Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> കോടതികളും പരിധികള്‍ പാലിക്കണം

കോടതികളും പരിധികള്‍ പാലിക്കണം

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

രാജ്യത്തെ പരമോന്നത കോടതിയുടെ വിധിതീര്‍പ്പിനെതിരെ ആളുകളെ സംഘടിപ്പിച്ചു സമരം ചെയ്യുന്ന അതിവിചിത്രമായ കാഴ്ചയാണിപ്പോള്‍ കേരളത്തില്‍ കാണുന്നത്. സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ചെയ്യാറുണ്ട്. സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയെന്ന ല ക്ഷ്യവുംകൂടി അതിനുണ്ട്. ജനവികാരം എതിരാണെന്നു കണ്ടാല്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താറുമുണ്ട്. എന്നാല്‍ സുപ്രീംകോടതിയുടെ വിധി അന്തിമമാണെന്നാണു വയ്പ്. ഇനി വിധിയോടു വിയോജിപ്പുണ്ടെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടത്. വിധിക്കെതിരെ തെരുവില്‍ ആളെ കൂട്ടുന്നതു ജനാധിപത്യപരമായ നടപടിയാണെന്നു തോന്നുന്നില്ല. ഇവിടെ സമരത്തിനു ചുക്കാന്‍ പിടിക്കുന്നതു കേന്ദ്രത്തില്‍ ഭരിക്കുന്ന കക്ഷിയാണെന്നതു ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പൊതുതാത്പര്യഹര്‍ജി നല്കിയതു സംഘപരിവാറുമായി ബന്ധപ്പെട്ട ചില വ്യക്തികളാണെന്നു പറയുന്നു. കുറച്ചു പുരോഗമന പ്രതിച്ഛായ ആയിക്കോട്ടെ എന്ന മട്ടില്‍ സംഘപരിവാര്‍ ആ നീക്കത്തെ പിന്തുണച്ചു. മുത്തലാഖ് മുതലായ വിഷയങ്ങളില്‍ മുസ്ലീം സമുദായത്തെ നവീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരു ന്യായീകരണമാകുമെന്നും പരിവാര്‍ കണക്കു കൂട്ടിക്കാണും. കോടതിവിധി നടപ്പിലാക്കാന്‍ കേരളത്തിലെ ഇടതുസര്‍ക്കാര്‍ കാണിച്ച ഉത്സാഹം പരിവാറിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകളഞ്ഞു. കേരളത്തിലെ ഹിന്ദുത്വശക്തികള്‍ വിധിയെ എതിര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്നു സംഘപരിവാര്‍ കളം മാറ്റിചവിട്ടി. അടുത്ത തിരഞ്ഞെടുപ്പില്‍ നാലു വോട്ട് എന്നതിലപ്പുറമുള്ള ആദര്‍ശ പൊറുതികേടൊന്നും പരിവാറിനില്ല എന്നു സുവ്യക്തം.

കോടതിവിധി രാഷ്ട്രീയവത്കരിച്ചു തെരുവിലേക്കു വലിച്ചിഴച്ചതിന്‍റെ മുഴുവന്‍ ക്രെഡിറ്റും ഇടതുസര്‍ക്കാരിന് അവകാശപ്പെട്ടതാണ്. ഇടതുകക്ഷികളും കോടതിവിധിയെ പിന്തുണച്ചു പുരോഗമനപ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനും തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും ശ്രമം നടത്തി. കോടതിവിധി നടപ്പിലാക്കാന്‍ അമിതാവേശം കാണിക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. ദേവസ്വം ബോര്‍ഡ് വിധിക്കെതിരെ റിവ്യൂഹര്‍ജി നല്കുന്നതു തടഞ്ഞതും രാഷ്ട്രീയനീക്കമായിരുന്നു. ആ നീക്കങ്ങളെല്ലാം പാളി. ഇപ്പോള്‍ ഈ ഊരാക്കുടുക്കില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതവിശ്വാസത്തെയും ആചാരങ്ങളെയും സംബന്ധിച്ച കാര്യങ്ങളില്‍ ചില രാഷ്ട്രീയക്കാരും ബുദ്ധിജീവിനാട്യക്കാരും ചാനല്‍ വീരന്മാരും ഇടപെടുന്നതും കടന്നാക്രമണം നടത്തുന്നതും ഇവിടെ ഒരു ഫാഷനായിട്ടുണ്ട്. ഇത്തരം കടന്നുകയറ്റങ്ങള്‍ ക്രൈസ്തവ വിശ്വാസത്തോടും സഭയോടുമാകുമ്പോള്‍ വലിയ പ്രശ്നങ്ങളുണ്ടാവില്ല. മറ്റു മതവിഭാഗങ്ങളോടാകുമ്പോള്‍ അപകടസാദ്ധ്യതയുണ്ടെന്നു മേല്പറഞ്ഞ കൂട്ടര്‍ ഇതിനാല്‍ മനസ്സിലാക്കുമായിരിക്കും.

