ജീവന് വില കൊടുക്കുന്ന രാജ്യം

ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ ആരും അനുഭവിച്ചിട്ടില്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നുപോകുന്നത്. ഇതിനു ശേഷം നമുക്ക് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ ലോകം മാറും എന്നും, അതല്ല മനുഷ്യരില്‍ ഇതൊന്നും വലിയ മാറ്റം ഉണ്ടാക്കില്ല എന്നും, ലോക്ക്ഡൗണ്‍ കാലം ഒക്കെ തീരുമ്പോള്‍ എല്ലാം പഴയപടി ആകുമെന്നും കരുതുന്ന വേറൊരു വിഭാഗവും ഉണ്ട്. ലോകം മുഴുവന്‍ ഒരേ ഭയത്തെ നേരിട്ടു കൊണ്ടിരിക്കുന്നു. കൊറോണയുടെ പ്രത്യാഘാതം എത്ര വലുതായിരിക്കും എന്ന് പ്രവചിക്കുവാന്‍ ഇപ്പോഴും സാധ്യമല്ലാത്ത ഒരു സാഹചര്യം ആണുള്ളത്. ലോകത്തു ഒരുവിധം എല്ലാ രാജ്യങ്ങളിലും ഇത് എത്തിക്കഴിഞ്ഞു. പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചിലയിടത്തു വലിയ മരണനിരക്ക് തുടരുന്നു. അതോടൊപ്പം വാക്സിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പലയിടത്തും നടക്കുന്നു. നമ്മുടെ സാമ്പത്തികരംഗം, സാമൂഹ്യജീവിതം, തൊഴില്‍ മേഖലകള്‍ ഇവിടെ എല്ലാം കൊറോണ കാര്യമായ മാറ്റം വരുത്തുമെന്നതില്‍ സംശയം വേണ്ട. ഈ സാഹചര്യത്തില്‍, പ്രത്യേകിച്ച് ഇന്ത്യയുടെ കാര്യത്തില്‍ മനുഷ്യരുടെ ജീവന്‍, ആരോഗ്യം ഇവയോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്.

ഇന്ത്യയിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സവിശേഷശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യം, രോഗത്തിന്‍റെ ആദ്യനാളുകളില്‍ സമ്പൂര്‍ണമായ ഒരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കും എന്നതു കുറച്ചൊക്കെ അപ്രതീക്ഷിതമായിരുന്നു. സര്‍ക്കാരിന്‍റെ മുന്നില്‍ സാമ്പത്തിക വളര്‍ച്ച, മനുഷ്യജീവന്‍ എന്ന ഒരു തിരഞ്ഞെടുപ്പ് വന്നപ്പോള്‍, ജീവന് പ്രാധാന്യം കൊടുത്തുകൊണ്ട്, സമ്പൂര്‍ണമായ ഒരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതിന്‍റെ പൂര്‍ണമായ പ്രയോജനങ്ങള്‍ നമുക്ക് ഇനിയും വ്യക്തമല്ല. വളരെ പെട്ടെന്ന് പ്രഖ്യാപിച്ചതു കൊണ്ട്, ആയിരക്കണക്കിന് മനുഷ്യര്‍ക്ക് അവരുടെ വീടുകളില്‍ എത്താന്‍ പറ്റാതെ, പൊരിവെയിലത്തു റോഡിലൂടെ നടന്നു പോകേണ്ടി വന്ന അവസ്ഥ നാം കണ്ടതാണ്. കുട്ടികളും, വൃദ്ധരും ഉള്‍പ്പെടെയുള്ള വലിയ ഒരു ജനക്കൂട്ടം അങ്ങനെ പലായനം ചെയ്യുന്നത് ഹൃദയഭേദകമായ ഒരു കാഴ്ച്ച തന്നെയായിരുന്നു.

