നേതാക്കന്മാരുടെ സ്വയംകൃതനാര്‍ത്ഥങ്ങള്‍

നേതാക്കന്മാരുടെ സ്വയംകൃതനാര്‍ത്ഥങ്ങള്‍

നമ്മുടെ രാഷ്ട്രീയനേതാക്കന്മാര്‍ തന്ത്രങ്ങള്‍ക്കും കുതന്ത്രങ്ങള്‍ക്കും പേരുകേട്ടവരാണ്. തന്ത്രങ്ങള്‍ മെനഞ്ഞുണ്ടാക്കിയെടുക്കുന്ന തീരുമാനങ്ങള്‍ പക്ഷേ, ചിലപ്പോഴെങ്കിലും സാമാന്യയുക്തിക്കു നിരക്കുന്നതല്ല. യു.ഡി.എഫിലെ വലിയ കക്ഷിയായ കോണ്‍ഗ്രസ്സിന് അര്‍ഹതപ്പെട്ട രാജ്യസഭാസീറ്റ് മുന്നണിയില്‍ അംഗമല്ലാത്ത ഒരു കക്ഷിക്കു വച്ചുനീട്ടുന്നു. അതിനുശേഷം ആ കക്ഷി മുന്നണിയിലേക്കു വരുന്നു. ഈ പാര്‍ട്ടിയുടെ പിന്നാലെ ഭൈമീകാമുകന്മാരായി എല്‍.ഡി.എഫും ബി.ജെ.പി.യുമുണ്ടായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ഈ കക്ഷി ബി.ജെ.പിയിലേക്കു ചാടുമോ എന്ന ആശങ്ക കോണ്‍ഗ്രസ്സുകാര്‍ തന്നെ പ്രകടമാക്കുന്നു. അതിലും വിചിത്രം സീറ്റു കിട്ടിയ കേരള കോണ്‍ഗ്രസ്സ് എടുത്ത തീരുമാനമാണ്. നിലവില്‍ ലോക്സഭയില്‍ അംഗമായ ആളെ രാജി വപ്പിച്ചു രാജ്യസഭയിലേക്കു മത്സരിപ്പിക്കുന്നു. സ്വാര്‍ത്ഥതാത്പര്യങ്ങളാല്‍ അന്ധരായിത്തീരുന്ന നേതാക്കന്മാര്‍ കാട്ടിക്കൂട്ടുന്ന ഇത്തരം കോപ്രായങ്ങള്‍ സാധാരണ ജനങ്ങളില്‍ ചങ്കിടിപ്പ് ഉളവാക്കുന്നു.

