റോഡില്‍ പൊലിയുന്ന ജീവിതങ്ങള്‍

ഒരു രാജ്യത്തിന്‍റെ മഹത്വം അടങ്ങിയിരിക്കുന്നത്, അത് ഒരു പൗരന്‍റെ ജീവനു കൊടുക്കുന്ന വിലയനുസരിച്ചാണെങ്കില്‍, നമ്മള്‍ അധികമൊന്നും അഭിമാനിക്കാന്‍ വകയില്ലാത്ത രാജ്യമാണ്. പട്ടിണിയും രോഗങ്ങളും കൂടാതെ, ലക്ഷക്കണക്കിന് ആളുകളെ റോഡുകളില്‍ കൊല്ലുന്ന രാജ്യമാണ് ഇന്ത്യ. ഇത് വായിക്കുമ്പോള്‍ ഓരോ മലയാളിയുടെയും മനസ്സില്‍ ആദ്യം വരുന്നത്, കഴിഞ്ഞ ദിവസം, തിരുപ്പൂര്‍ അടുത്തുണ്ടായ ബസ് അപകടത്തില്‍ 19 പേര്‍ മരിച്ച ദാരുണമായ സംഭവമായിരിക്കും. ഒരു അപകടത്തെക്കുറിച്ചു മനുഷ്യന് ചിന്തിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പ്, അടുത്തത് വരുന്നു. ഭീകര പ്രവര്‍ത്തകരും, നക്സലുകളും ഒന്നുമല്ല, നമ്മുടെ ഏറ്റവും വലിയ കൊലക്കളങ്ങള്‍ സൃഷ്ടിക്കുന്നത് നമ്മുടെ റോഡുകളാണ്. 2018-ല്‍ ഏകദേശം ഒന്നര ലക്ഷം ആളുകളാണ് ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരിച്ചത്. അതായതു ശരാശരി 410 പേര് ഒരു ദിവസം. തിരിച്ചുവരുമെന്ന് ഉറപ്പില്ലാതെ ഉറ്റവരെ എല്ലാ ദിവസവും നമ്മള്‍ യാത്രയാക്കുന്നു. റോഡപകടത്തിനു നമുക്ക് അറിയാവുന്ന ഏറ്റവും എളുപ്പമുള്ള ഒരു പരിഹാരം, അത് കഴിഞ്ഞു നഷ്ടപരിഹാരം കൊടുക്കുക എന്നതാണ്. പക്ഷെ എത്ര വലിയ തുകയും, ഒരു ജീവന് പകരമാവില്ലല്ലോ. ഒരുപക്ഷെ, അപകടത്തില്‍ മരിച്ചവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ ആദരാഞ്ജലി ഇങ്ങനെയുള്ള ഒരു അപകടം എങ്കിലും ഒഴിവാക്കാന്‍ സാധിക്കുക എന്നതായിരിക്കും. എന്തുകൊണ്ടാണ് ഇത്രമാത്രം ആളുകള്‍ക്ക് ഈ രാജ്യത്തു ഇങ്ങനെ മരിക്കേണ്ടി വരുന്നത്? ഇവ എങ്ങനെ കുറയ്ക്കാന്‍ സാധിക്കും? ഭീകരമായ ഈ അവസ്ഥയെക്കുറിച്ചു നമ്മള്‍ എത്ര മാത്രം ബോധവാന്മാര്‍ ആണ്?

