മൂല്യവ്യവസ്ഥയുടെ തകര്‍ച്ച സമൂഹത്തിന്‍റെയും തകര്‍ച്ച

മൂല്യവ്യവസ്ഥയുടെ തകര്‍ച്ച സമൂഹത്തിന്‍റെയും തകര്‍ച്ച

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ഈ.മ.യൗ.' എന്ന സിനിമ സാമൂഹ്യമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുകയുണ്ടായി. ക്രൈസ്തവ പശ്ചാത്തലമുള്ള ഈ സിനിമയില്‍ കടുംപിടുത്തക്കാരനായ ഇടവകവികാരിയെ വിശ്വാസി കരണത്തടിക്കുന്ന രംഗമുണ്ട്. ഈ രംഗം കണ്ട കാണികള്‍ എല്ലാവരും എഴുന്നേറ്റുനിന്നു കയ്യടിച്ചുവെന്നാണ് ഒരാള്‍ എഴുതിപ്പിടിപ്പിച്ചത്. സിനിമ കണ്ട വേറൊരാള്‍ ആ സമയത്ത് ആരും കയ്യടിക്കുകയുണ്ടായില്ല എന്നും കുറിച്ചു. ചെല്ലാനം കടലോര ഗ്രാമമാണു സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കടലോര പ്രദേശത്തെ ഇടവക വികാരിമാര്‍ ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നു കഴിയുന്നവരാണ്. അതുകൊണ്ടു വൈദികന്‍റെ ചിത്രീകരണവും കരണത്തടിയും യാഥാര്‍ത്ഥ്യവുമായി എത്രമാത്രം പൊരുത്തപ്പെടുന്നുണ്ടെന്നതു സംശയകരമാണ്.

സിനിമയുമായി ബന്ധപ്പെട്ടല്ലാതെയും പല വിഷയങ്ങളിലും ആളുകള്‍ വൈദികരെയും സഭയെയും പല വിധത്തിലും അധിക്ഷേപിക്കുന്നുണ്ട്. ക്രൈസ്തവര്‍തന്നെയാണു പലപ്പോഴും ഈ കടന്നാക്രമണത്തില്‍ മുന്നില്‍ നില്ക്കുന്നത്. തങ്ങള്‍ സ്വതന്ത്രചിന്താഗതിക്കാരെന്നു വരുത്താനോ മതസ്വാധീനത്തിനു പുറത്താണ് എന്നു കാണിക്കാനോ ആണു ചിലര്‍ നിശിതമായ വിമര്‍ശനം ഉയര്‍ത്തുന്നത്. തങ്ങള്‍ വിചാരിച്ച കാര്യം നടക്കാത്തതുകൊണ്ടോ ഏതെങ്കിലും സഭാധികാരിയുമായുണ്ടായ ഉരസല്‍ നിമിത്തമോ വിമര്‍ശനങ്ങള്‍ പായിക്കുന്നവരുമുണ്ട്. ഇവരില്‍ പലരും സ്വന്തം കാര്യം കാണാന്‍ വൈദികരുടെയോ മെത്രാന്മാരുടെയോ കാലുപിടിക്കാറുണ്ടെന്നതു വേറൊരു സത്യമാണ്. മതതീവ്രവാദവും വര്‍ഗീയതയും വളര്‍ന്നുവരുന്ന സാഹചര്യത്തില്‍, സഭാശത്രുക്കള്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റെടുക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്നതു കാണാതിരുന്നുകൂടാ. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ക്രൈസ്തവസഭയെയും സഭാധികാരികളെയും മോശമായി ചിത്രീകരിക്കുന്നതില്‍ കൗതുകമുള്ളവയാണ്.

