Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകള്‍ -> മൂല്യമുക്ത ഭാരതം

മൂല്യമുക്ത ഭാരതം

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

ഓര്‍ക്കുന്നുണ്ടോ, മൂന്നുനാലു വര്‍ഷം മുമ്പു ലോക്പാലിനുവേണ്ടി ഡല്‍ഹിയില്‍ അരങ്ങേറിയ സമരപരമ്പര? ജന്തര്‍മന്തറിലെ രാപ്പകല്‍ സമരം, അണ്ണാ ഹസാരെയുടെ നിരാഹാരസമരം, ആം ആദ്മി പാര്‍ട്ടിയുടെ ചൂലുസമരം! മാധ്യമങ്ങള്‍, പ്രത്യേകിച്ചു ദൃശ്യമാധ്യമങ്ങള്‍ ഈ സമരം ആഘോഷിച്ചു. ലോക്പാല്‍ നിലവില്‍ വന്നാല്‍ ഇന്ത്യയിലെ അഴിമതി തുടച്ചുനീക്കപ്പെടുമെന്നായിരുന്നു പ്രചാരണം. അന്നത്തെ യുപിഎ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി അഴിമതി ആരോപണങ്ങള്‍. മാധ്യമവിചാരണ നടന്നതല്ലാതെ ആ അഴിമതിയാരോപണങ്ങള്‍ ഏതെങ്കിലും തെളിയിക്കപ്പെടുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തതായി അറിവില്ല.

പിന്നീടു നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നു. അഴിമതി തുടച്ചുനീക്കുന്നതിന് ഒറ്റമൂലിയായി നിര്‍ദ്ദേശിക്കപ്പെട്ട ലോക്പാലിനെപ്പറ്റി പിന്നെ ആരും മിണ്ടിയിട്ടില്ല. സിബിഐ ഭരണകക്ഷിയുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു ആരോപണം. സിബിഐ കൂട്ടിലടച്ച തത്തയാണെന്നു കോടതിയും പരാമര്‍ശം നടത്തി. കേന്ദ്ര അന്വേഷണ ഏജന്‍സിയെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറുടെ കീഴിലാക്കണം എന്നായിരുന്നു വലിയ ആവശ്യം. അതുവഴി തത്ത സ്വതന്ത്രമായി പറക്കുമെന്നായിരുന്നു വിശ്വാസം. ഇപ്പോള്‍ ആരെങ്കിലും സിബിഐയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെപ്പറ്റി സംസാരിക്കുന്നുണ്ടോ? സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഇപ്പോഴുണ്ടോ ആവോ?

രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതിനും പ്രതിപക്ഷ സര്‍ക്കാരുകളെ താഴെയിറക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്‍റ് ഒരു തത്ത്വദീക്ഷയും കൂടാതെ സിബിഐയെ ഉപയോഗിക്കുകയാണ്. ലാലുപ്രസാദിന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപിച്ചു സിബിഐയെക്കൊണ്ടു റെയ്ഡ് നടത്തി, ബിജെപി അധികാരം പിടിച്ചെടുത്തു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്ന് ഒരാളെ കോണ്‍ഗ്രസിനു നിഷ്പ്രയാസം ജയിപ്പിക്കാമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനുമുമ്പു കുറേ എംഎല്‍എമാരെ ബിജെപി ചാക്കിട്ടു. അപ്പോഴും ഒരാളെ ജയിപ്പിക്കാനുള്ള എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിനുണ്ട്. അപ്പോള്‍ അവരില്‍ ചിലരെ പണം കൊടുത്തു വശത്താക്കാന്‍ ശ്രമിച്ചു. ഓരോ എംഎല്‍എയ്ക്കും പത്തു കോടി വാഗ്ദാനം ചെയ്തുവെന്നാണു പറയുന്നത്. ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ കര്‍ണാടകത്തിലേക്കു കടത്തി. ബാംഗ്ളൂരുപോലും സുരക്ഷിതമല്ലാത്തതുകൊണ്ട് അവരെ ഒരു കര്‍ണാടക മന്ത്രിയുടെ ഉടമസ്ഥതയില്‍ കുടകിലുള്ള റിസോര്‍ട്ടിലേക്കു മാറ്റി. അപ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റ് സിബിഐയെയും ആദായനികുതിവകുപ്പിനെയും കെട്ടഴിച്ചുവിട്ടു. മന്ത്രിയുമായി ബന്ധപ്പെട്ട സകല സ്ഥലങ്ങളും ഈ ഏജന്‍സികള്‍ റെയ്ഡ് ചെയ്തു.