മുന്നണികളില്‍ എങ്ങനെയാണ് അവിശ്വാസവും സംശയവും ഉടലെടുക്കുന്നത്? ഒരേ മുന്നണിയിലെ കക്ഷികള്‍ ഇതര കക്ഷികളുടെ സ്വാധീനമേഖലകളിലേക്കു കടന്നുകയറി ആധിപത്യം ഉറപ്പിക്കാനും അവയെ ക്ഷയിപ്പിക്കാനും ശ്രമിക്കുന്നതാണ് അവിശ്വാസത്തിന്‍റെ മൂലകാരണം. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും ഈ പണിയാണു ചെയ്തുകൊണ്ടിരുന്നത്. കോണ്‍ഗ്രസ്സില്‍ വിശ്വാസം കുറഞ്ഞ കേരള കോണ്‍ഗ്രസ്സ് ഇടതുപക്ഷത്തേയ്ക്കു ചായാന്‍ തുടങ്ങി. ആ നീക്കത്തിനു തടയിടാന്‍ കോണ്‍ഗ്രസ്സില്‍ ആരൊക്കെയോ ബാര്‍കോഴ വലിയ വിഷയമായി അവതരിപ്പിച്ചു. അതിന്‍റെ പേരില്‍ കെ.എം. മാണിക്കു മന്ത്രിസഭയില്‍നിന്നു പുറത്തു പോകേണ്ടി വന്നു. രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള ഉള്‍പ്പോരുകള്‍ തിരഞ്ഞെടുപ്പു തോല്‍വിക്കു കാരണമായി. ബാര്‍ക്കോഴ വലിയ അഴിമതിയായി ചിത്രീകരിച്ച എല്‍.ഡി.എഫ്. കേരള കോണ്‍ഗ്രസ്സിനെ വശത്താക്കാന്‍ ശ്രമിക്കുന്ന വിചിത്ര കാഴ്ചയും കേരളം കണ്ടു. എല്‍. ഡി.എഫ്. തിരഞ്ഞെടുപ്പില്‍ നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേരള കോണ്‍ ഗ്രസ്സിനെ ഒപ്പം കൂട്ടാനുള്ള ശ്രമം ഉപേക്ഷിച്ചില്ല. അത് ഇടതുമുന്നണിയിലുള്ള സി.പി.ഐ.യെ ഒതുക്കാനാണെന്നു പറയുന്നു. അതിനാല്‍ത്തന്നെ മാണി ഗ്രൂപ്പിന്‍റെ എല്‍.ഡി.എഫ്. പ്രവേശനത്തെ സി. പി.ഐ. നഖശിഖാന്തം എതിര്‍ക്കുകയാണ്. അവസാനം മാണിക്കും മകന്‍ ജോസിനും ആവശ്യമായ സ്ഥാനങ്ങള്‍ ഉറപ്പാക്കി മാണി ഗ്രൂ പ്പ് യു.ഡി.എഫില്‍ എത്തിയിരിക്കുകയാണ്. മുന്നണികളിലെ ഉള്‍പ്പോരും കുതന്ത്രങ്ങളും ഇതോടെ അവസാനിച്ചുവെന്നു കരുതാനാവില്ല.

കേന്ദ്രത്തില്‍ ബി.ജെ.പി.യും ഇങ്ങനെ ചില നീക്കങ്ങള്‍ നടത്തിയതിന്‍റെ ഫലമായി എന്‍.ഡി.എ. ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പി.ക്കു കിട്ടി. തിരഞ്ഞെടുപ്പു ജയിക്കാന്‍ മോദിമാജിക് മതിയാകുമെന്നു ബി.ജെ.പി. ചിന്തിക്കാന്‍ തുടങ്ങി. മോദിയുടെ പ്രസംഗങ്ങള്‍ 2014-നുശേഷം ഇന്ത്യയില്‍ നടന്ന ഭയങ്കര മാറ്റങ്ങളുടെ ചിത്രം വരച്ചിട്ടു. പുതിയ ഇന്ത്യയെ ജനങ്ങളൊന്നാകെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടുവെന്നാണു ബി.ജെ.പി. കരുതുന്നത്. അപ്പോള്‍ 2019-ലെ ജയം തങ്ങള്‍ക്കുറപ്പാണ്. പിന്നെന്തിനു ഘടകകക്ഷികളുടെ ഭാരം ചുമക്കണം? ബി.ജെ.പി. എം.പി.മാരുടെ എണ്ണം കൂട്ടാനുള്ള തന്ത്രങ്ങള്‍ അമിത് ഷാജി മെനയാന്‍ തുടങ്ങി. ആദ്യം മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയെ ഒതുക്കാന്‍ ശ്രമമാരംഭിച്ചു. ശിവസേന പ്രയോഗത്തില്‍ എന്‍.ഡി.എ. വിട്ടു. അടുത്തു നടന്ന ലോക് സഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേന സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിച്ചു. ശിവസേന സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടുവെങ്കിലും ഗണ്യമായ വോട്ട് തേടി. കോണ്‍ഗ്രസ്സുമായി ധാരണയിലെത്തുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി. പരുങ്ങലിലാകും.

