പതപ്പിച്ചോളൂ, പക്ഷേ ജനത്തെ പുതപ്പിക്കല്ലേ…

പതപ്പിച്ചോളൂ, പക്ഷേ ജനത്തെ പുതപ്പിക്കല്ലേ…

എല്ലാം ഒരു 'സംഭവ'മാക്കണമെന്ന ചിന്ത ആഗോളവത്കരണത്തിലൂടെ നമുക്കു കൈമാറിക്കിട്ടിയ ഒരു ദുശ്ശീലമാണ്. സായ്പ്പ് 'ഇവന്‍റ്' എന്നു വിശേഷിപ്പിക്കുന്നതിനെ 'സംഭവ'മെന്നു മാത്രമേ പരിഭാഷപ്പെടുത്താന്‍ കഴിയൂ. ഏതായാലും മാധ്യമങ്ങള്‍ പോലും ഇത്തരം 'സംഭവ'ങ്ങളുടെ പിന്നാലെയാണ്. ഇതുകൊണ്ട് ഈ 'സംഭവ'വുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ഗുണമുണ്ടോയെന്നു ചോദിച്ചാല്‍, പൊങ്ങച്ചക്കാരുടെ 'മെഗാ തിരുവാതിര' കാശു മുടക്കുന്നവനു നിറഞ്ഞ ചിരിയോടെ കണ്ടുനില്ക്കാമെന്നു മാത്രം.

നാം ഈ വര്‍ഷം ഏറ്റവുമൊടുവില്‍ 'ഇവന്‍റ് ആക്കി' സംഭവബഹുലമാക്കിയത് നിര്‍ഭയദിനമാണ്. ഡെല്‍ഹിയില്‍ ഒരു പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ട ആ ദിനം, 'ആഘോഷമാക്കി' മാറ്റിയ കോര്‍പ്പറേറ്റ് ബുദ്ധിക്കു ലാല്‍സലാം. എന്നാല്‍ ഇതു സംബന്ധിച്ചു 'രാത്രി നടത്ത'മെന്ന പ്രഹസനത്തില്‍ എല്ലാം ഒതുക്കിയതു നന്നായോ എന്ന് ചിന്തിക്കേണ്ടതല്ലേ?

സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ അനാസ്ഥ അവസാനിപ്പിച്ചുവോ നാം? 2013-ല്‍ കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്കായി അനുവദിച്ച നിര്‍ഭയ ഫണ്ടില്‍ നിന്ന് കേരളം എത്രത്തോളം പണം ചോദിച്ചുവാങ്ങി? സ്ത്രീകളുടെ സുരക്ഷിതത്വം നടപ്പാക്കാനുള്ള മാര്‍ഗരേഖ സംസ്ഥാനതലത്തില്‍ എഴുതിയുണ്ടാക്കിയോ നാം? ബസ്, തീവണ്ടി യാത്രകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും നാം എന്തു പരിഹാരമുണ്ടാക്കി? സംസ്ഥാനത്ത് ആരംഭിച്ച 'പിങ്ക് പൊലീസ്' എത്രത്തോളം ഫലപ്രദമാണെന്നു വിലിയിരുത്തിയിട്ടുണ്ടോ നാം? സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ ഫലപ്രദമായി തടയാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ കേന്ദ്രം പണം നല്കുമെന്നറിയിച്ചിട്ടും നാം എന്തേ ആ പണം വാങ്ങിയെടുക്കാന്‍ ശ്രമിക്കാത്തത്? പത്രങ്ങളില്‍ പരസ്യം നല്കുകയും 'രാത്രിനടത്തം' എന്ന ഇവന്‍റ് നടത്തുകയും ചെയ്താല്‍ സ്ത്രീകള്‍ക്കു സുരക്ഷ ലഭിക്കുമോ?

നിര്‍ഭയ കേസ്സുണ്ടായിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള കേസുകളില്‍ 32.2 ശതമാനത്തില്‍ മാത്രമേ ശിക്ഷ നല്കിയിട്ടുള്ളൂവെന്നതും, നിര്‍ഭയകേസിലെ കുറ്റവാളികള്‍ ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നതും നമ്മുടെ ഉറക്കം കെടുത്തേണ്ടതല്ലേ? 2017-ല്‍ നാഷണല്‍ ക്രൈംസ് ബ്യൂറോ സ്ത്രീകള്‍ക്കെതിരെ 1,46,201 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നു പറയുന്നു. ഇതില്‍ 5822 പേര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ഉന്നാവ് പെണ്‍കുട്ടിയും അവളുടെ കുടുംബവും അനുഭവിച്ച നരകയാതന മാധ്യമങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞിട്ടും, ഉത്തര്‍പ്രദേശും തെലങ്കാനയും നിര്‍ഭയഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ചോദിച്ചുവാങ്ങി. എന്നാല്‍ ഇതുവരെ ചെലവഴിച്ചതു നാമമാത്ര തുക മാത്രം. എന്തിന്, അയല്‍സംസ്ഥാനമായ കര്‍ണാടക 191 കോടി രൂപ സ്ത്രീ സുരക്ഷാപദ്ധതികള്‍ക്കായി വാങ്ങിയെടുത്തു. ചെലവഴിച്ചതോ വെറും ഏഴു കോടി. സ്ത്രീകളെ "അമ്മാ, തായേ" എന്നെല്ലാം വിളിക്കുന്ന തമിഴ്നാടും കേന്ദ്രത്തില്‍നിന്ന് ഈ ഇനത്തില്‍ 190.68 കോടി വാങ്ങിയെടുത്തു. ചെലവഴിച്ചത് 3 ശതമാനം മാത്രം!

