Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകൾ -> വികസനം വിട്ട് വീണ്ടും വര്‍ഗീയതയുടെ വഴിയില്‍

വികസനം വിട്ട് വീണ്ടും വര്‍ഗീയതയുടെ വഴിയില്‍

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

വികസനവും സദ്ഭരണവും വാഗ്ദാനം ചെയ്തുകൊണ്ടാണ് 2014-ല്‍ നരേന്ദ്ര മോദി ജനവിധി തേടിയത്. രാമജന്മഭൂമി ക്ഷേത്രം, ഏക സിവില്‍ കോഡ്, ഭരണഘടനയുടെ 370-ാം വകുപ്പ് തുടങ്ങിയ തര്‍ക്കവിഷയങ്ങള്‍ മാറ്റിവച്ചുകൊണ്ട് ബിജെപി വികസനവും സദ്ഭരണവും ഉയര്‍ത്തിക്കാണിച്ചു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിലാശ്രയിച്ചു സംഘപരിവാര്‍ പ്രസ്തുത തര്‍ക്കവിഷയങ്ങള്‍ ശീതീകരണിയില്‍വച്ചു. അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പു പടിവാതില്ക്കല്‍ വന്നു നില്ക്കുമ്പോള്‍ സംഘപരിവാര്‍ വീണ്ടുവിചാരത്തിലാണ്. മോദി ഭരണത്തില്‍ സാദാ ജനത്തിന് ഒരു വികസനവുമുണ്ടായിട്ടില്ലെന്നും അഴിമതി മൂടിവയ്ക്കുകയല്ലാതെ ഇല്ലാതാക്കിയിട്ടില്ലെന്നും പരിവാര്‍ തിരിച്ചറിയുന്നു. അതുകൊണ്ട്, സംഘപരിവാര്‍ അതിനു പരിചയവും പ്രാവീണ്യവുമുള്ള വര്‍ഗീയ ധ്രുവീകരണമെന്ന അടവു പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണ്.

നവംബര്‍ 8-ന് നോട്ടുനിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. നോട്ടുനിരോധനത്തിന്‍റെ ലക്ഷ്യങ്ങളായി പറഞ്ഞ ഒരു കാര്യവും നേടിയില്ല എന്ന് എല്ലാവരുംതന്നെ സമ്മതിക്കുന്നു. ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തു കാര്‍ഷികമേഖലയിലാണു തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉണ്ടാകുക. എന്നാല്‍ മോദി ഭരണത്തില്‍ കാര്‍ഷികമേഖല തകര്‍ന്നുകിടക്കുകയാണ്. കര്‍ഷക ആത്മഹത്യ പെരുകുന്നു. പെട്രോളിനും ഡീസലിനും ക്രമാതീതമായി വില ഉയര്‍ന്നതോടെ സകല സാധനങ്ങള്‍ക്കും വില ഉയര്‍ന്നു.

കോടിപതികളുടെ വരുമാനം വര്‍ദ്ധിച്ചാല്‍ ജിഡിപി വളരും. ബിസിനസ്സ് ചെയ്യാനുള്ള സൗകര്യത്തിന്‍റെ പട്ടികയില്‍ 100-നു മുകളിലായിരുന്ന ഇന്ത്യ 77-ാം സ്ഥാനത്തെത്തി എന്നായിരുന്നു ഈയിടെ വന്‍പ്രചാരം നല്കിയ വാര്‍ത്ത. എന്നാല്‍ ദാരിദ്ര്യത്തിന്‍റെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു എന്നതു വാര്‍ത്തയായില്ല.

നോട്ടുനിരോധനവും ജിഎസ് ടി നടപ്പാക്കലും വഴി നികുതി വരുമാനം കൂടി എന്നു കേന്ദ്ര ധനമന്ത്രി കൊട്ടിഘോഷിക്കുന്നുണ്ട്. എന്നാല്‍ ബാങ്കുകളുടെ കിട്ടാക്കടം പെരുകുകയാണ്. കിട്ടാക്കടം പെരുകിയാലും കൂടുതല്‍ വായ്പ നല്കാന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. മാത്രമല്ല, റിസര്‍വ് ബാങ്കില്‍ റിസര്‍വായി സൂക്ഷിക്കുന്ന പണത്തിന്‍റെ മൂന്നിലൊന്നു ഭാഗം, ഏതാണ്ട് 3.3 ലക്ഷം കോടി രൂപ സര്‍ക്കാരിനു കൈമാറണമെന്നാണ് ആവശ്യപ്പെടുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അതിനു സമ്മതിക്കുന്നില്ല. സമ്മതിച്ചാല്‍ ചിലപ്പോള്‍ റിസര്‍വ് ബാങ്കുതന്നെ ഉണ്ടാകില്ല.

