30 പ്രമുഖ ഭാഷകളുണ്ട്; ഒട്ടേറെ ചെറിയ ഭാഷകളും. ഇവയെല്ലാം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ഹിന്ദിയെച്ചൊല്ലി ഈ അടുത്ത കാലത്തുണ്ടായ വിവാദങ്ങളാണ്. പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ ഭാഗമായി ത്രിഭാഷാ പദ്ധതി രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടെന്നായിരുന്നു പരാതി. ഹിന്ദി ഇതര സംസ്ഥാനങ്ങളുടെ പ്രത്യേകിച്ചും തമിഴ്നാട് പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് തത്ക്കാലം അതില്‍ തിരുത്തലുകള്‍ വന്നിരിക്കുന്നു. ഭാഷ വളരെ വൈകാരികമായ ഒരു വിഷയമാണ്. അതുപോലെ തന്നെ ഒരു രാഷ്ട്രീയഉപകരണം കൂടിയാണ്. ഭാരതംപോലെ അനേകം ഭാഷകള്‍ സംസാരിക്കുന്ന ഒരു രാജ്യത്തിന്‍റെ ഏറ്റവും വലിയ പ്രശ്നം, ഒരു ലിങ്ക് ഭാഷയുടെ ആവശ്യമാണ്. ഇവിടെ ഭരണഘടന എന്ത് പറയുന്നു എന്നത് ശ്രദ്ധേയമാണ്. 1950-ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ഭരണഘടനപ്രകാരം ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുവെങ്കിലും, ഹിന്ദി അറിയാത്ത വലിയൊരു വിഭാഗം ജനങ്ങളുള്ളതുകൊണ്ട് ഇംഗ്ലീഷിനും തുല്യമായ പദവി കൊടുത്തിട്ടുണ്ട്. തുടക്കത്തില്‍ ഇംഗ്ലീഷിന്‍റെ തുല്യ പദവി 15 വര്‍ഷം എന്ന് നിശ്ചയിച്ചുവെങ്കിലും, നിരവധി കാരണങ്ങള്‍ കൊണ്ട് ഈ തുല്യ വ്യവസ്ഥ ഇന്നും തുടരുന്നു. പാര്‍ലമെന്‍റിന്‍റെ രണ്ടു സഭകളും ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കാതെ ഇതിനു മാറ്റം വരുത്താന്‍ സാധിക്കില്ല. ഇത്തരുണത്തില്‍ ത്രിഭാഷ പദ്ധതിയെപ്പറ്റിയും നാം മനസ്സിലാക്കേണ്ടതുണ്ട്. 1968-ല്‍ കേന്ദ്രഗവണ്മെന്‍റ് മുന്നോട്ടു കൊണ്ടുവന്ന ഒരു നയമായിരുന്നു ത്രിഭാഷാ പദ്ധതി. അത് പ്രകാരം, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മൂന്നു ഭാഷകള്‍ പഠിക്കാന്‍ ഉള്ള നിര്‍ദേശം വച്ചു. ഹിന്ദി മാതൃഭാഷ ആയുള്ള പ്രദേശങ്ങളില്‍ ഇംഗ്ലീഷ്, ഹിന്ദി പിന്നെ മറ്റൊരു ഇന്ത്യന്‍ ഭാഷ എന്നിവയും ഹിന്ദി ഇതര പ്രദേശങ്ങളില്‍ ഇംഗ്ലീഷ്, ഹിന്ദി, പിന്നെ അവരവരുടെ പ്രാദേശിക ഭാഷ എന്നുമായിരുന്നു ഈ നയം. തമിഴ്നാട് ഈ നയത്തെ എതിര്‍ക്കുകയും അവിടെ സംസ്ഥാന ഗവണ്‍മെന്‍റ് ത്രിഭാഷ പദ്ധതി നടപ്പാക്കാതിരിക്കുകയും ചെയ്തു. അതുപോലെ തന്നെ ഒരു തെക്കേ ഇന്ത്യന്‍ ഭാഷ എന്ന നയത്തില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും പിന്നോട്ട് പോയി. പക്ഷേ തമിഴ്നാട് ഒഴികെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് നടപ്പില്‍ വന്നു. ഈ സാഹചര്യത്തില്‍ ആണ് വീണ്ടും ത്രിഭാഷ പദ്ധതി നിര്‍ബന്ധമായി നടപ്പിലാക്കുവാന്‍ ഉള്ള നീക്കവുമായി ഗവണ്മെന്‍റ് വന്നത്. രാജ്യത്തു ആകമാനം ഹിന്ദി വ്യാപിപ്പിക്കുക എന്ന ഒരു ഉദ്ദേശം ബിജെപിക്ക് ഉണ്ട് എന്നുള്ളത് നിസ്തര്‍ക്കമായ ഒരു വസ്തുതയാണ്. ബിജെപി ഭരണത്തില്‍ ഹിന്ദിയുടെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നുമുണ്ട് .

