Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകള്‍ -> പൊടിഞ്ഞു വീഴുന്ന ‘പാലാരിവട്ടം പുട്ടും’ നെയ്മണം പൊങ്ങുന്ന ‘മരട് നെയ് റോസ്റ്റും!’

പൊടിഞ്ഞു വീഴുന്ന ‘പാലാരിവട്ടം പുട്ടും’ നെയ്മണം പൊങ്ങുന്ന ‘മരട് നെയ് റോസ്റ്റും!’

ആന്‍റണി ചടയംമുറി

ചടുപടാന്ന് പൊടിഞ്ഞു വീഴുന്ന ‘പാലാരിവട്ടം പുട്ടും’ കുമുകുമാന്ന് നെയ്മണം പൊങ്ങുന്ന ‘മരട് നെയ് റോസ്റ്റും!’

തലശ്ശേരിയിലെ ഒരു ഹോട്ടലിലെ രണ്ടു ചൂടന്‍ വിഭവങ്ങള്‍ക്ക് ഇപ്പോള്‍ ഭയങ്കര ഡിമാന്‍റാണ്. ഇതില്‍ ഒന്നാമത്തെ വിഭവം പഞ്ചവടിപ്പാലമെന്നു കുപ്രസിദ്ധി നേടിയ പാലാരിവട്ടം പാലത്തെ ഓര്‍മിപ്പിക്കുന്ന പുട്ടാണ്. പുട്ടിലൊന്നു തൊട്ടാല്‍ മതി അതു തവിടുപൊടിയാകുന്ന മട്ടിലാണ് ഇതിന്‍റെ പാചകം. രണ്ടാമന്‍ അമിതാബ്ബച്ചനെപ്പോലെ പൊക്കംകൊണ്ടു നമ്മെ അമ്പരപ്പിക്കുന്ന നെയ്റോസ്റ്റാണ്. ഇടിച്ചുതകര്‍ത്തോളൂ എന്നു മൗനമായി പറയുന്ന ഈ നെയ്റോസ്റ്റിന്‍റെ പേര് ‘മരട്ഫ്ളാറ്റ്’ എന്നാണ്!

നമ്മുടെ നാട്ടില്‍ ഇന്ന് ആഘോഷിക്കുന്നതേറെയും കാണപ്പെടുന്ന അഴിമതികളാണ്. എന്നാല്‍ കാണപ്പെടാത്ത അഴിമതികള്‍ പലതും ആരും ആഘോഷിക്കുന്നില്ല. അതുകൊണ്ടുതന്നെ അതാരും അറിയാറുമില്ല. ഇത്തവണ അഴിമതിയുടെ ചില അറിയാക്കഥകളെക്കുറിച്ച് എഴുതാം.

പെരിയാര്‍വാലി ഇറിഗേഷന്‍ എന്ന ഒരു പ്രോജക്ട് ഇപ്പോള്‍ നിലവിലില്ല. പക്ഷേ ആ പ്രോജക്ടിന്‍റെ പേരില്‍ സര്‍ക്കാര്‍ ചെലവാക്കുന്നതു പ്രതിമാസം പത്തു ലക്ഷത്തോളം രൂപ! 24 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നതായി സര്‍ക്കാര്‍ രേഖയിലുണ്ട്. പക്ഷേ, അവരുടെ ജോലി എന്തെന്നു സര്‍ക്കാരിനുമറിയില്ല. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പ്രതിമാസ ശമ്പളംതന്നെ 90,560 രൂപ! പെരുമ്പാവൂര്‍ പട്ടണത്തിന്‍റെ ഹൃദയഭാഗത്ത് ഒരു ഗസ്റ്റ് ഹൗസും ഏക്കര്‍ കണക്കിനു സ്ഥലവും കാടുപിടിച്ചു കിടക്കുന്നുണ്ട്. പക്ഷേ, അധികൃതര്‍ക്കു പട്ടണത്തിലെ കണ്ണായ ഈ ഭൂമിയെക്കുറിച്ചു യാതൊരു ചിന്തയുമില്ല!

വേറൊരു പത്രവാര്‍ത്തകൂടി നോക്കാം: ഇവിടെ ജപ്പാന്‍ കുടിവെള്ള പദ്ധതിയാണു വില്ലന്‍. ഈ പദ്ധതി 2015-ല്‍ അവസാനിച്ചതാണ്. എന്നാല്‍ തിരുവനന്തപുരത്തുള്ള ജലഭവനിലെ ഈ പ്രോജക്ട് ഓഫീസ് സര്‍ക്കാരിനു വന്‍ ബാദ്ധ്യതയാണിപ്പോള്‍. ചീഫ് എന്‍ജിനീയര്‍ അടക്കം 22 പേര്‍ ഈ ഓഫീസിലുണ്ട്. 50,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെ ശമ്പളം ലഭിക്കുന്ന ‘വെള്ളത്തിലാശാന്മാര്‍’ പണിയെടുക്കുന്നു. പദ്ധതി കഴിഞ്ഞിട്ട് നാലു വര്‍ഷമായിട്ടും ഓഫീസ് നിര്‍ത്താത്തതുകൊണ്ടു സര്‍ക്കാരിന് പത്തു കോടി രൂപ ഇപ്പോള്‍ ശമ്പളമിനത്തില്‍തന്നെ നഷ്ടം. ചീഫ് എന്‍ജിനീയര്‍ക്കും മറ്റുമായി മൂന്നു കാറുകള്‍ ഈ ‘പണിരഹിത’ ഓഫീസിലുണ്ട്.

