Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> മാവേലിത്തമ്പുരാനും വാമനനും

മാവേലിത്തമ്പുരാനും വാമനനും

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

മാവേലി നാട്ടിലെ രാജാവായിരുന്നു, ആജാനുബാഹുവും. വാമനന്‍ കുറുകിയ മനുഷ്യന്‍. കാല്പാദങ്ങള്‍ വളരെ ചെറുതായിരുന്നിരിക്കണം. അതുകൊണ്ടു വാമനന്‍ മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍ മാവേലി ഗൗനിച്ചതേയില്ല. പിന്നെ വാമനനങ്ങു വളര്‍ന്നു വലുതായി. രണ്ടു ചുവടുകൊണ്ടു രണ്ടു ലോകങ്ങളും കാല്‍ക്കീഴിലാക്കി മൂന്നാം ചുവടു മാവേലിയുടെ തലയില്‍ വച്ചു. അങ്ങനെ മാവേലിയെയങ്ങ് ചവിട്ടിത്താഴ്ത്തി. നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും മാവേലിയുടെയും വാമനന്‍റെയും റോളുകള്‍ എടുക്കുകയാണോ എന്നു സംശയിക്കണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പ്രസിഡന്‍റായപ്പോള്‍ നരേന്ദ്രമോദി അദ്ദേഹത്തെ പരിഗണിക്കുവാന്‍കൂടി തയ്യാറായില്ല. രാഹുല്‍ഗാന്ധിക്ക് അദ്ദേഹം നേരിട്ടൊരു മറുപടി കൊടുത്തില്ല. അതെല്ലാം താഴെക്കിടയിലുള്ളവരുടെ ജോലിയായിരുന്നു. മോദി കോണ്‍ഗ്രസ്സ്മുക്ത ഭാരതത്തിനുവേണ്ടി ശ്രമിക്കുകയായിരുന്നല്ലോ. രാഹുല്‍ഗാന്ധിയെ പപ്പു എന്നു വിളിച്ചാക്ഷേപിക്കുന്നതില്‍ മോദി ആനന്ദം കണ്ടെത്തി.

പിന്നീടു മോദിയങ്ങു ചെറുതാകുന്നതാണു കണ്ടത്. അതനുസരിച്ചു രാഹുല്‍ഗാന്ധി വലുതായി വലുതായി വരുന്നു. നരേന്ദ്രമോദി അജയ്യനാണെന്ന് ഇന്നു സാമാന്യബോധമുള്ളവര്‍ ആരും കരുതുകയില്ല. മോദി സര്‍ക്കാരിന്‍റെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്നു സുതരാം വ്യക്തമാകുന്നു. ഭരണനേട്ടങ്ങളെപ്പറ്റി ഏറെയൊന്നും പറയാനില്ല. അതിന്‍റെ ഏറ്റവും വലിയ തെളിവാണു മോദിയും കൂട്ടരുംപ്രസംഗവേദികളില്‍ ഏറ്റവുമധികം വിളമ്പുന്നതു ദേശസ്നേഹവും വര്‍ഗീയതയുമാണെന്നത്. ഇന്ത്യന്‍സേനയെ വോട്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന അതിവിചിത്രമായ കാഴ്ചയാണു നാം കാണുന്നത്. രാജ്യത്തിന്‍റെ സേനയെ മോദിയുടെ സേനയെന്ന് വിളിക്കാന്‍ ഒരുത്തന്‍ ചങ്കൂറ്റം അല്ലെങ്കില്‍ വിവരക്കേടു കാണിച്ചു. പിന്നെ തിരഞ്ഞെടുപ്പുവേദികളില്‍ എടുത്തിടുന്നതു മതവും വര്‍ഗീയതയുമാണ്. ശബരിമല വിഷയംപോലും പ്രധാനമന്ത്രി ദേശീയതലത്തില്‍ തിരഞ്ഞെടുപ്പുവിഷയമാക്കുന്നുവെന്നതില്‍ നിന്ന് അദ്ദേഹത്തിന്‍റെ അല്പത്തം മനസ്സിലാക്കാം.