സഭയില്‍ വിമര്‍ശിക്കപ്പെടേണ്ട കാര്യങ്ങള്‍ പലതുമുണ്ടെന്നതില്‍ തര്‍ക്കമില്ല. സഭയെ നന്നാക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ വിമര്‍ശനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പൊതുസമൂഹത്തിന്‍റെ മുമ്പില്‍ പരിഹാസ്യമായി ചിത്രീകരിക്കുന്നത് സദുദ്ദേശ്യത്തോടെയാവാന്‍ വഴിയില്ല. വൈദികരുടെ ഭാഗത്തുനിന്നു പാകപ്പിഴയുണ്ടാകാം. അതിന്‍റെ പേരില്‍ വൈദികരെ ഒന്നടങ്കം ആക്ഷേപിക്കുന്നതു വിപരീതഫലമേയുണ്ടാക്കൂ. വൈദികരെയും മതനേതാക്കളെയും പിന്തിരിപ്പന്മാരും സ്വാതന്ത്ര്യത്തിനു വിലങ്ങുതടികളായി വര്‍ത്തിക്കുന്നവരും അപകടകാരികളുമായി അവതരിപ്പിക്കാന്‍ ചിലര്‍ ബദ്ധശ്രദ്ധരാണ്. മതനേതാക്കള്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യവ്യവസ്ഥയെത്തന്നെയാണ് അവര്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. സാമൂഹികനിയന്ത്രണങ്ങളും ധാര്‍മ്മികനിയമങ്ങളും തങ്ങളുടെ സ്വതന്ത്രജീവിതത്തിനു തടസ്സമാണെന്ന് അവര്‍ കരുതുന്നു. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ ആധാരശിലകളാണ് ഈ ധാര്‍മ്മികനിയമങ്ങളും സാമൂഹികനിയന്ത്രണങ്ങളുമെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇന്‍റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും സൃഷ്ടിക്കുന്ന വര്‍ണപ്രപഞ്ചത്തില്‍ അവര്‍ ഭ്രമിച്ചുപോകുന്നു. കമ്പ്യൂട്ടര്‍ ഗെയിമുകളിലേതുപോലെ എല്ലാറ്റിനെയും വെടിവച്ചു വീഴ്ത്താനാണ് അവര്‍ക്കു കമ്പം. ഇതിന്‍റെയെല്ലാം അവസാനമെന്ന് എന്ന അടിസ്ഥാനപരമായ ചോദ്യത്തെ അവര്‍ അഭിമുഖീകരിക്കുന്നില്ല.

യൂറോപ്പിന്‍റെയും അമേരിക്കയുടെയും അനുഭവത്തില്‍ നിന്നും നാം പഠിക്കേണ്ടതുണ്ട്. അതിരു കടന്ന വ്യക്തിവാദവും യുക്തിചിന്തയും അവിടങ്ങളിലെ ആളുകളെ വ്യവസ്ഥാപിത സംവിധാനങ്ങളെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചു. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ എല്ലാറ്റിലുമുപരി പ്രതിഷ്ഠിച്ചു. സാമ്പത്തികരംഗത്തു സ്വതന്ത്രവിപണിയെന്നപോലെ സാമൂഹികരംഗത്തും ധാര്‍മ്മികരംഗത്തും വ്യക്തിക്കും തിരഞ്ഞെടുപ്പുകള്‍ക്കുമാണു പ്രാമുഖ്യമെന്ന ചിന്ത വന്നു. മതവും വിശ്വാസവും തികച്ചും സ്വകാര്യങ്ങളായി. ഇഷ്ടംപോലെയുള്ള ലൈംഗികാസ്വാദനം കുടുംബമെന്ന സങ്കല്പത്തെ പുതുക്കിപ്പണിതു. വിവാഹത്തിനു പകരം സഹവാസമായി.

