ചിലര്‍ക്കു ‘പൊന്നോണം, നിന്നോണം, കിടന്നോണം’ പാവങ്ങള്‍ക്ക് നന്നായി ‘കരഞ്ഞോണം!’

ഓണത്തിനു നാം കേട്ട പൂവിളികള്‍ മറന്നുവോ? മൊബൈല്‍ കമ്പനികള്‍ മാടിവിളിച്ചു: 'ഫോണോണം." കാര്‍ ഡീലര്‍മാര്‍ ലക്ഷങ്ങള്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചുകൊണ്ടു കാറിക്കരഞ്ഞു: "കാറോണം." തുണിക്കടകള്‍ ആര്‍ത്തുവിളിച്ചു: "തുണിയോണം." ഹോട്ടലുകാര്‍ പോലും നീട്ടിവിളിച്ചു: "നന്നായി തിന്നോണം." സ്വര്‍ണ്ണക്കടകള്‍ വള കിലുക്കി പാടി: പൊന്നോണം. സര്‍ക്കാര്‍ ജോലിക്കാരും മാസവരുമാനക്കാരും ആടിപ്പാടി: "അവധിയോണം." കിടക്ക വില്‍ക്കുന്നവര്‍ പൊളിച്ചു: "നന്നായി കിടന്നോണം" എന്നായിരുന്നു പരസ്യം.

വയറ് നിറച്ചുണ്ട്, ടെലിവിഷനിലെ ഓണസിനിമകളും പുതിയ ഡി.വി.ഡി സിനിമകളും കണ്ട് ആഹ്ലാദിച്ച മലയാളികളില്‍ ചിലരെങ്കിലും ഓണത്തിമിര്‍ക്കല്‍ കഴിയാവുന്നത്ര കുറച്ച് അടുത്തും അകലെയുമുള്ള ഇല്ലാപ്പാവങ്ങള്‍ക്കൊപ്പം ഓണമുണ്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടിപോലും ഓണദിനത്തില്‍ കഴിയാവുന്നത്ര ദുരിതാശ്വാസ ക്യാമ്പുകള്‍ കയറിയിറങ്ങി. സങ്കടപ്പെട്ടിരിക്കുന്നവരെ ചിരിപ്പിക്കാന്‍ കോമഡിക്കാരനായ രമേഷ് പിഷാരടിയെയും ഒപ്പം കൂട്ടി. പല ഇടവകപള്ളികളിലെ യുവജന കൂട്ടായ്മകളും പുതുവസ്ത്രങ്ങളും ഭക്ഷണപായ്ക്കറ്റുകളുമായി പ്രളയബാധിത പ്രദേശങ്ങളിലേക്കു പ്രത്യേക വണ്ടികളില്‍ പോയി ദുരിതബാധിതരെ ആശ്വസിപ്പിച്ചു.

ഇതില്‍നിന്നെല്ലാം ഭരിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. നന്മ ചെയ്യാന്‍ ദൈവം സൃഷ്ടിച്ച കരങ്ങള്‍ കുറുകിപ്പോയിട്ടില്ല. സഹോദരങ്ങളുടെ നിലവിളി കേള്‍ക്കാനാവാത്തവിധം ദൈവം നമുക്കു നല്കിയ ചെവികള്‍ മന്ദീഭവിച്ചിട്ടുമില്ല. അപ്പോള്‍ ഭരണകര്‍ത്താക്കളും രാഷ്ട്രീയപാര്‍ട്ടികളും ചെയ്യേണ്ട കാര്യം ഒന്നു മാത്രം: "നന്മ ചെയ്യാന്‍ സന്നദ്ധതയുള്ളവരെ. എല്ലാ രാഷ്ട്രീയഭേദങ്ങളും മറന്ന് ഏകോപിപ്പിക്കുക!"

എന്തുകൊണ്ട്, രാഷ്ട്രീയ, സമുദായ, സാംസ്കാരികനായകന്മാരെ ഇതിനായി ഏകോപിപ്പിക്കാന്‍ ഭരണ-പ്രതിപക്ഷകക്ഷികള്‍ക്കു കഴിയുന്നില്ല? എല്ലാ പ്രളയബാധിതരുടെയും രക്തത്തിനു ചുവപ്പും കണ്ണീരിനു ജലവര്‍ണവുമാണെന്നു നമുക്കറിയാം. എന്നിട്ടും എന്തുകൊണ്ടു രാഷ്ട്രീയ മതസംഘടനകള്‍ക്കു കുറേക്കൂടി ഉത്സാഹത്തോടെ എല്ലാ ഭേദങ്ങളും മറന്ന് ഇല്ലാപ്പാവങ്ങളുടെ കണ്ണീരൊപ്പാനാകുന്നില്ല? ദുഃഖദുരിതങ്ങളില്‍പെടുന്നവരെ സഹായിക്കാന്‍ കഴിയുന്നവര്‍, വെറുതെ ഒരു ശുഭ്രപതാക കയ്യിലേന്തിയാല്‍ പോരേ? അതിനു പകരം എന്തിനു നല്ലതു ചെയ്യുമ്പോഴും പച്ച, ചുവപ്പ് കത്തിവേഷങ്ങള്‍ ഉള്ളില്‍ ഒളിച്ചുപിടിക്കണം?

