|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> എല്ലാം ദേശസ്നേഹത്തിന്‍റെ പേരില്‍

എല്ലാം ദേശസ്നേഹത്തിന്‍റെ പേരില്‍

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

ആരെയും വെട്ടാനും ഏതു വെട്ടിനെയും പ്രതിരോധിക്കുവനുമുള്ള വാളും പരിചയുമായിരിക്കുകയാണ് ഇന്നു ദേശസ്നേഹം. പാക്കിസ്ഥാനാകട്ടെ ദേശദ്രോഹത്തിന്‍റെ പ്രതീകവും. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ ദേശദ്രോഹിയായി. പാക്കിസ്ഥാനിലെ ആരെങ്കിലും ഇന്ത്യയില്‍ പാടണമെന്നോ സിനിമയില്‍ അഭിനയിക്കണമെന്നോ പറഞ്ഞാലും ദേശദ്രോഹിയാകും. ഇവിടത്തെ ‘ദേശസ്നേഹി’ നാട്യക്കാരെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്താല്‍ അവര്‍ക്കുള്ള സ്ഥലം പാക്കിസ്ഥാനാണ്. നമ്മുടെ പൊതുസംവാദത്തിന്‍റെ നിലവാരം എത്രയോ താണുപോയിരിക്കുന്നുവെന്നതിന്‍റെ സൂചകമാണിതെല്ലാം.

മോദി ഗവണ്‍മെന്‍റ് അധികാരമേറ്റെടുത്തതിനുശേഷം ഭീകരാക്രമണങ്ങള്‍ കുറഞ്ഞുവെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. അതു സത്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലും ആ വാദത്തെ തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടാണു പുല്‍വാമയില്‍ ജെയ്ഷെ ഭീകരര്‍ ആഞ്ഞടിച്ചത്. സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിലേക്കു കാഷ്മീരുകാരനായ ഭീകരന്‍ ആര്‍ഡിഎക്സ് നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സുരക്ഷയെ സംബന്ധിക്കുന്ന അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തിയ സംഭവമായിരുന്നു അത്. ഇത്രയും പട്ടാളക്കാരെ റോഡുമാര്‍ഗം കൊണ്ടുപോയത് ശരിയായിരുന്നുവോ? പട്ടാപ്പകല്‍ നടന്ന ഈ ആക്രമണം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയതെങ്ങനെ? ഇത്രയും ആര്‍ഡിഎക്സ് ഭീകരരുടെ കയ്യില്‍ വന്നുപെട്ടതെങ്ങനെ? അതുപോലെ ഭീകരാക്രമണം നടത്തിയ ചെറുപ്പക്കാരന്‍ പാക്കിസ്ഥാന്‍കാരനൊന്നുമായിരുന്നില്ല. ജെയ്ഷെ മുഹമ്മദിന്‍റെ പ്രചാരണത്തില്‍ കുടുങ്ങിയ ഇന്ത്യാക്കാരനായിരുന്നു. മോദി സര്‍ക്കാരിന്‍റെ കാഷ്മീര്‍ നയത്തിനേറ്റ തിരിച്ചടിയായിരുന്നു പുല്‍വാമ സംഭവം. എന്നാല്‍ സര്‍ക്കാരിന്‍റെ കാഷ്മീര്‍ നയത്തെപ്പറ്റി ഒരു ചര്‍ച്ചയും നടന്നില്ല. ജനവികാരം പാക്കിസ്ഥാനെതിരെ തിരിക്കാനായിരുന്നു സര്‍ക്കാരിന്‍റെയും സംഘപരിവാരത്തിന്‍റെയും ശ്രമം. സംഘപരിവാറിനു അടിപ്പെട്ട മാധ്യമങ്ങള്‍ ആ പണി വൃത്തിയായി ചെയ്തു. പ്രതിപക്ഷം ആ കെണിയില്‍പ്പെട്ടു. സര്‍ക്കാരിനോടു ചോദ്യം ചോദിച്ചാല്‍ അതു പാക്കിസ്ഥാന് അനുകൂല നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു. പിന്നെ പാക്കിസ്ഥാനെതിരെ എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന സ്ഥിതിയായി. അത്തരം ഹിസ്റ്റീരിയയാണു സൃഷ്ടിക്കപ്പെട്ടത്.

സര്‍ക്കാരും സംഘപരിവാറും സൃഷ്ടിച്ച ജനത്തിന്‍റെ ഹിസ്റ്റീരിയയെ ശമിപ്പിക്കാന്‍ വേണ്ടിയെന്നോണം വ്യോമസേന പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ബോംബിട്ടു. ഇന്ത്യയുടെ വിമാനങ്ങള്‍ അതിര്‍ത്തി കടന്നു പാക്കിസ്ഥാനിലെ ഭീകരകേന്ദ്രത്തില്‍ ബോംബിട്ടു എന്ന പ്രതീതിയാണു ജനിപ്പിച്ചത്. എന്നാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി കടന്നില്ല. അതിര്‍ത്തിക്കടുത്തുനിന്നു ലേസര്‍ നിയന്ത്രിത ഗ്ലൈഡര്‍ ബോംബ് പായിക്കുകയായിരുന്നു. പാക്കിസ്ഥാനു തിരിച്ചടിക്കാന്‍ മാത്രം പ്രകോപനമുണ്ടായിരുന്നില്ല എന്നതാണു വസ്തുത.

