അഴിമതിക്കാരിലെ അഞ്ഞൂറാന്മാര്‍ക്ക് ‘ചുവന്ന’ പട്ട് വിരിച്ച് വരവേല്പ്!

പൈപ്പ് തുറന്നാല്‍ ശുദ്ധജലം കിട്ടുമെന്നു പാവപ്പെട്ട ജനം വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു; അതു പണ്ട്. മന്ത്രിസഭകള്‍ മാറിമാറി വന്നു. വെള്ളമില്ലാത്ത ജലസംഭരണികള്‍ പില്ക്കാലത്തു ജനത്തെ കൊഞ്ഞനം കാണിച്ചു. ഒരു മന്ത്രിയുടെ പേരില്‍ തന്നെ പൈപ്പ് ചേര്‍ത്ത് ആദ്യമെല്ലാം ജനം അടക്കം പറഞ്ഞു. പിന്നീട് അത് ആ മന്ത്രിയുടെ വിളിപ്പേരായി കേരളത്തില്‍ എവിടെ കുഴിച്ചാലും പൈപ്പ് കിട്ടുമെന്ന അവസ്ഥയിലേക്ക് 'അഴിമതി' വളര്‍ന്നിട്ടും ഒന്നും സംഭവിച്ചില്ല.

ആലപ്പുഴയില്‍ 43 തവണ പൊട്ടിയ പൈപ്പിന് അതോറിറ്റിക്കാര്‍ ഈയിടെ 'പൊട്ടല്‍ പ്രതിഭാപട്ടം' നല്കി പൂമാലയിട്ടതു വാര്‍ത്തയായി. എന്നിട്ടും കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന ഒരു നല്ല ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് വകുപ്പിലെ അഴിമതിവീരന്മാര്‍ മുക്കിയെന്നു മാധ്യമങ്ങള്‍ പറയുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ മാലപ്പടക്കംപോലെ പൊട്ടിയ പൈപ്പ് മാറ്റിയിടുകയാണത്രേ. അമ്പലപ്പുഴയില്‍.

വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ വേറെയും ചില ശുദ്ധജലവിതരണ പരിപാടികളുണ്ട്. കൊച്ചി നഗരത്തില്‍ കഴിഞ്ഞ 20 വര്‍ഷമായി ഒരേ കസേരയിലിരുന്നു 'കടിവെള്ളം' (കുടിച്ചാലും കുളിച്ചാലും ദേഹം കടിക്കുന്ന വെള്ളമാണിത്) കുടിവെള്ളമാക്കുന്ന വീരശൂരപരാക്രമിയായ ഉദ്യോഗസ്ഥനെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ ചില വാഴ്ത്തിപ്പാടലുകളെല്ലാം നാം കേട്ടു. ടാങ്കറുകള്‍ വെള്ളം നിറയ്ക്കുന്നതു തെളിനീരുറവകളില്‍നിന്നാണെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍, മലിനജലം നിറഞ്ഞു കിടക്കുന്ന അതേ ജലസ്രോതസ്സുകളുടെ വിഷ്വലുകള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നിട്ടും അധികൃതര്‍ അനാസ്ഥ കാണാതിരിക്കുന്നത് എന്താണാവോ?

ചെല്ലാനത്ത് കടലാക്രമണം തടയാന്‍ ജല അതോറിറ്റിക്കാണ് ചുമതല. പണ്ടു നിര്‍മ്മിച്ച കടല്‍ ഭിത്തികള്‍ ആറിടത്ത് തകര്‍ന്നിട്ടുണ്ട്. അവിടെ 'ജിയോബാഗ്' പരിപാടി നടത്താന്‍ ഒരു കരാറുകാരനെ കണ്ടെത്തി. 2018 ജൂലൈയില്‍ കരാറെടുത്തു. പക്ഷെ, പണി തുടങ്ങിയത് 2019 ജനുവരി 27 ന്. 25 എച്ച്.പി. പമ്പുമായി കരാറുകാരന്‍ ചെമ്മീന്‍ സിനിമയിലെ പരീക്കുട്ടിയെപ്പോലെ കടല്‍ത്തീരത്ത് തെക്കുംവടക്കും നടന്നു. കടല്‍ സുന്ദരമായി കയറി തിമിര്‍ത്തു. ചെല്ലാനത്തുകാര്‍ കോടതിയില്‍ പോയി. കരാറെടുത്തവനെ മാറ്റി വേറെ വൈദഗ്ദ്ധ്യമുള്ളവരെ നിയമിക്കേണ്ടേ എന്ന ചോദ്യത്തിന് വാട്ടര്‍ അതോറിറ്റിയുടെ അഭിഭാഷകന്‍ "വേണ്ടെ"ന്ന് ഉത്തരം നല്കി. പഴയകരാറുകാരന് ഒരവസരം കൂടി കൊടുക്കാമെന്നായി അതോറിറ്റി. ഇതാണ് എവിടെയുമുള്ള സര്‍ക്കാര്‍ കളി. കരാറുകാരെ വിട്ടുകളിയില്ല ഉദ്യോഗസ്ഥര്‍ക്കും. കാരണമെന്താ, 'ചക്രം' തന്നെ.

