Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> സുതാര്യത അടിക്കാനുള്ള വടി മാത്രമാകുമ്പോള്‍

സുതാര്യത അടിക്കാനുള്ള വടി മാത്രമാകുമ്പോള്‍

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

കഴിഞ്ഞ യുപിഎ സര്‍ക്കാരിനെതിരെ ആരോപിച്ച വലിയ അഴിമതിയാണ് 2 ജി സ്പെക്ട്രം സംബന്ധിച്ചുള്ളത്. അന്നു ടെലികോം മന്ത്രിയായിരുന്ന എ. രാജ 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. 2 ജി സ്പെക്ട്രം ലേലം ചെയ്തിരുന്നെങ്കില്‍ കിട്ടുമായിരുന്ന തുക കണക്കാക്കിയാണ് സിഎ ജി ഈ ഊഹക്കണക്കില്‍ എത്തിച്ചേര്‍ന്നത്. 3 ജി ലേലം ചെയ്തപ്പോള്‍ കിട്ടിയ തുകയുമായി താരതമ്യം ചെയ്താണു സിഎജി ഈ തുക കണക്കുകൂട്ടി എടുത്തത്. സിഎജി വേറെ രണ്ടു വിധത്തിലുള്ള കണക്കുകൂട്ടലും നടത്തിയിരുന്നു. അതിലൊന്നു പ്രകാരം 50000 കോടി രൂപയുടെ നഷ്ടമാണു ഖജനാവിനുണ്ടായത്. എന്നാല്‍ 1.76 ലക്ഷം കോടിയുടെ അവിശ്വസനീയമായ കണക്കിനാണു മാധ്യമങ്ങളില്‍ പ്രചാരം കിട്ടിയത്. മന്‍മോഹന്‍സിങ്ങ് മന്ത്രിസഭയും എ രാജയും 1.76 ലക്ഷം രൂപയുടെ അഴിമതി നടത്തി എന്ന ധാരണ പരത്തുന്നതില്‍ മാധ്യമങ്ങളും പ്രതിപക്ഷവും വിജയിച്ചു.

കൃത്യമായ പരിശോധനയോ വിലയിരുത്തലോ നടത്താതെ വലിയൊരു അഴിമതിക്കഥയാണു കേന്ദ്ര സര്‍ക്കാരിന്‍റെ മേല്‍ ചുമത്തിയത്. പ്രതിപക്ഷത്തായിരുന്ന ബിജെപി ഈ വടികൊണ്ടു യുപിഎ സര്‍ക്കാരിനെ പൊതിരെ തല്ലി അവശമാക്കി. സമര്‍ത്ഥമായ പ്രചാരണംകൊണ്ട് അവര്‍ കേന്ദ്രത്തില്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഇതിനു വഴിമരുന്നിട്ട വിനോദ് റായ് എന്ന സിഎജിയെ പിന്നീടു പാര്‍ട്ടി സ്ഥാനമാനങ്ങള്‍ നല്കി ആദരിച്ചു.

സിബിഐ വര്‍ഷങ്ങളെടുത്ത് 2 ജി അഴിമതി അന്വേഷിച്ചു. ഫയലുകള്‍ മുഴുവന്‍ പരതി, സംശയിച്ച എല്ലാ വ്യക്തികളെയും കമ്പനികളെയും ചോദ്യം ചെയ്ത് അവര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 30,000 കോടിയുടെ നഷ്ടമുണ്ടായി എന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഒന്നേമുക്കാല്‍ ലക്ഷം കോടിയും 30000 കോടി രൂപയും തമ്മില്‍ എന്തു ചേര്‍ച്ചയാണുള്ളത്? എന്നിട്ടോ? വിചാരണയില്‍ വിശ്വസനീയമായ തെളിവുകളൊന്നും ഹാജരാക്കാത്തതുകൊണ്ടു സിബിഐ കോടതി കേസ് തള്ളിക്കളഞ്ഞു. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിക്കേസ് അങ്ങനെ ചാരമായി.

