|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> നിഷേധത്തിന്‍റെ നേതൃശൈലി

നിഷേധത്തിന്‍റെ നേതൃശൈലി

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

വനിതാമതില്‍ കെട്ടിയാണ് ഇടതുപക്ഷം പുതുവര്‍ഷം ആഘോഷിച്ചത്. ഇടതുമുന്നണി അതിനെ നവോത്ഥാനമതിലെന്നു വിളിച്ചപ്പോള്‍ വര്‍ഗീയമതിലെന്നാണു പ്രതിപക്ഷം അതിനെ വിശേഷിപ്പിച്ചത്. ഇടതുപാര്‍ട്ടികളും ചില സമുദായസംഘടനകളും സര്‍ക്കാരിന്‍റെ സര്‍വപിന്തുണയോടുംകൂടെ ഒരു മാസത്തോളം കഠിനമായി അദ്ധ്വാനിച്ചുണ്ടാക്കിയ മതില്‍ പരാജയപ്പെടുവാന്‍ സാദ്ധ്യതയില്ലായിരുന്നു. ഇതിനുവേണ്ടി വലിയ തുക ജനങ്ങളില്‍നിന്നും പിരിച്ചെടു ത്തു. സര്‍ക്കാരിന്‍റെ പണം പ്രത്യക്ഷമായും പരോക്ഷമായും ഇതിനായി ചെലവഴിക്കപ്പെട്ടു. ഈ വന്‍മതില്‍ തീര്‍ത്തതുവഴി സര്‍ക്കാര്‍ എന്തു നേടി? സമൂഹത്തിന് എന്തു പ്രയോജനമുണ്ടായി എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ പ്രസക്തമാകുന്നു.

ശബരിമലയില്‍ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രീംകോടതിവിധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണു വനിതാമതില്‍ നിര്‍മാണത്തിലേക്കു നയിച്ചതെന്നു വ്യക്തമാണ്. വിധി വന്ന ഉടനെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അതിനോടു പൊതുവേ യോജിക്കുകയാണുണ്ടായത്. എന്നാല്‍ കേരളത്തില്‍ വേരുപിടിക്കാന്‍ വിഷമിച്ച ബി.ജെ.പി. ശബരിമലവിധി ഒരു അവസരമായി കണ്ടു വിധിയെ എതിര്‍ക്കാന്‍ തുടങ്ങി. ആചാരസംരക്ഷണവാദവുമായി അവര്‍ രംഗത്തു വന്നു. അവര്‍ക്കു വിധിക്കെതിരെ അപ്പീലുമായി കോടതിയെ സമീപിക്കാമായിരുന്നു. രാഷ്ട്രീയമുതലെടുപ്പായിരുന്നു ലക്ഷ്യമെന്നതുകൊണ്ട് അവര്‍ സമരമാര്‍ഗം സ്വീകരിച്ചു. ബി.ജെ.പി.യുടെ ഈ സമരകാഹളം സര്‍ക്കാരിന് അവഗണിക്കേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പിണറായിയും കൂട്ടരും അതില്‍ രാഷ്ട്രീയാവസരം കണ്ടു. നവോത്ഥാനത്തിന്‍റെ മുഴുവന്‍ കുത്തക മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഏറ്റെടുത്തു. ബി.ജെ.പി.യെന്ന വര്‍ഗീയപാര്‍ട്ടിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്ന പുരോഗമനപാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമായി അതു ചിത്രീകരിക്കപ്പെട്ടു. കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും അരികിലേക്കു തള്ളുകയെന്ന തന്ത്രമായിരുന്നു ഇരുകൂട്ടരുടെയും. ബി.ജെ.പി. പ്രസിഡന്‍റ് അതു പച്ചയായി പറയുകയും ചെയ്തു.

വിധിയെ സ്വാഗതം ചെയ്യുക എന്നതിനപ്പുറം അതു നടപ്പിലാക്കുമെന്നു പ്രഖ്യാപിക്കേണ്ട ഒരു കാര്യവും സര്‍ക്കാരിനുണ്ടായിരുന്നില്ല. സ്ത്രീകളാരെങ്കിലും വന്നാല്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതെ അവരെ കൈകാര്യം ചെയ്യാന്‍ പൊലീസിനു കഴിയുമായിരുന്നു. എന്നാല്‍, നിലയ്ക്കല്‍ മുതല്‍ സന്നിധാനംവരെ പൊലീസിനെ വിന്യസിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. പ്രകോപനമുണ്ടാക്കി ബി.ജെ.പി.ക്കാരെയും ആര്‍.എസ്.എസ്സുകാരെയും രംഗത്തെത്തിച്ചു. എന്നിട്ടു നിരോധനാജ്ഞ പുറപ്പെടുവിച്ചു. എല്ലാ മാധ്യമങ്ങളെയും മലയിലെത്തിച്ചു. മലകയറാന്‍ പുറപ്പെട്ട എല്ലാ സ്ത്രീകളെയുംപറ്റി മുന്‍കൂര്‍ പരസ്യം നല്കി. പൊലീസ് അകമ്പടിയോടെ മല കയറ്റി; പിന്നീടു തിരിച്ചറിക്കി. ഇതെല്ലാം സര്‍ക്കാരിന്‍റെ ആസൂത്രികനീക്കങ്ങളായിരുന്നുവെന്നു ക്രമേണ വെളിവായി.

