|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> കേന്ദ്രഭരണം ‘തക്കിട തരികിട,’ പ്രതിപക്ഷമോ ‘തിത്തിത്താ തെയ് തെയ്!’

കേന്ദ്രഭരണം ‘തക്കിട തരികിട,’ പ്രതിപക്ഷമോ ‘തിത്തിത്താ തെയ് തെയ്!’

ആന്‍റണി ചടയംമുറി

ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തമസ്കരിക്കാനുള്ള തറവേലകള്‍ പയറ്റുകയാണു ബി ജെപി ഇപ്പോള്‍. പ്രധാനമന്ത്രിയെ നേര്‍വഴി നയിക്കാന്‍ കഴിയുന്ന ഭരണനൈപുണ്യമുള്ളവര്‍ അധികാരത്തിനു മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്നു. ഭരണത്തിലെ വീഴ്ചകളെപ്പറ്റി പറയുന്നവരെയാകട്ടെ ഒന്നുകില്‍ മരടു ഫ്ളാറ്റുപോലെ നിമിഷ നേരംകൊണ്ടു തകര്‍ക്കും. അല്ലെങ്കില്‍ ‘എന്‍ഫോഴ്സ്മെന്‍റ് കലാപരിപാടി’യില്‍ കുടുക്കും. പിന്നെ റെയ്ഡായി, ചോദ്യം ചെയ്യലായി, കോടതി കയറിയിറങ്ങലായി. കണ്ടില്ലേ, തമിഴ്നാട്ടില്‍ ‘ഇളയ ദളപതി’ വിജയ്നെ വെള്ളം കുടിപ്പിച്ചത്? സിനിമയില്‍ ജി.എസ്.ടി.ക്കും നോട്ട് പിന്‍വലിക്കലിനുമെതിരെ നടത്തിയ സിനിമാ ഡയലോഗുകള്‍ക്കുള്ള മറുപടിയെന്നോണം തുടര്‍ച്ചയായി മുപ്പതു മണിക്കൂര്‍ വിജയ്നെ ചോദ്യം ചെയ്തതായി മാധ്യമങ്ങള്‍ പറയുന്നു. 2021-ല്‍ നടക്കേണ്ട തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പുള്ള ബിജെപിയുടെ കരുനീക്കമായി ഈ ‘ചോദ്യം ചെയ്യല്‍ പരിപാടി’യെ കാണുന്നവരുണ്ട്. തമിഴ്നാട്ടിലെ സിനിമാരംഗത്തെ പണം കൊടുപ്പുകാരേക്കാള്‍, എത്രയോ ഭീകരന്മാരാണു ബോളിവുഡ്ഡിലുള്ളതെന്നു കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് അറിയാഞ്ഞിട്ടല്ല. സിനിമയിലായാലും കേന്ദ്രത്തെ വിമര്‍ശിക്കുന്നതു കേട്ടിരിക്കാന്‍ തങ്ങള്‍ക്കു മനസ്സില്ലെന്നു ബിജെപിയിലെ ചില നേതാക്കളും തമിഴ്നാട് മുഖ്യമന്ത്രി ഇടപ്പാടിയും കൂട്ടരും കരുതുന്നുണ്ടാവാം.

ആട്ടെ, നമ്മുടെ ദേശീയ പ്രതിപക്ഷം ഇപ്പോള്‍ എന്തു ചെയ്യുന്നു? പ്രാദേശിക കക്ഷികളുമായുള്ള കോണ്‍ഗ്രസ്സിന്‍റെ കൂട്ടുകെട്ടുകളും കൂടിയാലോചനകളും ഒരുവക മോരും മുതിരയുംപോലെയാണിപ്പോള്‍ ജമ്മു-കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കിയിട്ടു നാളുകളേറെയായി. പൗരത്വ രജിസ്റ്റര്‍ പ്രശ്നത്തില്‍പ്പോലും ദേശീയ പ്രതിപക്ഷം ഒറ്റക്കെട്ടല്ല. സിപിഎം-നു കേരളഭരണം, മംമതയ്ക്കു ബംഗാള്‍ഭരണം എന്നിങ്ങനെ കൊച്ചുകൊച്ചു താത്പര്യങ്ങളേ തത്ക്കാലമുള്ളൂ.

കേന്ദ്രഭരണം തക്കിടതരികിടയെന്നു പറയുന്നതു വെറുതെയല്ല. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമല്ല, ലാഭം കൊയ്യാന്‍ സാദ്ധ്യതയുള്ളവയും മോദി ഭരണകാലത്തു വില്ക്കാന്‍ പോകുകയാണ്. ‘ഒരുമിച്ചുനില്ക്കാത്ത പ്രതിപക്ഷ’മാണു ഇപ്പോള്‍ മോദിയുടെ തുറുപ്പുചീട്ട്. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പോലെ രാജ്യത്തിന്‍റെ ജനങ്ങള്‍ക്കും ഏറെ പ്രയോജനപ്രദമായ ഒരു സ്ഥാപനം വിറ്റു തുലയ്ക്കുന്നത് ഏതു തരത്തിലുള്ള ധനകാര്യ മാനേജുമെന്‍റാണാവോ? 1956-ലാണ് 245 ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലയിപ്പിച്ച് എല്‍ഐസി രൂപീകരിക്കപ്പെട്ടത്. ഇതിനായി നിയമം പാസ്സാക്കിയ ഇന്ത്യന്‍ പാര്‍ലമെന്‍റുതന്നെയാണ് അതേ സ്ഥാപനം സ്വകാര്യസംരംഭകര്‍ക്കു കൈമാറാന്‍ തീരുമാനമെടുത്തതെന്നതു വിചിത്രമായി തോന്നാം.

