വരവ് ‘ക’ താ, താ… ചെലവ് ‘ക’ നഹി നഹി!

കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കും ഇനി രക്ഷ വേണമെങ്കില്‍, ഓഹരിക്കച്ചവടത്തിനിറങ്ങുക. കാരണം സമ്പദ്മേഖലയിലെ മാന്ദ്യമെന്നു കേട്ടപ്പോള്‍ത്തന്നെ ധനമന്ത്രി ഓഹരികച്ചവടത്തിന് ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് ശഠേന്നു പിന്‍വലിച്ചതു കണ്ടില്ലേ? അതാണു കാര്യം. കര്‍ഷകരും സാധാരണക്കാരും അവരുടെ കുടുംബബജറ്റ് ഒരു പരുവത്തിലെത്തിക്കാന്‍ പെടാപ്പാട് പെടാന്‍ തുടങ്ങിയിട്ടു നാളേറെയായി. നോട്ട് പിന്‍വലിക്കലും ജിഎസ്ടിയുംകൂടി ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ 'കൂട്ടിലടച്ചിട്ടും' നാളെറെയായി. ഈ വാര്‍ത്തകളോടൊന്നും പ്രതികരിക്കാത്ത ധനമന്ത്രി 'ഓഹരിവിപണി'ക്കു നൊന്തപ്പോള്‍ എത്ര പെട്ടെന്നാണല്ലേ പ്രതികരിച്ചത്? അതായത്, 'ഓഞ്ഞ' കാല്‍നടയാത്രക്കാരെയൊന്നും ഭരിക്കുന്നവര്‍ക്കു കണ്ണില്‍ പിടിക്കില്ല. സമ്പത്തിന്‍റെ ആധിക്യംകൊണ്ട് ആനപ്പുറത്തിരിക്കുന്നവന്‍റെ പൃഷ്ഠമൊന്നു വിയര്‍ത്താല്‍ ഉടന്‍ നടപടി. അങ്ങനെയാവരുത് ഭരിക്കുന്നവരെന്ന രാഷ്ട്രപിതാവിന്‍റെ ഡയലോഗിനെല്ലാം അവര്‍ക്കു പുല്ലുവില. രണ്ടു ദിനംകൊണ്ട് 29,000 കോടി സമ്പാദിച്ച അംബാനിക്കുംമറ്റും നൊന്തപ്പോള്‍, ഉടന്‍ വന്നു ആശ്വാസനടപടി.

കേന്ദ്രം പറയുന്നതു സമ്പദ്മേഖല പളുപളാന്നു മിന്നുന്നുവെന്നാണ്. പക്ഷേ, റെയില്‍വഴിയുള്ള ചരക്കുനീക്കം 32 ശതമാനം കുറഞ്ഞിട്ടുണ്ട്. ഉത്പാദനമേഖലയിലെ ഉപഭോഗമാകട്ടെ 70 ശതമാനവും. ടാറ്റാ സ്റ്റീല്‍ മൂലധനനി ക്ഷേപത്തില്‍ 17 ശതമാനം കുറച്ചു. സ്വകാര്യമേഖലയിലെ വിദേശനിക്ഷേപവും 20,000 കോടി കുറഞ്ഞിട്ടുണ്ട്. 2019 ജൂലൈയില്‍ മാത്രം വാഹന വില്പന മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു. നാലു മാസത്തിനുള്ളില്‍ വാഹനമേഖലയില്‍ മാത്രം മൂന്നു ലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടമായി. അടുത്ത ക്വാര്‍ട്ടറില്‍ അഞ്ചു ലക്ഷത്തിനു പണി പോകും. ഇനി റിയല്‍ എസ്റ്റേറ്റോ? 45 ലക്ഷത്തില്‍ താഴെ വിലയുള്ള ബജറ്റ് ഫ്ളാറ്റുകള്‍ മാത്രം മുംബൈയില്‍ വില്ക്കാതെ കിടക്കുന്നത് ഒന്നര ലക്ഷമാണ്.

ജനങ്ങളുടെ 'പര്‍ച്ചേസിംഗ് പവര്‍' വല്ലാതെ കുറഞ്ഞിരിക്കുന്നു. ഇതിനെക്കുറിച്ച് ഒരു സാമ്പത്തികവിദഗ്ദ്ധന്‍ പറഞ്ഞത് ഇങ്ങനെ: കമ്പനികള്‍ക്കു ഷാമ്പൂവും സോപ്പും ടൂത്ത് പേസ്റ്റുമെല്ലാം വില്ക്കാന്‍ കഴിയാത്ത കാലം വരുന്നു.

ആരാണു സാധാരണക്കാരന്‍റെ ഈ സാമ്പത്തികമാന്ദ്യത്തിന് ഉത്തരവാദി? സംശയം വേണ്ട. ഭരണകര്‍ത്താക്കള്‍ തന്നെ. ജനം നല്കുന്ന നികുതിപ്പണം ശമ്പളമായും ക്ഷേമവിഹിതമായും സേവനങ്ങള്‍ക്കുള്ള പ്രതിഫലമായും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കു നല്കാതെ വരുന്നതിനെയാണു പൊതുജനം മാന്ദ്യമെന്നു പറയുന്നത്.