വളരെയേറെ ഏജന്‍സികള്‍ ഒരുമിച്ചു, പ്രവര്‍ത്തിക്കേണ്ട ഒരു മേഖലയാണ് റോഡ് സുരക്ഷിതത്വം. ഇതില്‍ ഒരു ഭാഗത്തു നിന്നും ഉണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി വലിയ ഒരു ദുരന്തം ക്ഷണിച്ചു വരുത്താന്‍. ഏറ്റവും പ്രധാനമായി നമ്മള്‍ മനസ്സിലാക്കേണ്ട ഒരു സംഗതി ഡ്രൈവിംഗ് എന്നത് വളരെ ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ് എന്നതാണ്. ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നതില്‍ ഉള്ള തിരിമറികള്‍ നിസ്സാരമല്ല. ലൈസന്‍സ് കൊടുക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട RTO ഓഫിസുകളില്‍ നടക്കുന്ന അഴിമതി ജീവന്‍ വച്ചുള്ള കളിയാണ്. തിരുപ്പൂര്‍ അപകടം ഉണ്ടായ തിന്‍റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നതാണ്. ഒരു അസിസ്റ്റന്‍റ് ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ദീര്‍ഘദൂരയാത്രകളില്‍, രണ്ടാമതൊരു ഡ്രൈവര്‍ നിര്‍ബ്ബന്ധമാക്കേണ്ടതുണ്ട്. ലോറി/ബസ് ഉടമകളുടെ, അലംഭാവം ഇക്കാര്യത്തില്‍ അനുവദിക്കരുത്. അതോടൊപ്പം തന്നെ, ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകുന്ന വീഴ്ചകളില്‍ മദ്യം ഒരു പ്രധാന വില്ലനാണ്. അതിശക്തമായ ബോധവല്‍ക്കരണവും, കര്‍ശനമായ പോലീസ് ചെക്കിങ്ങും ഇവിടെ അത്യാവശ്യമാണ്. ഹൈവേകളില്‍ മദ്യത്തിന്‍റെ ലഭ്യത കുറക്കുവാന്‍, ഈ അടുത്ത കാലങ്ങളില്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നുവല്ലോ. നഗരങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ നല്ലൊരു പങ്കും, ഇപ്പോഴും, മദ്യപിച്ചു വാഹനം ഓടിക്കുന്നതു കൊണ്ടാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

റോഡുകളുടെയും വാഹനങ്ങളുടെയും, സുരക്ഷാഘടകങ്ങള്‍ ആണ് വേറൊരു പ്രധാനപ്പെട്ട ഘടകം. റോഡ് നിര്‍മ്മാണത്തില്‍, സുരക്ഷാവിദഗ്ധരുടെ അഭിപ്രായങ്ങള്‍ നിര്‍ബ്ബന്ധമായും പരിഗണിക്കേണ്ടതുണ്ട്.

വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ സുരക്ഷയ്ക്ക് കൊടുക്കേണ്ട പ്രാധാന്യം ആണ് മറ്റൊന്ന്.

നമ്മുടെ ഹൈവേകളില്‍, മെച്ചപ്പെട്ട, വളരെ പെട്ടെന്ന് ലഭ്യമാകുന്ന ചികിത്സാസൗകര്യങ്ങള്‍ റോഡപകടങ്ങളില്‍ നിന്നുമുള്ള മരണങ്ങള്‍ കുറയ്ക്കുന്നതില്‍ വളരെ പ്രധാനമാണ്. പലപ്പോഴും, വളരെ പെട്ടെന്ന് ചികിത്സ കിട്ടിയാല്‍ പലരും രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. നിയമത്തിന്‍റെ നൂലാമാലകള്‍ നോക്കാതെ, ആശുപത്രികള്‍ ഇക്കാര്യത്തില്‍ സഹകരിക്കേണ്ടതുണ്ട്.

റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നതു കാല്‍നടക്കാരും, സൈക്കിള്‍, ഇരുചക്ര വാഹനക്കാരും ആണ്. (2018-ല്‍ 70 ശതമാനം മരണം അവര്‍ ആയിരുന്നു) നമ്മുടെ രാജ്യത്തിന്‍റെ ഉല്‍പ്പാദനക്ഷമതയില്‍ നമ്മുടെ വാഹനാപകടങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ഒരാള്‍ നന്നായി ഓടിച്ചതു കൊണ്ടു കാര്യമായില്ല, മറിച്ചു എല്ലാവരും നിയമങ്ങള്‍ പാലിച്ചു നന്നായി വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ആണ് അപകടം കുറയുക. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷയുടെ കാര്യത്തില്‍ ഒരു ഇളവുകള്‍ക്കും ഇനി പ്രസക്തിയില്ല. നിയമങ്ങള്‍ പാലിച്ചു കൊണ്ട്, ഉത്തരവാദിത്വപൂര്‍വ്വം ചെയ്യേണ്ട ഒന്നാണ് ഡ്രൈവിംഗ് എന്നത് എല്ലാവര്‍ക്കും മനസ്സിലാകുമ്പോള്‍ മാത്രമേ നമ്മുടെ റോഡുകള്‍ സുരക്ഷിതമാവൂ. അതോടൊപ്പം തന്നെ റോഡുകള്‍ സുരക്ഷിതമാക്കുന്നതില്‍ എല്ലാ ഏജന്‍സികളും തങ്ങളുടെ പങ്കു ഉത്തരവാദിത്വപൂര്‍വ്വം നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. റോഡപകടങ്ങളില്‍ മരിച്ചവരോട് നാം ആദരം കാണിക്കുന്നത് അങ്ങനെ ആയിരിക്കട്ടെ.

ലേഖകന്‍റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org