ലോക്ക്ഡൗണ്‍ ഒക്കെ വരാനുള്ള ഒരു പ്രധാന കാരണം, രോഗം അതിവേഗം പടരുന്നു എന്നതായിരുന്നു. ഒരുപാട് പേര്‍ക്ക് ഒരേ സമയം രോഗം വരുന്നതും, അതില്‍ തന്നെ വലിയ ഒരു ശതമാനത്തിനു ഗൗരവമായ ആശുപത്രി പരിചരണം വേണമെന്നതും ആയിരുന്നു ലോക്ക്ഡൗണിലേക്ക് പോകാനുള്ള പ്രധാന കാരണം. ഏറ്റവും ദരിദ്രരായവരെ സംബന്ധിച്ചിടത്തോളം, ഓരോ ദിവസത്തെയും നില നില്‍പ്പു തന്നെ ജീവന്മരണ പ്രശ്നമാണ്. ഇന്ന് ജീവന്‍ രക്ഷിക്കാന്‍ രാജ്യം മുഴുവന്‍ അടച്ചിടുമ്പോള്‍ ആലോചിക്കേണ്ട ഒരു കാര്യം മനുഷ്യരുടെ ജീവന് നമ്മള്‍ എത്ര വില കൊടുക്കുന്നവര്‍ ആണ് എന്നതാണ്. കോവിഡ് മരണങ്ങളെ അപേക്ഷിച്ചു എത്രയോ കൂടുതല്‍ മരണങ്ങള്‍ക്ക് ഇവിടത്തെ സാധാരണക്കാരെ അനുദിനം വിട്ടുകൊടുക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. മതിയായ പോഷകം ഇല്ലാതെ അഞ്ചു വയസ്സ് ആകുന്നതിനു മുമ്പ്, ഒരു വര്‍ഷം ഇന്ത്യയില്‍ മരിക്കുന്നതു ഏകദേശം എട്ടു ലക്ഷം കുട്ടികള്‍ ആണ്. ശുദ്ധവായുവും, കുടിവെള്ളവും ഇല്ലാതെയും, മറ്റു പകര്‍ച്ചവ്യാധികള്‍ മൂലവുമൊക്കെ മരിക്കുന്നവരും അനേകായിരങ്ങളാണ്. റോഡ് അപകടങ്ങളുടെ കാര്യമെടുക്കുക. ഏകദേശം നാനൂറു പേരാണ് ഓരോ ദിവസവും ഇന്ത്യയിലെ റോഡുകളില്‍ മരിക്കുന്നത്. ചുരുക്കത്തില്‍, കോവിഡിനോടുള്ള നമ്മുടെ പ്രതികരണം വരുന്നത് പ്രധാനമായും അത് സമൂഹത്തിലെ എല്ലാത്തരം മനുഷ്യരെയും ബാധിക്കും എന്നതുകൊണ്ടും, അതിനു ചികിത്സ ഇല്ല എന്ന ബോധം ഉള്ളതുകൊണ്ടുമാണ്. അതുകൊണ്ടാണ് കടുത്ത സാമ്പത്തിക വിഷമം ഉണ്ടാക്കുമെകില്‍ പോലും, ലോക്ക്ഡൗണ്‍ ഒക്കെ രാജ്യത്തു മുഴുവന്‍ നടപ്പാക്കാന്‍ പറ്റുന്നത്. ലോക്ക്ഡൗണിന്‍റെ പേരില്‍ നമ്മള്‍ ഇപ്പോഴെടുക്കുന്ന ത്യാഗങ്ങളുടെ ഒരു ചെറിയ പങ്കു, ഭാവിയില്‍ എടുക്കാന്‍ തയ്യാര്‍ ആണെങ്കില്‍, അത് ഈ രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കും. ഒരുപക്ഷെ ഈ കോവിഡ് കാലംകഴിയുമ്പോള്‍ നമ്മുടെ മുന്നിലുള്ള ഒരു പ്രധാന ചോദ്യം ഇതാണ്. എല്ലാ ഇന്ത്യക്കാരുടെയും ജീവന്‍ നമുക്ക് ഗൗരവമായി എടുക്കാന്‍ സാധിക്കുമോ?