ഇവന്‍റുകളിലൂടെ സംസ്ഥാന ഭരണകൂടം തരിപ്പണമാക്കിയ കോടികളുടെ കഥകള്‍ കേട്ടാല്‍ നമുക്കു തല കറങ്ങും. ഇടതു മന്ത്രി സഭയുടെ സത്യാപ്രതിജ്ഞാചടങ്ങിനു 3.17 കോടി, 100-ാം ദിനാഘോഷത്തിനു 2.24 കോടി, ഒന്നാം വാര്‍ഷികാഘോഷത്തിന് 18.6 കോടി, മന്ത്രിസഭയുടെ 1000 ദിനം പൂര്‍ത്തിയായ ചടങ്ങിന് 10.27 കോടി, നവോത്ഥാനസമുച്ചയനിര്‍മാണത്തിന് 700 കോടി, നവോത്ഥാന മതില്‍ 50 കോടി, മുഖ്യന്ത്രിയുടെ നവമാധ്യമപ്രചരണത്തിന് 4.32 കോടി, ഇ.എം.എസ്. സ്മൃതി വിഭാഗം സജ്ജീകരിക്കാന്‍ 82 ലക്ഷം, നിയമസഭഹാള്‍ നിര്‍മിക്കാന്‍ 16.65 കോടി, ഇ-നിയമസഭ സജ്ജീകരിക്കാന്‍ 52 കോടി എന്നിങ്ങനെ പോകുന്നു ഭരണകൂടത്തിന്‍റെ കണക്ക്.

പക്ഷേ, കേരളത്തിലെ 1.75 ലക്ഷം വരുന്ന നെല്‍കര്‍ഷകരോടുള്ള സര്‍ക്കാരിന്‍റെ നിലപാടെന്താണ്? സര്‍ക്കാരിനു കര്‍ഷകര്‍ നെല്ല് വിറ്റു. ഒരു രസീതും നല്കി. കര്‍ഷകര്‍ക്കു നെല്ലിന്‍റെ വിലയായി ബാങ്കുകളില്‍നിന്നു പണം സര്‍ക്കാര്‍ കൈപ്പറ്റി. പക്ഷേ, ആ പണം ഇനിയും കര്‍ഷകനു നല്കിയിട്ടില്ല. ബാങ്കുകളില്‍ ഇപ്പോള്‍ കുടിശ്ശികയടക്കം കര്‍ഷകരുടെ കടം 1450 കോടി രൂപയായി. പണം കര്‍ഷകര്‍ക്കു നല്കിയതായിട്ടാണു ബാങ്കുകളിലെ രേഖകള്‍. ഫലത്തില്‍ സംഭവിച്ചതെന്താണെന്നോ? കര്‍ഷകന്‍റെ കയ്യിലിരുന്ന നെല്ല് സിവില്‍ സപ്ലൈസിന്‍റെ ഗോഡൗണുകളിലായി. കര്‍ഷകന്‍ ബാങ്കിനു കടക്കാരനുമായി! സിവില്‍ സപ്ലൈസ് ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് 1770 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ തിരിച്ചടച്ചതു 320 കോടി രൂപ മാത്രം!

കേരളത്തില്‍ മാത്രം പ്രളയം കവര്‍ന്നെടുത്തത് 181 പേരുടെ ജീവനാണ്. 4.46 ലക്ഷംകേരളീയരെ ബാധിച്ച ആ ദുരന്തത്തില്‍പ്പെട്ടവരുടെ ഇന്നത്തെ അവസ്ഥ എന്താണ്? 2.23 ലക്ഷം വീടുകള്‍ പൂര്‍ണമായും 2.06 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നതില്‍ എത്ര വീടുകള്‍ പുനര്‍നിര്‍മിക്കാനായി? 14.09 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ച കര്‍ഷകന്‍റെ കാര്യത്തില്‍ ഭരണകൂടം എന്തു ചെയ്തു?

ഇവന്‍റുകള്‍ അല്ലെങ്കില്‍ 'സംഭവങ്ങള്‍' ആഘോഷിക്കാം. നല്ലതാണ്. പക്ഷേ, ആഘോഷിക്കുന്നതും ആചരിക്കുന്നതും ദുരന്തങ്ങളെക്കുറിച്ചാകുമ്പോള്‍, അല്പമൊരു ജാഗ്രത' ഭരണകൂടം പുലര്‍ത്തേണ്ടതില്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org