പല അഴിമതികളും സര്‍ക്കാരിന് ഇതുവരെ മൂടിവയ്ക്കാന്‍ കഴിഞ്ഞു. എന്നാല്‍ അവയെല്ലാം ഇപ്പോള്‍ ഓരോന്നായി പുറത്തുവരികയാണ്. ഏറ്റവും പ്രമുഖം റഫാല്‍ ഇടപാടുതന്നെ. യുപിഎ സര്‍ക്കാര്‍ 124 വിമാനം വാങ്ങിക്കാനുള്ള കരാര്‍ മോദി റദ്ദാക്കി. അവയില്‍ 18 എണ്ണം മാത്രമേ പൂര്‍ണമായും ഫ്രാന്‍സില്‍ നിര്‍മിക്കുമായിരുന്നുള്ളൂ. ബാക്കി വിമാനങ്ങള്‍ എച്ച്എഎല്ലില്‍ നിര്‍മിക്കുമെന്നായിരുന്നു വ്യവസ്ഥ. മോദി ആ കരാര്‍ റദ്ദ് ചെയ്ത് 36 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്നു നേരിട്ടു വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു. യുപിഎ സര്‍ക്കാരുമായി സമ്മതിച്ച വിലയുടെ 40 ശതമാനം അധികം നല്കിയാണ് മോദി ഇടപാടു നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

മോദി സര്‍ക്കാരിന്‍റെ അഴിമതികള്‍ മൂടിവയ്ക്കുന്നതിനാണ് ഗുജറാത്തില്‍ നിന്നുളള രാകേഷ് അസ്താനയെ സിബിഐയില്‍ സ്പെഷ്യല്‍ ഡയറക്ടറായി നിയമിച്ചത്. സിബിഐ ഡയറക്ടറായ അലോക്വര്‍മ്മ അസ്താനയ്ക്കെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു. റഫാല്‍ ഇടപാട് അന്വേഷിക്കാനും നടപടി എടുത്തത്രേ. സര്‍ക്കാര്‍ പാതിരാത്രിയില്‍ രണ്ടുപേരെയും അവധി നല്കി ഒഴിവാക്കി. പക്ഷേ, വര്‍മ്മ സുപ്രീംകോടതിയില്‍ പോയി. വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ രണ്ടാഴ്ചയ്ക്കകം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന്‍ ഉത്തരവിട്ടു. അലോക് വര്‍മ്മയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്നു സിവിസി കണ്ടെത്തിയെന്നാണു വിവരം. അപ്പോള്‍ വര്‍മ്മയെ തിരിച്ചെടുക്കേണ്ടി വരും. അസ്താനയ്ക്കെതിരായ അന്വേഷണം മുറുകുമെന്നും റഫാല്‍ ഇടപാടും അന്വേഷണവിധേയമാകുമെന്നും പ്രതീക്ഷിക്കാം. അതിനിടെ മഹാരാഷ്ട്രയില്‍ വിള ഇന്‍ഷൂറന്‍സ് സംബന്ധിച്ച അഴിമതിയും ചര്‍ച്ചയായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വികസനവും സദ്ഭരണവും പറഞ്ഞു വോട്ടര്‍മാരെ നേരിടാന്‍ കഴിയില്ല എന്ന് അറിയുന്ന ഹിന്ദുത്വശക്തികള്‍ വീണ്ടും രാമക്ഷേത്ര നിര്‍മാണത്തില്‍ കയറിപ്പിടിച്ചിരിക്കുകയാണ്. അയോദ്ധ്യയിലെ സ്വത്തുതര്‍ക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അത് അടിയന്തിരമായി തീര്‍പ്പ് കല്പിക്കാന്‍ കോടതി തയ്യാറല്ല. അതിനുവേണ്ടി പാര്‍ലമെന്‍റ് നിയമം പാസ്സാക്കണമെന്നാണു ഹിന്ദു തീവ്രവാദികള്‍ ആവശ്യപ്പെടുന്നത്. വികസനനായകന്‍ മോദിക്കു മിണ്ടാട്ടമില്ല. ഹിന്ദുത്വ വികാരമുണര്‍ത്തി തിരഞ്ഞെടുപ്പ് ജയിക്കാന്‍ യോഗി ആദിത്യനാഥ് മുന്നിട്ടിറങ്ങുകയാണോ എന്നു സംശയിക്കണം. വഴിമുട്ടിയാല്‍ സംഘപരിവാര്‍ മോദിയെ തഴഞ്ഞു യോഗിയെ മുന്നില്‍ നിര്‍ത്താം. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതു തന്ത്രവും പയറ്റാമെന്നാണു സംഘത്തിന്‍റെ ആദര്‍ശവാക്യം. വര്‍ഗീയത വിലപ്പോകില്ലെന്നു കരുതിയിരുന്ന കേരളത്തില്‍ സംഘപരിവാര്‍ ശബരിമലയെ മുന്‍നിര്‍ത്തി നഗ്നമായ വര്‍ഗീയക്കളി കളിക്കുകയാണ്. വോട്ടുബാങ്ക് ലക്ഷ്യമാക്കി മുഖ്യമന്ത്രി അവര്‍ക്കൊപ്പം കളിക്കുന്നു. പുലിപ്പുറത്തു കയറുന്ന മുഖ്യമന്ത്രിയും കൂട്ടരും എങ്ങനെ ഇറങ്ങുമെന്നുംകൂടി ചിന്തിക്കുന്നതു നല്ലതാണ്.

Leave a Comment

*
*