ഈ സമയത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു വിഭാഗം നമ്മുടെ ആരോഗ്യപ്രവര്‍ത്തകരാണ്. സ്വന്തം ജീവനുള്ള ഭീഷണി വക വയ്ക്കാതെ, മുന്നില്‍ നിന്നും അവര്‍ പോരാടുന്നുണ്ട്. പക്ഷെ ആരോഗ്യമേഖലയോടും, ആരോഗ്യപ്രവര്‍ത്തകരോടും നമ്മള്‍ എടുക്കുന്ന സമീപനം പരിശോധിക്കേണ്ടതാണ്. വാര്‍ഷികബഡ്ജറ്റിന്‍റെ രണ്ടു ശതമാനത്തില്‍ താഴെ ആരോഗ്യമേഖലയില്‍ ചെലവ് ചെയ്യുന്ന ഇന്ത്യ, ഇക്കാര്യത്തില്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളുടെയും പിന്നിലാണ്. നഴ്സിംഗ് ജോലി ചെയ്യുന്നവരുടെ കാര്യം എടുക്കുക. ഭൂമിയിലെ മാലാഖമാര്‍ എന്നൊക്കെ വളരെ ആവേശത്തോടെ എല്ലാവരും അവരെ വിശേഷിപ്പിക്കാറുണ്ട്. പക്ഷെ നഴ്സുമാര്‍ക്ക് വളരെ മോശമായ സേവന വേതന വ്യവസ്ഥകള്‍ ആണ് ഇന്ത്യയിലെ ഭൂരിപക്ഷം ആശുപത്രികളിലും ഉള്ളത്. ഇതൊക്കെ മെച്ചപ്പെടുത്തുവാന്‍ നമുക്ക് സാധിക്കുമോ എന്നതാണ് ചോദ്യം. മുദ്രാവാക്യങ്ങള്‍ കൊണ്ടു മാത്രം കാര്യമില്ലല്ലോ. കേരളത്തിന്‍റെ കോവിഡ് പ്രതിരോ ധനടപടികള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. അതിന്‍റെ ഒരു പ്രധാന കാരണം പൊതുമേഖലയില്‍ ഉള്ള ആരോഗ്യസംവിധാനങ്ങളുടെ പങ്കാണ്. മറ്റു പല സംസ്ഥാനങ്ങളിലും ഇല്ലാത്ത ഒന്നാണത്. ഇന്ത്യയുടെ ആരോഗ്യസംവിധാനത്തില്‍ 70 ശതമാനവും സ്വകാര്യ മേഖലയുടെ വകയാണ്. കോറോണ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍, ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുക, പൊതുമേഖലയ്ക്കു തന്നെയാണ്.

കൊറോണക്കാലം അധികം താമസിയാതെ കടന്നുപോകും. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യം എത്ര കാര്യങ്ങള്‍ മുദ്രാവാക്യങ്ങള്‍ മാത്രം ആയി നില്‍ക്കും എന്നതാണ്. ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ കണ്ടത് പോലെ, ലോക്ക്ഡൗണ്‍ ഒക്കെ കഴിയുമ്പോഴും, ഇന്ത്യയിലെ സാധാരണക്കാരന്‍റെ ജീവിതം വളരെ ചോദ്യങ്ങള്‍ അഭിമുഖീകരിച്ചു തന്നെ നില്‍ക്കും. അതിനെ ഗൗരവമായി കണ്ടു ആ ജീവിതത്തെയും വിലയുള്ളതായി കാണുവാന്‍ ഈ രാജ്യത്തിന് സാധിക്കുമോ എന്നതാണ് ചോദ്യം. ദരിദ്രന്‍റെ അനേകം ശത്രുക്കളില്‍ ഒന്നു മാത്രം ആണ് കൊറോണ. നമ്മള്‍ ഓര്‍ക്കേണ്ട ഒരു യാഥാര്‍ഥ്യമാണ് അത്. അതോടൊപ്പം, ജനങ്ങളുടെ ആരോഗ്യം നമ്മുടെ രാജ്യത്തിന്‍റെ ഒരു മുഖ്യ അജണ്ട ആകുമോയെന്നുള്ളതും.

ലേഖകന്‍റെ ബ്ലോഗ് : www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org