ഈ മന്ത്രി നിരാശപ്പെടുത്തുന്നു

ഈ മന്ത്രി നിരാശപ്പെടുത്തുന്നു

കേരളത്തിന്‍റെ വിദ്യാഭ്യാസമേഖല അലങ്കോലമാകാന്‍ കാരണം ഏതു മുന്നണി ഭരിച്ചാലും ചെറുകക്ഷികള്‍, പ്രത്യേകിച്ചു സമുദായ പാര്‍ട്ടികള്‍ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നു എന്നതാണ് എന്നു പറയാറുണ്ട്. പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ നയം തിരുത്തിയെഴുതി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിതന്നെ വകുപ്പ് ഏറ്റെടുത്തു. കോളജ് അദ്ധ്യാപകനായ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ ഈ രംഗത്തു ഗുണപരമായ മാറ്റമുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു.

തുടക്കത്തിലുള്ള മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ഇത്തരം പ്രതീക്ഷകളെ ഉറപ്പിച്ചു. എല്ലാ തലങ്ങളിലും വിദ്യാഭ്യാസം പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് എല്ലാവരും കരുതി. അദ്ധ്യാപകനിയമനവും പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ പ്രശ്നവുമായി ബന്ധപ്പെട്ടു നീണ്ടുനില്ക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്ന നില വന്നു. നാലായിരം ക്ലാസ്സുമുറികള്‍ ഹൈടെക്ക് ആക്കുമെന്നായിരുന്നു മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം. മൂന്നു കൊല്ലം മുമ്പ് ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ അദ്ധ്യാപകനിയമനമുണ്ടാകുമെന്ന് അറിയിപ്പുണ്ടായി. വിദ്യാലയങ്ങളില്‍ അദ്ധ്യാപകനിയമനമുണ്ടാകുമെന്ന് അറിയിപ്പുണ്ടായി. പ്രഖ്യാപനങ്ങളല്ലാതെ ഈ രംഗത്തു കാര്യമായ മുന്നേറ്റമൊന്നുമുണ്ടായില്ല. വിദ്യാലയങ്ങളില്‍ 200 സാദ്ധ്യായദിവസങ്ങള്‍ ഉറപ്പാക്കുമെന്നാണു വേറൊരു വാഗ്ദാനം. അതു മാര്‍ക്സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനതന്നെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും അവര്‍ സമരം ചെയ്യുന്നു, കോളജുകള്‍ അടിച്ചുതകര്‍ക്കുന്നു, അദ്ധ്യാപകരെ കയ്യേറ്റം ചെയ്യുന്നു. വിദ്യാഭ്യാസമന്ത്രി നിസ്സഹായനാണ്. ഇടയ്ക്കിടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു പാര്‍ട്ടിയും മന്ത്രിയെ നിഷ്ക്രിയനാക്കുന്നു.

പൊതുവിദ്യാലയങ്ങളുടെ നിലവാരമുയര്‍ത്തുമെന്നു മന്ത്രി പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. പാഠപുസ്തകംപോലും സമയത്ത് എത്തിച്ചുകൊടുക്കുന്നില്ല. 3000-ഓളം വരുന്ന പ്രൊട്ടക്റ്റഡ് അദ്ധ്യാപകരുടെ കാര്യത്തില്‍ തീര്‍പ്പില്ലാത്തതുകൊണ്ടു മൂന്നു കൊല്ലത്തെ അദ്ധ്യാപകനിയമനങ്ങള്‍ തടയപ്പെട്ടിരിക്കുകയാണ്. അദ്ധ്യാപകരെ നിയമിക്കാതെ എങ്ങനെ നിലവാരം ഉയരും? ഉദ്യോഗസ്ഥരുടെ കുരുട്ടുബുദ്ധിയെ മറികടന്ന് ഒരു തീരുമാനമെടുക്കാന്‍ മന്ത്രിക്കു കഴിയുന്നില്ല. ന്യൂനപക്ഷാവകാശങ്ങളെ മാനിച്ചുകൊണ്ടു പ്രശ്നം പരിഹരിക്കാന്‍ മന്ത്രിക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ കഴിയും.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ തലപ്പത്ത് ഒരു പാര്‍ട്ടി സഹയാത്രികനെ കുടിയിരുത്തിയതാണു സര്‍ക്കാരിന്‍റെ വലിയ ഭരണനേട്ടം. കഴിഞ്ഞ സര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ കോളജുള്‍പ്പെടെ കുറച്ചു കോളജുകള്‍ക്കു സ്വയംഭരണ പദവി നല്കി. ദേശീയനയത്തിനനുസൃതമായ നടപടിയായിരുന്നു അത്. യുജിസി ഫണ്ട് കോളജുകള്‍ക്കു നേരിട്ടു ലഭിക്കാന്‍ സഹായകമാണ് ഈ പദവി. അങ്ങനെയുള്ള സ്വയംഭരണ കോളജുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്നാണു മനസ്സിലാക്കുന്നത്. അവിടങ്ങളില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാരും കൗണ്‍സില്‍ ചെയര്‍മാനും പറയുന്നത്. അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. പ്രശ്നം പാര്‍ട്ടിക്കാണ്; പാര്‍ട്ടിയുടെ അദ്ധ്യാപകസംഘടനയ്ക്കും ജീവനക്കാരുടെ സംഘടനയ്ക്കും. സ്വയംഭരണ കോളജുകളില്‍ തലയിടാന്‍ കഴിയുന്നില്ല. എന്തെങ്കിലും കിട്ടപ്പോരിനുള്ള സാദ്ധ്യത അടഞ്ഞിരിക്കുന്നു. അതാണു പ്രശ്നം. പാര്‍ട്ടി സംഘടനകള്‍ക്കുവേണ്ടി കേരളത്തിന്‍റെ ഉന്നതവിദ്യാഭ്യാസരംഗം മുഴുവന്‍ കലക്കാന്‍ പാര്‍ട്ടി മടിക്കുകയില്ല. ഒരു സ്വകാര്യ കോളജ് അദ്ധ്യാപകനായിരുന്ന വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം മാപ്പുസാക്ഷിയാകും.

