Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> മനുഷ്യത്വം ചോര്‍ന്നുപോകുന്നു!

മനുഷ്യത്വം ചോര്‍ന്നുപോകുന്നു!

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

തീരെ മനുഷ്യപ്പറ്റില്ലാത്ത സമൂഹമായി മാറുകയാണോ കേരളത്തിലേത്? നിസ്സാര കാര്യങ്ങള്‍ക്ക് ആര്‍ക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണോ? കേരളത്തില്‍ അടുത്ത കാലത്തായി നടന്ന കൊലപാതകങ്ങള്‍ മനുഷ്യത്വമുള്ള ആരെയും അസ്വസ്ഥമാക്കുന്നതാണ്.

കണ്ണൂരിലെ ശുഹൈബ് വധമാണ് ആദ്യത്തേത്. അവിടത്തെ രാഷ്ട്രീയ കൊലപാതക പരമ്പരയില്‍ അവസാനത്തേത് എന്ന നിലയില്‍ അതിനെ കണ്ടാല്‍ പോരാ. മാര്‍ക്സിസ്റ്റുകാരും ആര്‍.എസ്.എസ്സുകാരും അവിടെ കുത്തും കൊലയും തുടര്‍ച്ചയായി നടത്തുന്നുണ്ട്. എന്നാല്‍, പ്രത്യേകിച്ച് ഒരു പ്രകോപനവും കൂടാതെ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ ഏതാനും പേര്‍ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടിയത് ഏതാനും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണെന്നു പറയുന്നു. അവര്‍ക്കു മാനുഷികവികാരങ്ങള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ലെന്നു വ്യക്തമാണ്. വെട്ടിയവര്‍ക്കു ശുഹൈബിനോടു വ്യക്തിവിരോധമുണ്ടായിരുന്നില്ല. അവര്‍ നിര്‍വികാരമായി പാര്‍ട്ടി തീരുമാനം നടപ്പാക്കുകയായിരുന്നു. ശുഹൈബ് കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നു വന്നുകൊണ്ടിരുന്ന യുവനേതാവായിരുന്നു. അയാള്‍ തങ്ങള്‍ക്കു ഭീഷണിയാവുമെന്നു കണക്കു കൂട്ടിയതുകൊണ്ടാകണം പാര്‍ട്ടിക്കാര്‍ അയാളെ വെട്ടിക്കൊന്നത്. അത് ഉന്മൂലനാശത്തിന്‍റെ പ്രത്യയശാസ്ത്രമല്ലേ? ശത്രുവെന്ന് തോന്നുന്നവന്‍റെ ജീവനെടുക്കുക. ഒരു ജനാധിപത്യവ്യവസ്ഥയില്‍ സ്വീകാര്യമായ രീതിയാണോ ഇത്? പാര്‍ട്ടിക്കൂറ് ഒരു ഗോത്ര വികാരമായി ആവാഹിച്ച് കൊല നടത്തിയ ചെറുപ്പക്കാര്‍ക്കു മാനുഷികതയില്‍ ഒരു പരിശീലനവും കിട്ടിയിട്ടില്ലെന്നു തീര്‍ച്ച. അവര്‍ക്കു വലിയ വിദ്യാഭ്യാസമൊന്നുമുണ്ടായിരിക്കാന്‍ ഇടയില്ല. പാര്‍ട്ടി ഗ്രാമങ്ങളില്‍ വളര്‍ന്ന് പാര്‍ട്ടി ചാവേറുകളാകാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ് അവര്‍.

ഈ കണ്ണൂര്‍ സംസ്കാരം ഇപ്പോള്‍ കേരളത്തിന്‍റെ ഇതര ഭാഗങ്ങളിലേക്കും പടരുകയാണോയെന്ന് സംശയിക്കണം. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തോടു യോജിക്കുന്നില്ലെന്ന് സിപിഐ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അവസരമൊത്തു വന്നാല്‍ അവരും സി പിഎം ശൈലിതന്നെ അനുവര്‍ത്തിക്കുമെന്ന് മണ്ണാര്‍ക്കാട് സംഭവം കാണിച്ചുതരുന്നു. അവിടെ ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനെയാണ് ഏതാനും സിപിഐക്കാര്‍ കൂടി തല്ലിക്കൊന്നത്.

