രാഷ്ട്രീയപ്രവര്‍ത്തനത്തിന് പകരം രാഷ്ട്രീയക്കളികള്‍

രാഷ്ട്രീയം ഒരു തൊഴിലായി അധഃപതിച്ചുവെന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയത്തിന്‍റെ ദുര്‍ഗതി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ചില്ലറ വരുമാനമുണ്ടാക്കണമെന്നാണു ചിന്ത. എംഎല്‍എ അല്ലെങ്കില്‍ എംപി ആയാല്‍ രക്ഷപ്പെട്ടു എന്നാണു കരുതുക. അവര്‍ക്കെല്ലാം നല്ല ശമ്പളവും മറ്റാനുകൂല്യങ്ങളും പെന്‍ഷനും കിട്ടും. അതോടെ ജീവിതം സുരക്ഷിതമാകും. അതുകൊണ്ട്, എങ്ങനെയെങ്കിലും ഒരു എംഎല്‍എയോ എംപിയോ ആകാനാണ് ഏവരുടെയും ശ്രമം. അതല്ലെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേഷന്‍റെയോ മറ്റേതെങ്കിലും സ്ഥാപനത്തിന്‍റെയോ ചെയര്‍മാനെങ്കിലുമാകണം. അതുവഴി നല്ല വരുമാനവും പെന്‍ഷനും ഒപ്പിക്കാനാണ് അവരും ശ്രമിക്കുന്നത്.

രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയെന്നാല്‍ പൊതുപ്രവര്‍ത്തനം നടത്തുക എന്നാണ് അര്‍ത്ഥം. പൊതുസമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുംവേണ്ടി പ്രവര്‍ത്തിക്കുകയെന്നു താത്പര്യം. അവര്‍ പൊതുനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരാകണം. പൊതുനന്മ വിവേചിച്ചറിയുകയും അതു ജനങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും അവരെ ആ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തനോന്മുഖരാക്കുകയും ചെയ്യുകയെന്ന നേതൃത്വപരമായ പങ്ക് അവര്‍ നിറവേറ്റണം. സ്വന്തമായി വരുമാനമുണ്ടാക്കുക രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ ലക്ഷ്യമല്ല. മറ്റു രാജ്യങ്ങളില്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ എന്ന സങ്കല്പമില്ല. അവരെല്ലാം ഏതെങ്കിലും തൊഴിലെടുത്തു ജീവിക്കുന്നവരാകും. സര്‍ക്കാരിന്‍റെ ഭാഗമായാല്‍ അവര്‍ തത്കാലത്തേക്കെങ്കിലും ജോലിയില്‍നിന്നു വിട്ടുനില്ക്കും. മന്ത്രിപ്പണി കഴിഞ്ഞാലും അവര്‍ തങ്ങളുടെ പഴയ ജോലിയിലേക്കു തിരിച്ചുപോകും; അല്ലെങ്കില്‍ വേറെ ഏതെങ്കിലും മാന്യമായ ജോലി ചെയ്തു ജീവിക്കും. അതല്ലാതെ പൊതുപ്പണംകൊണ്ടു ജീവിക്കാമെന്ന ധാരണ അവിടങ്ങളിലില്ല.

