|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> ഉരുള്‍ പൊട്ടുന്നുണ്ട്, മലയാളികളുടെ മനസ്സുകളിലും

ഉരുള്‍ പൊട്ടുന്നുണ്ട്, മലയാളികളുടെ മനസ്സുകളിലും

ആന്‍റണി ചടയംമുറി

എന്തുകൊണ്ട് വീണ്ടും പ്രളയം? ഔദ്യോഗികമായ മറുപടി ഇങ്ങനെ: കാലാവസ്ഥാ വ്യതിയാനം. എത്ര കൃത്യമായ മറുപടിയല്ലേ? എന്നാല്‍ കാലാവസ്ഥ ഇതുപോലെ കൊലച്ചതി ചെയ്തതിനു കാരണമെന്തെന്ന രണ്ടാമത്തെ ചോദ്യത്തിന് ഉഴപ്പാര്‍ന്ന ഉത്തരമാണ് അധികൃതര്‍ പറയുന്നത്. ഈ വിധത്തിലുള്ള അഴകൊഴമ്പന്‍ മറുപടി ഇനി നമുക്കു കേള്‍ക്കേണ്ട. പകരം പഞ്ചായത്തുകള്‍ അറിയാതെ പാറ പൊട്ടിക്കുന്നതും കുന്നിടിക്കുന്നതും റവന്യൂ വകുപ്പറിയാതെ പാടം നികത്തുന്നതുമെല്ലാം ഒന്നു പരിശോധിക്കാന്‍ സമയമായി.

പ്രകൃതിയെ കൊല്ലാതെ കൊല്ലുന്നവരില്‍ നിങ്ങളും ഞാനുമുണ്ട്. അതുകൊണ്ടു നാം പ്രകൃതിക്കൊപ്പം ജീവിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ ഈ ഭൂമി ‘ജീവിക്കാനാകുന്ന വിധം’ വരും തലമുറയ്ക്കു കൈമാറാന്‍ നമുക്കു കഴിയാതെ പോകും.

ഇപ്പോള്‍ പ്രകൃതിയിലാണ് ഉരുള്‍ പൊട്ടിയത്. മലയാളിയുടെ മനസ്സുകളില്‍ ഉരുള്‍ പൊട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഈ പ്രളയബഹളത്തില്‍ നാം അതെല്ലാം മറന്നുപോകുന്നു. അതു ശരിയല്ല. പ്രളയം വരുമ്പോള്‍ മാത്രം അതിജീവനമെന്ന മുദ്രാവാക്യമുയര്‍ത്തുന്ന മട്ടില്‍ കാര്യങ്ങള്‍ ചുരുക്കിക്കളയുന്നുണ്ട് പലരും.

കേരളത്തില്‍ വേനല്‍ക്കാലത്തു കാടു ചുടുന്നവരെക്കുറിച്ച് ആരും മിണ്ടുന്നതേയില്ല. 2019 ജനുവരി 1 മുതലുള്ള 55 ദിവസങ്ങളില്‍ വനങ്ങളില്‍ 567 തീടിപിടുത്തങ്ങളുണ്ടായെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. വനം സംഘടിതമായി നശിപ്പിക്കപ്പെടുകയും നിയമങ്ങള്‍ ചുരുട്ടിയെറിഞ്ഞു പാറയും മണ്ണും കവര്‍ന്നെടുക്കുകയും ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ രാഷ്ട്രീയ പിന്‍ബലമുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയോടുള്ള മനുഷ്യരുടെ അതിക്രമങ്ങള്‍ ആരും അറിയുന്നതേയില്ല.

കുത്തിയൊലിച്ചു പോകുന്നു ദൈവാംശമെല്ലാം
ഒന്നുകില്‍ നാം എല്ലാം നിസ്സാര വത്കരിക്കുകയാണ്. അതല്ലെങ്കില്‍ മലയാളി ഉറക്കം നടിക്കുകയാണ്. എന്തായാലും മലയാളിയുടെ മനസ്സില്‍ നിന്നും ദൈവാംശമെല്ലാം ചുഴറ്റിയെറിയുന്ന ഉരുള്‍പൊട്ടലുകള്‍ അരങ്ങേറുന്നുണ്ട്. മലയാളിയുടെ മനസ്സിനെ അത്യാര്‍ത്തിയിലേക്കും അക്രമങ്ങളിലേക്കും നയിക്കുന്നതില്‍ ലഹരിക്കു പങ്കേറെയാണ്. മദ്യംകൊണ്ടു ലഭിക്കുന്ന ദേശീയവരുമാനം തട്ടിക്കിഴിച്ചാല്‍ തന്നെ ഇന്ത്യന്‍ സമൂഹത്തിന് 97895 ബില്യണ്‍ രൂപയുടെ നഷ്ടമുണ്ടാകുമെന്നു കണക്കാക്കികഴിഞ്ഞിട്ടുണ്ട്. എന്നിട്ടും കുടുംബങ്ങളിലും സമൂഹത്തിലും വന്‍ നഷ്ടമുണ്ടാകുന്നലഹരിയുടെ വഴികളടയ്ക്കാന്‍ നമുക്കു കഴിയുന്നതേയില്ല.