മന്ത്രി ശിവകുമാര്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുകതന്നെ വേണം. എന്നാല്‍ സുരക്ഷിതസ്ഥാനം തേടി വന്ന ഗുജറാത്ത് എംഎല്‍എമാര്‍ താമസിക്കുമ്പോള്‍ അവിടെ റെയ്ഡ് നടത്തുന്നതു ഭീഷണിയുടെയും അക്രമത്തിന്‍റെയും രീതിയാണെന്ന് ഏതു കൊച്ചുകുട്ടിക്കും മനസ്സിലാകും. എവിടെയാണു സിബിഐയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും? എവിടെയാണു രാഷ്ട്രീയധാര്‍മികത? ഏറ്റവും ഭീതിജനകമായിട്ടുള്ളതു മാധ്യമങ്ങളുടെ നിറംമാറ്റമാണ്. ചില ദേശീയ മാധ്യമങ്ങള്‍ ബിജെപിയുടെ ഉച്ചഭാഷിണികള്‍ മാത്രമാണ്. പ്രതിപക്ഷത്തുള്ളവരെയും സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും നിര്‍ത്തിപ്പൊരിക്കുകയാണ് അവരുടെ പരിപാടി.

ബിജെപിയുടെ അദ്ധ്യക്ഷന്‍ അമിത് ഷാ ഗാന്ധിജിയെ സൂത്രശാലിയായ ബനിയ എന്നു വിശേഷിപ്പിക്കുകയുണ്ടായി. ആ വിശേഷണം ഏറ്റവുമധികം ചേരുന്നതു ഗുജറാത്തില്‍ നിന്നുള്ള അമിതഷായ്ക്കും നരേന്ദ്ര മോദിക്കുമാണ്. കാര്യം കാണാന്‍ വേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാമെന്നാണ് അവരുടെ തത്ത്വശാസ്ത്രം. അവിടെ തത്ത്വങ്ങളോ മൂല്യങ്ങളോ തടസ്സമാകാന്‍ അവര്‍ സമ്മതിക്കുകയില്ല. ആദര്‍ശത്തിന്‍റെയും തത്ത്വ വിചാരത്തിന്‍റെയും പ്രതീകങ്ങളായ ഗാന്ധിജിയെയും നെഹ്റുവിനെയും രാജ്യകോവിലകത്തുനിന്നു പുറത്താക്കി പടിയടയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പകരം ഗോള്‍വാക്കറെയും സര്‍വാക്കറെയും കുടിയിരുത്തുവാന്‍ തത്രപ്പെടുന്നു.

നരേന്ദ്ര മോദി ആദര്‍ശപ്രസംഗം നടത്തുമ്പോള്‍ അനുയായികള്‍ എതിരാളികളെ വകവരുത്തുന്നു. അതു ബീഫിന്‍റെ പേരിലാകാം, ദളിതനായതുകൊണ്ടാകാം, മുസ്ലീമോ ക്രിസ്ത്യാനിയോ ആയതുകൊണ്ടാകാം. കേരളത്തില്‍ ബിജെപിക്കാര്‍ എതിരാളികളെ ശാരീരികമായി നേരിടുകയാണ്. കണ്ണൂരില്‍ ഒതുങ്ങിനിന്ന സംഘട്ടനവും കൊലയും മറ്റു സ്ഥലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. കേരളത്തില്‍ ഭരണമില്ലെങ്കിലും ബിജെപി നേതാക്കള്‍ വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കുന്നു. മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിനും മറ്റു സ്ഥാനങ്ങള്‍ വാങ്ങി നല്കുന്നതിനും അവര്‍ കൈക്കൂലി വാങ്ങുന്നു. നിര്‍ബന്ധപ്പിരിവും നടത്തുന്നുണ്ട്. ബിജെപി ആയതുകൊണ്ട് ഇതൊന്നും അഴിമതിയാകുകയില്ല. ഈ അഴിമതിയില്‍ നിന്നു ജനശ്രദ്ധ തിരിക്കാന്‍വേണ്ടിയാണു പാര്‍ട്ടി കേരളത്തില്‍ അക്രമം അഴിച്ചുവിട്ടതെന്നു പറയുന്നു.

അക്രമത്തിന്‍റെ ഭാഷ മാത്രമറിയുന്ന മാര്‍ക്സിസ്റ്റുകാര്‍ ന്യൂനപക്ഷസംരക്ഷകരായി കാണപ്പെടുവാന്‍ തിരിച്ചും ആക്രമണം നടത്തുകയാണ്. ഹിന്ദുക്കളെ തടുത്തുകൂട്ടുകയും ആക്രമോത്സുകരാക്കുകയും ചെയ്യുകയെന്ന ബിജെപി അജണ്ട നടപ്പിലാക്കാന്‍ സഹായിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ആദര്‍ശത്തിനും പ്രത്യയശാസ്ത്രത്തിനും അവര്‍ എന്നേ വിട നല്കി!

മൂല്യമുക്തമായ ഭാരതമാണ് ഇവിടെ രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ആദര്‍ശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സമൂഹമെന്ന നിലയില്‍ നാം എത്രയോ മുമ്പു ഭ്രഷ്ട് കല്പിച്ചതാണ്! നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ അവയ്ക്കൊന്നിനും സ്ഥാനമില്ല. അങ്ങനെ ഇട്ട അടിസ്ഥാനത്തിലാണു സംഘപരിവാര്‍ ഇപ്പോള്‍ മൂല്യമുക്ത ഭാരതത്തെ കെട്ടിപ്പടുക്കുന്നത്.

Leave a Comment

*
*