വികസനം പ്രദര്‍ശനമാകുമ്പോള്‍

വികസനം പ്രദര്‍ശനമാകുമ്പോള്‍

മുംബൈ സബേര്‍ബന്‍ റെയില്‍വേയുടെ എല്‍ഫിന്‍സ്റ്റന്‍ സ്റ്റേഷനിലുണ്ടായ ദാരുണസംഭവം ഏവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. മഴ പെയ്തപ്പോള്‍ എല്ലാവരും റെയില്‍വേ മേല്‍പ്പാലത്തിലേക്ക് ഓടിക്കയറി. തിക്കിലും തിരക്കിലുംപെട്ട് 25-ഓളം പേര്‍ മരണമടഞ്ഞു, നിരവധി പേര്‍ക്കു പരിക്കേറ്റു. ബ്രിട്ടീഷുകാര്‍ 110 വര്‍ഷം മുമ്പു പണിത അഞ്ചടി വീതിയുള്ള പാലത്തിലേക്കാണ് നൂറുകണക്കിനാളുകള്‍ ഓടിക്കയറിയത്. ഇന്ത്യന്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയിലേക്കാണു വേദനാജനകമായ ഈ സംഭവം വിരല്‍ചൂണ്ടുന്നത്. ഇതിനുമുമ്പു യുപിയി ലും മറ്റും തുടര്‍ച്ചയായ റെയില്‍ അപകടങ്ങളുണ്ടായി. അധികൃതരുടെ കൃത്യവിലോപം അപകടത്തിന് ഒരു കാരണമാകാം. എ ന്നാല്‍ പാളങ്ങളുടെയും സിഗ്നല്‍ സംവിധാനത്തിന്‍റെയും കാലാകാലങ്ങളിലുള്ള നവീകരണത്തിന്‍റെ അഭാവമാണ് ഇത്തരം അപകടങ്ങളുടെ മുഖ്യകാരണം. കേരളത്തി ലും പാളം തെറ്റലുകള്‍ അത്ര അ സാധാരണല്ല. പാളങ്ങള്‍ മാറ്റിയിടണമെന്ന അപേക്ഷകള്‍ റെയില്‍ വേയിലെ ഉന്നതന്മാര്‍ വകവയ്ക്കുന്നില്ല. അപ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പല റെയില്‍ വേ പാലങ്ങളുടെയും സ്ഥിതി അ പകടകരമാണ്. ഇവ സമയബന്ധിതമായി നവീകരിക്കാന്‍ പദ്ധതിയില്ല. തുടര്‍ച്ചയായ അപകടങ്ങള്‍ മൂലം ഒരു റെയില്‍വേമന്ത്രി അടു ത്ത കാലത്തു രാജിവച്ചു. പുതിയ മന്ത്രി വന്നിട്ടും അപകടങ്ങള്‍ ഇ ല്ലാതായിട്ടില്ല. മന്ത്രിയല്ല യഥാര്‍ത്ഥ പ്രശ്നം, സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളാണ്.

കഴിഞ്ഞ മാസമാണു പ്രധാന മന്ത്രി നരേന്ദ്രമോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുടെ സാന്നിദ്ധ്യത്തില്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു തുടക്കമിട്ടത്. ഈ പദ്ധതിയുടെ ചെലവിന്‍റെ 80 ശതമാനവും ജപ്പാന്‍ ഉദാരവ്യവസ്ഥയില്‍ വാ യ്പ തരുമെന്നാണു പറയുന്നത്. എ ന്നാലും സര്‍ക്കാര്‍ 22,000 കോടി രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവാക്കണം. ഈ പദ്ധതി നടപ്പിലാക്കിക്കഴിയുമ്പോള്‍ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുണ്ടെന്നു മേനി നടിക്കാം. സമ്പന്നര്‍ക്ക് അതില്‍ യാത്ര ചെയ്യാം. സാധാരണക്കാര്‍ ക്ക് അതുകൊണ്ടു വലിയ പ്രയോജനമുണ്ടാകാന്‍ പോകുന്നില്ല.