എങ്കിലും ഓണദിനങ്ങളില്‍ ചില മനുഷ്യരോടു നാം പറഞ്ഞുവോ, "നന്നായി കരഞ്ഞോണ"മെന്ന്? അങ്ങനെ ഓണത്തിനു "കരഞ്ഞോണ"മാഘോഷിച്ച ഒരു 93-കാരിയെക്കുറിച്ച് എടത്വയില്‍നിന്നൊരു വാര്‍ത്ത കേട്ടു. എടത്വായിലെ ജനമൈത്രി പൊലീസ് സ്റ്റേഷനിലായിരുന്നു ഒറ്റപ്പെട്ടുപോയ ത്രേസ്യാമ്മയുടെ ഓണസദ്യ. ഏഴു മക്കളും ജീവിച്ചിരുന്നിട്ടും ത്രേസ്യാമ്മ ഓണത്തിന് ഒറ്റപ്പെട്ടുപോയി. മക്കളെല്ലാം നാട്ടിലും വിദേശത്തുമായി നല്ല നിലയിലാണ്. അമ്മയെ എപ്പോഴുംകണ്ടുകൊണ്ടിരിക്കാന്‍ വീട്ടിലും പുറത്തും മക്കള്‍ ഫിറ്റ് ചെയ്ത സിസിടിവി ക്യാമറകളുണ്ട്. അമ്മ 'കരഞ്ഞോണ'മാഘോഷിക്കുന്നതറിഞ്ഞ എടത്വാ പൊലീസ് അമ്മയെ മോചി പ്പിച്ചു. ഒരു ഉപദേശവും നല്കി: "ഇത്തരം ക്രൂരതകളരുത്." പൊലീസ് എത്തിയിരുന്നില്ലെങ്കില്‍ കവി പാടിയതുപോലെ "അമ്മയുടെ മധുരം" ഉറുമ്പുകളും പാറ്റകളും എലികളുമെല്ലാം കൂടുതല്‍ രുചിച്ചറിഞ്ഞേനെ.

ഇനി സര്‍ക്കാര്‍ വക 'കരഞ്ഞോണം' ആശംസ കിട്ടിയ ചിലരുണ്ട്. * ഇക്കൂട്ടത്തില്‍ ആദ്യ ത്തെ പേരുകാര്‍ സംസ്ഥാനത്തെ അതീവ ദരിദ്രരാണ്. റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഓണക്കിറ്റുകള്‍ ഇത്തവണ സര്‍ക്കാര്‍ നല്കിയില്ല. പണമില്ലെന്നായിരുന്നു കാരണം പറഞ്ഞത്. * 2017-ലെ പ്രളയകാലത്തുണ്ടായ നഷ്ടപരിഹാരമായി കര്‍ഷകര്‍ക്കു നല്കാനുള്ള 80 കോടി രൂപ ഓണത്തിനു നല്കിയില്ല. * ഉരുള്‍ പൊട്ടിയ പുത്തുമലയിലെ 53 കുടുംബങ്ങള്‍ക്കു സാങ്കേതികതടസ്സം പറഞ്ഞു പ്രളയസഹായമായി 10,000 രൂപ ഓണം കഴിഞ്ഞിട്ടും നല്കിയില്ല. *ബിഎസ്എന്‍എല്‍ ജോലിക്കാര്‍ക്ക് ഓണം കഴിഞ്ഞു സെപ്തംബര്‍ 18-ന് ശമ്പളം കൊടുക്കുമെന്നു പറഞ്ഞിരുന്നു. കിട്ടിയോ എന്നറിയില്ല. ഏതായാലും അതേ കമ്പനിയിലെ 6000 കരാര്‍ ജോലിക്കാര്‍ക്ക് ഏഴു മാസമായി ശമ്പളമില്ല. ഇതിനിടെ ശമ്പളക്കുടിശികപോലും നല്കാതെ കമ്പനി 2000 പേരെ പിരിച്ചുവിടുകയും ചെയ്തു. *മൂലമ്പിള്ളിയില്‍ നിന്നു പത്തു വര്‍ഷംമുമ്പു കുടിയിറക്കിയ 316 കടുംബങ്ങള്‍ ഇന്നും പട്ടിണിയിലാണ്. പകരം സ്ഥലം, വീട് തുടങ്ങിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നു മാത്രമല്ല, 2013 മുതല്‍ സര്‍ക്കാര്‍ നല്കിവന്ന വീട്ടുവാടകയും ഇപ്പോള്‍ മുടങ്ങിയിരിക്കുന്നു. * സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനില്‍ നിന്നു വിരമിച്ച 200-ലേറ പേര്‍ക്കു കോര്‍പ്പറേഷന്‍ പെന്‍ഷന്‍ കുടിശിക ഇപ്പോഴും തടഞ്ഞുവച്ചിരിക്കുന്നു. 2003-ല്‍ കോടതി ഉത്തരവിട്ടു, പണം നല്കാന്‍. കോര്‍പ്പറേഷന്‍ സ്ഥിരം പല്ല വി പാടുന്നു; പണമില്ല! നമ്മുടെ ഭരണസംവിധാനത്തിലെ മനുഷ്യപ്പറ്റില്ലാത്തവരുടെ കൊടും ക്രൂരതയുടെ കറുത്ത വൃത്തങ്ങളില്‍ വര്‍ണങ്ങളില്‍ കുടുങ്ങിപ്പോയവരോടു ശമ്പളവും ബോണസും വാങ്ങി കുമ്പ നിറച്ച ഭരണവേതാളങ്ങള്‍ ഓണദിനങ്ങളില്‍ പറഞ്ഞത് ഇതുതന്നെ: "നന്നായി കരഞ്ഞോണം!"

വാലറ്റക്കുറി: 2019 ആഗസ്റ്റിലെ പ്രളയദിനങ്ങളില്‍ കേരളം കുടിച്ചത് 1229 കോടി രൂപയുടെ മദ്യം. പുരയ്ക്കു മീതെ വെള്ളം വന്നാലും അതുക്കും മേലെ കുപ്പി, അല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org