നമുക്ക് ആലപ്പുഴയിലെ പൈപ്പ് പൊട്ടല്‍ മാമാങ്കത്തിലേക്കു മടങ്ങിപ്പോകാം. എന്തുകൊണ്ടാണ് ഏതു സര്‍ക്കാര്‍ വന്നാലും അഴിമതിയുടെ പച്ചപ്പ് ഇങ്ങനെ തളിര്‍ത്തുനില്ക്കുന്നത്? കാരണം അഴിമതി നടത്തുന്നവര്‍ക്കു രാഷ്ട്രീയമില്ല. അവര്‍ക്കു കറന്‍സിയുടെ കങ്കാണിപ്പണിയേയുള്ളൂ. സര്‍ക്കാരുകള്‍ വരും, പോകും. പിരിവ്, അത് ഔദ്യോഗികമായും അനൗദ്യോഗികമായും ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നല്കാനുള്ള അഴിമതിക്കാരുടെ വര്‍ഗം അന്യംനിന്നുപോകരുത്. അതാണു മാഫിയകളുടെ ഒളിഅജണ്ട. ഇവിടെ ജനത്തിന്‍റെ പക്ഷത്തുനില്ക്കാന്‍ പലപ്പോഴും രാഷ്ട്രീയക്കാര്‍ മടിക്കുന്നു.

കണ്ടിട്ടില്ലേ കൊച്ചി നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതനിയമങ്ങള്‍ മനഃപൂര്‍വം ലംഘിക്കുന്നതു സ്വകാര്യബസ്സുകാരാണ്. ബസ്സുകള്‍ 'ക്വേട്ടേഷന്‍'കാര്‍ക്ക് പാട്ടത്തിനു നല്കിയിരിക്കുകയാണെന്നും പല ബസ്സുകളും ചില ഉദ്യോഗസ്ഥരുടെ ബിനാമികളാണു നടത്തുന്നതെന്നും പരാതികളുയര്‍ന്നിരുന്നു. എന്നിട്ടും എന്തെങ്കിലും നടപടിയുണ്ടായോ?

കുറച്ചു മാസങ്ങള്‍ക്കുമുമ്പു കൊച്ചിയില്‍ വച്ചു വിദേശത്തുനിന്നുള്ള 'ഇറച്ചിവേസ്റ്റ്' (സുനാമി ഇറച്ചി) പിടിച്ചെടുത്തു കേസാക്കിയിരുന്നു. പക്ഷേ, ഇന്നു പല ഹോട്ടലുകളും 'സുനാമി ഇറച്ചി' പാചകം ചെയ്തു വില്ക്കുന്നുണ്ടോയെന്ന അന്വേഷണംപോലും പാതിവെന്തു പോയ നിലയിലാണ്.

അഴിമതിക്ക് ഒരു 'പ്രോപ്പര്‍' ചാനല്‍ ഇന്നുണ്ട്. അതു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒരു കറുത്ത 'സുരക്ഷാവലയ'മാണ്. ഈ വലയത്തില്‍പ്പെട്ടാല്‍ അതു മാസപ്പടി, വര്‍ഷപ്പടി, ദിവസപ്പടി എന്നിങ്ങനെ 'ചിക്കിലി' നല്കേണ്ടി വരുന്ന അഴിമതിപ്പട്ടികയിലാകും. ഈ അനധികൃത 'പ്രോപ്പര്‍ ചാനലില്‍' ഒരു പാവം അഴിമതിക്കാരനെ ഉള്‍പ്പെടുത്തിയെടുക്കാനുള്ള പരിശോധനയും നടപടികളുമെല്ലാമാണ് ഇന്നു നടക്കുന്നത്. നിങ്ങള്‍ ശുദ്ധജലമാണെന്നു പറഞ്ഞ് അഴുക്കുവെള്ളം വിറ്റോളൂ, ഞങ്ങള്‍ക്കു കാശു കിട്ടണം. നിങ്ങള്‍ പൊട്ടിപ്പൊട്ടി പോകുന്ന പൈപ്പിട്ടോളൂ, പക്ഷേ, ഞങ്ങള്‍ക്ക് 'വിഹിതം' കിട്ടണം. ജനത്തിനു സുനാമി ഇറച്ചി നല്കിക്കോളൂ, ഞങ്ങള്‍ക്കുള്ള 'പങ്ക്' കിട്ടണം. ഇത്രയേയുള്ളൂ, ഇന്നത്തെ അഴിമതിക്കെതിരെയുള്ള പോരാട്ടം.

ജനമേ, ഇന്നു ജലമല്ലേ, മലിനമായുള്ളൂ; നാളെ നിങ്ങള്‍ക്കായി ബ്രഹ്മപുരം മോഡല്‍ വായു സിലിണ്ടറില്‍ നിറച്ചു നമുക്കെല്ലാം ശുദ്ധവായുവെന്ന മട്ടില്‍ വില്ക്കാന്‍ ത്രാണിയുള്ളവരാണ് അഴിമതിയുടെ സൂപ്പര്‍ സ്റ്റാറുകള്‍ എന്നതു മറക്കാതിരിക്കാം. പരശുരാമനാമധാരിയേ, ഒരിക്കല്‍ക്കൂടി ആ മഴു ഈ മനുഷ്യാധമരുടെ കഴുത്തു നോക്കി എറിയുമോ എന്നു ചോദിക്കുന്നില്ല. കാരണം, ഇന്നത്തെ നിയമങ്ങള്‍ കടുകട്ടിയാണ്. പിടിച്ച് അകത്തിട്ടാലോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org