പുരോഗമന പ്രസ്ഥാനത്തിലെ പ്രതിലോമധാരകള്‍

കേരളം, പ്രത്യേകിച്ച് കുട്ടനാട് വെള്ളപ്പൊക്കത്തിന്‍റെ കെടുതികള്‍ നേരിട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരുന്നു. നിപ്പ വൈറസ് ബാധയെ വിദഗ്ദ്ധമായി പ്രതിരോധിച്ചതിന് എന്തോ അവാര്‍ഡ് വാങ്ങാന്‍ പോയതാണെന്നാണു പറഞ്ഞത്. വടക്കേ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ സമ്മേളനത്തിലും പങ്കെടുക്കുമെന്നു പറഞ്ഞു. എന്നാല്‍, ഇതിനിടയില്‍ അദ്ദേഹം പ്രസിദ്ധമായ മേയോ ക്ലിനിക്കില്‍ പോയി പരിശോധന നടത്തിയെന്ന് അറിവായി. വീണ്ടും വിശദമായ പരിശോധനയ്ക്കായി അദ്ദേഹം മേയൊ ക്ലിനിക്കില്‍ പോകുകയാണത്രേ.

നാഴികയ്ക്കു നാല്പതു വട്ടം അമേരിക്കന്‍ സാമ്രാജ്യത്വത്തെ കുറ്റപ്പെടുത്തുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവ് ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതിനെ പരിഹസിക്കുന്നവരുണ്ട്. ഇവിടെ ലഭ്യമായ ചികിത്സയ്ക്കുപോലും അമേരിക്കയില്‍ പോകുന്ന നേതാക്കന്മാര്‍ ധാരാളമുണ്ടിവിടെ. അതുകൊണ്ട്, പിണറായി വിജയന്‍ അവിടെ ചികിത്സയ്ക്കു പോകുന്നതിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ അദ്ദേഹം ചികിത്സയ്ക്കായി പോകുന്ന മെയോ ക്ലിനിക്കിന്‍റെ പശ്ചാത്തലം അറിയുന്നതു രസകരമായിരിക്കും.

മിനസോട്ട സംസ്ഥാനത്ത് ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സാണു ക്ലിനിക്കിനു തുടക്കമിട്ടത്. അന്നത് സെന്‍റ് മേരീസ് ഹോസ്പിറ്റല്‍ ആയിരുന്നു. പിന്നീടു ലൂഥറന്‍ സഭാവിഭാഗത്തില്‍പ്പെട്ട മേയൊ തന്‍റെ ക്ലിനിക് സെന്‍റ് മേരീസ് ആശുപത്രിയുമായി സംയോജിപ്പിച്ചു. ലാഭേച്ഛയില്ലാതെ രോഗികള്‍ക്കു വിദഗ്ദ്ധ ചികിത്സ നല്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പ്രഖ്യാപിച്ചു. മേയൊ ക്ലിനിക് പിന്നീടു ഫ്ളോറിഡ, അരിസോണ സംസ്ഥാനങ്ങളിലും ആശുപത്രികള്‍ തുടങ്ങി. മിനസോട്ടയിലേത് 'മേയൊ ക്ലിനിക്, സെന്‍റ് മേരീസ് ക്യാമ്പസ്' എന്നാണ് അറിയപ്പെടുന്നത്.

മേയൊ ക്ലിനിക്കിനെപ്പോലെ ചികിത്സയ്ക്കും ഗവേഷണത്തിനും പേരുകേട്ട വേറൊരു സ്ഥാപനമാണു ജോണ്‍ ഹോപ്കിന്‍ സ്കൂള്‍ ഓഫ് മെഡിസിന്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിനു വലിയ സംഭാവനകള്‍ നല്കിയ ഹോപ്കിന്‍ പല നൊബേല്‍ സമ്മാനജേതാക്കള്‍ക്കും ജന്മം നല്കിയിട്ടുണ്ട്. ഈ ഹോപ്കിന്‍ മെഡിക്കല്‍ സ്ഥാപനം പണ്ടു മൂന്നാറില്‍ ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ താത്പര്യപ്പെട്ടു മുന്നോട്ടു വരികയുണ്ടായി. ഉഷ്ണമേഖലാ പ്രദേശത്തെ രോഗങ്ങളെയും പകര്‍ച്ചവ്യാധികളെയുംപറ്റി പഠിക്കാന്‍ വേണ്ടിയാകും അവര്‍ കേരളം തിരഞ്ഞെടുത്തത്. ഇവിടത്തെ ഇടതുപക്ഷം അതിനെ നഖശിഖാന്തം എതിര്‍ക്കുകയാണുണ്ടായത്. ഹോപ്കിന്‍ സി.ഐ.എ.യുടെ നിയന്ത്രണത്തിലാണെന്നും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ഗൂഢലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടിയാണ് അവര്‍ ഇവിടെ ആശുപത്രിയും ഗവേഷണസ്ഥാപനവും തുടങ്ങുന്നതെന്നും പാര്‍ട്ടിക്കാര്‍ തട്ടിവിട്ടു. അതുകേട്ട് അന്തംവിട്ട് അവര്‍ ആ പരിപാടി ഉപേക്ഷിച്ചു. മുഖ്യമന്ത്രി പിണറായി ചികിത്സയ്ക്ക് അമേരിക്കയില്‍ പോകുമ്പോള്‍ ഈ പഴങ്കഥ ഓര്‍ക്കേണ്ടതുണ്ട്.

