മനോരോഗികളുടെ പറുദീസ

സ്റ്റഡി ടൂറിനിടയില്‍ വെളുപ്പിന് അഞ്ചു മണിയോടെ തമിഴ് നാട്ടിലെ ഒരു പട്ടണത്തിലേക്കു പ്രവേശിക്കുകയായിരുന്നു ഞങ്ങളുടെ ടൂറിസ്റ്റ് ബസ്. ഉറക്കമുണര്‍ന്ന ഞാന്‍ പുറത്തേക്കു നോക്കിയിരിക്കുകയാണ്. വിജനമായ തെരുവില്‍ മഞ്ഞവെളിച്ചത്തിന്‍റെ അകമ്പടിയില്‍ കണ്ട ആ ദൃശ്യം നാല്പതു വര്‍ഷങ്ങള്‍ക്കുശേഷവും മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. ഉയര്‍ന്നുനില്ക്കുന്ന ട്രാഫിക് ഐലന്‍ഡില്‍ സ്വയം മറന്നു നൃത്തം ചെയ്യുന്ന ഒരു സ്ത്രീ. അവര്‍ മനോരോഗിയാണെന്നു പെട്ടെന്നു മനസ്സിലായി. ഏകാന്തതയും അതിനെ മഞ്ഞ പുതപ്പിച്ച വെളിച്ചവും വിചിത്രമായ പാറ്റേണുകളിലുള്ള ശാരീരികചലനങ്ങളും ചേര്‍ന്നു രചിച്ച ഭ്രമാത്മകമായ ചിത്രമായിരുന്നു ആ കാഴ്ച.

പണ്ടു നമ്മുടെ നാട്ടില്‍ പലയിടത്തും അലഞ്ഞുതിരിയുന്ന മനോരോഗികളെ കാണാമായിരുന്നു. നിരുപദ്രവികളായതിനാല്‍ സമൂഹം അവരെ വെറുതെ വിട്ടിരുന്നു. എന്നിട്ടു സഹാനുഭൂതിയോടെ പറയും, "ബുദ്ധി കൂടിയതുകൊണ്ടു വട്ടായതാ."

ഓരോ സമൂഹത്തിനും മനോരോഗത്തെക്കുറിച്ചു കൃത്യമായ കാഴ്ചപ്പാടുണ്ട്. അതില്‍ പ്രധാനം ഒളിച്ചുവയ്ക്കേണ്ട ഒരു രോഗമാണ് അത് എന്നതാണ്. എന്‍റെ വീട്ടില്‍ ഒരു മനോരോഗിയുണ്ടെന്നു പറയാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. മറച്ചുവയ്ക്കുമ്പോള്‍ രോഗം അപകടകരമായ നിലയിലേക്ക് എത്തുകയാണെന്ന കാര്യം വിസ്മരിക്കപ്പെടുന്നു. ഇന്നത്തെ കേരളസമൂഹം തങ്ങളുടെ ഉള്ളിലെ മനോരോഗം മറച്ചുവച്ച്, ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ പെരുമാറുകയാണ്.

സര്‍ഗാത്മകതയും രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന ചിന്ത പാശ്ചാത്യസമൂഹത്തില്‍ പണ്ടുമുതലേയുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ എഴുത്തുകാരും ക്ഷയരോഗവുമായിരുന്നു കോമ്പിനേഷന്‍. ഇരുപതാം നൂറ്റാണ്ടില്‍ കാന്‍സര്‍ രോഗം ആ സ്ഥാനം കയ്യടക്കാനുള്ള തീവ്രശ്രമത്തിലാണ്. അമ്പതുകളിലും അറുപതുകളിലും എഴുത്തുകാരെ താന്‍പോരിമയുടെ അവതാരങ്ങളായാണു സമൂഹം കണ്ടിരുന്നത്. അന്നത്തെ സമൂഹത്തില്‍ പുരുഷന്മാരായ എഴുത്തുകാര്‍ക്കു മാത്രമേ ആത്മവിശ്വാസത്തോടെ വ്യാപരിക്കാന്‍ കഴിഞ്ഞിരുന്നുള്ളുവെന്നു മാര്‍ഗരറ്റ് അറ്റ്വുഡ് നിരീക്ഷിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ അമിതമായി മദ്യപിക്കണം, കരള്‍ രോഗിയാകണം. പല ഭാര്യമാരും യുദ്ധങ്ങളും വലിയ മത്സ്യവും ആഫ്രിക്കയും പാരീസുമെല്ലാം അവരുടെ ജീവിതത്തിലുണ്ടാകണം. അന്നത്തെ സമൂഹത്തെ കളിയാക്കി ഇങ്ങനെ എഴുതിയപ്പോള്‍ ഹെമിംഗ്വേയുടെ ജീവിതമാണു മാര്‍ഗരറ്റിന്‍റെ മനസ്സില്‍ ഉണ്ടായിരുന്നതെന്നു വ്യക്തം.

