കേരളസഭ ആന്തരികത വീണ്ടെടുക്കണം

കേരളസഭ ആന്തരികത വീണ്ടെടുക്കണം

കേരളസഭയുടെ ഇന്നത്തെ വലിയ പ്രശ്നം അമിതമായ മാധ്യമശ്രദ്ധയാണ്. തികച്ചും ആഭ്യന്തരമായ സഭയുടെ പ്രശ്നങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മതേതരരാജ്യത്തില്‍ വിശ്വാസവും അനുഷ്ഠാനങ്ങളും പൊതുവേദികളില്‍ ചര്‍ച്ചയാകേണ്ടതില്ല. സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമിതാവേശം കാണിക്കുന്നതു മിക്കവാറും സഭാവിരുദ്ധചാനലുകളും പത്രങ്ങളുമാണെന്നു കാണാം. പ്രേക്ഷകരുടെയും വായനക്കാരുടെയും എണ്ണം കൂട്ടാന്‍ സഭയെ താറടിക്കുംവിധം പരിപാടികള്‍ അവതരിപ്പിക്കുന്നതും വാര്‍ത്തകള്‍ നല്കുന്നതും അധാര്‍മ്മികമാണെന്നു മാധ്യമങ്ങള്‍ കരുതുന്നില്ല.

സഭയ്ക്കുള്ളില്‍ അരുതാത്തതു നടന്നാല്‍ പുറത്തുകൊണ്ടുവരേണ്ടതില്ലേ എന്നാകും ചോദ്യം. വാര്‍ത്തകള്‍ മൂടിവയ്ക്കേണ്ട കാര്യമില്ല. എന്നാല്‍ ആരോപണമുയരുമ്പോഴേക്കും ആരോപണവിധേയരെ കസ്റ്റഡിയിലെടുക്കണം, ചോദ്യം ചെയ്യണം, ജയിലില്‍ അടയ്ക്കണമെന്നൊക്കെ ശഠിക്കുന്നത് ഒളിച്ചുവച്ച വര്‍ഗീയവിഷത്തിന്‍റെ ബഹിര്‍സ്ഫുരണമല്ലാതെ മറ്റൊന്നുമല്ല. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാം. പൊലീസ് കേസ് അന്വേഷിക്കണം, കോടതിയില്‍ കേസ് ചാര്‍ജ് ചെയ്യണം, കോടതി വാദം കേട്ടു തീര്‍പ്പു കല്പിക്കും. കുറ്റക്കാരെന്നു കണ്ടെത്തപ്പെടുന്നവര്‍ ശിക്ഷ അനുഭവിക്കും. ഈ നടപടിക്രമങ്ങള്‍ക്ക് ആരെങ്കിലും തടസ്സം നില്ക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ക്ക് ഇടപെടാം. ഇവിടെയങ്ങനെയല്ല. പൊലീസ് ഒരുവശത്തു കേസ് അന്വേഷിക്കുമ്പോള്‍ സമാന്തരമായി മാധ്യമങ്ങള്‍ വിചാരണ തുടങ്ങിക്കഴിഞ്ഞിരിക്കും; വിധിയും പുറപ്പെടുവിക്കും. ഇവിടെ വാര്‍ത്താവതാരകരില്ല, വാര്‍ത്താജഡ്ജിമാരാണുള്ളത്. ഇത്തരം മാധ്യമവിചാരണക്കോടതികളില്‍ ചില പുരോഹിതന്മാര്‍ ചെന്നിരുന്നു ഇളിഭ്യരാകുന്നതു കാണുമ്പോള്‍ പാവം തോന്നും. മാധ്യമകോടതികളുടെ സമന്‍സ് കൈപ്പറ്റിയില്ലെങ്കില്‍ അതു കടുത്ത അപരാധമാകുമെന്നാണ് അവരുടെ വിചാരം!