ബി.ജെ.പി.യുടെ ഉറച്ച കൂട്ടാളിയായിരുന്നു ആന്ധ്രാപ്രദേശിലെ തെലുങ്കുദേശം പാര്‍ട്ടി. എന്നാല്‍ ബി.ജെ.പി. അവിടെ തെലുങ്കുദേശത്തിന്‍റെ ചെലവില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിച്ചപ്പോല്‍ ചന്ദ്രബാബു നായിഡു ഇടഞ്ഞു. ബി.ജെ.പി.യുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടു ടി.ഡി.പി., എന്‍.ഡി.എ. വിട്ടു. തെലുങ്കുദേശത്തിന്‍റെ സഹായമില്ലാതെ ആന്ധ്രയില്‍ ബി.ജെ.പി.ക്കു പച്ചപിടിക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല. പഞ്ചാബില്‍ ശിരോമണി അകാലി ദള്‍ ബി.ജെ.പി.യുമായി നല്ല ബന്ധത്തിലല്ല. കോണ്‍ഗ്രസ്സിനെയും ആര്‍.ജെ.ഡി.യെയും വിട്ടു ബി.ജെ.പി.യുടെ കൂടെക്കൂടിയ ജനതാദള്‍ (യു) ഇപ്പോള്‍ ബീഹാറില്‍ വെള്ളം കുടിക്കുകയാണ്. ലാലുപ്രസാദ് യാദവിനെ ജയിലില്‍ അടച്ചുവെങ്കിലും മകന്‍ തേജസ്വി യാദവ് അവിടെ ജനപിന്തുണയാര്‍ജ്ജിക്കുകയാണ്. പസ്വാന്‍റെ പാര്‍ട്ടിക്കും എന്‍.ഡി.എ. യില്‍ തൃപ്തിയില്ല. കേരളത്തില്‍ ബിഡി.ജെ.എസ്സിനെ പൂര്‍ണ തോതില്‍ എന്‍.ഡി.എ. ഘടകകക്ഷിയായി കണക്കാക്കാന്‍ ബി.ജെ.പി. തയ്യാറായിരുന്നില്ല. അതിന്‍റെ അനന്തരം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കാണാനായി; ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്കു കഴിഞ്ഞ തവണത്തേക്കാള്‍ 7000 വോട്ട് കുറഞ്ഞു.

വലിയ പ്രതീക്ഷ നല്കിക്കൊണ്ടാണു മോദി-ഷാ കൂട്ടുകെട്ടു കേന്ദ്രത്തില്‍ ഭരണം തുടങ്ങിയത്. ഇവരുടെ അശ്വമേധത്തെ തടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു പാര്‍ട്ടിക്കാര്‍ കരുതി. അങ്ങനെ അധികാരം അവരുടെ തലയ്ക്കു പിടിച്ചു. എന്നാല്‍ ഭരണരംഗത്തു മോദിക്കു ഗുരുതരമായ വീഴ്ചകളുണ്ടായി. നോട്ടുനിരോധനവും ജി.എസ്.ടി. നടപ്പാക്കിയ രീതിയും തിരിച്ചടിച്ചു. അതിലുപരി, മോദി ഭരണം പാവപ്പെട്ടവരെയും കര്‍ഷകരെയും കണക്കിലെടുക്കുന്നേയില്ല. പാര്‍ട്ടിയുടെ തലത്തില്‍, അമിത ആത്മവിശ്വാസത്തോടെ ഷാജി നടത്തുന്ന നീക്കങ്ങളും പാളുകയാണ്.

കുതന്ത്രങ്ങള്‍ മാറ്റിവച്ചിട്ടു പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും യാഥാര്‍ത്ഥ്യബോധത്തോടുംകൂടി നേതാക്കന്മാര്‍ പ്രവര്‍ത്തിച്ചാലേ മുന്നണികള്‍ക്ക് ഉറച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിയൂ. അങ്ങനെ ചെയ്യാതെയുണ്ടാകുന്ന വീഴ്ചകള്‍ സ്വയംകൃതാനര്‍ത്ഥങ്ങളാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org