ഇത്തരം കുത്തഴിഞ്ഞ ലൈംഗികതയ്ക്കും അതിരു കടന്ന വ്യക്തിവാദത്തിനും എതിരായി നിലകൊണ്ടതു മതവും വിശ്വാസവുമാണ്; പ്രത്യേകിച്ചു കത്തോലിക്കാസഭ സമൂഹത്തിന്‍റെ ധാര്‍മ്മികസ്വരമായി നിലകൊണ്ടു. ഇതു പുരോഗമനവാദികള്‍ക്കു സഹിക്കാവുന്നതായിരുന്നില്ല. അവിടത്തെ മാധ്യമങ്ങളാണു സഭയ്ക്കു നേരെ എതിര്‍പ്പിന്‍റെ കുന്തമുന ഉയര്‍ത്തിയത്. മനുഷ്യജീവനെ ആദ്യന്തം ആദരിക്കണമെന്നും ലൈംഗികത ധാര്‍മ്മികനിയമങ്ങള്‍ക്കു വിധേയമാകണമെന്നുമുള്ള സഭാപഠനത്തെ അവര്‍ പിച്ചിച്ചീന്തി. സഭയിലെ പുഴുക്കുത്തുകളെ പര്‍വതീകരിച്ചു കാണിക്കലായിരുന്നു അതിന് അവര്‍ സ്വീകരിച്ച പ്രധാന തന്ത്രം. വൈദികര്‍ കുട്ടികളെ ദുരുപയോഗിച്ച കേസുകള്‍ അവര്‍ക്ക് ആയുധമായി. കുട്ടികളെ ദുരുപയോഗം ചെയ്തത് അമേരിക്കയിലെ കത്തോലിക്കാ വൈദികരിലെ രണ്ടു ശതമാനം മാത്രമാണെന്നു കണക്കുകള്‍ കാണിക്കുന്നു. വൈദികര്‍ പൊതുവേ ഇത്തരക്കാരാണെന്ന പ്രതീതി ജനിപ്പിക്കുകയാണു മാധ്യമങ്ങള്‍ ചെയ്തത്. സഭയുടെ ധാര്‍മ്മികസ്വരത്തെ അടിച്ചമര്‍ത്തുക എന്നതായിരുന്നു അവരുടെ ഉന്നം. ഇതു തിരിച്ചറിയാതെ കത്തോലിക്കാവിശ്വാസികള്‍പോലും വിമര്‍ശനാരവത്തില്‍ പങ്കുചേര്‍ന്നു.

അവസാനം എന്തു സംഭവിച്ചു? ചിരപ്രതിഷ്ഠിതമായ കുടുംബമെന്ന സ്ഥാപനം അവിടെ തകരാന്‍ തുടങ്ങി. അമേരിക്കയില്‍ ജനിക്കുന്ന മൂന്നില്‍ രണ്ടു കുട്ടികളും കുടുംബം നല്കുന്ന സംരക്ഷണത്തിനു പുറത്താണ്. അങ്ങനെ വളരുന്ന കുട്ടികള്‍ക്കു കുടുംബം സ്ഥാപിക്കാനാകുമോ? അമേരിക്കന്‍ സമൂഹത്തിന്‍റെ മാനസികാരോഗ്യം വളരെ മോശമാണ്. ബൈ-പോളര്‍ ഡിനോര്‍ഡര്‍, ഡിപ്രഷന്‍ തുടങ്ങിയവയ്ക്കു മരുന്നു കഴിക്കുന്നവരാണ് അധികവും.

മൃതപ്രായമായ യൂറോപ്യന്‍ ക്രൈസ്തവസമൂഹത്തിന്‍റെ സ്ഥാനത്ത് ഇസ്ലാമിക സമൂഹമാണ് ഇന്നു ചുവടുറപ്പിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനോ സഹിഷ്ണുത, സമഭാവന, കരുണ തുടങ്ങിയ ക്രൈസ്തവ മൂല്യങ്ങള്‍ക്കോ വില കല്പിക്കാത്ത ഇസ്ലാമിന്‍റെ രൂപമാണ് അവിടങ്ങളില്‍ വേരൂന്നുന്നത്. വളരെ വൈകിയാണെങ്കിലും പാശ്ചാത്യനേതാക്കള്‍ ഈ സത്യത്തിനു നേരെ കണ്ണു തുറന്നിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റും ഫ്രഞ്ച് പ്രസിഡന്‍റും ആസ്ത്രേലിയന്‍ പ്രധാനമന്ത്രിയും ക്രൈസ്തവവേരുകളെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പോളണ്ട് ഇന്നു തികച്ചും ഒരു കത്തോലിക്കാ രാജ്യമാണ്.

സഭയെ വിമര്‍ശിക്കുന്നതില്‍ പ്രത്യേക രസം കണ്ടെത്തുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണു തുറന്നു കാണുന്നതു നന്നായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org