Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> വളരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമല്ലേ?

വളരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമല്ലേ?

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

നവോത്ഥാന മൂല്യങ്ങളുടെ പിതൃത്വം അവകാശപ്പെട്ടുകൊണ്ടു മാര്‍ക്സിസ്റ്റ് പാര്‍ട്ടി പല പ്രഖ്യാപനങ്ങളും യോഗങ്ങളും നടത്തുന്നുണ്ട്. പാര്‍ട്ടി ലിംഗസമത്വത്തിനുവേണ്ടി നിലകൊള്ളുന്നുവത്രേ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കഴിഞ്ഞാല്‍ ഇവിടെ നവോത്ഥാനം പൂര്‍ണമാകുമെന്നാണു പാര്‍ട്ടിയുടെ നിലപാട്. അങ്ങനെയുള്ള പാര്‍ട്ടിയുടെ നേതാക്കന്മാര്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റവുംവരെ പോകും. പെണ്ണുങ്ങള്‍ തടസ്സം നിന്നാല്‍ വച്ചുപൊറുപ്പിക്കുകയില്ല. തിരുവനന്തപുരത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറോട് അവര്‍ ചെയ്തത് അതാണ്. സൂര്യോദയം കാണുന്നതിനു മുമ്പുതന്നെ അവര്‍ ഡി.സി.പി. ചൈത്ര തെരേസ ജോണിന്‍റെ കസേര തെറിപ്പിച്ചു. ചൈത്ര തെരേസ ചെയ്ത തെറ്റ്? പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു രക്ഷപ്പെടുത്തിയ സഖാക്കള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിച്ചു. ഡി.സി.പി. അവരെ പിടിക്കാന്‍ പാര്‍ട്ടിയുടെ ജില്ലാക്കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞ സഖാക്കള്‍ പ്രതികളെ പിന്‍വാതിലിലൂടെ രക്ഷപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥ പാര്‍ട്ടി ഓഫീസില്‍ കയറിയതു മഹാപരാധമാണത്രേ. രാജ്യത്തിന്‍റെ നിയമം പാര്‍ട്ടി ഓഫീസിന്‍റെ ഗെയ്റ്റിനുള്ളിലേക്കു കൈനീട്ടാന്‍ പാടില്ല!

പക്ഷേ, യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടിയുടെ മാമൂലുകള്‍ പാലിക്കുന്നില്ല. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ മൂന്നാറില്‍ പഞ്ചായത്ത് പണിതുകൊണ്ടിരുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മാണം സബ് കളക്ടര്‍ രേണു രാജ് തടഞ്ഞു. ‘അവളെ ഞാന്‍ വച്ചേക്കില്ല’ എന്ന മട്ടിലായിരുന്നു എംഎല്‍എയുടെ പ്രതികരണം. നിയമാനുസൃതമായ സബ് കളക്ടറുടെ നടപടി എതിര്‍ക്കാന്‍ യാതൊരു ന്യായവുമില്ല. അവസാനം എംഎല്‍എ ഒന്ന് മെരുങ്ങി. രേണുരാജ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നാണു മനസ്സിലാക്കുന്നത്. പഴയ തലമുറയിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം നോക്കി നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ടാകാം. അതിന്‍റെ നഷ്ടം മുഴുവന്‍ പൊതുജനമാണു സഹിക്കുന്നത്. മുതിര്‍ന്ന ഐപിഎസ്സുകാരനായ ടോമിന്‍ തച്ചങ്കരിയെ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ ചെയര്‍മാനാക്കി. ശമ്പളവും പെന്‍ഷനും നല്കാന്‍ എല്ലാ മാസവും സര്‍ക്കാര്‍ നികുതിപ്പണമെടുത്തു കൊടുക്കേണ്ട ഗതികേടിലായിരുന്നു കോര്‍പ്പറേഷന്‍. പലതവണ ശമ്പളവും പെന്‍ഷനും മുടങ്ങിയിരുന്നു. കോര്‍പ്പറേഷനെ കരകയറ്റാന്‍ തച്ചങ്കരി ചില നടപടികളെടുത്തു. അവ ഫലം കണ്ടു. കോര്‍പ്പറേഷന് വരുമാനം കൂടി. ആദ്യമായി ജീവനക്കാര്‍ക്കു സ്വന്തം ഫണ്ടില്‍ നിന്നു ശമ്പളവും പെന്‍ഷനും നല്കി. തച്ചങ്കരിയെ സര്‍ക്കാരും ജീവനക്കാരും പുകഴ്ത്തുമെന്നാണു സാധാരണ ഗതിയില്‍ ജനം പ്രതീക്ഷിക്കുക. പിറ്റേ ദിവസം അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റുകയാണു സര്‍ക്കാര്‍ ചെയ്തത്. കാരണം? കോര്‍പ്പറേഷനെ കരകയറ്റാനുള്ള നടപടികള്‍ യൂണിയന്‍കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്‍റെ ഓരോ നടപടിയും യൂണിയന്‍ ഗുണ്ടകള്‍ എതിര്‍ത്തിരുന്നു. അവസാനം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി എംഡിയെ മാറ്റി. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുവാന്‍ ആരു വിചാരിച്ചാലും നടക്കില്ല എന്ന സന്ദേശമാണ് അവര്‍ നല്കിയത്. അതേസമയം തങ്ങളുടെ ശമ്പളവും പെന്‍ഷനും മുടങ്ങാന്‍ അവര്‍ സമ്മതിക്കുകയുമില്ല.