പണ്ടൊക്കെ അന്വേഷണാത്മക പത്രപ്രവര്‍ത്തനമുണ്ടായിരുന്നു. വിഷയങ്ങള്‍ വിശദമായി പഠിച്ച് രണ്ടു വശങ്ങളും കണക്കിലെടുത്തുള്ള അനുമാനങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന രീതിയാണത്. ഇപ്പോള്‍ മാധ്യമക്കാര്‍ക്ക് എന്തെങ്കിലും വാര്‍ത്ത ചോര്‍ന്നു കിട്ടിയാല്‍ മതി. അതുകൊണ്ടവര്‍ ഒരാഴ്ചയെങ്കിലും പിടിച്ചുനില്ക്കും. ഒരു മാസംമുമ്പു കേരളത്തിലെ ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്‍റെ സ്ഥാപനങ്ങളില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തി. ഇദ്ദേഹത്തിന്‍റെ പക്കല്‍ നിന്ന് എറണാകുളം അതിരൂപത മുമ്പു സ്ഥലം വാങ്ങിയിരുന്നു. പിന്നെ അതിരൂപതയുടെ തട്ടിപ്പ് കണ്ടെത്താനാണ് റെയ്ഡ് എന്നായി വാര്‍ത്ത. റെയ്ഡിന് അതിരൂപത ഇടപാടുമായി ബന്ധമില്ലെന്നും മുറപ്രകാരമുളള റെയ്ഡാണെന്നും ആദായനികുതിവ കുപ്പ് പത്രക്കുറിപ്പ് ഇറക്കിയെങ്കിലും അതിരൂപതയുടെ ഓഫീസുളില്‍ ഉടനെ റെയ്ഡ് നടക്കുമെന്നു മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒരാഴ്ചയെങ്കിലും ചാനലുകള്‍ അതാഘോഷിച്ചു. ഒന്നും സംഭവിച്ചില്ല. ചാനലുകള്‍ക്ക് ആഘോഷിക്കാന്‍ അതിലും വലിയ വിഷയങ്ങള്‍ കിട്ടിയപ്പോള്‍ അവര്‍ അതുപേക്ഷിച്ച് അവയുടെ പിന്നാലെ പോയി. 'എന്താണു സത്യം?' എന്ന ചിരപുരാതന ചോദ്യം സദാ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുകയാണ്.

അനാരോഗ്യകരമായ ഈ മാധ്യമശ്രദ്ധയ്ക്കു സഭയും ഉത്തരവാദിയാണ്. തികച്ചും ആഭ്യന്തരവും ആത്മീയവുമായ പരിപാടികള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാക്കാന്‍ ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നു. ഇടവകക്കാര്‍ മാത്രമറിയേണ്ട ആത്മീയകാര്യങ്ങള്‍ എന്തിനു പത്രങ്ങളില്‍ വരണം? എന്തിനു നാടുനീളെ ഫ്ളെക്സ് കെട്ടണം? ധ്യാനങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും കളര്‍പോസ്റ്ററുകള്‍ വഴികളിലുടനീളം കാണാം. നാട്ടുകാരെ മുഴുവന്‍ അറിയിച്ചില്ലെങ്കില്‍ പരിപാടികള്‍ നടന്നിട്ടേയില്ല എന്നാണ് പലരുടെയും ധാരണ. അതിരു കടന്ന ഈ പ്രകടനപരത ആത്മീയതയുടെ ആഴക്കുറവാണു കാണിക്കുന്നത്. ആന്തരികത നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണു കേരളസഭയുടെ ദുര്യോഗം. സഭാസംബന്ധമായി മാധ്യമങ്ങളില്‍ കേള്‍ക്കുന്നതു ചേങ്ങലയുടെ മുഴക്കവും കൈത്താളത്തിന്‍റെ ചിലമ്പലുമാണ്.

