മക്കളില്‍ നിന്നും കടം വാങ്ങിയ ഭൂമി

മഴയുടെ കെടുതികള്‍ ശമിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ പലതാണ്. എന്തുകൊണ്ടാണ് ഈ ദുരന്തങ്ങള്‍? ഇത് തടയാന്‍ സാധിക്കുമോ? ഇത് എത്രമാത്രം മനുഷ്യനിര്‍മ്മിതമാണ്? ഇവയുടെ ഉത്തരങ്ങള്‍ ഒട്ടും തന്നെ ലളിതമല്ല.

കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷത്തെയും ഒരു പ്രധാന വില്ലനായി കരുതപ്പെടുന്നത്, വളരെ കുറച്ചു സമയം കൊണ്ട് ഒരു പ്രദേശത്തു പെയ്യുന്ന അതിതീവ്ര മഴയാണ്. കേരളം കൂടാതെ മറ്റു പലയിടത്തു നിന്നും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനവും ആഗോളതപനവുമായി ആളുകള്‍ ഇതിനെ ബന്ധപ്പെടുത്തുന്നു. ഈ കാരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, നാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒന്ന്, കേരളത്തിന്‍റെ ലോലമായ പരിസ്ഥിതിക്ക് ആഘാതമേല്പിക്കുന്ന തരത്തില്‍ മനുഷ്യര്‍ നടത്തുന്ന ഇടപെടലുകളാണ്. പശ്ചിമഘട്ടത്തിലുള്ള ക്വാറികള്‍ മുതല്‍, അവിടത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിര്‍മ്മിച്ച റിസോര്‍ട്ടുകള്‍ വരെ ഈ ഗണത്തില്‍ പെടും. ഈ വര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളപായം ഉണ്ടായതു ഉരുള്‍പൊട്ടല്‍ വഴിയാണ്. മലയോര ജില്ലകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഇവിടെ ഒരു പ്രധാന വില്ലനാണ് എന്ന നിഗമനം സ്വാഭാവികമാണ്. ഒരുപക്ഷേ വരും വര്‍ഷങ്ങളില്‍, പശ്ചിമഘട്ട പ്രദേശങ്ങളില്‍ ക്വാറികള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മറ്റു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. നമ്മുടെ കെട്ടിട നിര്‍മ്മാണ രീതികളില്‍ ഒരു പുനരാലോചനയ്ക്കുള്ള ആഹ്വാനം മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെപ്പറ്റി പഠിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നിയോഗിച്ച ഗാഡ്ഗില്‍ (2011), കസ്തൂരിരംഗന്‍ (2012) കമ്മിറ്റി റിപ്പോര്‍ട്ടുകളും സജീവമായ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മലയോരമേഖലകള്‍, വലിയ ജനവാസകേന്ദ്രങ്ങള്‍ കൂടിയായതു കൊണ്ട്, മനുഷ്യന്‍റെ ഇടപെടലുകള്‍ക്കു ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയത് സ്വാഭാവികം. പിന്നീട് വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, അതു കൊണ്ടു തന്നെ ഒരു കടുത്ത പരിസ്ഥിതി അനുകൂല സമീപനം എടുത്തില്ല എന്നത് ശ്രദ്ധേയമാണ്.