1955-ലാണു സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നടത്തുന്ന തട്ടിപ്പുകളെപ്പറ്റി എക്കാലത്തെയും മികച്ച പാര്‍ലമന്‍റേറിയനെന്നു വിശേഷിപ്പിക്കുന്ന ഫിറോസ് ഗാന്ധി (പില്ക്കാലത്ത് ഇന്ദിരയുടെ ഭര്‍ത്താവ്) തെളിവുകള്‍ സഹിതം പരാതി ഉന്നയിച്ചത്. അന്നത്തെ കൊമ്പനും വമ്പനുമായിരുന്ന രാമകൃഷ്ണ ഡാല്‍മിയ എന്ന ശതകോടീശ്വരനെ ഇതിന്‍റെ പേരില്‍ രണ്ടു വര്‍ഷം ജയിലിലടയ്ക്കേണ്ടി വന്നു അന്നത്തെ സര്‍ക്കാരിന്. ഇതോടെയാണു അന്നത്തെ ദേശീയരായ 154 ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളും 16 വിദേശ ഇന്‍ഷൂറന്‍സ് കമ്പനികളും 75 പ്രോവിഡന്‍റ് ഫണ്ട് കമ്പനികളും ലയിപ്പിച്ചു എല്‍ഐസി രൂപീകരിച്ചത്. അന്നത്തെ മൂലധനം 45.91 കോടി രൂപ. ഇന്ന് എല്‍ഐസിയുടെ നിക്ഷേപം മാത്രം 2.33 ലക്ഷം കോടി. 2006-ല്‍ രാജ്യത്തിന്‍റെ ജിഡിപിയുടെ ഏഴു ശതമാനം വരെ എല്‍ഐസി നേടിയെടുത്തു! തുടക്കത്തില്‍ 300 ഓഫീസുകളുണ്ടായിരുന്ന എല്‍ഐസിക്ക് ഇന്ന് 2048 ബ്രാഞ്ച് ഓഫീസുകളുണ്ട്. കൂടാതെ എട്ട് സോണല്‍ ഓഫീസുകളം 113 ഡിവിഷണല്‍ ഓഫീസുകളും 1408 സാറ്റലൈറ്റ് ഓഫീസുകളും 54 കസ്റ്റമര്‍ സോണുകളും ഒന്നര ലക്ഷം ജീവനക്കാരും. വ്യക്തിഗത ഏജന്‍റുമാര്‍ മാത്രം 1537064. കോര്‍പ്പറേറ്റ് ഏജന്‍റുമാര്‍ 342. പഞ്ചവത്സരപദ്ധതികളില്‍ മാത്രം 2017-22 കാലഘട്ടത്തില്‍ എല്‍ഐസിയുടെ വിഹിതം 28,01,483 കോടി രൂപയാണ്!

വാതകക്കുഴലുകളും വില്പനയ്ക്ക്
പ്രകൃതിവാതക വിതരണ ഏജന്‍സിയായ ഗെയിലിലും കേന്ദ്രം കണ്ണുവച്ചു കഴിഞ്ഞു. ഒരു പൊതുമേഖലാ സംരംഭത്തോട് അനുഭാവം കാണിച്ച പൊതുജനത്തിന്‍റെ നല്ല സമീപനമെന്ന നിലയില്‍ വിട്ടുകൊടുത്ത ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട 16,981 കിലോമീറ്റര്‍ വരുന്ന വാതകക്കുഴലുകള്‍ കേന്ദ്രം വില്ക്കാന്‍ പോകുകയാണ്. ഈ പദ്ധതി പൂര്‍ത്തീകരിച്ച ‘ഗെയ്ല്‍’ ഇനി വാതകവിതരണത്തിനായി ഈ പൈപ്പുകള്‍ സ്വന്തമാക്കുന്ന കമ്പനിക്കു വാടക നല്കേണ്ടി വരും. സര്‍ക്കാരിന്‍റെയും ജനത്തിന്‍റെയും ഔദാര്യം മുതലാക്കാന്‍പോലും സ്വകാര്യസംരംഭകരെ കേന്ദ്രം ക്ഷണിച്ചുവരുത്തുകയാണെന്നു ചുരുക്കം. ഏറെ വാര്‍ ത്താപ്രാധാന്യം നേടിക്കഴിഞ്ഞ ബിപിസിഎല്‍ന്‍റെ (ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) കഥയോ? എട്ടു ലക്ഷം കോടി രൂപ മൂല്യമുള്ള കമ്പനിക്കു കേന്ദ്രം ഇട്ടിരിക്കുന്ന മൂല്യം 1,36,930 കോടി രൂപ മാത്രമാണ്. 25,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പോലും ഈയിടെയാണു കൊച്ചിയില്‍ പൂര്‍ത്തിയാക്കിയത്. ഇതിനായി 176 ഏക്കര്‍ ഭൂമി ബിപിസിഎല്ലിനുവേണ്ടി കേരളം ഏറ്റടുത്തു നല്കി. ഇതോടെ ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞു. വിത്തു മാത്രമല്ല, വരുംവര്‍ഷങ്ങളിലെ കൊയ്ത്തുകള്‍കൂടി കീശയിലാക്കാന്‍ കേന്ദ്രവും കുത്തകകളും ഒത്തുചേരുകയാണ്. എന്നിട്ടും മോദിവിരുദ്ധ കക്ഷികള്‍ പല കൊമ്പുകളിലിരുന്നു കലപില കൂട്ടുകയാണ്! കഷ്ടം!

Leave a Comment

*
*