പൊതുനന്മ ഇവിടത്തെ രാഷ്ട്രീയക്കാരുടെ മുഖ്യപരിഗണനയല്ലാത്തതുകൊണ്ട് അവര്‍ക്കു പൊതുസമ്മതിയില്ല. ജനോപകാരപ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളുടെ അംഗീകാരം തേടി തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന ആത്മവിശ്വാസം ഇവര്‍ക്കാര്‍ക്കും തന്നെയില്ല. പിന്നെയുള്ളതു ജനത്തിന്‍റെ കണ്ണില്‍ പൊടിയിടുന്ന പരിപാടിയാണ്. പ്രധാനമായും ജനക്ഷേമപദ്ധതികളുടെ പ്രഖ്യാപനമാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍ത്ഥനാണ്. നടന്നതും നടക്കുന്നതും നടക്കാനിടയില്ലാത്തതുമായ പദ്ധതികള്‍ തന്‍റെ പദ്ധതികളായി അദ്ദേഹമങ്ങു പ്രഖ്യാപിച്ചുകളയും. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്കുകയാണു വേറൊരു പരിപാടി. മോദിയും പിണറായിയുമൊക്കെ ഇതില്‍ പ്രാവീണ്യമുള്ളവരാണ്. മേക്ക് ഇന്‍ ഇന്ത്യ, നവകേരള നിര്‍മ്മിതി തുടങ്ങിയവ ഉദാഹരണം. ഇവിടെയൊരു പ്രശ്നമുള്ളത്, ഇതെല്ലാം കണ്ടും കേട്ടും ജനത്തിനു കാര്യങ്ങള്‍ പിടി കിട്ടുന്നുവെന്നതാണ്. അപ്പോഴാണു ജാതിമതവര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ടു വോട്ടു പിടിക്കാന്‍ ശ്രമിക്കുന്നത്. പുരോഗമനം പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യാതൊരു ഉളുപ്പുമില്ലാതെ ജാതി, വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്ന കാഴ്ചയാണു നാമിന്നു കാണുന്നത്.

ഈ രാഷ്ട്രീയക്കളികളുടെ ഇര പൊതുനന്മയാണ്. പൊതുനന്മയ്ക്കുവേണ്ടി നിലകൊള്ളാന്‍ അധികം പേര്‍ ഇല്ലെന്നതാണു നമ്മുടെ നാടിന്‍റെ ദുര്യോഗം. പൊതുനന്മയ്ക്കു പ്രത്യേകിച്ചു പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ രാഷ്ട്രീയകക്ഷികള്‍ക്കാകുന്നില്ല. ഭരണകക്ഷികള്‍ക്കും പ്രതിപക്ഷ കക്ഷികള്‍ക്കും പണം കൊടുത്താല്‍ ഏതു കാര്യവും സാധിച്ചെടുക്കാമെന്നാണു നിലവിലെ സ്ഥിതി. നിലം നികത്തല്‍, ഖനനം, അനധികൃത നിര്‍മാണങ്ങള്‍ എന്നീ മേഖലകളിലെല്ലാം ബന്ധപ്പെട്ടവര്‍ രാഷ്ട്രീയക്കാര്‍ക്കു പണം നല്കി കാര്യം സാധിച്ചെടുക്കുന്നു. പൊതുനന്മയ്ക്കു വേണ്ടി നിലകൊള്ളുന്ന ചുരുക്കമാണ്.

അതുകൊണ്ട്, ജനജീവിതത്തെ സാരമായി ബാധിക്കുന്ന പൊള്ളുന്ന പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. ഇത്തരം ഗൗരവമേറിയ പ്രശ്നങ്ങള്‍ അതാതിടങ്ങളിലെ ആളുകളാണ് ഏറ്റെടുക്കുന്നത്. കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ട് തീരപ്രദേശത്തു നടക്കുന്ന സമരമാണ് ഉദാഹരണം. ആലപ്പാട്ട് പ്രദേശത്തു മാസങ്ങളായി നടക്കുന്ന സമരം ഏറ്റെടുക്കാനോ പിന്തുണ നല്കുവാനോ രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറായില്ല. മാധ്യമങ്ങളും സമരം കണ്ടില്ലെന്നു നടിച്ചു. സമരക്കാര്‍ സാമൂഹ്യമാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്തുവാന്‍ തുടങ്ങിയപ്പോഴാണു പ്രശ്നം പൊതുജനശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്നു മാധ്യമങ്ങള്‍ ചെറിയ തോതില്‍ വിഷയം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. അവസാനം സര്‍ക്കാരിനു പ്രതികരിക്കേണ്ടി വന്നു. വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞത് ഖനനം നിര്‍ത്തിവയ്ക്കില്ല, ചര്‍ച്ചയാകാമെന്നാണ്. സ്വാഭാവികമായും ചര്‍ച്ച പരാജയപ്പെട്ടു. മൈലുകള്‍ വിസ്തീര്‍ണമുള്ള പ്രദേശമായിരുന്നു കരുനാഗപ്പള്ളിക്കടുത്തുള്ള തീരം. ഇല്‍മൈനൈറ്റ കലര്‍ന്ന മണലായിരുന്നു അവിടെയുള്ളത്. ഈ ധാതുമണലിന്‍റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിഞ്ഞതോടെ വ്യവസായികളുടെ കണ്ണുകള്‍ അങ്ങോട്ടു തിരിഞ്ഞു. കേന്ദ്ര സ്ഥാപനമായ ഐആര്‍ഇ അവിടെ നിന്നു മണല്‍ വാരിയിരുന്നു. അതിന്‍റെ അനേക മടങ്ങു സ്വകാര്യ ഏജന്‍സികള്‍ മണല്‍ വാരി. വില പിടിപ്പുള്ള ധാതുമണല്‍ വന്‍ തോതില്‍ തമിഴ്നാട്ടിലേക്കു കടത്തുകയായിരുന്നു. ഇപ്പോള്‍ കുറച്ചു തീരപ്രദേശമേ ബാക്കിയുള്ളൂ. അതു സംരക്ഷിക്കണമെന്നാണ് ആലപ്പാട്ടുകാര്‍ പറയുന്നത്. ധാതുക്കള്‍ മാറ്റി മണല്‍ അവിടെത്തന്നെ നിക്ഷേപി ക്കണമെന്നാണ് നിയമം. പക്ഷേ, ആ നിയമമൊന്നും ആരും പാലിക്കുന്നില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കൈമടക്കു കിട്ടുന്നതുകൊണ്ടാകാം അവര്‍ ഒന്നും മിണ്ടുന്നില്ല.