എന്നാല്‍ സംഘപരിവാരവും മൂടുതാങ്ങികളായ മാധ്യമങ്ങളും ഇന്ത്യ വ്യോമാക്രമണം നടത്തിയെന്നും 350-400 ജെയ്ഷെ ഭീകരന്മാരും അവരുടെ പരിശീലകരും വധിക്കപ്പെട്ടുവെന്നും പ്രചാരണം നടത്തി. ദേശസ്നേഹം ആളിക്കത്തിക്കപ്പെട്ടു. ഇത്രയുമായപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്നു പാക്കിസ്ഥാനും തോന്നി. അവര്‍ രണ്ട് എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് അയച്ചു. ഇന്ത്യയുടെ രണ്ടു മിഗ് 21 വിമാനങ്ങള്‍ പറന്നുപൊങ്ങി. ഒരു എഫ്16 വിമാനം ഇന്ത്യ വെടിവച്ചിട്ടു എന്നു പറയുന്നു. ഒരു മിഗ് 21 വിമാനം അവര്‍ വെടിവച്ചിട്ടു. നിര്‍ഭാഗ്യവശാല്‍ വെടി കൊണ്ട വിമാനത്തില്‍നിന്നു പാരച്യൂട്ട് വഴി ഇറങ്ങിയ വൈമാനികന്‍ പാക്കിസ്ഥാന്‍ പ്രദേശത്ത് ഇറങ്ങി. പാക്കിസ്ഥാന്‍ സേന അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നെ അതേപിടിച്ചായി ദേശസ്നേഹജ്വരം. പാക്കിസ്ഥാന്‍ വിംഗ് കമാന്‍ഡറിനെ ഉടനെ വിട്ടുനല്കണമെന്നായി ആക്രോശം. അന്താരാഷ്ട്ര മര്യാദയനുസരിച്ചു പാക്കിസ്ഥാന്‍ എന്തായാലും അദ്ദേഹത്തെ വിട്ടുതരണമായിരുന്നു. യഥാര്‍ത്ഥ വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ആ വിഷയം കത്തിച്ചുനിര്‍ത്തുകയായിരുന്നു.

ഇതിനിടയില്‍ ബലാക്കോട്ട് എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന ചോദ്യമുയര്‍ന്നു. വ്യോമസേന മരിച്ചവരുടെ എണ്ണത്തെപ്പറ്റിയൊന്നും പറഞ്ഞില്ല. സര്‍ക്കാരും ഔദ്യോഗികമായി ഒന്നും പറഞ്ഞില്ല. എന്നാല്‍ ബിജെപി 350-400 എന്ന എണ്ണം പറഞ്ഞുകൊണ്ടിരുന്നു. പിന്നെ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ 250 എന്നു വിളിച്ചുപറഞ്ഞു. പാക്കിസ്ഥാനാകട്ടെ ആരെങ്കിലും മരിച്ചതായി ഭാവിച്ചതില്ല. അന്താരാഷ്ട്ര മാധ്യമ പ്രതിനിധികള്‍ അല്‍ജസീറ, റോയിട്ടേഴ്സ്, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ് ടണ്‍ പോസ്റ്റ് തുടങ്ങിയവയുടെ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. അവരാരും ബോംബിട്ടു എന്നു പറയുന്ന സ്ഥലത്തു വലിയ നാശനഷ്ടങ്ങള്‍ കണ്ടില്ല. ബോംബുകള്‍ ഉദ്ദിഷ്ടസ്ഥലത്തു വീണോ എന്നറിയില്ല. അല്ലെങ്കില്‍ ഉദ്ദിഷ്ട സ്ഥലത്ത് ആക്രമണസമയത്തു ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നോ എന്നുമറിയില്ല. ഇത്തരം യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. അത്തരം ചോദ്യങ്ങളുന്നയിക്കുന്നവര്‍ പാക്കിസ്ഥാന്‍ പക്ഷപാതികളാകും. പരിവാരങ്ങള്‍ അങ്ങനെയുള്ളവരെ വച്ചേക്കില്ല.

തികഞ്ഞ പരാജയമായ കാഷ്മീര്‍ നയത്തെയും ഫലമായുണ്ടായ പുല്‍വാമ ആക്രമണത്തെയും സംശയകരമായ തിരിച്ചടിയെയും തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള വന്‍ സന്നാഹങ്ങളാണു മോദിയും മോദിഭക്തരും ചെയ്യുന്നത്. ഇതിനിടയില്‍ കാഷ്മീരിലെ ദുരന്തം ചര്‍ച്ചാവിഷയമാകുന്നില്ല. സൈനികര്‍ അനേകരാണു മരിച്ചുവീഴുന്നത്. അതിര്‍ത്തിയില്‍ രണ്ടു വശത്തുമുള്ള സാധാരണക്കാര്‍ വലിയ ദുരിതമനുഭവിക്കുന്നു. തിരഞ്ഞെടുപ്പു ജയിക്കാനുള്ള കളികളില്‍ മനുഷ്യരുടെ ദുരിതങ്ങള്‍ തീര്‍ത്തും അവഗണിക്കപ്പെടുകയാണ്. കാര്‍ഷികമേഖലയിലെ തകര്‍ച്ച സാമ്പത്തികമാന്ദ്യം പോലുള്ള ദേശീയ പ്രശ്നങ്ങളും അവഗണിക്കപ്പെടുന്നു. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും പ്രതിപക്ഷത്തിന് എത്രമാത്രം കഴിയുമെന്നു കണ്ടറിയണം.

Leave a Comment

*
*