സുപ്രീംകോടതി വിധിയും ഇക്കാര്യത്തില്‍ അമിതാവേശം കാണിച്ചുവെന്നു പറയണം. സാമൂഹികപരിഷ്കരണം നടപ്പിലാക്കുന്നതിനും കോടതികള്‍ക്കു പരിമിതിയുണ്ട്. നിയമത്തിന്‍റെ അടിസ്ഥാനവും അതു പാലിക്കപ്പെടുന്നുവെന്നതിന് ഉറപ്പും സമൂഹത്തില്‍ പ്രബലമായ ധാരണകളാണ്. ആ ധാരണകളെ മാറ്റാന്‍ കോടതിവിധികള്‍ക്ക് ഒരു പരിധിവരെ കഴിയുമായിരിക്കും. എന്നാലും കോടതിവിധികള്‍ പൊതുധാരണയ്ക്ക് അനുരോധമാകുമ്പോഴാണ് അവ നടപ്പിലാക്കപ്പെടുക. സതി നിരോധിച്ചതും ജാതിവിവേചനം അവസാനിപ്പിച്ചതുംപോലെ ഇതു പുരോഗമനപരമായ നടപടിയാണെന്നു വീമ്പിളക്കുന്നവരുണ്ട്. സതി നിയമംമൂലം നിര്‍ത്തലാക്കിയിട്ടു രണ്ടു നൂറ്റാണ്ടാകാന്‍ പോകുന്നു. സതി തീര്‍ത്തും ഇല്ലാതായോ? ശൈശവവിവാഹങ്ങള്‍ നിയമവിരുദ്ധമല്ലേ? അത് ഇന്ത്യയില്‍ നടക്കുന്നില്ലേ? നഗ്നമായ ജാതിവിവേചനം പുലരുന്ന നാടാണിത്. നിയമത്തിന്‍റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന തത്ത്വം ഏട്ടിലെ പശുവാണ്. അതു പുല്ലു തിന്നുകയില്ല. നിയമം വഴി സാമൂഹികപരിവര്‍ത്തനം കൊണ്ടുവരുന്നതിനു പരിമിതിയുണ്ടെന്നു ചുരുക്കം.

നിയമത്തിന്‍റെ മുമ്പില്‍ എല്ലാവരും തുല്യരാണ്, അതിനു സ്ത്രീ പുരുഷ വ്യത്യാസമില്ല എന്ന ഭരണഘടനാ തത്ത്വമാണു സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി ഉയര്‍ത്തിപ്പിടിച്ചത്. ഒരു മതസമൂഹത്തിന്‍റെ ആചാരങ്ങളില്‍ ഈ തത്ത്വം ഏതറ്റം വരെ പ്രയോഗിക്കാമെന്നതാണു പ്രസക്തമായ ചോദ്യം. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും തങ്ങളുടെ മതവിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘനടനയുടെ 25-ാം വകുപ്പ് ഉറപ്പു നല്കുന്നുണ്ട്. ഒരു കൂട്ടരുടെ വിശ്വാസത്തിലും തജ്ജന്യമായ ആചാരങ്ങളിലും എക്സിക്യൂട്ടിവിനും ജുഡീഷ്യറിക്കും കൈ കടത്താമോ? മതവിശ്വാസകാര്യങ്ങളില്‍ കോടതി ഇടപെടേണ്ടതി ല്ല എന്നാണ് അഞ്ചംഗ ബെഞ്ചിലെ ഏക വനിത ഇന്ദു മഹല്‍ഹോത്ര നിലപാടെടുത്തത്. ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ ഒരു വനിതയാണു വിരുദ്ധ നിലപാടെടുത്തത്. ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ് അവര്‍ അങ്ങനെയൊരു നിഗമനത്തിലെത്തിയത് എന്നു വേണം വിചാരിക്കാന്‍.

കോടതിവിധിയോടുള്ള എതിര്‍പ്പ് മതവിശ്വാസങ്ങളെയും സമൂഹങ്ങളെയും നവീകരിക്കാനുള്ള ചില വിപ്ലവാശയക്കാരുടെ ആവേശത്തെ തണുപ്പിക്കുമെന്നു വിചാരിക്കാം. വിഷയങ്ങളെപ്പറ്റി ശരിയായ ധാരണയില്ലാത്തവരും വിപ്ലവവേ ഷധാരികളും വിശ്വാസിവിരുദ്ധരുമൊക്കെ വിശ്വാസവും വിശ്വാസാനുഷ്ഠാനങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്നതു പതിവായിട്ടുണ്ട്. ഇവിടെയും ക്രൈസ്തവവിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും ‘ശരിയാക്കുന്ന’തിനാണു ഭയങ്കര ഉത്സാഹം. കുമ്പസാരം നിര്‍ത്തലാക്കണം, സ്ത്രീകള്‍ കന്യാസ്ത്രീകളുടെ അടുത്തു കുമ്പസാരിക്കണം, സ്ത്രീകളെയും പുരോഹിതരാക്കണം എന്നൊക്കെയാണ് ഈ വിപ്ലവാചാര്യന്മാര്‍ തട്ടിവിടുന്നത്. ഇവരില്‍ ആരെങ്കിലും സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്താല്‍ സ്ത്രീകള്‍ക്കു പൗരോഹിത്യം നല്കണമെന്നു കോടതി വിധിക്കുമോ? അങ്ങനെ വിധിക്കുന്നതു ക്രൈസ്തവ വിശ്വാസത്തിലുള്ള കടന്നുകയറ്റമാവില്ലേ? ജനാധിപത്യവ്യവസ്ഥിതിയില്‍ കോടതികളും അവയുടെ പരിധികള്‍ പാലിക്കുകതന്നെ വേണം.

Leave a Comment

*
*