എന്തുകൊണ്ടാണു മലയാളികള്‍ക്ക് ഇന്നും വിദഗ്ദ്ധ ചികിത്സയ്ക്ക് അമേരിക്കയില്‍ പോകേണ്ടിവരുന്നത്? എന്തുകൊണ്ട് മേയോ ക്ലിനിക്കും ഹോപ്കിന്‍ സ്കൂളുംപോലെ ഒന്ന് ഇവിടെ വളര്‍ന്നുവരുന്നില്ല. ലോകനിലവാരത്തിലുള്ള ഡോക്ടര്‍മാരും ഇവിടെയുണ്ട്. അമേരിക്കയിലെ പല വിദഗ്ദ്ധ ഡോക്ടര്‍മാരും ഇന്ത്യക്കാരാണ്. മികവു പുലര്‍ത്താനുള്ള ഇച്ഛാശക്തി നമുക്കില്ല എന്നതാണു പ്രശ്നം. മികവിന്‍റെ കേന്ദ്രങ്ങള്‍ മുതലാളിത്ത സ്ഥാപനങ്ങളാകുമോ എന്ന് ഇവിടത്തെ പാര്‍ട്ടിക്കാര്‍ സംശയിക്കുന്നു. പ്രത്യയശാസ്ത്രതിമിരം ബാധിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്കു മികച്ച ഒരു ഭാവിയെ വിഭാവന ചെയ്യാനാകുന്നില്ല.

എന്നാല്‍, പല ഇടതുപക്ഷ നേതാക്കന്മാരുടെ മക്കളും വിദേശത്തു പഠിച്ചവരാണ്. അവരില്‍ പലരും വിദേശത്തു ജോലി ചെയ്യുന്നു. ഈയിടെ അമേരിക്കയില്‍ പോയ ശൈലജ ടീച്ചര്‍ പറയുന്നത് അമേരിക്ക നല്ല നാടാണെന്നാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതിന്‍റെ നയങ്ങള്‍ മൂലം ഇവിടത്തെ ചെറുപ്പക്കാരെ അമേരിക്കയിലേക്കു പറഞ്ഞുവിടുകയാണ്. അവിടെ പോയി പഠിക്കാനും ജോലി ചെയ്യാനുമാണു ചെറുപ്പക്കാര്‍ക്കു താത്പര്യം. അവര്‍ക്കാര്‍ക്കും കേരളത്തെ അമേരിക്കയെപ്പോലെ നല്ല നാടാക്കണമെന്നു താത്പര്യമില്ല!

എവിടെയാണു കേരളത്തിനു പിഴയ്ക്കുന്നത്? വിദ്യാഭ്യാസരംഗത്തു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മറ്റ് ഇടതുപാര്‍ട്ടികളും എടുക്കുന്ന പ്രതിലോമ നടപടികളാണു കേരളത്തെ പിന്നോട്ടടിക്കുന്നത് എന്നു നിസ്സംശയം പറയാം. പാര്‍ട്ടി ഇപ്പോഴും കോളജുകളെ കലാപശാലകളാക്കി നിലനിര്‍ത്തുകയാണ്. മഹാരാജാസ് കോളജില്‍ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയാണു ക്യാമ്പസ് രാ ഷ്ട്രീയത്തിന്‍റെ ഇരയായി ഈയിടെ മരിച്ചത്. സമുന്നത നേതാക്കന്മാരുടെ ഒരു മകനും ഇങ്ങനെ മരിച്ചുവീഴുന്നില്ല. അവര്‍ വിദേശത്തോ ഇവിടെത്തന്നെ മികച്ച സ്വകാര്യ സ്ഥാപനങ്ങളിലോ ആണല്ലോ പഠിക്കുന്നത്. മഹാരാജാസ് കോളജിലെ അഭിമന്യുവിനെ കൊന്നത് എസ്ഡിപിഐ എന്ന വര്‍ഗീയസംഘടനയാണെന്നു പറയുന്നു. ഈ സംഘടനയുമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടത്രേ. ക്യാമ്പസ് രാഷ്ട്രീയം വര്‍ഗീയതയെ അകറ്റി നിര്‍ത്തുമെന്നതു വെറും മേനി പറച്ചിലാണ്.

മഹാരാജാസ് കോളജിനെ കഴിഞ്ഞ സര്‍ക്കാര്‍ സ്വയംഭരണ കോളജായി ഉയര്‍ത്തിയതാണ്. അതിന്‍റെ പേരില്‍ ആ കലാലയം പല സമരങ്ങളും കണ്ടു. ആ സമരങ്ങളെല്ലാം അതിന്‍റെ അക്കാദമികമികവിനെ താഴേയ്ക്കു കൊണ്ടുപോയട്ടേയുള്ളൂ. സ്വയംഭരണ കോളജുകള്‍ക്കേ കേന്ദ്രഫണ്ട് കിട്ടൂ എന്നായപ്പോഴാണു പാര്‍ട്ടിക്കാര്‍ ആ ആശയത്തോടു പൊരുത്തപ്പെടുന്നത്. സത്യത്തില്‍ എന്തിനാണ് ഈ എതിര്‍പ്പ്? മാര്‍ക്സിസ്റ്റ് അദ്ധ്യാപകസംഘടനയുടെ താത്പര്യം സംരക്ഷിക്കാനാണ് എതിര്‍പ്പ് എന്നതു വ്യക്തമാണ്. ഈ സംഘടനയെ പിരിച്ചുവിട്ടാല്‍ അതു കേരളത്തിന്‍റെ വിദ്യാഭ്യാസമികവിനു നല്കുന്ന ഏറ്റവും വലിയ സംഭാവനയായിരിക്കുമെന്നതില്‍ സംശയിക്കാനില്ല. അങ്ങനെ വന്നാല്‍ ഭാവിയില്‍ മന്ത്രിമാര്‍ക്കു ചികിത്സയ്ക്കായി അമേരിക്കയില്‍ പോകേണ്ടി വരില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org