ആന്തരികത നഷ്ടപ്പെടുമ്പോള്‍ സഭയ്ക്ക് ആധികാരികത നഷ്ടപ്പെടുന്നു. ആധികാരികതയല്ലാത്ത സഭയ്ക്ക് ആത്മബലമില്ല. ആത്മബലമില്ലാത്ത സഭ ബലത്തിനുവേണ്ടി ബാഹ്യശക്തികളെ ആശ്രയിക്കുന്നു. മാധ്യമങ്ങള്‍ അങ്ങനെയുള്ള ഒരു ബാഹ്യശക്തിയാണ്. രണ്ടാമത്തേത്, വന്‍കിട ബിസിനസ്സുകാരും പണച്ചാക്കുകളുമായുള്ള ചങ്ങാത്തമാണ്. വന്‍കിടക്കാര്‍ സഭയുമായി ചങ്ങാത്തം തേടുന്നതു തങ്ങളുടെ ബിസിനസ്സ് വളര്‍ത്താന്‍ വേണ്ടിയാണ്. അതു തിരിച്ചറിയാതെ സഭാനേതാക്കള്‍ അവരുടെ തോളില്‍ കയ്യിട്ടു നടക്കുന്നു. അവസരം മുതലാക്കി ചിലപ്പോള്‍ തട്ടിപ്പുകാരും വെട്ടിപ്പുകാരും കൂടെ കൂടും. പിന്നീട് അവരുടെ കള്ളത്തരങ്ങളെ ന്യായീകരിക്കേണ്ട ഗതികേടു സഭാനേതാക്കള്‍ക്കുണ്ടാകുന്നു.

ബിസിനസ്സുകാരുമായിട്ടുള്ള ചങ്ങാത്തം രാഷ്ട്രീയക്കാരുമായുള്ള അടുപ്പത്തിലേക്കു നയിക്കും. രാഷ്ട്രീയാധികാരികളെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ ആപത്തുണ്ടാകുമെന്നാണ് അവര്‍ സഭാധികാരികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ബിസിനസ്സുകാര്‍ക്കു രാഷ്ട്രീയക്കാരെ ആവശ്യമാകാം. ജനാധിപത്യവും നിയമവാഴ്ചയുമുള്ള ഒരു രാജ്യത്ത് നേതാക്കള്‍ക്കു രാഷ്ട്രീയക്കാരുടെ പിന്നാലേ പോകേണ്ടയാവശ്യമില്ല. സത്യസന്ധമായും ആത്മാര്‍ത്ഥമായും ആത്മീയലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു രാഷ്ട്രീയക്കാരില്‍ നിന്നും ഒന്നും നേടാനില്ല. സ്ഥാപനങ്ങളുടെയും മറ്റും നടത്തിപ്പില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനാവശ്യമായി കൈകടത്തുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമായിരിക്കും. അതെല്ലാം നിയമത്തിന്‍റെ നേര്‍വഴിയിലൂടെ നടന്നു പരിഹരിക്കണം. സഭ അതിന്‍റെ ആത്മീയതേജസ്സുകൊണ്ടാണ് അത്തരം ദുഷ്ടശക്തികളെ അമര്‍ച്ച ചെയ്യേണ്ടത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധര്‍മ്മചിന്തയില്ലാത്ത രാഷ്ട്രീയക്കാരെ ആശ്രയിക്കുന്നതു സഭയുടെ ആത്മീയപ്രഭാവത്തെ കെടുത്തുകയേയുള്ളൂ. കേരളസഭ ഇങ്ങനെയുള്ള ഒരു ദയനീയപതനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. മാധ്യമങ്ങളുടെയും മൂലധനത്തിന്‍റെയും രാഷ്ട്രീയാധികാരത്തിന്‍റെയും പൊയ്ക്കാലുകള്‍ വലിച്ചെറിഞ്ഞു സഭ അതിന്‍റെ തനിമ വീണ്ടെടുക്കേണ്ട സമയമായി. ആന്തരികതയിലേക്കുള്ള പ്രയാണമാണ് അതിനാവശ്യമായിട്ടുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org