സ്വര്‍ണം എത്ര വാരിപ്പൂശിയാലും ഒരുനാള്‍ ചെമ്പു തെളിയും. മോദിയുടെ ചെമ്പു തെളിഞ്ഞ മുഹൂര്‍ത്തം പ്രസംഗവേദിയില്‍ ഒരു കൊച്ചുകുട്ടിയെ കയ്യിലെടുത്ത് ആ കുട്ടിയെക്കൊണ്ടു മൈക്കിലൂടെ “രാഹുല്‍ഗാന്ധി പപ്പുവാണ്” എന്ന് പറയിപ്പിച്ചതാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ആദ്യഘട്ടത്തില്‍ മോദി-ഷാ കൂട്ടുകെട്ടു രാഹുല്‍ഗാന്ധിക്കെതിരെ പ്രയോഗിച്ച ആയുധം അവഗണനയും പരിഹാസവുമായിരുന്നു. രാഹുല്‍ഗാന്ധി പപ്പു, മന്ദബുദ്ധിയായ പയ്യന്‍, ആണെന്നു പറഞ്ഞു പരത്തുകയായിരുന്നു. അങ്ങനെയൊരു പ്രതിച്ഛായ രാഹുല്‍ഗാന്ധിക്കു കിട്ടിയെന്നു സമ്മതിക്കണം. അങ്ങനെ പാടിക്കൊണ്ടു നടക്കാന്‍ മോദി-ഷാ കൂട്ടുകെട്ടിന് ആവശ്യത്തിലേറെ മാധ്യമങ്ങളുണ്ടല്ലോ. സത്യം എന്താണ്? ഏതു നിലയില്‍ നോക്കിയാലും രാഹുല്‍ മോദിയേക്കാള്‍ കേമനാണ്. രാഹുലിന്‍റെ എതിരാളിയും തിരഞ്ഞെടുപ്പു വിശകലനവിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവ് പറയുന്നതു ശ്രദ്ധിക്കുക: “എന്‍റെ അനുഭവത്തില്‍ രാഷ്ട്രീയക്കാരില്‍ വളരെ ആത്മാര്‍ത്ഥതയുള്ള നേതാവാണു രാഹുല്‍. ബുദ്ധിമാനായ രാഷ്ട്രീയക്കാരനുമാണദ്ദേഹം.” മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ തലവന്‍, ശിവസേന നേതാവ് ബാല്‍ താക്കറേയുടെ അനന്തരവന്‍ രാജാ താക്കറേ 2011-ല്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പുപ്രചാരണത്തിനു പോയി. അന്നു പറഞ്ഞത് ഇങ്ങനെയൊരു നേതാവി (മോദി)നെ കിട്ടിയ നിങ്ങള്‍ ഗുജറാത്തുകാര്‍ ഭാഗ്യവാന്മാരാണ്” എന്നാണ്. ഈ ദിവസങ്ങളില്‍ അദ്ദേഹം പറയുന്നതു നോക്കുക: “പ്രധാനമന്ത്രി മോദിയുടെയും ബിജെപി പ്രസിഡന്‍റ് അമിത് ഷായുടെയും കുതന്ത്രങ്ങളെപ്പറ്റി ബോധവാന്മാരാകണമെന്നു പറയാനാണു ഞാന്‍ ഇവിടെ വരുന്നത്. നുണകള്‍ പറയുന്ന, വര്‍ഗീയവിദ്വേഷം പുലര്‍ത്തുന്ന അവര്‍ ഈ രാജ്യത്തിന്‍റെ തിരഞ്ഞെടുപ്പു ചക്രവാളത്തില്‍നിന്ന് അപ്രത്യക്ഷരാകണം… ഹിറ്റ്ലര്‍ 1930-കളില്‍ ജര്‍മനിയോടു ചെയ്തതാകും മോദിയും ഷായും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയോടു ചെയ്യാന്‍ പോകുന്നത്.”