ആദ്യം കേന്ദ്രസര്‍ക്കാരിലെ ജോലികളുടെ കാര്യം നോക്കൂ: തപാല്‍വകുപ്പില്‍ മാത്രം 70,000 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. 15 ശതമാനം ജീവനക്കാര്‍ പിരിഞ്ഞുപോയിട്ടും പകരം നിയമനമേയില്ല. ഈയിടെ പോസ്റ്റോഫീസുകളിലെ ആകെ തസ്തികകള്‍ 235107 ആണ്. ഇതില്‍ ഒഴിഞ്ഞുകിടക്കുന്നത് 19322. മൊത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി ഒഴിവുകള്‍ 65 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. റെയില്‍വേ 259639, റവന്യൂ 78653, പ്രതിരോധം 187054 എന്നിങ്ങനെയാണ് ഏകദേശ ഒഴിവു കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി പൊലീസ് സേനയില്‍ 396 തസ്തികകളിലായി 5.28 ലക്ഷം ഒഴിവുകളുണ്ട്. അതായത് ജനങ്ങള്‍ക്ക്, അവര്‍ നികുതി നല്കുന്നതിലൂടെ ലഭ്യമാക്കേണ്ട സേവനങ്ങളോ വിഹിതങ്ങളോ നല്കാന്‍ ഭരണകര്‍ത്താക്കള്‍ അനാസ്ഥ കാണിക്കുകയാണെന്നു ചുരുക്കം.

സംസ്ഥാനസര്‍ക്കാരും പെട്ടിയില്‍ വീഴുന്ന പണം ഇറുക്കിപ്പിടിച്ചിരിക്കുകയാണ്. കാരുണ്യ ലോട്ടറിയില്‍ നിന്നു സര്‍ക്കാരിനു ലാഭമായി ലഭിച്ചിരുന്നത് 1113.65 കോടി. ചികിത്സാഫണ്ടിലേക്കു ആരോഗ്യവകുപ്പ് ചോദിച്ചത് 100 കോടി. കിട്ടിയത് 50 കോടി മാത്രം. 'കൈത്തങ്ങ്', 'അതിജീവനം' തുടങ്ങിയ കോമള പദാവലിയകള്‍ സര്‍ക്കാര്‍ പരസ്യങ്ങളിലുണ്ടെങ്കിലും പ്രളയത്തെ അതിജീവിച്ച കര്‍ഷകരില്‍ നിന്നു നെല്ലു വാങ്ങിയ വകയില്‍ കര്‍ഷകനു നല്കാനുള്ളതു 434 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളതു പാലക്കാട്ടും (82 കോടി) ആലപ്പുഴ (64 കോടി)യിലുമാണ്. കരാറുകാര്‍ക്കു നല്കാനുള്ള കുടിശിക 3500 കോടിയാണ്. ഇതില്‍ രണ്ടായിരം കോടിയും പൊതുമരാമത്ത് വകുപ്പിന്‍റേതാണ്. പഞ്ചായത്തു തല കരാറുകള്‍ക്കു 300 കോടി, വാട്ടര്‍ അതോററ്റി 500 കോടി എന്നിങ്ങനെ വേറെയും കണക്കുണ്ട്. എന്തിനു ലോട്ടറിയടിച്ചാല്‍പ്പോലും 'ഭാഗ്യവാന്‍' എന്നു മുദ്രചാര്‍ത്തിയിരുന്ന മലയാളിക്കു സമ്മാനത്തുക കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം. നികുതി കഴിച്ച് ഒരു ലക്ഷത്തിനു 85,000 രൂപയാണു സര്‍ക്കാര്‍ നല്കുക. അതുകൊണ്ട് അന്യസംസ്ഥാന കള്ളപ്പണക്കാര്‍ അറുപതോ എഴുപതോ ശതമാനം നല്കി ലോട്ടറിത്തുക കീശയിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്തിനു 15 വര്‍ഷത്തെ റോഡ് ടാക്സ്, വണ്ടി വാങ്ങുമ്പോള്‍ മടിക്കുത്തിനു പിടിച്ചു വാങ്ങുന്ന ഭരണകൂടങ്ങള്‍ ദേശീയ, സംസ്ഥാന പഞ്ചായത്ത് റോഡുകളില്‍ പല രീതിയിലും പല ആഴങ്ങളിലുമായി വരച്ചിട്ടിരിക്കുന്ന കുഴികള്‍ നാം കാണുന്നില്ലേ?

അതുകൊണ്ടു 'മാന്ദ്യം വരുന്നു'വെന്നു പേടിപ്പിക്കല്ലേ സര്‍ക്കാരേ. പൊതുജനം എന്നേ മാന്ദ്യത്തിലായി കഴിഞ്ഞിരിക്കുന്നു. പിരിക്കേണ്ട നികുതിയെല്ലാം വര്‍ഷങ്ങള്‍ മുന്‍കൂട്ടി പിരിച്ചും, കൊടുക്കേണ്ടതു കൊടുക്കാതെയും നടത്തുന്ന ഭരണകോപ്രായത്തെ നാം എന്തു പേരിട്ടു വിളിക്കും?

വാലറ്റക്കുറി: അയ്യയ്യോ അംബാനിക്ക് 50 ലക്ഷം കോടി കടം. അതു കടമല്ല; കിരീടമല്ലേ, മച്ചാനേ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org