സംസ്ഥാന ആരോഗ്യവകുപ്പില്‍ പാവങ്ങള്‍ക്കു മരുന്നു വാങ്ങാന്‍ പണമില്ലെന്ന് പറയാറുണ്ട്. പക്ഷേ, ‘ആര്‍ദ്രം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ആറ് ആംബുലന്‍സുകള്‍ക്ക് ചെലവഴിച്ച ഒന്നേകാല്‍ കോടി രൂപയെപ്പറ്റി അധികൃതര്‍ മിണ്ടുന്നതേയില്ല. ആറു പുതുപുത്തന്‍ ആംബുലന്‍സും അഞ്ച് മാസമായി ആരോഗ്യവകുപ്പിന്‍റെ തലസ്ഥാനത്തെ ഓഫീസിനു മുന്നിലുള്ള കുറ്റിക്കാട്ടില്‍ മഴയും വെയിലുമേറ്റു കിടക്കുന്നു.

മാറിമാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകളൊന്നും സര്‍ക്കാരിന്‍റെ കൈവശം എത്ര ഭൂമിയുണ്ടെന്നു തിട്ടപ്പെടുത്തിയിട്ടില്ലെന്നതു മറ്റൊരു യാഥാര്‍ത്ഥ്യം. പാവപ്പെട്ട കര്‍ഷകന്‍റെ ‘പറമ്പ്’ തോട്ടമാണെന്നും വനമാണെന്നും പറഞ്ഞ് അവനെ പന്തുതട്ടുന്ന റവന്യൂവകുപ്പിലെ ഏമാന്മാരെ നിലയ്ക്കു നിര്‍ത്താന്‍ മന്ത്രിമാര്‍ക്കോ ഭരിക്കുന്ന പാര്‍ട്ടികള്‍ക്കോ കഴിയുന്നില്ല. ഏതോ കമ്പനി കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ വക തോട്ടഭൂമിയെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയ വനിതാ അഭിഭാഷക ഇപ്പോള്‍ കേരളം വിട്ടുകഴിഞ്ഞു. കമ്പനിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പഴയ എറണാകുളം കളക്ടര്‍ ‘രാജമാണിക്യ’ത്തെ ‘രായമാണിക്യ’മാക്കാനുള്ള അന്വേഷണത്തിനും തുടക്കമിട്ടു കഴിഞ്ഞതായി സൂചനയുണ്ട്.

അഴിമതിപ്പണം പോകുന്ന വഴിയേതെന്നു മനസ്സിലാക്കാന്‍ വിവിധ പാര്‍ട്ടിക്കാരുടെ ആസ്തി നോക്കിയാല്‍ മതിയെന്നു ചില വിവരാവകാശക്കാര്‍ പറയുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെയും ഭരണമില്ലാത്ത പാര്‍ട്ടിയുടെയും കീശയില്‍ തടയുന്ന കോടികളുടെ വ്യത്യാസം കൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്. പോയ സാമ്പത്തികവര്‍ഷത്തില്‍ ബിജെപിയുടെ സ്വത്തില്‍ 22.27% വര്‍ദ്ധനയുണ്ടായെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ആസ്തിയില്‍ 15.26% കുറവുണ്ടായി. 2016-17-ല്‍ ബിജെപിയുടെ പണപ്പെട്ടിയിലുള്ളത് 1214.13 കോടി രൂപ. 2017-18-ലാകട്ടെ 1483.35 കോടിയും. 2016-17-ല്‍ കോണ്‍ഗ്രസ്സിന്‍റെ കീശയില്‍ 854.75 കോടി രൂപയുണ്ടായിരുന്നു. 2017-18-ല്‍ 724.35 കോടി രൂപയേ കോണ്‍ഗ്രസ്സിന്‍റെ കണക്കുപുസ്തകത്തിലുളളൂ. കോണ്‍ഗ്രസ്സിന് 461.75 കോടി രൂപയുടെ കടബാദ്ധ്യതയുള്ളപ്പോള്‍ ബിജെപിയുടെ കടം 21.38 കോടി രൂപയാണ്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇടതു സര്‍ക്കാര്‍ പഴയ യുഡിഎഫ് മന്ത്രിമാരുടെ കോഴക്കണക്ക് പുറത്തെടുക്കും. കേന്ദ്രത്തില്‍ ബിജെപിയാകട്ടെ എന്‍ഫോഴ്സ് മെന്‍റ് കലാപരിപാടിയും സിബിഐ നാടകങ്ങളുമായി പ്രതിപക്ഷപാര്‍ട്ടിയുടെ നേതാക്കളെ വലവീശിക്കഴിഞ്ഞു. കോണ്‍ഗ്രസ്സ് വിട്ടു ബിജെപിയില്‍ ചേക്കേറിയ ഒരു എംഎല്‍എ ഈയിടെ മേടിച്ചത് 11 കോടി രൂപ വില വരുന്ന കാറാണ്. അഴിമതി മറയ്ക്കാന്‍ ഏതു രാഷ്ട്രീയകുപ്പായവും ധരിക്കുന്ന ജനാധിപത്യത്തിലെ കത്തിവേഷങ്ങളുടെ മുഖംമൂടിയഴിക്കാന്‍ ആരെങ്കിലും ഇനി ശേഷിച്ചിട്ടുണ്ടോ ആവോ?

Leave a Comment

*
*