എന്തിനാണു പിണറായി സര്‍ക്കാര്‍ ഈ കളിയെല്ലാം കളിച്ചത്? ഇതെല്ലാം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. സൃഷ്ടിപരമായ ഒരു അജണ്ടയും മുമ്പില്‍ വയ്ക്കാനില്ലാത്തതുകൊണ്ടാകണമല്ലോ ഈ വര്‍ഗീയ കാര്‍ഡ് പുറത്തെടുത്തത്. തികച്ചും നിര്‍മാണാത്മകമായ ഒരു കര്‍മ പരിപാടി വളരെ കൃത്യമായി അവതരിപ്പിക്കാന്‍ സാഹചര്യങ്ങള്‍ ഒത്തിണങ്ങിയപ്പോഴാണു സര്‍ക്കാര്‍ ഇതു ചെയ്തത്. നവകേരള നിര്‍മ്മിതി എന്ന പരിപാടി സര്‍ക്കാര്‍ അവതരിപ്പിച്ചതാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഈ പരിപാടി വിജയകരമായി നടപ്പാക്കിയെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് സര്‍ക്കാരിനു കിട്ടിയേനേ. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെന്നല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിന് അതു ധാരാളം മതിയായിരുന്നു.

നവകേരള നിര്‍മ്മിതി ഒരു മുദ്രാവാക്യത്തിനപ്പുറം കര്‍മ്മപഥത്തിലെത്തിക്കാന്‍ കഴിയില്ല എന്ന ബോദ്ധ്യമാകണം പിണറായി സര്‍ക്കാരിനെ വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പ്രളയമുഖത്തു കേരളജനത ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്നു. അതു സര്‍ക്കാര്‍ നേതൃത്വമെടുത്തതുകൊണ്ടൊന്നുമല്ല. ജനമനസ്സുകളിലുള്ള നന്മയുടെ സ്വാഭാവികപ്രതികരണമായിരുന്നു അത്. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം എത്തുന്നതിനുമുമ്പ് ഓരോ പ്രദേശത്തും നാട്ടുകാര്‍ പ്രവര്‍ത്തന സജ്ജരായി രംഗത്തുവന്നിരുന്നു. സര്‍ക്കാരിനു മുമ്പു കര്‍മരംഗത്തിറങ്ങിയതു ക്രൈസ്തവസഭാ ഏജന്‍സികളായിരുന്നുവെന്നത് ഇപ്പോള്‍ ഉച്ചത്തില്‍ പറയാം. സര്‍ക്കാര്‍ കൂടെനിന്നുവെന്നതു നിഷേധിക്കേണ്ടതുമില്ല. ഈ കൂട്ടായ്മയെ മുമ്പോട്ടു കൊണ്ടു പോകുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തെ ചലിപ്പിക്കാന്‍ രാഷ്ട്രീയനേതൃത്വത്തിനു കഴിഞ്ഞില്ല.

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. നശിച്ചുപോയ ഭവനങ്ങള്‍ നിര്‍മിക്കുന്നതിലാണു സര്‍ക്കാരിനു വലിയ വീഴ്ചയുണ്ടായത്. സഭയുടെ ഏജന്‍സികളും മറ്റു ചില സന്നദ്ധ സംഘടനകളും നൂറുകണക്കിനു വീടുകള്‍ നിര്‍മിച്ചപ്പോള്‍ സര്‍ക്കാരിനു 2000 വീടുകളാണു തുടങ്ങിവയ്ക്കാന്‍ കഴിഞ്ഞത്. സഭ പണിതുകൊടുത്ത വീടുകളില്‍ കുടുംബങ്ങള്‍ താമസം തുടങ്ങി. നശിച്ചുപോയ റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കുന്നതിലും സര്‍ക്കാരിന് ഏറെയൊന്നും മുന്നോട്ടുപോകാനായില്ല. ചെറുകിട ബിസിനസ്സുകാര്‍ക്കു സംഭവിച്ച വലിയ നഷ്ടങ്ങള്‍ നികത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. നവകേരളനിര്‍മിതി അടുത്ത തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമായാല്‍ സര്‍ക്കാരിനു പാസ് മാര്‍ക്ക് കിട്ടുകയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു പിണറായി സര്‍ക്കാര്‍ നേരത്തേതന്നെ അജണ്ട മാറ്റി കുറിച്ചത്.

ഹിന്ദുവോട്ടുകള്‍ തടുത്തുകൂട്ടാനാണ് ഇടതുമുന്നണി ശ്രമിച്ചത്. ഫലമോ? ഹിന്ദുസമുദായം പല തട്ടിലായി. തങ്ങളെ തഴഞ്ഞുവെന്ന വികാരം ന്യൂനപക്ഷസമുദായങ്ങള്‍ക്കുണ്ടായി. കേരള നവോത്ഥാനത്തിനു ക്രൈസ്തവസമൂഹം ചെയ്ത സംഭാവനകള്‍ ഇടതുപക്ഷപാര്‍ട്ടികള്‍ തമസ്കരിക്കാന്‍ ശ്രമിച്ചതില്‍ അവര്‍ ഖിന്നരാണ്. പ്രളയത്തിലും പ്രളയാനന്തരവും സര്‍ക്കാരിനോടൊപ്പം നിന്ന ക്രൈസ്തവസമൂഹത്തെ പാടെയകറ്റുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിച്ചത്. സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാതെ സമൂഹത്തെ ഭിന്നിപ്പിച്ചു നിഷേധത്തിലൂടെ നേതൃത്വത്തിലെത്താന്‍ ശ്രമിക്കുകയാണു പിണറായിയും കൂട്ടരും അനുവര്‍ത്തിക്കുന്ന ശൈലി. അത് അത്യന്തം ഖേദകരവുമത്രേ.
-nellisseryg@gmail.com

Leave a Comment

*
*