അഞ്ചു വര്‍ഷത്തെ മോദിഭരണത്തില്‍ കൈവരിച്ച സാമ്പത്തികനേട്ടങ്ങളെപ്പറ്റിയൊന്നും പറയാനില്ല. നോട്ടുനിരോധനം ഒരു തുഗ്ലക് മോഡല്‍ സാമ്പത്തിക പരിഷ്കരണമായിരുന്നു. അതു സംഘടിത കൊള്ളയായിരുന്നുവെന്നു മന്‍മോഹന്‍ സിംഗ് പറഞ്ഞപ്പോള്‍ നമുക്കത് പൂര്‍ണമായും മനസ്സിലായില്ല. ഇപ്പോള്‍ പുറത്തുവരുന്ന ചില വാര്‍ത്തകളാണ് അതിന്‍റെ സാംഗത്യം മുഴുവനും വെളിവാക്കുന്നത്. അമിത് ഷായും കൂട്ടരും മൂന്നു ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിദേശത്ത് അടിച്ചത്രേ. ആ നോട്ടുകള്‍ അടിക്കുമ്പോള്‍ രഘുറാം രാജനായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പക്ഷേ, നോട്ടില്‍ ഒപ്പിട്ടത് ഊര്‍ജിത് പട്ടേലായിരുന്നു. ഈ നോട്ടുകള്‍ ഇന്ത്യയിലെ 26 കേന്ദ്രങ്ങളില്‍ പഴയ നോട്ടിനു പകരം വിതരണം ചെയ്തുവെന്നാണ് ഈ ഓപ്പറേഷനില്‍ പങ്കെടുത്തവര്‍തന്നെ പറയുന്നത്. കമ്മീഷന്‍ 40 ശതമാനമായിരുന്നുവത്രേ. ഇതിന്‍റെ വീഡിയോ കോണ്‍ഗ്രസ്സ് പുറത്തുവിട്ടു. പക്ഷേ, ഒരു മാധ്യമവും അതു റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല. എന്‍ഡി ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയെങ്കിലും നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഒരു കാര്യം അനിഷേധ്യമാണ്. നോട്ടുനിരോധനത്തിനുമുമ്പു 18 ലക്ഷത്തിലധികം കോടി രൂപയ്ക്കാണു നോട്ടുകള്‍ ഉണ്ടായിരുന്നത്. ഇന്നത് 21 കോടിക്കു മുകളിലാണ്. രണ്ടും കൂട്ടി വായിക്കുക. കാര്‍ഷികത്തകര്‍ച്ചയെയും തൊഴില്‍ നഷ്ടത്തെയുംപറ്റി ഏറെ പറയേണ്ടതില്ല. എന്നാല്‍ ഒടുവിലത്തെ കണക്കനുസരിച്ചു വ്യവസായവളര്‍ച്ച ഇപ്പോള്‍ പൂജ്യത്തിന് അടുത്തെത്തിയിരിക്കുകയാണ്.

അഴിമതിയെപ്പറ്റിയായിരുന്നു മോദിയുടെ വീര വാദം. തിരഞ്ഞെടുപ്പു പടിവാതില്ക്കലെത്തിയപ്പോഴാണു ലോക്പാലിനെ നിയമിച്ചത്. റഫാല്‍ അഴിമതിയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ദിനംപ്രതിയെന്നോണം പുറത്തുവരികയാണ്. അതേപ്പറ്റി അന്വേഷിക്കാന്‍ മോദി തയ്യാറല്ല. മറിച്ച്, പ്രതിപക്ഷനേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഗവണ്‍ മെന്‍റ് ഏജന്‍സികളെക്കൊണ്ടു തുടര്‍ച്ചയായി റെയ്ഡ് നടത്തിച്ചുകൊണ്ടിരിക്കുകയാണ്. വെച്ചുകെട്ടലുകള്‍ അഴിഞ്ഞുവീണാല്‍ മോദി അധികാരക്കൊതിയനായ സാദാ മനുഷ്യനാണെന്നു ലോകത്തിനു വെളിപ്പെടും.

Leave a Comment

*
*