ലഹരിക്കടത്തു കേസില്‍ കേരളം ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 2019 മാര്‍ച്ചില്‍ മാത്രം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 722 കഞ്ചാവു കേസുകളാണ്. കേരളത്തില്‍ 31 ശതമാനം ഇപ്പോള്‍ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ മൂന്നു ശതമാനം സ്ത്രീകളാണ്. കാല്‍ ലക്ഷം മലയാളികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതു ശീലമാക്കിക്കഴിഞ്ഞു.

മലയാളികളുടെ കുടുംബങ്ങളിലെ 11,72,433 കുട്ടികളും സുരക്ഷിതരല്ലെന്നു സാമൂഹികനീതി വകുപ്പു നടത്തിയ സര്‍വേയില്‍ തെളിഞ്ഞിട്ടുണ്ട്. സ്വന്തം മകളെ കൊന്ന ഘാതകനോടൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറായ അമ്മയുള്ള നാടാണിപ്പോള്‍ കേരളം.

ലഹരിയുടെ കറുകറുത്ത കണക്കുകള്‍ ഇനിയുമുണ്ട്. ഇന്ത്യക്കാരില്‍ 16 കോടി ആളുകള്‍ കുടിയന്മാരാണ്. 3.1 കോടി ആളുകള്‍ കഞ്ചാവ് ഉപയോഗിക്കുന്നു. 77 ലക്ഷമാളുകള്‍ മയക്കുമരുന്ന് ഗുളികകള്‍ ഉപയോഗിക്കുന്നു. മദ്യപരില്‍ 5.7 കോടി ആളുകള്‍ മുഴുക്കുടിയന്മാരാണ്. 10 മുതല്‍ 75 വയസ്സുവരെയുള്ള 1.18 കോടി ആളുകള്‍ ‘ഫിറ്റാവാന്‍’ ഗുളികകളെ ആശ്രയിക്കുന്നുണ്ട്.

ഒരാശ്വാസമുണ്ട്. ആത്മഹത്യാനിരക്കില്‍ കേരളം ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. പക്ഷേ, ആത്മഹത്യ ചെയ്തവരില്‍ 75 ശതമാനവും വിവാഹിതരായിരുന്നു! കേരളത്തില്‍ നടന്ന ആത്മഹത്യകളില്‍ 21 ശത്മാനവും മാനസിക, ശാരീരികരോഗങ്ങള്‍ മൂലമായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം തിരക്കുമ്പോള്‍ 36.5 ശതമാനവും കുടുംബപ്രശ്നങ്ങള്‍ മൂലമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

ജനനനിരക്ക് കുറയുന്നു
രാജ്യവിസ്തൃതിയുടെ 1.8 ശതമാനം മാത്രമാണു കേരളം. എന്നിട്ടും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റോഡ്അപകടനിരക്ക് 8 മുതല്‍ 9 ശതമാനം വരെയാണ്. മദ്യപിച്ച ഡ്രൈവര്‍മാര്‍മൂലം പോയ വര്‍ഷം റോഡില്‍ മരിച്ചത് 25 പേരാണ്. പരിക്കേറ്റത് 194 പേര്‍ക്കും.

കേരളത്തില്‍ താമസക്കാരില്ലാതെ പൂട്ടിക്കിടക്കുന്നതു പത്തു ലക്ഷത്തിലേറെ വീടുകളാണ്. നമ്മുടെ ജനനനിരക്ക് 1.6 ശതമാനം മാത്രമാണ്. ഇപ്പോഴുള്ള മലയാളികളുടെ എണ്ണം നിലനിര്‍ത്താന്‍ നമ്മുടെ ജനനനിരക്ക് 2.1 ശതമാനമെങ്കിലും വേണമെന്നതാണു മറ്റൊരു ദുരന്തസൂചന.

കേരളത്തില്‍ നടക്കുന്ന ഭ്രൂണഹത്യകളില്‍ 20 ശതമാനവും കൗമാരക്കാരായ പെണ്‍കുട്ടികളിലാണെന്ന ഭീതിദമായ കണക്ക് വേറെയുമുണ്ട്. നമ്മുടെ സമൂഹത്തില്‍ മാനവികമൂല്യങ്ങള്‍ ഇനിയും ഉരുള്‍പൊട്ടി നശിക്കുന്നതിനു മുമ്പു ചില ‘രക്ഷാപ്രവര്‍ത്തനങ്ങള്‍’ നടത്താന്‍ നാം മുന്നിട്ടിറങ്ങണ്ടേ? ചുറ്റും കേള്‍ക്കുന്നതേങ്ങലുകള്‍ കൂട്ടനിലവിളിയായി മാറുന്നതിനുമുമ്പ് ഉണരണം, കൂട്ടരേ നമ്മള്‍!

വാലറ്റക്കുറി: കേരളത്തില്‍ സര്‍വത്ര പ്രളയം. സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്താ പ്രളയം!

Leave a Comment

*
*