പാതകള്‍ കുരുതിക്കളങ്ങള്‍: അധികൃതര്‍ നിസ്സംഗത പാലിക്കുന്നു

പാതകള്‍ കുരുതിക്കളങ്ങള്‍:  അധികൃതര്‍ നിസ്സംഗത പാലിക്കുന്നു

കേരളത്തിലെ റോഡുകളില്‍ ദിവസേനയെന്നോണം അനേകം പേര്‍ കുരുതി കഴിക്കപ്പെടുകയും അതിലേറെ പേര്‍ക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യുന്നു. പല കുടുംബങ്ങളും അനാഥമാകുന്നു. പലര്‍ക്കും കിടപ്പാടം വിറ്റു ചികിത്സിക്കേണ്ടി വരുന്നു. അത്യന്തം നിര്‍ഭാഗ്യകരമായിട്ടുള്ളത്, അധികൃതര്‍ ഇതേപ്പറ്റി കുറ്റകരമായ നിസ്സംഗത പുലര്‍ത്തുന്നുവെന്നതാണ്. വാഹനങ്ങള്‍ പെരുകുന്നതിനനുസരിച്ചു റോഡുകള്‍ വികസിക്കുന്നില്ല. റോഡുനിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ആരും ശ്രദ്ധിക്കുന്നുമില്ല.

ദേശീയപാത അഥോറിറ്റിയും കേരളത്തിലെ പൊതുമരാമത്തുവകുപ്പും റോഡുകള്‍ നിര്‍മിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്നാണു സങ്കല്പം. കെഎസ് ടിപി പോലുള്ള പ്രത്യേക പദ്ധതികളുമുണ്ട്. ഇവര്‍ ഏറ്റെടുക്കുന്ന ഒരു റോഡുപദ്ധതിയും സമയത്തു പൂര്‍ത്തീകരിക്കുന്നില്ല. നിര്‍മിക്കുന്ന പദ്ധതികള്‍ ഗുണനിലവാരം പുലര്‍ത്തുന്നുമില്ല. കേരളത്തിലെ പ്രധാനപ്പെട്ട ദേശീയപാതകളാണ് എന്‍എച്ച് 47-ഉം 17-ഉം. അതിന്‍റെ നമ്പറുകള്‍ ഇടയ്ക്കു മാറുന്നുണ്ട്. റോഡുനിലവാരം മാറുന്നുമില്ല. ചേര്‍ത്തലയ്ക്കു തെക്ക് ദേശീയപാത 47-ന്‍റെ വികസനം വഴിമുട്ടിയിട്ടു ദശകങ്ങള്‍ കഴിഞ്ഞു. ആലപ്പുഴ കൊല്ലം നഗരങ്ങള്‍ക്കു ബൈപ്പാസ് പണിതിട്ടും പണിതിട്ടും തീരുന്നില്ല. ദേശീയാത 17 ഗ്രാമപാതയുടെ നിലവാരത്തില്‍നിന്ന് ഉയര്‍ന്നു എന്നു പറയാനാവില്ല.

ദേശീയപാത 17-ന്‍റെ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള ഭാഗം അക്ഷരാര്‍ത്ഥത്തില്‍ കുരുതിക്കളമാണ്. അവിടെ അപകടമില്ലാത്ത ദിവസമില്ല. ഇത്രയേറെ പേരുടെ ജീവന്‍ അവിടെ പൊലിഞ്ഞിട്ടും അതു നാലുവരിയാക്കാന്‍ യാതൊരു നീക്കവുമില്ല. പാതവികസനം 30 മീറ്ററില്‍ വേണോ 45 മീറ്ററില്‍ വേണോ എന്ന തര്‍ക്കം ഇതുവരെ തീര്‍ന്നിട്ടില്ല. 30 മീറ്ററിലും 45 മീറ്ററിലും വികസനരേഖകള്‍ മാറിമാറിയുണ്ടാകുന്നു. ഏറ്റവും ഒടുവിലായി പറയുന്നു 45 മീറ്ററില്‍ പാത വികസിപ്പിക്കുമെന്ന്. റോഡിന്‍റെ വീതി പാതയ്ക്കിരുവശവുമുള്ള വീട്ടുകാരും കച്ചവടക്കാരും തീരുമാനിക്കുന്ന അത്യന്തം വിചിത്രമായ ഏര്‍പ്പാട് കേരളത്തിലല്ലാതെ വേറെങ്ങും ഉണ്ടെന്നു തോന്നുന്നില്ല. റോഡ് വീതി കൂട്ടേണ്ടതു പൊതു ആവശ്യമാണ്. അത് എങ്ങനെ വേണമെന്നു ബന്ധപ്പെട്ട അധികാരികള്‍ തീരുമാനിക്കണം. വഴിയരികിലുള്ളവര്‍ക്കു ന്യായമായ പ്രതിഫലം നല്കിയിട്ടേ സ്ഥലം ഏറ്റെടുക്കാവൂ. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഉദാസീനതയും ക്രൂരമായ അലംഭാവവുമാണു സ്ഥലമേറ്റെടുക്കലിനെതിരായി ജനങ്ങളെ തിരിക്കുന്നത്. അപ്പോഴും പൊതുനന്മയ്ക്കായി സ്ഥലം ഏറ്റെടുക്കുകതന്നെ വേണം. അതു നിഷ്പക്ഷമായി ചെയ്യാത്തതുകൊണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചില നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വഴങ്ങിയാല്‍ മറ്റുള്ളവര്‍ എതിരാകും.

