കെട്ടുതെങ്ങ്, പിടിനെല്ല്, പിടിയരി

കെട്ടുതെങ്ങ്, പിടിനെല്ല്, പിടിയരി

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

കെട്ടുതെങ്ങ്, പിടിനെല്ല്, പിടിയരി: നസ്രാണിപ്പള്ളികളുടെ കണക്കു പുസ്തകങ്ങളില്‍ കണ്ടുവരുന്ന മൂന്നു വാക്കുകളാണിത്. പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ താളിയോലക്കണക്കുകളിലും "കെട്ടുതെങ്ങിന്റെ" വരവും മറ്റും കാണിച്ചിട്ടുണ്ട്. എ ന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ഓലകളില്‍ മാത്രമാണ് പിടിനെല്ലും പിടിയരിയും – അതിന്റെ അളവ്, തുക – പ്രത്യക്ഷപ്പെടുന്നത്. "കെട്ടുതെങ്ങ്" പ്രസ്ഥാനത്തി നുനൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രവുമുണ്ട്. സര്‍ക്കാര്‍വക കണ ക്കുകളിലും ഇത് പ്രത്യക്ഷപ്പെടു ന്നുണ്ട്. കെട്ടുതെങ്ങ് എന്നതിന്റെ അര്‍ത്ഥം ആദായം ഉടമസ്ഥന് എടുക്കാന്‍ പാടില്ലാത്തവിധം പൊതുക്കാര്യത്തിനായോ വല്ലവനോടും പണം വാങ്ങിക്കൊണ്ടോ കെട്ടിനിറുത്തിയ തെങ്ങ് എന്നാണ്. പള്ളി കളുടെ ആസ്തികളും സാമ്പത്തികശേഷിയും മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പുവരെ എപ്രകാരമായിരുന്നു എന്നറിയാന്‍ അക്കാലത്തെ രേഖകളൊന്നും നമുക്കു ലഭ്യമല്ല. താളിയോലകളില്‍ എഴുതപ്പെട്ട ഇക്കാര്യങ്ങള്‍ സൂക്ഷിക്കപ്പെട്ടിട്ടില്ല എന്നതുതന്നെ ഇതിനു കാരണം.
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ താളിയോലകളിലും പില്ക്കാലത്തുണ്ടായ പുസ്തകങ്ങളിലും എഴുതപ്പെട്ടിരിക്കുന്ന ക ണക്കുകളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ചു സാമ്പത്തിക ശേഷി കുറവായിരുന്ന ദേവാലയങ്ങളിലെ ഒരു പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു കെട്ടുതെങ്ങ്. പള്ളിയില്‍ നേര്‍ച്ച, നടവരവ്, ഭണ്ഡാരവരവ്, പസാരം, കുഴിക്കാണം എന്നിവയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടു നിത്യച്ചെലവുകള്‍ നടത്തിക്കൊണ്ടു പോവുക പ്രയാസമായ ഇടവകകളിലാണ് ഇടവകാംഗങ്ങള്‍ അവരുടെ പുരയിടത്തിലുള്ള ആദായമുള്ള തെങ്ങുകളില്‍ ചിലത് പള്ളിക്കാര്യത്തിലേക്ക് ആദായം എടുക്കുന്നതിനായി വിട്ടുകൊടുത്തിരുന്നത്. ഓരോ ഇടവകാംഗവും തന്റെ സാമ്പത്തികശേഷിയും സന്മനസ്സും അനുസരിച്ച് ആദായമുള്ള തെങ്ങു കള്‍ വിട്ടുകൊടുത്തിരുന്നു. ഒരു കാലാവധി നിശ്ചയിച്ചാണ് കെട്ടു തെങ്ങ് കൊടുത്തിരുന്നത്. ഈ തെങ്ങുകള്‍ പള്ളിക്കാര്യത്തില്‍ നിന്നും കയറി തേങ്ങ പള്ളിയില്‍ കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. ചില ഇടവകകളില്‍ കെട്ടു തെങ്ങിന് വളമിടുന്നതും നന യ്ക്കുന്നതും ഉടമസ്ഥന്‍ തന്നെയാ ണെങ്കില്‍ മറ്റു ചിലയിടങ്ങളില്‍ പള്ളിക്കാര്യത്തില്‍ നിന്നുമാണ് ചെയ്തിരുന്നത്. നിത്യനിദാനച്ചെലവുകള്‍ക്കു മാത്രമല്ല പള്ളി പണി, സ്‌കൂള്‍കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടിയും കെട്ടുതെങ്ങുകള്‍ കൊടുത്തിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെയും നിലനിന്നിരുന്ന ഒരു സമ്പ്രദായമാ യിരുന്നു കെട്ടുതെങ്ങ്.
