Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> വിഷയമല്ല, വിഷയങ്ങളും തിരഞ്ഞെടുപ്പും

വിഷയമല്ല, വിഷയങ്ങളും തിരഞ്ഞെടുപ്പും

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

ഒരു പാര്‍ട്ടിയോ മുന്നണിയോ അധികാരത്തില്‍ വരുന്നത് അവരുടെ കര്‍മപരിപാടി നടപ്പിലാക്കാനാണ് എന്നാണു ധാരണ. അതുകൊണ്ടാണു പ്രകടനപത്രികയും പൊതുമിനിമം പരിപാടിയുമൊക്കെ പ്രസക്തമാകുന്നത്. കര്‍മപരിപാടി നടപ്പാക്കുന്നതും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കുന്നതും നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും ഒരു വിഷയമല്ലാതായിത്തീര്‍ന്നിരിക്കുകയാണ്. നടപ്പാക്കിയ വാഗ്ദാനങ്ങളുടെ പേരില്‍ വീണ്ടും വോട്ട് ചോദിക്കുന്ന ഏതെങ്കിലും പാര്‍ട്ടിയുണ്ടെന്നു തോന്നുന്നില്ല. പകരം ഓരോ തിരഞ്ഞെടുപ്പിലും പുതിയ പുതിയ മുദ്രാവാക്യങ്ങള്‍ കണ്ടെത്തുകയാണ്. പലപ്പോഴും ജനജീവിതവുമായി ബന്ധമില്ലാത്തതും ജനങ്ങളെ വിഭജിക്കുന്നതുമായ മുദ്രാവാക്യങ്ങളാണു പാര്‍ട്ടികള്‍ കണ്ടെത്തുന്നത്. രാഷ്ട്രീയബോധം കൂടുതലുള്ള കേരളം ഇക്കാര്യത്തില്‍ ഭേദമാണെന്നു നാം വിചാരിച്ചു. എന്നാല്‍ അടുത്തകാലത്തായി അന്തസ്സാരശൂന്യവും വിഭാഗീയത വളര്‍ത്തുന്നതുമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുകൊണ്ടു പാര്‍ട്ടികള്‍ പൊതുമണ്ഡലത്തിലേക്കു കൊണ്ടുവരികയാണ്.

ശബരിമല വിഷയം അങ്ങനെയുള്ളതാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്കണമെന്ന് ആവശ്യപ്പെട്ടതു ചില ഹിന്ദുസംഘടനകള്‍തന്നെയാണ്. അവരില്‍പ്പെട്ട ചിലര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ആര്‍.എസ്.എസ്സുമായി ബന്ധപ്പെട്ടവര്‍ ആദ്യം വിധിയെ സ്വാഗതം ചെയ്തു. പിന്നീടു സംഘ്പരിവാര്‍ അതിന്‍റെ രാഷ്ട്രീയമൂല്യം തിരിച്ചറിഞ്ഞു വിധിക്കെതിരെ രംഗത്തു വന്നു. വിധിയില്‍ തൃപ്തിയില്ലെങ്കില്‍ അവര്‍ക്കു വീണ്ടും കോടതിയെ സമീപിക്കാമായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് അവരതു രാഷ്ട്രീയവിഷയമായി എടുത്തു. പിണറായി സര്‍ക്കാരിനും ഇടതുപക്ഷത്തിനും ഈ വിധിക്കു നേരെ കണ്ണടയ്ക്കാമായിരുന്നു. ഉടന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നില്ല വിധി. എത്രയോ കോടതിവിധികള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. എന്നാല്‍ പിണറായിയും കൂട്ടരും ഇതില്‍ രാഷ്ട്രീയാവസരം കണ്ടു. ലിംഗനീതിക്കുവേണ്ടി നിലകൊള്ളുന്നുവെന്ന അവകാശവാദമുയര്‍ത്തി പുരോഗമന ചിന്താഗതിക്കാരെ കൂടെനിര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ടു രാഷ്ട്രീയമിടം ഇടതുപക്ഷത്തിനും ബിജെപിക്കും പിടിച്ചെടുക്കാമെന്ന ധാരണ ഇരുകൂട്ടരുമുണ്ടാക്കി. ബിജെപി വിശ്വാസികള്‍ക്കുവേണ്ടി ‘കീ ജയ്’ വിളിക്കുകയും സമരം കൊഴുപ്പിക്കുകയും ചെയ്തു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നവോത്ഥാനത്തിന്‍റെ കുത്തക അവകാശപ്പെട്ടുകൊണ്ടു മതിലുകള്‍ തീര്‍ത്തു.

