Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> ധാര്‍മ്മിക അപചയങ്ങള്‍

ധാര്‍മ്മിക അപചയങ്ങള്‍

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

സാമൂഹികനീതി വേണമെന്നു ചിന്തിക്കുന്നവരെല്ലാം ഇടതുപക്ഷത്താകും എന്നു പറയാറുണ്ട്. കമ്യൂണിസമാണു സാമൂഹിക നീതിയെയും സമത്വത്തെയുംപറ്റി അവബോധമുളവാക്കിയത് എന്നൊരു അവകാശവാദവുമുണ്ട്. ഈ അവകാശവാദത്തില്‍ വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. സാമൂഹികനീതി ആത്യന്തികമായി ഒരു ധാര്‍മ്മികനിലപാടാണ്. കമ്യൂണിസത്തില്‍ ധാര്‍മ്മികതയ്ക്കു വലിയ സ്ഥാനമില്ലാത്തതുകൊണ്ട് അതിനു സാമൂഹികനീതിുടെ ഉറവിടമാകാന്‍ കഴിയില്ല. കമ്യൂണിസം ഒരു ക്ര്തൈവ പാഷണ്ഡതയാണെന്നു പറയാറുണ്ടല്ലോ. കമ്യൂണിസത്തിലേയ്ക്കു ധാര്‍മ്മികതയുടെ ചാലു കീറുന്നതു ക്രൈസ്തവികതയാകാം.

ഇന്ത്യയിലെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ ക്രൈസ്തവസ്വാധീനമുള്ളിടത്താണു കമ്യൂണിസം പച്ചപിടിച്ചത്. ക്രൈസ്തവ ധാര്‍മ്മികതയ്ക്കു സ്വാധീനമില്ലാത്തിടങ്ങളില്‍ കമ്യൂണിസമേ ഇല്ല. മാര്‍ക്സിസ്റ്റ് കമ്യൂണിസം ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു എന്നു സിദ്ധാന്തിക്കുന്നു. ലക്ഷ്യം നേടാന്‍വേണ്ടി ഏതു മാര്‍ഗവും സ്വീകരിക്കാം. അവിടെ ധര്‍മ്മചിന്തയ്ക്ക് ഇടമില്ല. എന്നിട്ടും കേരളത്തിലെ പഴയകാല കമ്യൂണിസ്റ്റുകാര്‍ പലരും സാത്വികന്മാരായിരുന്നു. തങ്ങള്‍ക്കായി ഒന്നും കരുതാതെ പാര്‍ട്ടിക്കുവേണ്ടി മാത്രം ജീ വിച്ച് അവസാനം പാര്‍ട്ടിയാല്‍പ്പോലും തിരസ്കൃതരായി മൃതിയടഞ്ഞവര്‍ പലരുമുണ്ട്. കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുത്ത പി. കൃഷ്ണപിള്ള തന്നെ നല്ല ഉദാഹരണം. സി. അച്യുതമേനോന്‍ സാത്വികനായ കമ്യൂണിസ്റ്റായിരുന്നു. ഏ.കെ.ജി.യെപ്പറ്റിയും ഇ.എം.എസിനെപ്പറ്റിയും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെങ്കിലും പാര്‍ട്ടിയോടും പാവപ്പെട്ടവരോടുമുള്ള അവരുടെ പ്രതിബദ്ധത ചോദ്യം ചെയ്യാനാകാത്തതാണ്. അത്തരം പ്രതിബദ്ധതയ്ക്ക് ഊര്‍ജ്ജമായി വര്‍ത്തിച്ചതു ക്രൈസ്തവ ധാര്‍മ്മികതയാണ് എന്നു പറയാം.

മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ന്ന ധാര്‍മ്മികത ഉത്പാദിപ്പിക്കുന്നില്ല. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദേശീയസമ്മേളനങ്ങള്‍ വര്‍ഷങ്ങളായി ആവര്‍ത്തിച്ച് നല്കുന്ന രണ്ടു നിര്‍ദ്ദേശങ്ങളുണ്ട്. ഒന്ന്, പാര്‍ട്ടിക്കു വേരുകളില്ലാത്ത ഹിന്ദി ഹൃദയഭൂമിയില്‍ വേരു പടര്‍ത്തണം. രണ്ട്, പാര്‍ട്ടി നേതാക്കളുടെയും അണികളുടെയും പാര്‍ട്ടിക്കു ചേരാത്ത പെരുമാറ്റ രീതികള്‍ തിരുത്തണം. ഈ രണ്ടു നിര്‍ദ്ദേശങ്ങളും നടപ്പിലായിട്ടില്ല, പ്രത്യേകി ച്ചു രണ്ടാമത്തേത്. വലതുപക്ഷ വ്യതിയാനങ്ങള്‍ എന്നു പാര്‍ട്ടി വിശേഷിപ്പിക്കുന്ന തിന്മകളില്‍ നിന്നു കേരളത്തിലെ നേതാക്കന്മാര്‍ ഒഴിഞ്ഞുനില്ക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. കട്ടന്‍ചായയും പരിപ്പുവടയും കഴിച്ചു പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്ന കാലം കഴിഞ്ഞുവെന്നാണു പാര്‍ട്ടിക്കാരുടെ നിലപാട്. നല്ല വസ്ത്രം ധരിക്കുക, മികച്ച ഉപകരണങ്ങളും യന്ത്രങ്ങളും കൈവശപ്പെടുത്തുക, വിദേശത്തു പോകുക, ഇതൊക്കെ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളാണത്രേ. ഭരണത്തിലിരിക്കുമ്പോള്‍ നിയമം അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താം. പാര്‍ട്ടിയുടെ സ്ഥാപകനേതാവ് വി.എസ്. അച്യുതാനന്ദന്‍ ക്യാബിനറ്റ് റാങ്കിന്‍റെ എല്ലാ ആനുകൂല്യങ്ങളും പറ്റുന്നുണ്ട്. അതുകൊണ്ടു മന്ത്രി ശൈലജ 27,000 രൂപയുടെ കണ്ണട സര്‍ക്കാര്‍ ചെലവില്‍ വാങ്ങി. സ്പീക്കറുടെ റാങ്ക് കുറച്ചുകൂടി ഉയര്‍ന്നതാണല്ലോ. അതുകൊണ്ട്, അദ്ദേഹം 49,700 രൂപയുടെ കണ്ണടയാണു വാങ്ങിയത്. ഇവിടെയൊക്കെ ധാര്‍മ്മികതയുടെ പ്രശ്നം കൊണ്ടു വരേണ്ടതില്ല എന്നാണു പാര്‍ട്ടിയുടെ ഖണ്ഡിതമായ അഭിപ്രായം.
പാര്‍ട്ടി മുമ്പേതന്നെ ‘നല്ല മുതലാളി’മാരെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തിട്ടുണ്ട്. പിന്നീട്, നേതാക്കന്മാര്‍തന്നെ ബിസിനസ്സിലേക്കു നീങ്ങി. പി.വി. അന്‍വര്‍ എംഎല്‍എ പല നിയമങ്ങളും കാറ്റില്‍ പറത്തി പരിസ്ഥിതി ലോലപ്രദേശത്ത് പാര്‍ക്ക് നിര്‍മ്മിച്ചു. അന്വേഷണം പേരിനു നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അതൊന്നും കണ്ടതായി ഭാവിക്കുന്നില്ല. വലിയ നേതാക്കന്മാരുടെ മക്കളാണു ബിസിനസ്സില്‍ ഏര്‍പ്പെടുന്നത്. അവരില്‍ പലരും ഗള്‍ഫുനാടുകളില്‍ ബിസിനസ്സ് ചെയ്യുന്നു. അവിടെയാകുമ്പോള്‍ ധാര്‍മ്മികതയുടെ പ്രശ്നം കൊണ്ടു വന്ന് ആരും ശല്യം ചെയ്യുകയില്ലല്ലോ. ധാര്‍മ്മികതയുടെ അസ്കിത ഇല്ലാത്തതുകൊണ്ടു ചെറിയ തട്ടിപ്പുകളൊക്കെ നടത്താമെന്നാണു മക്കളുടെ വിചാരം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെയും എംഎല്‍എ വിജയന്‍ പിള്ളയുടെയും മക്കള്‍ ദുബായില്‍ അങ്ങനെ ചില തട്ടിപ്പുകള്‍ നടത്തി കേസില്‍പ്പെട്ടിരിക്കുകയാണ്. കൊടിയേരിയുടെ മകന്‍ ബിസിനസ്സ് ആവശ്യത്തിന് ഒരു അറബിയുടെ കമ്പനിയില്‍നിന്ന് എട്ട് കോടി രൂപയിലധികം കടം വാങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ വണ്ടിച്ചെക്ക് നല്കി, കേസായി. കേസില്‍നിന്ന് ഊരിപ്പോന്ന് നാട്ടിലെത്തി. അപ്പോഴും അറബിയുടെ പണം കൊടുത്തില്ല. പലിശ ഉള്‍പ്പെടെ 13 കോടി ആവശ്യപ്പെട്ട് അറബി പാര്‍ട്ടിനേതൃത്വത്തെ കണ്ടു. ഉടനെ പാര്‍ട്ടി മകനോടു ദുബായില്‍പ്പോയി കേസ് തീര്‍ക്കാന്‍ ആവശ്യപ്പെട്ടു. പണം കൊടുക്കാതെ ദുബായില്‍ നിന്നു മടങ്ങാനാവില്ല. എംഎല്‍എയുടെ മകനും അറബിക്കു പണം കൊടുക്കാനുണ്ട്. മക്കളുടെ ബിസിനസ്സില്‍ പാര്‍ട്ടി ഇടപെടുകയില്ലെന്നാണു നേതൃത്വം പറയുന്നത്. കച്ചവടമാകുമ്പോള്‍ ചെറിയ തട്ടിപ്പൊക്കെ നടക്കും, അതില്‍ പാര്‍ട്ടി ഇടപെടുകയില്ലെന്നു ചുരുക്കം.

മാര്‍ക്സിസ്റ്റ് പാര്‍ട്ടി വന്നുപെട്ടിരിക്കുന്ന അപചയത്തിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്. യു ഡിഎഫിന്‍റെ അഴിമതി ഉയര്‍ത്തിക്കാണിച്ചു ഭരണം പിടിച്ചെടുത്ത പാര്‍ട്ടി വിജിലന്‍സിനെ നിര്‍വീര്യമാക്കിയെന്ന ആരോപണം നേരിടുന്നു. പൊതുസമൂഹത്തിനു വന്നുഭവിച്ചിരിക്കുന്ന മൂല്യച്യുതിയാണു പാര്‍ട്ടിയെയും ഗ്രസിച്ചിരിക്കുന്നത്. പൊതുസമൂഹത്തിന്‍റെ ധാര്‍മ്മികതയുടെ കാവലാളായ മതങ്ങള്‍ക്ക് പ്രത്യേകിച്ച്, ക്രൈസ്തവസഭയ്ക്കുണ്ടായ അപചയമാണു പിരിതാപകരമായ ഈ അവസ്ഥയ്ക്കു കാരണമെന്നതില്‍ സംശയം വേണ്ട.

Leave a Comment

*
*