ദാരിദ്ര്യം കാണുന്നില്ല, അതിനാല്‍ ദാരിദ്ര്യമില്ല

ഇന്ത്യയില്‍ ഇപ്പോള്‍ ആരെങ്കിലും ദാരിദ്ര്യത്തെപ്പറ്റി സംസാരിക്കുന്നുണ്ടോ? ഒത്തിരിയേറെ ചര്‍ച്ച ചെയ്യപ്പെട്ട ദാരിദ്ര്യരേഖ മാഞ്ഞുപോയില്ലേ? കടം വന്നു കയറി ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍പോലും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നില്ല. വികസിതരാജ്യമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയെപ്പറ്റിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്കു പറയാനുള്ളത്. അതിവേഗം വളരുന്ന സമ്പദ്ഘടനയാണത്രേ ഇന്ത്യയുടേത്. സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ വീണ്ടും ചൈനയെ കടത്തിവെട്ടിയെന്നതു മാധ്യമങ്ങള്‍ ആഘോഷിക്കുന്ന വാര്‍ത്തയാകുന്നു. സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷമായിട്ടും നേടാത്ത നേട്ടങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷംകൊണ്ടു നേടിയെടുത്തു എന്നു പറഞ്ഞു മോദി സര്‍ക്കാരിനെ പുകഴ്ത്തിയാലേ ചില മാധ്യമങ്ങള്‍ക്കു തൃപ്തിയാകൂ.

ഇന്ത്യ കൈവരിച്ച വളര്‍ച്ചയെ സൂചിപ്പിക്കുന്ന ഘടകങ്ങളുണ്ട്. ഓഹരിവിപണി കത്തിക്കയറുകയാണ്; സെന്‍സെക്സ് 40,000 പിന്നിട്ടു. ജിയോപോലുള്ള കമ്പനികളുടെ വളര്‍ച്ച അത്ഭുതാവഹമാണല്ലോ. എല്ലാ വികസിതരാജ്യങ്ങളുമായി ഇന്ത്യ കോടിക്കണക്കിനു രൂപയുടെ പ്രതിരോധ കരാറുകളിലേര്‍പ്പെടുന്നു. ഇന്ത്യക്കിപ്പോള്‍ ചേരികള്‍ പ്രശ്നമല്ല. അമേരിക്ക, റഷ്യ, ഇസ്രായേല്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലുംനിന്ന് ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കാത്ത രാജ്യങ്ങള്‍ ചുരുക്കമാകും.

ഇന്ത്യ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്ഘടനയാണത്രേ. ഉടനെ അത് അഞ്ചാം സ്ഥാനം കൈക്കലാക്കും. 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴേക്കും രാജ്യം മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് എത്തിക്കും; ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിനോടും. ഇങ്ങനെയൊരു രാജ്യത്തു ജീവിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനിക്കുക! അതിനിടയില്‍ ദാരിദ്ര്യം പറയരുത്!

ദരിദ്രരായി പലരും ജീവിക്കുന്നുണ്ടാകും. തത്കാലം ദാരിദ്ര്യത്തിലേക്കു നോക്കേണ്ട. ഒരു ലിറ്റര്‍ പെട്രോളിനു കേരളത്തില്‍ 84 രൂപയായി, ഡീസലിന് 77 രൂപയും. ഇന്ധനവില ഉയരുന്നതിനനുസരിച്ചു സര്‍വസാധനങ്ങള്‍ക്കും വില കൂടും. ബസ് ചാര്‍ജ്, ടാക്സി, ഓട്ടോ ചാര്‍ജുകള്‍ എന്നിവയെല്ലാം വര്‍ദ്ധിക്കും. പാചകവാതകത്തിനും റിക്കാര്‍ഡ് വിലയാണ്. പാചകവാതക സബ്സിഡി കുറഞ്ഞു വരുന്നു. രൂപയുടെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. പണപ്പെരുപ്പം കൂടുന്നു. പലിശനിരക്കു വര്‍ദ്ധിക്കുന്നു. സാധാരണക്കാര്‍ എടുത്തിരിക്കുന്ന എല്ലാ വായ്പകളുടെയും പലിശനിരക്കു കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കാര്‍ഷികോത്പന്നങ്ങള്‍ക്കു മാത്രം വിലയില്ല. റബര്‍ വിലയെപ്പറ്റിയുള്ള ചര്‍ച്ച മാധ്യമങ്ങള്‍ ഉപേക്ഷിച്ചു. പാവപ്പെട്ടവര്‍ക്കു താങ്ങായിത്തീര്‍ന്ന തൊഴിലുറപ്പു പദ്ധതി എന്നാണാവോ അവസാനിപ്പിക്കാന്‍ പോകുന്നത്?