കേരളത്തിലെ രാഷ്ട്രീയ ഗുണ്ടായിസത്തിന്‍റെ നേര്‍ച്ചിത്രമാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. നാടിനും നാട്ടാര്‍ക്കും എന്തു സംഭവിച്ചാലും തങ്ങള്‍ പറയുന്നതുപോലെ എല്ലാം നടക്കണം എന്നാണു രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ചു മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരുടെ നിലപാട്. എല്ലാ രംഗത്തും ഈ ധാര്‍ഷ്ട്യം കാണാം. കൂടുതല്‍ ഓട്ടോണമസ് കോളജുകള്‍ വേണമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നയം. അത്തരം കോളജുകള്‍ക്കു കേന്ദ്രഫണ്ട് ലഭ്യമാകും. കഴിഞ്ഞ സര്‍ക്കാര്‍ മുന്തിയ ചില കോളജുകള്‍ക്ക് ഓട്ടോണമസ് പദവി നല്കി. എറണാകുളം ഗവണ്‍മെന്‍റ് മഹാരാജാസ് കോളജും അതില്‍പ്പെടും. അദ്ധ്യാപക യൂണിയന്‍കാര്‍ ഓട്ടോണമസ് കോളജുകളെ എതിര്‍ക്കുകയാണ്. മഹാരാജാസ് കോളജില്‍ എസ്എഫ്ഐക്കാരെ കൂട്ടുപിടിച്ച് അവര്‍ അവിടത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലുംനിന്നു കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ ചുരുക്കം സ്ഥാപനങ്ങളിലൊന്നാണു കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല. അവിടെ ദിനേനയെന്നോണം കത്തിക്കുത്തും അക്രമവുമാണ്. ഒരു വിദ്യാഭ്യാസസ്ഥാപനത്തിലും മികച്ച വിദ്യാഭ്യാസം നടക്കാന്‍ സമ്മതിക്കുകയില്ല എന്നതു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണെന്നു തോന്നുന്നു.

ഇവിടെ വളരുന്ന തലമുറ എങ്ങനെ പിഴച്ചുപോകും? ആകെക്കൂടി വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖല ടൂറിസമാണ്. കേരളത്തിന്‍റെ പച്ചപ്പും ജലസമൃദ്ധിയും വിറ്റു കാശാക്കുന്ന പരിപാടിയാണത്. എന്നാല്‍ അതിനും തുരങ്കം വയ്ക്കുകയാണ് ഇവിടത്തെ രാഷ്ട്രീയക്കാര്‍. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ ടൂറിസത്തെ നശിപ്പിക്കുമെന്ന് എല്ലാവരും സമ്മതിക്കുന്നു. കോടതി പല പ്രാവശ്യവും തടയാന്‍ ശ്രമിച്ചിട്ടും ഹര്‍ത്താല്‍ നടത്തിയാലേ അടങ്ങൂ എന്ന നിലപാടിലാണു രാഷ്ട്രീയപാര്‍ട്ടികള്‍.

ഈ സാഹചര്യത്തില്‍ വളരുന്ന തലമുറ എന്തു ചെയ്യും? പലായനം ചെയ്യുക മാത്രമാണു പോംവഴി. ആദ്യമൊക്കെ തൊഴില്‍ തേടിയാണു യുവതീയുവാക്കള്‍ വിദേശരാജ്യങ്ങളില്‍ പോയിരുന്നത്. ഇപ്പോള്‍ പഠനംതന്നെ വിദേശത്താകാമെന്ന രീതിയിലാണു കാര്യങ്ങള്‍ നീങ്ങുന്നത്. പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞവരെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ പഠനമെന്നു പറഞ്ഞു യുഎസ്, കാനഡ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കു കയറ്റി വിടുകയാണ്. അവര്‍ ഏതു തരത്തിലുള്ള വിദ്യാഭ്യാസമാണു നേടുന്നതെന്നന്ന് ആരും അന്വേഷിക്കുന്നില്ല. അവിടെ ജോലി ചെയ്യാം, പൗരത്വം നേടാമെന്നാണു വാഗ്ദാനം. വാഗ്ദാനം ചെയ്യുന്ന പഠനത്തിന്‍റെയും ജോലിയുടെയും ഗുണനിലവാരം ഉറപ്പു വരുത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? തങ്ങളുടെ യൂണിവേഴ്സിറ്റികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് അധികൃതര്‍ വിദേശവിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നത്. കുട്ടികളെ കയറ്റി അയയ്ക്കുന്ന ഏജന്‍സികള്‍ അവരുടെ ഭാവിയൊന്നും പരിഗണിക്കുന്നില്ല. ഈ നാടിന്‍റെ ഭാവിയെപ്പറ്റി അല്പമെങ്കിലും ചിന്തയുള്ള സര്‍ക്കാരാണെങ്കില്‍ ഈ റിക്രൂട്ടിംഗ് ഏജന്‍സികളുടെ മേല്‍ പണ്ടേ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയേനേ.

Leave a Comment

*
*