അതിനേക്കാളും പ്രസക്തമായ വിഷയം അക്രമരാഷ്ട്രീയമാണ്. ഉത്തര കേരളത്തില്‍ ഇതു സജീവമായ വിഷയമാണുതാനും. എങ്കിലും പെരിയായിലെ ഇരട്ട കൊലപാതകമാണ് ഇതിനെ സജീവ രാഷ്ട്രീയവിഷയമാക്കിയത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇതിനെ രാഷ്ട്രീയ ചര്‍ച്ചാവിഷയമാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നു തോന്നുന്നില്ല. ഏതായാലും കാസര്‍ഗോട് മാത്രമല്ല കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ അക്രമരാഷ്ട്രീയം സജീവ ചര്‍ച്ചാവിഷയമാകും. വാസ്തവത്തില്‍ അക്രമരാഷ്ട്രീയം കേരളത്തിലെങ്ങും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കൊലപാതകം മാത്രമല്ല ആക്രമണത്തിന്‍റെ പരിധിയില്‍ വരുന്നത്. എതിരാളികള്‍ക്കു പ്രവര്‍ത്തിക്കാനെന്നല്ല മിണ്ടാന്‍ പോലും അനുവാദംകൊടുക്കാത്ത രാഷ്ട്രീയശൈലി ഇവിടെ രൂപംകൊണ്ടിട്ടുണ്ട്. കോളജ് കാമ്പസുകളില്‍പ്പോലും എതിരാളികളെ അടിച്ചൊതുക്കുകയും വെട്ടിനുറുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അരങ്ങേറുന്നു. കൈവെട്ടും കാലുവെട്ടും എന്നിങ്ങനെ ഭീഷണികളും ഉയരുന്നു. അക്രമരാഷ്ട്രീയം തീര്‍ച്ചയായും കേരളത്തിലുടനീളം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

യഥാര്‍ത്ഥത്തില്‍ ജനജീവിതത്തെ ബാധിക്കുന്നതു സാമ്പത്തികവിഷയങ്ങളാണ്. കേരളത്തില്‍ മുഖ്യ ചര്‍ച്ചാവിഷയമാകേണ്ടതു പ്രളയാനന്തര പുനര്‍നിര്‍മാണമാണ്. പ്രളയത്തില്‍ നശിച്ച വീടുകള്‍, പൊതുകെട്ടിടങ്ങള്‍ റോഡുകള്‍ എന്നിവയുടെ പുനര്‍നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. പ്രളയത്തില്‍ നശിച്ച എത്ര വീടുകള്‍ സര്‍ക്കാര്‍ സഹായത്തോടെ പുനര്‍ നിര്‍മിച്ചു നല്കി എന്ന ചോദ്യം ചോദിക്കണ്ടേ? പ്രതിപക്ഷംപോലും ഈ ചോദ്യം ഉയര്‍ത്തുന്നില്ല. നവകേരളനിര്‍മിതി എന്നു കുറേ നാള്‍ സര്‍ക്കാര്‍ പ്രസംഗിച്ചുകൊണ്ടു നടന്നല്ലോ. നവകേരള നിര്‍മാണം എവിടെവരെയായി? വെറും വാചാടോപം എന്നല്ലാതെ യഥാര്‍ത്ഥത്തില്‍ ഒന്നും നടന്നിട്ടില്ല. അതിനിടയില്‍ സാമ്പത്തിക ഞെരുക്കംമൂലം സാധാരണ വികസന പ്രവര്‍ത്തനങ്ങള്‍പോലും മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഇന്ത്യയിലെമ്പാടുമെന്നതുപോലെ കര്‍ഷകര്‍ വല്ലാത്ത സാമ്പത്തികഞെരുക്കത്തിലാണ്. വടക്കേയിന്ത്യയില്‍ ഇടയ്ക്കു കേള്‍ക്കുന്ന കര്‍ഷക ആത്മഹത്യ കേരളത്തിലും നടക്കുന്നു. ആത്മഹത്യയല്ല, മറ്റു കാരണങ്ങള്‍മൂലമുള്ള മരണമാണെന്നു പറഞ്ഞു സര്‍ക്കാര്‍ കൈകഴുകുകയാണ്. മോദിഭരണത്തില്‍ തൊഴിലില്ലായ്മയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മോദി ഭരണത്തിന്‍റെ അഞ്ചു വര്‍ഷത്തില്‍ ഏകദേശം അഞ്ചു കോടി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. കാര്‍ഷികമേഖലയിലെ തളര്‍ച്ചയും തൊഴിലില്ലായ്മയുമാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയമാകേണ്ടത്.

അപ്രസക്തമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നു കാതലായ വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കുന്ന രീതി കേന്ദ്രത്തില്‍ ബിജെപിയും അവലംബിക്കുന്നു. അയോദ്ധ്യ, പശു, ജാതി, ദേശീയത എന്നിങ്ങനെ ഓരോ വിഷയമെടുത്തിട്ടു കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങള്‍ തമസ്കരിക്കുന്നു. നോട്ടുനിരോധനംപോലുള്ള മണ്ടന്‍ തീരുമാനങ്ങള്‍ ചര്‍ച്ചയാകാതിരിക്കാന്‍ പുല്‍വാമയും ബാലാക്കോട്ടും പാക്കിസ്ഥാന്‍ വിരുദ്ധതയും മോദിയും കൂട്ടരും പ്രസംഗിച്ചുകൊണ്ടു നടക്കുന്നു. മോദിയും കൂട്ടരും 2014-ല്‍ നല്കിയ ഏതെങ്കിലും വാഗ്ദാനം നടപ്പാക്കി എന്ന് അവകാശവാദമുയര്‍ത്തുന്നില്ല. 2022-ലും 2025- ലും നടപ്പാക്കാന്‍ പോകുന്ന സ്വപ്നപദ്ധതികളെപ്പറ്റിയാണ് അവര്‍ക്കു പറയാനുള്ളത്. പാര്‍ട്ടികളെല്ലാം വിഷയമല്ല, വിഷയങ്ങളാണു തിരഞ്ഞെടുപ്പു ചര്‍ച്ചയാക്കുന്നത്.

Leave a Comment

*
*