വഴി വീതി കൂട്ടാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണു വേണ്ടത്. ജനപ്രതിനിധികള്‍ ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. വോട്ട് നഷ്ടപ്പെടുമെന്നു വിചാരിച്ചു റോഡ് വികസനത്തിനു തടസ്സം നില്ക്കുന്നവരുടെ കൂടെ അവര്‍ നിലകൊള്ളുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. ചിലപ്പോഴെങ്കിലും റോഡു കയ്യേറ്റക്കാര്‍ക്കു സംരക്ഷണം നല്കുന്നതു രാഷ്ട്രീയനേതാക്കളാണ്. റോഡില്‍ പൊലിഞ്ഞുവീഴുന്ന ജീവനുകള്‍ അവരോടു പൊറുക്കില്ലെന്ന് അവര്‍ മനസ്സിലാക്കണം. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ സ്ഥലമേറ്റെടുക്കല്‍ നടക്കുമെന്നതിന് ഉത്തമോദാഹരണമാണു ഗെയ്ലിനുവേണ്ടി പൈപ്പിടുന്നതിനുളള തടസ്സങ്ങള്‍ നീങ്ങിയത്.

റോഡപകടങ്ങള്‍ പെരുകാന്‍ വേറൊരു പ്രധാനപ്പെട്ട കാരണം റോഡുനിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തതാണ്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടാണു ചിലര്‍ വണ്ടിയോടിക്കുന്നത്. ചിലര്‍ക്കു ലൈസന്‍സ് പോലുമുണ്ടാകില്ല. ചില കേസുകള്‍ പിടിക്കും. പിടിക്കപ്പെടുന്നവര്‍ പലപ്പോഴും കൈക്കൂലി കൊടുത്തു രക്ഷപ്പെടും.

പൊലീസ് റോഡില്‍ ഇറങ്ങിനിന്നു വണ്ടി തടയുന്നതു പ്രാകൃതമായ ഏര്‍പ്പാടാണ്. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനികസംവിധാനങ്ങള്‍ വേണം. സിഗ്നല്‍ ഉള്ളിടത്ത് റെഡ്ലൈറ്റു ക്യാമറ വയ്ക്കാം. ചുവപ്പുലൈറ്റ് തളിഞ്ഞു കിടക്കുമ്പോള്‍ കവല മുറിച്ചു കടക്കുകയാണെങ്കില്‍ ക്യാമറയില്‍ പതിയും. അതില്‍നിന്നു വണ്ടിയുടെ നമ്പര്‍ എടുത്ത് ഉടമസ്ഥനെ തിരിച്ചറിഞ്ഞു പിഴ അടയ്ക്കാനുള്ള നോട്ടീസ് പോസ്റ്റില്‍ അയച്ചുകൊടുക്കുന്നതാണു വികസിതരാജ്യങ്ങളിലുള്ള രീതി. വേഗത കണ്ടുപിടിക്കുന്നതിനും യന്ത്രസംവിധാനങ്ങളുണ്ട്. അമിതവേഗതയില്‍ വണ്ടി ഓടിച്ചാല്‍ പിഴനോട്ടീസ് പിന്നാലെ ചെല്ലും. അങ്ങനെയായാല്‍ ആളുകള്‍ ശ്രദ്ധിച്ചേ വണ്ടി ഓടിക്കൂ.

ഗതാഗതനിയമങ്ങള്‍ പാലിക്കുന്നതിനും തെറ്റു കണ്ടാല്‍ ശിക്ഷിക്കുന്നതിനും പാശ്ചാത്യരാജ്യങ്ങളില്‍ പ്രത്യേക ഏജന്‍സിയെ നിയമിച്ചിരിക്കുകയാണ്. അതൊന്നും പൊലീസിന്‍റെ പണിയല്ല. ഈ ഏജന്‍സിക്കു വരുന്ന ചെലവു മിക്കവാറും പിഴയില്‍നിന്നുതന്നെ കിട്ടും. അതിനുവേണ്ടി സര്‍ക്കാര്‍ പണം ചെലവാക്കേണ്ടതില്ല. ഏജന്‍സി മുഖം നോക്കാതെ നിയമം നടപ്പാക്കുന്നതുകൊണ്ടു റോഡുകള്‍ സുരക്ഷിതമായിരിക്കുകയും ചെയ്യും.

ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍ക്കു സാമാന്യം കനത്ത പിഴയാണ് അമേരിക്കയിലും മറ്റും ചുമത്തുന്നത്. അതുകൊണ്ടു ഡ്രൈവര്‍മാര്‍ ശ്രദ്ധയുള്ളവരാണ്. തെറ്റുകള്‍ നിശ്ചിത എണ്ണത്തില്‍ കൂടുതലായാല്‍ ലൈസന്‍സ് റദ്ദാക്കും. ഓരോ നിയമലംഘനത്തിനും ഡിമെറിറ്റ് പോയിന്‍റുമുണ്ട്. ഡിമെറിറ്റ് പോയിന്‍റ്  നിശ്ചിത എണ്ണത്തില്‍ കൂടിയാലും ലൈസന്‍സ് റദ്ദാകും. ഈ ട്രാഫിക് റിക്കാര്‍ഡുകളെല്ലാം ഇന്‍ഷൂറന്‍സുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. ഡ്രൈവിംഗില്‍ മോശം റിക്കാര്‍ഡാണെങ്കില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം തുക കൂടും. ഇതും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനു പ്രേരകമാണ്.

സുരക്ഷാസംവിധാനങ്ങള്‍ നവീകരിക്കുകയും റോഡുനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യുകയാണെങ്കില്‍ റോഡിലെ കുരുതികള്‍ കുറയ്ക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org