പിടിയരി പിരിവ്: കേരളസഭയില്‍ പ്രസിദ്ധമായ 'പിടിയരി' പ്ര സ്ഥാനം ആരംഭിച്ചത് പത്തൊമ്പ താം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്. പുളിങ്കുന്നുകാരന്‍ തോപ്പില്‍ ഇട്ടിക്കുരുവിള എന്ന വ്യക്തിയാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. കൂനമ്മാവില്‍ കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ മഠം പണിയുന്ന കാലത്ത്, 1860-കളില്‍, വി. ചാവറയച്ചന്റെ നേതൃത്വത്തില്‍ കേരളസഭയില്‍ പിടിയരി പിരിവു ആരംഭിച്ചുവെ ന്നു പറയാം. മഠം പണിയുന്നതിനുവേണ്ടി കരകള്‍ ചുറ്റി, പള്ളികള്‍ കയറിയിറങ്ങി, സഞ്ചരിക്കു ന്ന കാലത്താണു പിടിയരി പിരിവെന്ന ആശയം വി. ചാവറയച്ചനു ലഭിച്ചത്. ഇതിനെക്കുറിച്ചു അദ്ദേ ഹം മാന്നാനത്തെ നാളാഗമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "കന്യാസ്ത്രീ മഠവും അതില്‍ മനസ്സായവരെ ചെര്‍ത്തു നടത്തുവാനും വകയില്ലാതെ വി ചാരിച്ചു വരികയില്‍ മുന്‍ തെക്കും വടക്കുമുള്ള പ്രധാനപ്പെട്ടവരെക്കൂട്ടി പലിശ മുതലായ കാര്യങ്ങള്‍ ചൊദിച്ചു വന്നയിടയില്‍ പുളിങ്കുന്നുകാരന്‍ തോപ്പില്‍ ഇട്ടിക്കുരുവിള മുതല്‍ പെരുകൂടി പിടിയരി എന്ന ഒരു ധര്‍മ്മം എടുത്താല്‍ ഈ പുണ്യ കാര്യങ്ങള്‍ ഒക്കെയും നടക്കുമെന്നും ആയതിനാല്‍ പെ. ബ. അച്ചന്‍ പള്ളികള്‍ ഒക്കെയും ഇതിന്ന ഒരു ക്രമവും കല്പിച്ചു നടത്തണമെന്നും ഒരപെക്ഷ അവര എഴുതിയുണ്ടാക്കി വരാപ്പുഴെ കൊണ്ടു പൊയി പെ. ബ. മെത്രാപ്പൊലീത്താച്ചന്റെ പ ക്കല്‍ കൊടുത്തു. പെ. ബ. അച്ചന്‍ ആയതു കണ്ടാറെ വെണ്ടുവണ്ണം തെളിഞ്ഞ ആയതിന്നുള്ള ക്രമവും പരസ്യവും ഉണ്ടാക്കുവാന്‍ നമ്മു ടെ പെ. ബ. ദെലഗാത്തച്ചനെ ഏല്പിച്ച പ്രകാരം ആ ക്രമമുണ്ടാക്കി ഇതായത ഉണ്ണി മിശിഹാടെ ധര്‍മ്മസഭ എന്നും ഇതിന്ന ഓരൊരുത്തര വീടുകളില്‍ ഒരു പാത്രം വച്ച ഉണ്ണിമിശിഹായെ ഞങ്ങളെ അനുഗ്രഹിക്ക എന്ന സുകൃത ജപവും ഉണ്ണിമിശിഹായുടെ നിക്ഷെപം എന്ന എഴുത്തും അച്ചടിച്ച ആ പാത്രത്തെ പറ്റിക്കയും ഓരൊ നെരം ഓരൊ പിടി അരി അതില്‍ ഇട്ട ഈ സുകൃതജപം ചൊല്ലുകയും അപ്രകാരം ഒരുഴം ചെയ്യുമ്പൊള്‍ 20 ദിവസത്തെ ദൊഷപൊറുതിയും കല്പിച്ച ഇതിന്ന ഓരൊയിടങ്ങളില്‍ പ്രധാന പ്രക്കുരദൊരന്മാരും ഇടവകകളില്‍ കരകള്‍ക്കു തക്കവണ്ണം രണ്ടും 4, 6 സുബംപ്രാക്കുദൊരന്മാരും ഇവര നിശ്ചയിക്കപ്പെട്ട പ്രക്കുദൊരന്മാരുടെ പക്കല്‍ ഏല്പിക്കയും അവര ആയതിന്റെ വിവരകണക്കൊടുകൂടെ ആണ്ടില്‍ മൂന്നുതവണ വരാപ്പുഴെ എത്തിക്കയും ഇങ്ങനെ ഒക്കെയും ചട്ടംകെട്ടി തുടങ്ങിയിരിക്കുന്നു" (മാന്നാനം കൊവേന്തയുടെ നാളാഗമം, Vol. II, pp. 80-81).
വരാപ്പുഴ വികാരിയാത്തില്‍ സുറിയാനിക്കാരുടെ വികാരി ജനറാളായിരുന്ന വി. ചാവറയച്ചനും മേല്‍പറഞ്ഞ ഇട്ടിക്കുരുവിളയും കൂട്ടരും കണ്ടെത്തിയ പിടിയരി പ്രസ്ഥാനം പള്ളികളില്‍നിന്നും വരാപ്പുഴ വികാരിയാത്തിനു കീഴില്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒരു വരുമാനമാര്‍ഗ്ഗമായി സ്വീകരിക്കാമെന്ന് ബര്‍ണ്ണര്‍ദ്ദീന്‍ മെത്രാപ്പോലീത്താക്കു ബോധ്യമായി. അതനുസരിച്ചു വിശ്വാസികളുടെ ഭവനങ്ങളില്‍നിന്നും ശേഖരിക്കുന്ന പിടിയരി പള്ളികളില്‍ സ്വരൂപിച്ച് അതിന്റെ തുക മെത്രാപ്പോലീത്തായുടെ കച്ചേരിയില്‍ ഏല്പ്പിക്കണമെന്ന് മെത്രാപ്പോലീത്താ തീരുമാനിച്ചു.

പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ താളിയോലകളിലും
പില്ക്കാലത്തുണ്ടായ പുസ്തകങ്ങളിലും എഴുതപ്പെട്ടിരിക്കുന്ന
കണക്കുകളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ചു
സാമ്പത്തിക ശേഷി കുറവായിരുന്ന ദേവാലയങ്ങളിലെ
ഒരു പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു കെട്ടുതെങ്ങ്.

പള്ളിയില്‍ നേര്‍ച്ച, നടവരവ്, ഭണ്ഡാരവരവ്, പസാരം,
കുഴിക്കാണം എന്നിവയിലൂടെ 
ലഭിക്കുന്ന വരുമാനം കൊണ്ടു
നിത്യച്ചെലവുകള്‍ നടത്തിക്കൊണ്ടു പോവുക പ്രയാസമായ
ഇടവകകളിലാണ് ഇടവകാംഗങ്ങള്‍ അവരുടെ
പുരയിടത്തിലുള്ള ആദായമുള്ള തെങ്ങുകളില്‍ ചിലത്
പള്ളിക്കാര്യത്തിലേക്ക് ആദായം 
എടുക്കുന്നതിനായി
വിട്ടുകൊടുത്തിരുന്നത്.

1866 കുംഭമാസം 23-നു ബര്‍ണ്ണദ്ദീന്‍ മെത്രാപ്പോലീത്ത പിടിയരി പിരിക്കുന്നതിനുള്ള കല്പന പുറപ്പെടുവിച്ചു. പ്രസ്തുത കല്പ നയില്‍ പറയുന്നു: "ദ്രവ്യസ്ഥന്മാരെപൊലെ അഗതികള്‍ക്കും സംബന്ധിക്കാവുന്നതും മൂന്ന അളവെങ്കില്‍ രണ്ട അളവെങ്കില്‍ ഒരു നെരം എങ്കിലും എല്ലാ വീടുകളിലും ദൈവത്തിന്റെ ഓര്‍മ്മക്കും ചെറിയ ഒരു അപെക്ഷയ്ക്കും സംഗതി വരുന്നതും ആര്‍ക്കും ക്ഷീണവും ചലിപ്പും വരാത്തതും നില നില്ക്കുന്നതും ഭക്തി വര്‍ദ്ധിപ്പിക്കുന്നതും മറ്റു പല ഗുണങ്ങളും ഇതില്‍ നിന്ന പുറപ്പെടുന്നതുമാകുന്നു. ഇതായ്ത ക്രിസ്ത്യാനികളുടെ വീടുകളില്‍ ഈ ധര്‍മ്മത്തിനായിട്ട ഒരു പാത്രം വെച്ച കഞ്ഞിവൈക്കുന്നതിന്ന അരി എടുക്കുമ്പൊള്‍ അരിയുടെ അവസ്ഥ പൊല ഒറ്റകൈകൊണ്ട കൊരിയും വാരി പിടിച്ചും മൂന്നു വിരല കൊണ്ട നുള്ളി എങ്കിലും ഇങ്ങനെ ഒട്ടും ഭാരം കൂടാതെ ആ പാത്രത്തില്‍ ഇടുകയും അതിനാല്‍ ഒരു വക ചിലവും ഭക്ഷണത്തിന്ന കുറവും വരാത്തതുമാകയാലും ഏറിയ നാളായിട്ട നാം കാഴ്ചവെക്കുന്ന അപെക്ഷകളുടെ ആകമാന ആത്മവപകാരത്തിന്നു സ്ഥാപിപ്പാന്‍ നാം ആഗ്രഹിച്ചിരിക്കുന്ന കൂട്ടങ്ങളെ നിറവെറ്റുവാന്‍ ഇതിനാലെ മെയ്പം തിരുമനസ്സായിരിക്കുന്നു എന്നു നമുക്കു തൊന്നിയിരിക്കുന്നു…"