കുറച്ചു പാവപ്പെട്ടവര്‍ കഷ്ടപ്പെടുന്നുണ്ടാകും. പോഷകാഹാരക്കുറവുകൊണ്ടു കുട്ടികള്‍ മരിക്കുന്നുണ്ടാകും. വടക്കേന്ത്യയില്‍ ഇതൊക്കെ മുമ്പു നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നു. യു.പി.യില്‍ നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിക്കുന്നതു വാര്‍ത്തയല്ല. ശിശുമരണനിരക്കു കുറഞ്ഞുവെന്നു പറയുമ്പോഴും കഴിഞ്ഞ ഒരു ദശകത്തില്‍ അഞ്ചു വയസ്സില്‍ താഴെയുള്ള പത്തു ലക്ഷം കുട്ടികളാണു മരണപ്പെട്ടത്. 15-നും 49-നും ഇടയില്‍ പ്രായമുള്ള 51.4 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്. ഇന്‍റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ വിശപ്പുസൂചികയില്‍ ഇന്ത്യ 100-ാം സ്ഥാനത്താണ്; മ്യാന്‍മര്‍, ബംഗ്ലാദേശ്, ഇറാക്ക്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പിന്നിലാണ് ഇന്ത്യ. ഇക്കാര്യങ്ങള്‍ ഇന്ത്യയിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല; ഇതേക്കുറിച്ചു ചര്‍ച്ചകള്‍ നടക്കുന്നുമില്ല. വികസിതരാഷ്ട്രമാകാന്‍ ശ്രമിക്കുന്ന ഇന്ത്യയില്‍ ഇത്തരം ചീളുകേസുകള്‍ക്കു വേണ്ടി സമയം കളയാന്‍ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ തയ്യാറല്ലതന്നെ. ദാരിദ്ര്യം കുറച്ചൊക്കെയുണ്ടാകും. അമേരിക്കയിലില്ലേ ദാരിദ്ര്യം? അതുകൊണ്ട് അമേരിക്ക സമ്പന്നരാഷ്ട്രമാകാതിരിക്കുമോ? സമ്പന്നരുടെ നികുതി എന്തു മാത്രം കുറയ്ക്കാമെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നത്. ട്രംപിന്‍റെ ആരാധനകനായ മോദിയും തന്‍റെ ശിങ്കിടി മുതലാളിമാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ ചെയ്തു കൊടുക്കാമെന്നാണ് ആലോചിക്കുന്നത്.

കേരളത്തെ പ്രളയം ഗ്രസിച്ചപ്പോള്‍ പല വിദേശരാജ്യങ്ങളും സഹായവാഗ്ദാനം നടത്തി. യു.എ.ഇ. 700 കോടി രൂപയാണു തരാമെന്നു പറഞ്ഞത്. ഇന്ത്യാ ഗവണ്‍മെന്‍റ് അതു സ്നേഹപൂര്‍വം നിരസിച്ചു. കാരണം, വികസിത ഇന്ത്യ എന്ന പ്രതിച്ഛായയ്ക്ക് അതു മങ്ങലേല്പിക്കും. മലയാളികള്‍ പ്രളയത്തില്‍ മുങ്ങിച്ചാകട്ടെ; ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഒന്നും ചെയ്തുകൂടാ. വികസനത്തിലേക്കുള്ള കുതിപ്പില്‍ ഇന്ത്യ തത്കാലം ദാരിദ്ര്യവും ദൈന്യതയും കാ ണാന്‍ തയ്യാറല്ല; കാണാത്തത് ആത്യന്തികമായി നിലനില്ക്കുന്നില്ല. ഇതാണു പുതിയ ഇന്ത്യ!

-nellisseryg@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org