കേരളത്തില്‍ നിലവാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ല. എന്നാല്‍ ലോകോത്തര സ്ഥാപനങ്ങള്‍ വികസിപ്പിക്കാന്‍ ഇവിടെ സാദ്ധ്യതയുണ്ട്. അത്തരം സ്ഥാപനങ്ങളില്‍ വിദേശത്തുനിന്നു വിദ്യാര്‍ത്ഥികള്‍ വന്നു പഠിക്കുന്ന കേരളത്തിന് ഒരു വിദ്യാഭ്യാസ ഹബ്ബായി മാറാന്‍ കഴിയും. ഇതെല്ലാം മോഹങ്ങളായി അവശേഷിക്കുകയാണ്. അതിന് ഒരു കാരണമേയുള്ളൂ; മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും സങ്കുചിത മനോഭാവം! എന്നാല്‍ പാര്‍ട്ടി നേതാക്കന്മാരുടെ മക്കള്‍ വിദേശത്തു പോയി പഠിക്കും, അവിടെ ജോലി നേടും. മാന്യനായ കമ്യൂണിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന വലതു കമ്യൂണിസ്റ്റ് നേതാവായ ഇ. ചന്ദ്രശേഖരന്‍നായരുടെ മകന്‍ അമേരിക്കയില്‍ എന്‍ജിനീയറാണ്, മരുമകള്‍ ഡോക്ടറും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ പല നേതാക്കന്മാരുടെയും മക്കള്‍ കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമാണു പഠിച്ചത്. പലരും വിദേശങ്ങളില്‍ ജോലി ചെയ്യുന്നു. വിദേശത്തു പഠനത്തിനും ജോലിക്കുമായി കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ തഴച്ചുവളരുന്നത്. വേറൊന്ന് IELTS-നുവേണ്ടിയുള്ള പരിശീലനകേന്ദ്രങ്ങളും. സന്ദേശം വളരെ വ്യക്തമാണ്: "കഴിയുന്നവരെല്ലാം വിദേശത്തുപോയി രക്ഷപ്പെട്ടുകൊള്ളുക." ഈ നാടു രക്ഷപ്പെടുകയില്ലെന്നു വ്യംഗ്യം.

എന്‍ജിനീയറിങ്ങില്‍ ഭാവിയുണ്ടെന്നു കരുതി ഒത്തിരി ചെറുപ്പക്കാര്‍ കോളജുകളില്‍ ചേര്‍ന്നു. പല എന്‍ജിനീയറിങ്ങ് കോളജുകളും പെട്ടിക്കടകള്‍ക്കു സമാനമായിരുന്നു. എന്‍ജിനീയറിങ്ങ് വിദ്യാഭ്യാസത്തിന്‍റെ നിലവാരമിടിഞ്ഞു. കോഴ്സ് കഴിഞ്ഞവര്‍ വഴിയില്‍ അലയാന്‍ തുടങ്ങി. എന്‍ജിനീയറിങ്ങ് വിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ ചില നടപടികളെടുത്തു. സാങ്കേതികസര്‍വകലാശാല തുടങ്ങി. അതിന്‍റെ വൈസ് ചാന്‍സലറായി കുഞ്ചെറിയ പി. ഐസക്കിനെ നിയോഗിച്ചു. അക്കഡമീഷ്യനായ കുഞ്ചെറിയ പല പരിഷ്കാരങ്ങളും കൊണ്ടുവന്നു. സമയത്തു പരീക്ഷ നടത്താന്‍ തുടങ്ങി. ഓണ്‍ലൈന്‍ ചോദ്യപേപ്പറുകളായി. രണ്ടാം വര്‍ഷത്തില്‍ ആവശ്യത്തിനു ക്രെഡിറ്റുകള്‍ നേടിയവര്‍ മാത്രം മൂന്നാം കൊല്ലം പഠനം തുടര്‍ന്നാല്‍ മതിയെന്നു വച്ചു. ഇത്രയുമായപ്പോഴേക്കും സഖാക്കളും കുട്ടിസഖാക്കളും ഇളകിവശായി. അവര്‍ വി.സി.ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തു. വി.സി. എടുത്ത നടപടികളില്‍ വെള്ളം ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചു. എന്‍ജിനീയറിങ്ങ് വിദ്യാഭ്യാസത്തിന്‍റെ നിലവാരമുയര്‍ത്താന്‍ ഈ സര്‍ക്കാരിന് ഒരുദ്ദേശ്യവുമില്ലെന്നു വ്യക്തമായപ്പോള്‍ വി.സി. രാജിവയ്ക്കാന്‍ തയ്യാറായി. വൃത്തികെട്ട കളികള്‍ അറിയാമായിരുന്ന ഗവര്‍ണര്‍ രാജി പിടിച്ചുവച്ചു. എന്നിട്ടും സര്‍ക്കാര്‍ വീണ്ടുവിചാരത്തിനു തയ്യാറായില്ല.

കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതി പാര്‍ട്ടി താത്പര്യങ്ങള്‍ക്കു കീഴിലാണെന്ന അത്യുച്ചത്തിലുള്ള ഉദ്ഘോഷണമാണു കുഞ്ചെറിയ പി. ഐസക്കിന്‍റെ രാജി. എല്‍ഡിഎഫ് സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി കേരളജനതയെ തീര്‍ത്തും നിരാശപ്പെടുത്തുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org