വികസനത്തിനുവേണ്ടി മണ്ണെടുക്കുകയോ സ്ഥലമേറ്റെടുക്കുകയോ ചെയ്യേണ്ടി വന്നേക്കാം. അവയെല്ലാം നിയമാനുസൃതം ചെയ്യണം. പദ്ധതികള്‍ക്കുവേണ്ടി നഷ്ടം നേരിടുന്നവര്‍ക്കു തക്ക പ്രതിഫലം കൊടുക്കണം. ഇതില്ലാതെ വരുമ്പോള്‍ ജനം അനാവശ്യമായ ഭീതിമൂലം പദ്ധതികളെ എതിര്‍ക്കാന്‍ തുടങ്ങി. ഗെയ്ലിനുവേണ്ടി പൈപ്പിടുന്നതിനു വലിയ എതിര്‍പ്പുണ്ടായത് അങ്ങനെയാണ്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ രാഷ്ട്രീയക്കാര്‍ ആരുമുണ്ടായില്ല. വോട്ടില്‍ മാത്രം കണ്ണുള്ള വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ ഭയത്തെ മുതലെടുത്ത് അവരുടെ രക്ഷകരായി ചമഞ്ഞു. അങ്ങനെ പൈപ്പിടല്‍ അനന്തമായി നീണ്ടുപോയി. ഇപ്പോള്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിച്ചതുകൊണ്ടു പദ്ധതി മുന്നോട്ടുപോകുന്നു. സിറ്റി ഗ്യാസ് പദ്ധതിയും വേണ്ടതുപോലെ മുന്നോട്ടുപോകാത്തതു രാഷ്ട്രീയക്കളികള്‍ നിമിത്തമാണ്.

ദേശീയപാത വികസനത്തിനു സ്ഥലമെടുക്കുന്നതും ഇതേ പ്രശ്നം നേരിടുകയാണ്. ജനങ്ങള്‍ ഭയപ്പാടോടെയാണു വികസനത്തെ വീക്ഷിക്കുന്നത്. കൃത്യമായി വിവരങ്ങള്‍ നല്കി ജനങ്ങളുടെ ആശങ്കയ്ക്ക് അറുതിവരുത്തേണ്ടത് രാഷ്ട്രീയക്കാരാണ്. അവരാരും രംഗത്തില്ല. ഉണ്ടെങ്കില്‍ത്തന്നെ രാഷ്ട്രീയം കളിക്കുകയാണ്.

പൊതുനന്മ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുണ്ടെങ്കില്‍ ഈ വിഷയങ്ങളില്‍ ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുമായിരുന്നു. അത്തരം പ്രവര്‍ത്തകര്‍ക്കു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇന്നത്തെ ഗുരുതരമായ പ്രശ്നം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org