വികസനപദ്ധതികളുടെ മുന്‍ഗണനാക്രമമെന്ന വലിയ പ്രശ്നമാ ണ് ഇതു നമ്മുടെ മുമ്പില്‍ ഉയര്‍ ത്തുന്നത്. ഓരോ ദിവസവും ഇ ന്ത്യയില്‍ 12,000 ട്രെയിനുകള്‍ ഓടുന്നു. അവ 2.3 കോടി ആളുകളെ വഹിക്കുന്നു. ഇത്രയും വിപുലമാ യ സംവിധാനം നല്ല പങ്കും പഴഞ്ചനാണ്, അതിനാല്‍ സുരക്ഷിതമല്ല. 2015-ല്‍ മാത്രം റെയില്‍വേ അപകടങ്ങളില്‍ മരിച്ചത് 30,000 പേരാണ്. 60 ശതമാനം ട്രാക്കുകളിലും വഹിക്കാവുന്ന പരിധിക്കപ്പുറമാണു ഗതാഗതം. പാതകളും മറ്റു സംവിധാനങ്ങളും പരിഷ്കരിക്കാന്‍ പത്തു ലക്ഷം കോടി രൂപ വേണ്ടി വരുമെന്നാണു പറയുന്നത്. ട്രെയിനുകളും പലതും പഴഞ്ചനാണ്. സ്വച്ഛ് ഭാരത മുദ്രാവാക്യം മുഴക്കുമ്പോഴും റെയില്‍പാതകളിലുടനീളം മനുഷ്യവിസര്‍ജ്ജ്യമാണ്. ബയോ ടോയലറ്റുകള്‍ ചുരുക്കം വണ്ടികളിലാണു സ്ഥാപിച്ചിട്ടുള്ള ത്. അതും പ്രദര്‍ശനത്തിനുവേണ്ടിയാണു പലപ്പോഴും ചെയ്യുന്നത്. കോച്ചുകള്‍ സമയബന്ധിതമായി നവീകരിക്കാന്‍ പദ്ധതിയില്ല. ചേരിയുടെ കവാടത്തില്‍ ഒരു മനോഹരസൗധം പണിതു ചേരി കാഴ്ചക്കാരുടെ ദൃഷ്ടിയില്‍നിന്നു മറയ്ക്കാന്‍ ശ്രമിക്കുന്നതു പാഴ്വേലയല്ലേ? അതുപോലെയാണ് ഇ ന്ത്യന്‍ റെയില്‍വേയെന്ന ചേരിയെ ബുള്ളറ്റ് ട്രെയിന്‍കൊണ്ടു മറയ്ക്കാന്‍ ശ്രമിക്കുന്നത്.

വികസനം നാടിനെ മൊത്തം ഉയര്‍ത്താന്‍ ഉതകുന്നതാകണം. അതു പ്രദര്‍ശനത്തിനുവേണ്ടിയാകരുത്. വൃത്തിയായി കിടന്ന റോ ഡില്‍ കുറച്ചു മാലിന്യം വിതറി മന്ത്രി അത് തൂത്തു വൃത്തിയാക്കിയാല്‍ അതിനു പ്രദര്‍ശനമൂല്യമേ ഉണ്ടാകൂ. സ്വച്ഛ് ഭാരത് പരിപാടി മൊത്തം അങ്ങനെയാണോ എ ന്നു സംശയിക്കണം. ഗംഗാശുദ്ധീകരണത്തിനു കോടികള്‍ നീക്കിവച്ചിട്ടുണ്ട്. ഗംഗ പിന്നെയും പഴയതുപോലെ ഒഴുകുന്നു.

ഇന്ത്യയിലെ മൂന്നിലൊന്നു ജ നങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ജനസംഖ്യയിലെ 15 ശതമാനം വരുന്ന പട്ടികജാതിക്കാരുടെയും 7.5 ശതമാനം വരുന്ന പട്ടികവര്‍ഗക്കാരുടെയും ഭൂരിപക്ഷത്തിന്‍റെയും സ്ഥിതിയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള കൃ ത്യമായ പദ്ധതികളില്ലാതെ വികസനമന്ത്രം ഉരുവിട്ടതുകൊണ്ടു കാ ര്യമില്ല. ഇന്ത്യ അനുവര്‍ത്തിച്ചുപോരുന്ന ഉദാര സാമ്പത്തികനയങ്ങള്‍ മൂലം ഏതാണ്ട് മൂന്നിലൊന്നോളം ആളുകള്‍ മദ്ധ്യവര്‍ഗവിഭാഗത്തി ലോ അതിന് അടുത്തോ ആണ്. ഈ വിഭാഗം ദേശീയവും വിദേശീയവുമായ ബഹുരാഷ്ട്രകമ്പനികളെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. മദ്ധ്യവര്‍ഗത്തിന്‍റെ സ്വപ്നങ്ങളാകട്ടെ ചിറകടിച്ചു പറക്കുകയാണ്. അവരുടെ സ്വപ്നങ്ങളില്‍ നിറം ചാര്‍ത്തിയാണു ബിജെപി അധികാരത്തില്‍ വന്നത്. അവര്‍ക്കുവേ ണ്ടി 'വികസിത ഇന്ത്യ' എന്ന സ്വ പ്നം പാര്‍ട്ടി വില്ക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യ വികസിത രാഷ്ട്രമായി എന്ന മിഥ്യാബോധം സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്. ബുള്ളറ്റ് ട്രെ യിനും വെളിമ്പ്രദേശ വിസര്‍ജ്ജന മുക്ത ഇന്ത്യയും ഈ മിഥ്യാബോ ധം വളര്‍ത്താനേ ഉപകരിക്കൂ.

ദിനംപ്രതിയെന്നോണം നടക്കു ന്ന റെയില്‍വേ അപകടങ്ങളിലും റോഡപകടങ്ങളിലും മരിച്ചുവീഴു ന്ന ഭാരതീയരെ കണ്ടില്ലെന്നു നടി ച്ചു ബുള്ളറ്റ് ട്രെയിനുകളും ഏതാ നും എക്സ്പ്രസ്സ് ഹൈവേകളും മാലോകരെ കാണിച്ചു കൊടുത്തുകൊണ്ട് ആരുടെയും കണ്ണില്‍ പൊ ടിയിടാന്‍ കഴിയുകയില്ലതന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org