സുതാര്യതയുടെ പേരില്‍ നടത്തിയ വലിയൊരു കള്ളക്കളിയായിരുന്നു 2 ജി അഴിമതിക്കേസ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകുമോ? എ. രാജയെന്ന മന്ത്രിയെ കള്ളക്കേസില്‍ കുടുക്കി അദ്ദേഹത്തിന്‍റെ രാഷ്ട്രീയഭാവി നശിപ്പിക്കകയായിരുന്നുവോ? യുപിഎ മന്ത്രിസഭയെ താഴെയിറക്കാന്‍വേണ്ടി വിനോദ് റായിയെ ബിജെപി ഉപയോഗിക്കുകയായിരുന്നുവോ? അഴിമതിക്കെതിരെ പ്രചണ്ഡപ്രചാരം അഴിച്ചുവിട്ട അണ്ണാ ഹസാരെ ബിജെപിയുടെ ഏജന്‍റായിരുന്നുവോ? ഇവയെല്ലാം ഇന്നു പ്രസക്തമായ ചോദ്യങ്ങളാണ്. യുപിഎ സര്‍ക്കാര്‍ അനുവദിച്ച 2 ജി സ്പെക്ട്രം സുപ്രീംകോടതി റദ്ദാക്കി; വീണ്ടും അതു ലേലം ചെയ്തപ്പോള്‍ 10000 കോടി രൂപ പോലും അതിനു കിട്ടിയില്ല എന്നോര്‍ക്കുക.

അഴിമതിക്കെതിരെ നടത്തുന്ന പ്രചാരണം സത്യത്തില്‍ അഴിമതി തുടച്ചുനീക്കാനാണോ? രാഷ്ട്രീയലാഭത്തിനുവേണ്ടി മാത്രം അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവര്‍ അഴിമതിവിമുക്ത സമൂഹമെന്ന സങ്കല്പത്തിന്‍റെ കടയ്ക്കല്‍ത്തന്നെ കത്തിവയ്ക്കുകയാണ്. സുതാര്യതയ്ക്കുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്ക് ഉദ്ദേശ്യശുദ്ധിയില്ലെങ്കില്‍ അവര്‍ അതാര്യതയുടെയുംഅന്ധകാരത്തിന്‍റെയും ആഴം കൂട്ടുന്നവരാകും. അഴിമതിയുടെ പേരില്‍ യുപിഎ സര്‍ക്കാരിനെ ഇറക്കിവിട്ട ബിജെപി അഴിമതിമുക്തമാണോ? സൊറാബുദ്ദീന്‍ ഷെയ്ക്കുമായുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ അമിത് ഷായെ കുറ്റവിമുക്തനാക്കുന്നതു സംബന്ധിച്ചുള്ള വിഷയമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്ന തലത്തില്‍ എത്തിനില്ക്കുന്നത്.

സുപ്രീം കോടതിയിലെ നാലു സീനിയര്‍ ജഡ്ജിമാര്‍ തിരുത്തല്‍ ആവശ്യപ്പെട്ട വിഷയങ്ങളില്‍ പ്രധാനപ്പെട്ടതാണ് ജസ്റ്റിസ് ബി. ലോയയുടെ മരണം സംബന്ധിച്ച കേസ്. ജസ്റ്റിസ് ലോയയാണു പ്രസ്തുത വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചത്. ഈ കേസിലെ പ്രതിസ്ഥാനത്തുനിന്ന് അമിത് ഷായെ ഒഴിവാക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തുവത്രേ. ജസ്റ്റിസ് ലോയ വഴങ്ങിയില്ല. ഉടനെ അദ്ദേഹത്തെ സ്ഥാനത്തുനിന്നു നീക്കി. പിന്നീടു വന്ന ജഡ്ജി ഷായെ കുറ്റവിമുക്തനാക്കി. അധികം താമസിയാതെ ലോയ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഈ മരണം അന്വേഷിക്കണമെന്ന കേസാണു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സീനിയര്‍ ജഡ്ജിമാരെ ഒഴിവാക്കി ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചിനു വിട്ടത്.

സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഉന്നതന്മാരുടെ പേരില്‍ ആരോപണം ഉന്നയിച്ച് അവരെ തേജോവധം ചെയ്യുന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. സമകാലീന സമൂഹത്തില്‍ അത്തരം പ്രവണത ഏറിവരികയാണെന്നു തോന്നുന്നു. സമൂഹത്തില്‍ സുതാര്യത ഉറപ്പാക്കുകയൊന്നുമല്ല തത്പരകക്ഷികളുടെ ലക്ഷ്യം; സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടുകയാണ്. സുതാര്യതയുടെയും ധാര്‍മ്മികതയുടെയും പേരില്‍ അവര്‍ നടത്തുന്ന കളികള്‍ ചിലപ്പോള്‍ മനുഷ്യത്വഹീനമാകാറുണ്ട്.

Leave a Comment

*
*