കേരളത്തിലെ പ്രളയം മുതല്‍ രാജ്യത്തിനകത്തും പുറത്തും കാണുന്ന അനേകം പരിസ്ഥിതി ദുരന്തങ്ങളുടെ പിന്നിലേക്ക് നോക്കുമ്പോള്‍ പരിസ്ഥിതിക്ക് വിനാശകരമായി മനുഷ്യന്‍ നടത്തുന്ന അനേകം ഇടപെടലുകള്‍ നാം കാണുന്നുണ്ട്. ഭൂമിയിലെ ഏറ്റവും മലിനീകരണം നേരിടുന്ന ഒരു രാജ്യമായിട്ടാണ് ഭാരതം കരുതപ്പെടുന്നത്. ഈ അടുത്തകാലത്ത് നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളില്‍ ഏഴു നഗരങ്ങള്‍ ഇന്ത്യയിലാണെന്ന് കണ്ടെത്തി. രൂക്ഷമായ വനനശീകരണം തൊട്ട് അനേകം ജീവിവര്‍ഗങ്ങളുടെ വംശനാശം വരെ ഉണ്ടാകുന്നത് മനുഷ്യരുടെ പ്രവൃത്തികള്‍കൊണ്ടാണ് എന്നതില്‍ തര്‍ക്കമില്ല. ഒന്നാലോചിച്ചു നോക്കിയാല്‍, പ്രകൃതിക്കു മനുഷ്യനെക്കൊണ്ടല്ല, മറിച്ച് മനുഷ്യന് പ്രകൃതിയെക്കൊണ്ടാണ് ആവശ്യം. നമ്മുടെ രാജ്യത്തെ പുഴകളുടെ അവസ്ഥ തന്നെ നോക്കുക. വിരലിലെണ്ണാവുന്നവ ഒഴിച്ച് മറ്റുള്ളവ കടുത്ത മലിനീകരണത്തിന് ഇരയായിക്കഴിഞ്ഞു. ഗംഗാനദി ശുദ്ധീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചിട്ടുള്ളത് ഏകദേശം 7000 കോടി രൂപയാണ് (20000 കോടി മാറ്റിവച്ചിട്ടുള്ള ഒരു വന്‍ പദ്ധതിയാണിത്) നദികള്‍ നമ്മുടെ സംസ്കാരത്തെയും മനുഷ്യന്‍റെ ആവാസവ്യവസ്ഥയെയും നിലനിര്‍ത്തുന്നതില്‍ വഹിക്കുന്ന സവിശേഷമായ പങ്ക് കാണാത്ത മനുഷ്യര്‍ ആത്മഹത്യയ്ക്കു തുല്യം ചെയ്യുന്ന ഒന്നാണ് നദികളുടെ മേലുള്ള കയ്യേറ്റം.

2015-ലാണ് പരിസ്ഥിതിയെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു ചാക്രികലേഖനം (LAU-DATO SI) ഫ്രാന്‍സിസ് മാര്‍പാപ്പയുടേതായി പുറത്തുവരുന്നത്. തന്‍റെ ഇരു കരങ്ങളും നീട്ടി നമ്മെ ആശ്ലേഷിക്കുന്ന അമ്മയായി ഭൂമിയെ കാണാന്‍ പാപ്പ അതില്‍ ആഹ്വാനം ചെയ്തു. ഭൂമിയുടെ യജമാനന്മാരാണെന്ന് വിചാരിച്ച്, അതിനെ നിര്‍ദ്ദയം കൊള്ളയടിക്കാന്‍ അവകാശമുള്ളവരെപോലെ നമ്മള്‍ പെരുമാറുന്നു എന്ന് ഫ്രാന്‍സിസ് പാപ്പ എഴുതി. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ഒരു മതമേലധ്യക്ഷന്‍ പരിസ്ഥിതിയെപ്പറ്റിയുള്ള തന്‍റെ ഉത്കണ്ഠകള്‍ ഇതുപോലെ പങ്കു വയ്ക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ ലോകം മുഴുവനും സംഭവിക്കേണ്ട ശക്തമായ പരിസ്ഥിതി ബോധവത്കരണത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഈ അടുത്ത നാളില്‍, ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളുടെ പതിനായിരക്കണക്കിന് ഏക്കറുകളാണ് കത്തി നശിച്ചത്. ആ ദുരന്തത്തില്‍ ബ്രസീല്‍ സര്‍ക്കാരിന്‍റെ അലംഭാവത്തിനെതിരെ ലോകമാസകലം പ്രതിഷേധം ഉയരുകയും ചെയ്തു. പ്രളയം ഒരു നിമിത്തമാണ്. രാഷ്ട്രീയത്തിനതീതമായി പരിസ്ഥിതി ഒരു മുഖ്യ അജണ്ടയായി മാറേണ്ടതുണ്ട്. പരിസ്ഥിതി വിദ്യാഭ്യാസം നമ്മുടെ പാഠ്യപദ്ധതിയില്‍ ഒരു മുഖ്യവിഷയവും. പരിസ്ഥിതിയെ കണക്കിലെടുക്കാതെയുള്ള വികസനത്തിന് ഇനി നിലനില്പില്ല തന്നെ. നമുക്ക് ഇഷ്ടം പോലെ ഉപയോഗിക്കാന്‍, പൂര്‍വ്വികരില്‍ നിന്നും പൈതൃകമായി കിട്ടിയതല്ല, മറിച്ചു നമ്മുടെ മക്കളില്‍ നിന്നും കടം വാങ്ങിയതാണ് ഈ ഭൂമി എന്ന ബോധ്യത്തിലേക്കും ഉത്തരവാദിത്വത്തിലേക്കുമാണ് ഓരോ മനുഷ്യനും വളരേണ്ടത്.
ലേഖകന്‍റെ ബ്ലോഗ്:www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org