ധര്‍മ്മകൂട്ടത്തിന്റെ നടപ്പുക്രമങ്ങള്‍ പ്രസ്തുത കല്പനയില്‍ വ്യ ക്തിമാക്കിയിട്ടുണ്ട്. "ഉണ്ണിയീശോ മിശിഹായുടെ നിക്ഷെപം" എന്ന പേരാണ് മെത്രാപ്പോലീത്ത ഇതിനു നല്കിയിരുന്നത്. സുബപ്രൊ ക്കുരദൊരന്മാര്‍ വീടുകളില്‍ നിന്നും അരി പിരിച്ചെടുത്തു നിയമിക്കപ്പെട്ട പ്രൊക്കുദോരന്മാരെ ഏല്പിക്കണം. അവര്‍ അരിയുടെ കണക്കും വിറ്റുകിട്ടിയ പണത്തിന്റെ കണക്കും സൂക്ഷിക്കുകയും മെത്രാനച്ചന്റെ കച്ചേരിയില്‍ ഏല്പിക്കുകയും വേണം. പ്രസ്തുത തുക വികാരിയാത്തിന്റെ ആവശ്യ ങ്ങള്‍ക്കായി വിനിയോഗിക്കും എന്നും കല്പനയില്‍ വ്യക്തിമാക്കി യിരുന്നു. ഇപ്രകാരം 1866-ല്‍ വരാപ്പുഴ വികാരിയാത്തില്‍ മെത്രാപ്പോ ലീത്ത നേതൃത്വം നല്കിയിരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു (സ്ഥാപനങ്ങള്‍ പണിയുക) മുതല്‍ക്കൂട്ടാകാന്‍ വേണ്ടി വിശുദ്ധ ചാവറയച്ചന്റെ ഉപദേശപ്രകാരം ആരംഭിച്ച പിടിയരി പിരിവ് പില് ക്കാലത്തു പാവപ്പെട്ട പള്ളികളുടെ നിത്യനിദാനച്ചെലവുകള്‍ക്കുള്ള ഒരു വരുമാനമാര്‍ഗ്ഗമായി മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടു വരെ ഈ പ്രസ്ഥാനം പള്ളികളില്‍ നിലവിലുണ്ടായിരുന്നു. ഇന്ന് പിടിയരി പിരിവ് പഴങ്കഥയായി മാറി.
പിടിനെല്ല്: ചില സ്ഥലങ്ങളില്‍ പിടിയരിയോടൊപ്പം പിടിനെല്ലും ശേഖരിച്ചിരുന്നു. സുറിയാനി പള്ളികളിലെ ഇടവകാംഗങ്ങളില്‍ ബഹുഭൂരിപക്ഷവും കൃഷിക്കാരും കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരുമാണല്ലോ. ആകയാല്‍ അവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം കാര്‍ഷിക വിളകളുമായിരുന്നു. നെല്‍കൃഷി ചെയ്തിരുന്ന ഇടവകാംഗങ്ങളില്‍നിന്നും പള്ളിയുടെ നടത്തിപ്പിനും മറ്റും കൊയ്ത്തുകാലത്തു പിടിനെല്ല് ശേഖരിച്ചിരുന്നു. ഓരോരുത്തരുടേയും കഴിവനുസരിച്ചും വിളവെടുപ്പനുസരിച്ചുമാണ് പിടിനെല്ല് ശേഖരിച്ചിരുന്നത്.

അനുചിന്തനം: 'അണ്ണാറക്കണ്ണനും തന്നാലായത്' എന്നതുപോലെ സഭാഗാത്രത്തിലെ അംഗങ്ങളെല്ലാവരും വലിപ്പചെറുപ്പങ്ങളില്ലാതെ തന്നാലായ സഹായം, കെട്ടുതെങ്ങ്, പിടിയരി, പിടിനെല്ല് എന്നിങ്ങനെ വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ, ഇടവകയുടെയും സഭയുടെയും അനുദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി സംഭാവന ചെയ്യുമ്പോള്‍ അതു ക്രിസ്തീയ കൂട്ടായ്മയെ വളര്‍ത്തുകയും കൂട്ടുത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org