ഹിംസയുടെ ഈ സംസ്കാരം പാര്‍ട്ടിയുടെ വേലിക്കെട്ടുകള്‍ കടന്നു പൊതുസമൂഹത്തിലേക്കു പടരുകയാണെന്നു കാണുന്നു. അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസിയുവാവിനെ തല്ലിക്കൊന്നത് എല്ലാ വിഭാഗത്തിലുംപെട്ട നാട്ടുകാരായിരുന്നു. കടകളില്‍ നിന്ന് അരിയും മറ്റ് അത്യാവശ്യ സാധനങ്ങളും മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് ആള്‍ക്കൂട്ടം അയാളെ വകവരുത്തിയത്. പൊലീസ് നിശ്ശബ്ദ പിന്തുണ നല്കിയത്രേ. സമൂഹവുമായി വലിയ ബന്ധമില്ലാതെ ഒറ്റയ്ക്കു കാട്ടില്‍ക്കഴിയുന്നയാളായിരുന്നു മധു. വനംവകുപ്പു ജീവനക്കാരണത്രേ അയാളെ വനത്തില്‍ നിന്നു പുറത്തു ചാടിച്ചത്. ആദിവാസികള്‍ക്കുവേണ്ടി സര്‍ക്കാര്‍ നല്കുന്ന കോടിക്കണക്കിനു രൂപ അടിച്ചുമാറ്റുന്നവരും മധുവിനെ കൊല്ലാന്‍ കൂട്ടുനിന്നു. ഏറ്റവും സങ്കടകരമായിട്ടുള്ളത് ആള്‍ക്കൂട്ടം ഈ ശിക്ഷ നടപ്പാക്കുമ്പോള്‍ ‘അരുതേ’ എന്നു പറയാന്‍ ആരുമുണ്ടായില്ലെന്നതാണ്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ ആര്‍ക്കു വേണമെങ്കിലും ഒരു അഭയകേന്ദ്രത്തില്‍ എത്തിക്കാമായിരുന്നു. കനിവോടെ അത്തരം അഭയ കേന്ദ്രങ്ങള്‍ നടത്തുന്ന ആളുകള്‍ ഇപ്പോഴും ഈ നാട്ടിലുണ്ട്.

ഇത്തരം അഭയകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയുണ്ടായാല്‍, അല്ലെങ്കില്‍ അവ നടത്താന്‍ ആരും മുന്നോട്ടുവരാതായാല്‍, മനുഷ്യത്വം തൊട്ടുതീണ്ടാത്ത സമൂഹമായിരിക്കും ഇവിടെ സംജാതമാകുക. സര്‍ക്കാര്‍ നയങ്ങള്‍പോലും അത്തരം സ്ഥിതിയുളവാക്കാന്‍ പോകുന്നുവെന്നു ഭയക്കണം. നൂറുകണക്കിനു ബാലഭവനുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇത്തരം ബാലഭവനുകള്‍ അടച്ചുപൂട്ടിയാല്‍ അവിടത്തെ അന്തേവാസികള്‍ തെരുവിലേക്കു വലിച്ചെറിയപ്പെടാം. തെരുവുകളില്‍ അവര്‍ കൊല്ലപ്പെട്ടെന്നു വരാം.

മനുഷ്യത്വം തൊട്ടുതീണ്ടാത്ത സമൂഹം രൂപപ്പെടുന്നതിനു കാരണം കുടുംബങ്ങളും വിദ്യാലയങ്ങളുമാണ്. മാര്‍ക്കും ഗ്രേഡും റാങ്കും ഉന്നംവച്ചാണു നമ്മുടെ പാഠ്യപദ്ധതി. മാനുഷികതയിലുള്ള പരിശീലനം അവിടെ ഒരു ഘടകമേയല്ല. അദ്ധ്യാപകര്‍ വ്യക്തിപരമായി അക്കാര്യത്തില്‍ ശ്രദ്ധിച്ചാലായി. അവര്‍ക്കും അങ്ങനെ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിന്ന്. ശാസിച്ചാല്‍ അദ്ധ്യാപകന്‍ കുറ്റക്കാരനായി, ചിലപ്പോള്‍ അയാള്‍ക്കെതിരെ കേസെടുത്തെന്നും വരും. ബാലാവകാശ കമ്മീഷന്‍പോലുള്ള കമ്മീഷനുകള്‍ കുട്ടികളുടെ സമഗ്രവികസനം എന്ന ലക്ഷ്യം കണക്കിലെടുക്കാതെ അല്പജ്ഞാനംവച്ചു പുറപ്പെടുവിക്കുന്ന വിധികള്‍ വരുത്തിവയ്ക്കുന്ന ദ്രോഹം ചെറുതല്ല.

എല്ലാറ്റിന്‍റെയും അടിസ്ഥാനം കുടുംബത്തിലെ ശിക്ഷണമാണ്. ചോദിക്കുന്നതെല്ലാം നല്കി, കഷ്ടപ്പാടുകള്‍ ഒന്നും അറിയിക്കാതെ, യാതൊരു ശിക്ഷണവും നല്കാതെ വളര്‍ത്തുന്ന കുട്ടികള്‍ക്ക് എങ്ങനെ മാനുഷികവികരങ്ങളുണ്ടാകും? തങ്ങളുടെ ഇച്ഛകള്‍ക്ക് എതിരുനില്ക്കുന്നവര്‍ ആരായാലും – മാതാപിതാക്കന്മാരായാല്‍പ്പോലും – കൈകാര്യം ചെയ്യുമെന്ന സ്ഥിതിയാണുള്ളത്. മനുഷ്യത്വം കാര്യമായി അവശേഷിക്കാത്ത അവര്‍ വളര്‍ന്നുവരുമ്പോള്‍ കൊലയാളികളായിത്തീരുന്നതില്‍ അത്ഭുതപ്പെടാനില്ല.

Leave a Comment

*
*