മനോരോഗികളുടെ ഒരു പ്രധാന പ്രശ്നം അവരുടെ യുക്തി മറ്റുള്ളവര്‍ക്കു മനസ്സിലാകുകയില്ല എന്നതാണ്. ബഹുഭൂരിപക്ഷത്തിനും മനസ്സിലാകാത്ത യുക്തി സ്വീകാര്യമല്ലാതാകുന്നു. തന്‍റെ യുക്തി സമൂഹത്തിനു മനസ്സിലാകാത്തതിനാല്‍ സമൂഹത്തിനാണു മനോരോഗമെന്നു മനോരോഗിയെന്നു വ്യവഹരിക്കപ്പെടുന്ന ആര്‍ക്കും ചിന്തിച്ചുകൂടേ… ഒരു സെന്‍ഗുരു താന്‍ ചിത്രശലഭം ആയിരിക്കുന്നുവെന്നു സ്വപ്നം കണ്ടു. ആ ചിത്രശലഭം താന്‍ സെന്‍ഗുരു ആയിരിക്കുന്നുവെന്ന് സ്വപ്നം കാണുന്നുണ്ടെങ്കിലോ എന്നായി പിന്നീട് അദ്ദേഹത്തിന്‍റെ സംശയം.

ഇന്നത്തെ കേരളീയസമൂഹം രോഗാതുരമാണ്. രോഗങ്ങളില്‍ മനോരോഗത്തിനു വലിയ സ്ഥാനമുണ്ട്. എന്തോ കടിച്ചുവെന്നു കുട്ടി പറഞ്ഞിട്ടും മറ്റുള്ള കുട്ടികള്‍ കൂടെ പറഞ്ഞിട്ടും അത് ആണികൊണ്ടു ഉണ്ടായ മുറിവാണെന്നു പറഞ്ഞു മരണത്തിലേക്കു തള്ളിവിട്ട അദ്ധ്യാപകന്‍റെ മനസ്സിനു രോഗമുണ്ട്. ആ അദ്ധ്യാപകന്‍റെ മാത്രം പ്രശ്നമായി ഇതിനെ കാണേണ്ടതില്ല. അര്‍ഹതയില്ലാത്തവര്‍ അദ്ധ്യാപകരായി നിയമിക്കപ്പെടുന്ന സാമൂഹികാവസ്ഥയാണു കാരണം. ജോലിസ്ഥിരതയും ശമ്പളക്കൂടുതലും പണിക്കുറവും മോഹിച്ചു അദ്ധ്യാപകവേഷം കയ്യടക്കിയവരുടെ എണ്ണം വളരെ കൂടുതലാണ്.

ഹയര്‍ സെക്കന്‍ഡറിയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയാകാനുള്ള എഴുത്തുപരീക്ഷയില്‍ ഏറ്റവും കുറവു മാര്‍ക്ക് ആയിരുന്നിട്ടും എയ്ഡഡ് സ്കൂളില്‍ അദ്ധ്യാപികയായവളുടെ കമന്‍റ്, 'കുട്ടികള്‍ക്കു പരീക്ഷയില്‍ അഞ്ചു മാര്‍ക്കിന്‍റെ ചോദ്യങ്ങളേ ഗ്രാമറിന്‍റേതുണ്ടാകൂ. അതുവിട്ടു ബാക്കി എഴുതിയാല്‍ മതി നല്ല മാര്‍ക്കു വാങ്ങാം." ഭാഷയറിയാത്ത കുട്ടി ചോദ്യോത്തരങ്ങള്‍ കാണാതെ പഠിച്ചെഴുതി കൊട്ടക്കണക്കിനു മാര്‍ക്കു വാങ്ങും. എന്തു പ്രയോജനം? അദ്ധ്യാപികയുടെ അജ്ഞത തലമുറകളില്‍ അജ്ഞതയുടെ പകര്‍ച്ചവ്യാധിയായി മാറുന്നു.

