നഗരവത്കരണവും പാര്‍പ്പിടസ്വപ്നങ്ങളും

ഇന്ന് ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവവവികാസം, അതിവേഗം നടക്കുന്ന നഗരവത്കരണമാണ്. ഈ നൂറ്റാണ്ടിന്‍റെ പകുതിയോടെ ഏകദേശം പകുതിയോളം ഇന്ത്യക്കാര്‍ നഗരവാസികളായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് ഇന്ത്യയുടെ സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി വ്യവസ്ഥകളെ മാറ്റിമറിക്കും എന്നതിന് സംശയമില്ല. നഗരവത്കരണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് വേണ്ടി മാത്രം സ്ഥാപിതമായ, ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ സെറ്റില്‍മെന്‍റിന്‍റെ (Indian Institute of Human Settlement) അഭിപ്രായത്തില്‍ ഇന്ത്യയുടെ ഭാവി തന്നെ നിര്‍ണയിക്കപ്പെടുന്നത്, ഈ രാജ്യം നഗരവത്കരണത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും തേടി ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഇന്ത്യയിലെ നഗരങ്ങളില്‍ എത്തപ്പെടുന്നത്. ഉള്ള ജനങ്ങള്‍ക്ക് തന്നെ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത നമ്മുടെ നഗരങ്ങള്‍ പുതുതായി വന്നു ചേരുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. റോഡുകള്‍, വെള്ളം, വൈദ്യുതി, മാലിന്യസംസ്കരണം, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയ എല്ലാ മേഖലകളിലും നമ്മുടെ നഗരങ്ങള്‍, കൃത്യമായ ആസൂത്രണത്തോടു കൂടി വമ്പിച്ച മുതല്‍മുടക്ക് നടത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാര്‍പ്പിട മേഖല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ നഗരങ്ങളിലെ ഭവനനിര്‍മ്മാണ മേഖല ഒട്ടും തന്നെ ആസൂത്രിതമല്ലാത്ത ഒരവസ്ഥയിലാണെന്ന് കാണുവാന്‍ സാധിക്കും.

സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി നടക്കുന്ന നഗരവാസിയായ സാധാരണ ഇന്ത്യക്കാരനെ കാത്തിരിക്കുന്നത്, മുനിസിപ്പല്‍ അധികാരികളും പാര്‍പ്പിടനിര്‍മ്മാണ കമ്പനികളും രാഷ്ട്രീയക്കാരുമെല്ലാം ചേര്‍ന്നൊരുക്കുന്ന സ്വപ്നങ്ങളുടെയും ഭയത്തിന്‍റെയും സംശയങ്ങളുടെയും ഒരു മിശ്രിതമാണ്. കെട്ടിടനിര്‍മാണ മേഖലയിലെ നിയമങ്ങള്‍ ഏറിയ കൂറും ബന്ധപ്പെട്ടവരുടെ ഒത്താശയോടെ ലംഘിക്കപ്പെട്ടുകൊണ്ടാണ് ഭൂരിപക്ഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടക്കുന്നത്. ഇതിനു പല കാരണങ്ങളുണ്ട്. നിയമം മറികടന്നു കൂടുതല്‍ യൂണിറ്റുകള്‍ നിര്‍മ്മിച്ച് ലാഭം കൊയ്യാനുള്ള തത്രപ്പാട്, സ്ഥലദൗര്‍ലഭ്യം മൂലം വ്യക്തികള്‍ നടത്തുന്ന ലംഘനങ്ങളും കയ്യേറ്റങ്ങളും, റോഡ്, തടാകം, പുഴ/കായല്‍ത്തീരം തുടങ്ങിയവയൊക്കെ കയ്യേറി നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ അവയില്‍ ചിലതു മാത്രം. ഈ ലംഘനങ്ങള്‍ പിടിക്കപ്പെടുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ്. വളരെ പെട്ടെന്ന് ലാഭം കൊയ്യുന്ന ഒരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്നതുകൊണ്ട്, അവിടെ അഴിമതി ചെയ്യുക വളരെ പ്രലോഭനമുള്ള ഒരു കാര്യമാണ്. പലപ്പോഴും നിയമങ്ങള്‍ പാലിച്ചു നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നവര്‍ ഒരു ന്യൂനപക്ഷമാകുമ്പോള്‍, അത് അവര്‍ക്കു തന്നെ നിരാശയായി മാറുന്നു. വേണ്ടത്ര അംഗീകാരം ഇല്ലാതെയും നിയമങ്ങള്‍ ലംഘിച്ചും കെട്ടിപ്പൊക്കിയ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഇന്ത്യന്‍ നഗരങ്ങളിലുള്ളത്. അതോടൊപ്പം തന്നെ, കള്ളപ്പണം ഏറ്റവും കൂടുതല്‍ ഒഴുകുന്ന ഒരു മേഖല കൂടിയാണ് ഭവനനിര്‍മ്മാണമേഖല. ഇന്‍ഡിപെന്‍ഡന്‍റ് (Independent) വീടുകളുടെ നിര്‍മ്മാണത്തിലെ വര്‍ധിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചു, നമ്മുടെ നഗരങ്ങളില്‍ ഫ്ളാറ്റുകള്‍ കൂടുതലായി വരുന്നുണ്ട്. ഭവനങ്ങളുടെ വര്‍ധിച്ചുവരുന്ന വിലയും ഇതോടൊപ്പം തന്നെ ചേര്‍ത്ത് പറയേണ്ട ഒരു കാര്യമാണ്. ഒരു വശത്തു, ഭവനനിര്‍മ്മാണ മേഖല മേല്‍ വിവരിച്ച പ്രശ്നങ്ങളിലൂടെ കടന്നു പോകുബോള്‍, ബഹുഭൂരിപക്ഷത്തിനും സ്വന്തമായ ഒരു വീട് എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു എന്ന യാഥാര്‍ഥ്യവുമുണ്ട്. നഗരങ്ങളില്‍ ആവശ്യമുള്ള ലേബര്‍ ലഭ്യമാക്കുന്ന, നൂറുകണക്കിന് തൊഴിലാളികള്‍ക്കും, സൗകര്യപ്രദമായ, ചെലവ് കുറഞ്ഞ താമസസൗകര്യം ഉറപ്പു വരുത്താന്‍ ഭരണാധികാരികള്‍ക്ക് കടമയുണ്ട്. അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ നഗരങ്ങളുടെ ഡ്രൈനേജ്, ഗതാഗത സൗകര്യങ്ങള്‍ക്ക് കടുത്ത ആഘാതമേല്പിക്കുന്നു വെന്നത് ഒരു വസ്തുതയാണ്. ഈയിടെയായി വന്‍തോതില്‍ കിട്ടിയ മഴമൂലം നമ്മുടെ നഗരങ്ങള്‍ നിശ്ചലമായതിന്‍റെ ഒരു കാരണം, അനധികൃതമായി ഉയര്‍ന്നുവന്ന അനേകം കെട്ടിടങ്ങളാണെന്ന് പറയപ്പെടുന്നു. വരും വര്‍ഷങ്ങളില്‍ ഇത് കൂടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ എന്താണ് നമ്മുടെ നഗരങ്ങളുടെ മുന്നിലുള്ള വഴികള്‍?