ഈ സാഹചര്യത്തില്‍ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ എടുക്കേണ്ട നിലപാട് എന്താണ്? രാജ്യത്തെ വലിയൊരു ജനവിഭാഗം സംസാരിക്കുന്നു എന്നത് കൊണ്ട്, ഹിന്ദി അറിയുന്നതുകൊണ്ടു ചില പ്രയോജനങ്ങളുണ്ട്. പക്ഷേ ഹിന്ദി ഒഴിച്ചുള്ള ഇന്ത്യയിലെ പല ഭാഷകളും, സാഹിത്യത്തിലും പാരമ്പര്യത്തിലും ഹിന്ദിയേക്കാളും മുന്നില്‍ നില്‍ക്കുന്നവയാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായി, ഹിന്ദിയുടെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ അവയ്ക്കു ബുദ്ധിമുട്ടുണ്ട്. ഇതോടൊപ്പം തന്നെ നമ്മള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, ഓരോരുത്തരും തങ്ങളുടെ മാതൃഭാഷയില്‍ ആവശ്യത്തിന് പ്രാവീണ്യം നേടുന്നുണ്ട് എന്ന് എങ്ങനെ ഉറപ്പു വരുത്തും എന്നതാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ തള്ളിക്കയറ്റത്തോട് കൂടി നമ്മുടെ കുട്ടികള്‍ മാതൃഭാഷയെ അവഗണിക്കുന്നു എന്നത് ഒരു വസ്തുതയാണ്. അടിസ്ഥാന കാര്യങ്ങള്‍ ഉറപ്പിക്കാന്‍, മാതൃഭാഷയില്‍ അധ്യയനം നല്ലതാണ് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ഈ ആശയം ഇന്ന് മിക്കവാറും തന്നെ അവഗണിച്ച മട്ടാണ്. ഒരു ലോക ഭാഷ എന്ന നിലയിലും, ലിങ്ക് ഭാഷയായിട്ടും ഇംഗ്ലീഷിലുള്ള പ്രാവീണ്യവും അത്യന്താപേക്ഷിതമാണ്. ഹിന്ദിയോട് ശത്രുത ഇല്ലാതെതന്നെ, ആ ഭാഷയിലും ആശയവിനിമയം നടത്താന്‍ കുട്ടികള്‍ പഠിച്ചാല്‍ അത് തീര്‍ച്ചയായും നല്ലതാണ്. പക്ഷേ അതിനു വേണ്ടി നമ്മുടെ ഹിന്ദി അധ്യയനരീതി പൊളിച്ചെഴുതേണ്ടതുണ്ട്. പലപ്പോഴും കണ്ടു വരുന്നത്, വര്‍ഷങ്ങളുടെ ഹിന്ദി പഠനംപോലും, കുട്ടികളെ ഹിന്ദിയില്‍ ആശയവിനിമയത്തിന് പ്രാപ്തരാക്കുന്നില്ല എന്നാണ്. ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍, ആശയവിനിമയത്തിന് പ്രാപ്തരാക്കുന്ന തരത്തില്‍ ലളിതമായ പുസ്തകങ്ങള്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും. ഇതുവഴി ഹിന്ദി പഠനത്തിന് ഇപ്പോള്‍ നീക്കി വയ്ക്കേണ്ടി വരുന്ന ദീര്‍ഘമായ സമയം ലാഭിക്കാനും സാധിക്കും. ഔദ്യോഗിക ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷിനും ഹിന്ദിക്കും തുല്യ പദവി നിലനിര്‍ത്തേണ്ടതുണ്ട്. ഇത് തമിഴ്നാടിന്‍റെ മാത്രം കാര്യമല്ല. എല്ലാ ഹിന്ദി ഇതര സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കണം.

ഒരുവന്‍റെ സംസ്കാരത്തിലേക്കുള്ള വാതിലാണ് അവന്‍റെ ഭാഷ. ശരീരത്തിന് വായുവും വെള്ളവും എന്നപോലെ ചിന്തയ്ക്കും അറിവിനും ഭാഷ കൂടിയേ തീരൂ. അതോടൊപ്പം തന്നെ ഇന്ത്യയെ സംബ ന്ധിച്ചിടത്തോളം, സാംസ്കാരിക / ഭാഷ വൈവിധ്യങ്ങള്‍ മാനിക്കപ്പെടേണ്ടതുണ്ട്. വൈവിധ്യങ്ങള്‍ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളെ നമ്മള്‍ ചെറുക്കണം. മാതൃഭാഷയില്‍ കൂടുതലായി വൈജ്ഞാനിക ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും ഉണ്ടാകണം. ഹിന്ദിയെ സംബന്ധിച്ച്, അതിന്‍റെ അടിച്ചേല്‍പ്പിക്കലിനെ തള്ളുന്നതോടൊപ്പം ആ ഭാഷയില്‍ ലളിതമായ ആശയവി നിമയം നടത്താന്‍ കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ വേണം. ചുരുക്കത്തില്‍ എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും (ഹിന്ദി അതില്‍ ഒന്ന് മാത്രമാണ് എന്നും ഓര്‍ക്കുക) സമഗ്ര വളര്‍ച്ചയും ഒരു ലിങ്ക് ഭാഷ എന്ന നിലയിലും ഔദ്യോഗികഭാഷ എന്ന നിലയിലും (ഹിന്ദിക്ക് ഒപ്പം) ഇംഗ്ലീഷിന്‍റെ പ്രാധാന്യവും നാം ഉറപ്പു വരുത്തണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org