നഴ്സുമാരുടെ സമരകാലത്ത് ഒരു പ്രമുഖ ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്കുണ്ടായ അനുഭവം ആതുരശുശ്രൂഷയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കും. നേരത്തെതന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്ന സമരം നേരിടാന്‍ ഒരു നീക്കവും ആശുപത്രി അധികാരികള്‍ നടത്തിയില്ല. കാന്‍സര്‍ രോഗികള്‍ക്കുള്ള കീമോ ഇന്‍ജക്ഷന്‍ ഉള്‍പ്പെടെ മുടങ്ങി. ചികിത്സയ്ക്ക് ആശുപത്രിയില്‍ ചെല്ലുമ്പോള്‍ രോഗി ആദ്യം പറയേണ്ടത് ഇന്‍ഷൂറന്‍സുണ്ടോ, കാഷ്ലെസ് ആണോ, പിന്നീടു ക്ലെയിം ചെയ്യുന്നതാണോ എന്നീ കാര്യങ്ങളാണ്. കാഷ്ലെസ് ആണെങ്കില്‍ അവര്‍ക്കു സന്തോഷം. മരുന്നിനും സേവനത്തിനും തോന്നുംപടി ബില്ലിടാം. കാശ് കൊടുക്കുന്നത് ഇന്‍ഷൂറന്‍സ് കമ്പനിയാണല്ലോ. രോഗിക്കും കുഴപ്പം തോന്നില്ല. പക്ഷേ, ഇന്‍ഷൂറന്‍സ് പരിധി പെട്ടെന്നു കഴിയുമ്പോഴാണു വാപൊളിക്കുക. ആദ്യം കാശടച്ചു പിന്നീടു ക്ലെയിം ചെയ്യുന്ന സംവിധാനമാണെങ്കില്‍ തുക കുറയും! ഒരു പന്തിയില്‍ രണ്ടു വിളമ്പ്. മനോരോഗത്തോളം എത്തുന്ന ധനാര്‍ത്തിയാണിത്.

രാഷ്ട്രീയത്തില്‍ അധികാരമോഹവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ ഈഗോയും മാധ്യമരംഗത്തു മത്സരവും മതങ്ങളില്‍ അധീശത്വമനോഭാവവും കലാരംഗത്തു സ്പര്‍ദ്ധയും സമൂഹത്തില്‍ ജാതിചിന്തയും മനോരോഗത്തിന്‍റെ രൂപം ആര്‍ജ്ജിച്ചിട്ടുണ്ട്. രാജാവു തുണി ഉടുത്തിട്ടില്ല എന്നു വിളിച്ചുപറഞ്ഞ കുട്ടിയെപ്പോലെ വിളിച്ചുകൂവാന്‍ നമുക്ക് എന്നു കഴിയും?

സത്യം പറയുന്നവനെ മനോരാഗിയാക്കുന്നതാണു പണ്ടുമതലേ സമൂഹത്തിന്‍റെ രീതി, മനോരോഗികളെ സെല്ലില്‍ പാര്‍പ്പിക്കുന്ന രീതി തുടങ്ങിയതുതന്നെ ശല്യം ഒഴിവാക്കാനാണ്. യേശു പരസ്യജീവതം ആരംഭിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ യേശുവിനെ മനോരോഗിയായി ചിത്രീകരിക്കാനാണു യഹൂദര്‍ ശ്രമിച്ചത്. "അവന്‍റെ സ്വന്തക്കാര്‍ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാന്‍ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ കേട്ടിരുന്നു" (വി. മര്‍ക്കോ. 3:21). യേശുവിന്‍റെ മുമ്പില്‍ നില്ക്കുമ്പോള്‍ യേശു പറയുന്നതു വിശ്വസിക്ക്ും. പുരോഹിതന്മാരുടെ മുമ്പില്‍ നില്ക്കുമ്പോള്‍ അവര്‍ പറയുന്നത് അംഗീകരിക്കും, ഇതായിരുന്നു യഹൂദസമൂഹത്തിന്‍റെ രീതി. അവസരവാദം പ്രവൃത്തിപഥത്തിലാക്കിയ സമൂഹം.

-manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org