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വേണ്ടത് ശക്തമായ നിയമങ്ങളും അത് നടപ്പിലാക്കുവാന്‍ വേണ്ട ഇച്ഛാശക്തിയുമാണ്. അടുത്ത കാലത്ത് ഈ രംഗത്തുണ്ടായ ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പായിരുന്നു 2016 ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ റിയല്‍ എസ്റ്റേറ്റ് ആക്ട് (നി യന്ത്രണവും വികസനവും). (The Real Estate (Regulation and Development) Act, 2016) ഭവനനിര്‍മ്മാണ മേഖലയിലെ ഉപഭോക്താക്കളുടെ താല്പര്യസംരക്ഷണവും മേഖലയ്ക്ക് ഒരു ചിട്ടയുമാണ് ബില്‍ വിഭാവനം ചെയ്യുന്നത്. പ്രോജെക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കുക, ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കുക, കള്ളപ്പണത്തിന്‍റെ ഒഴുക്ക് കുറയ്ക്കുക, തര്‍ക്കങ്ങള്‍ പരിഹരിക്കുക തുടങ്ങിയ കാര്യങ്ങളും ആക്ട് ലക്ഷ്യം വയ്ക്കുന്നുണ്ട്. കുറച്ചു സംസ്ഥാനങ്ങളൊഴിച്ച് മറ്റെല്ലായിടത്തും ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ചുരുക്കത്തില്‍, ഇന്ത്യയിലെ പാര്‍പ്പിടനിര്‍മ്മാണമേഖലയില്‍ വ്യക്തമായ നിയന്ത്രണങ്ങള്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മരടില്‍ നടക്കാന്‍ പോകുന്നതുപോലെ, വര്‍ഷങ്ങള്‍ കഴിഞ്ഞു, ഫ്ളാറ്റുകള്‍ പൊളിച്ചു ആളുകളെ തെരുവിലിറക്കിയില്ല നമ്മുടെ നിര്‍മ്മാണ മേഖലയും തീരപ്രദേശങ്ങളും സംരക്ഷിക്കപ്പെടേണ്ടത്. വീട് ഒരു സ്വപ്നമായി കരുതുന്ന ഓരോ ഇന്ത്യക്കാരന്‍റെയും അവകാശമാണ് ഈ മേഖലയുടെ കെട്ടുറപ്പും സുതാര്യതയും. മരടുകള്‍ ആവര്‍ത്തിക്കാതിരിക്കേണ്ടതുണ്ട്.

ലേഖകന്‍റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org