പക തീര്‍ക്കാന്‍ ചോറില്‍ മണ്ണു വാരിയിടരുത്

ശ്രീരാമന്‍ കാട്ടില്‍ ഒരിടത്തു തന്‍റെ വില്ല് വച്ചു. പിന്നീടു തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ വില്ലിന്‍റെ അറ്റം ഒരു തവളയുടെ വായിലാണെന്നു കണ്ടു. തവളയ്ക്കു കാര്യമായി പരിക്കേറ്റിട്ടുണ്ട്. കാരുണ്യത്തോടെ രാമന്‍ ചോദിച്ചു: "നിനക്ക് കരയാമായിരുന്നില്ലേ?" തവള പറഞ്ഞു: "ആപത്ത് വരുമ്പോള്‍ രാമനെ വിളിച്ചു കരയാനാണ് അമ്മ പഠിപ്പിച്ചത്. രാമന്‍ തന്നെ ആപത്താകുമ്പോള്‍ ആരെ വിളിച്ചു കരയും?" ഈശ്വരന്‍റെ അവതാരമായിട്ടും ആ ചോദ്യത്തിനുള്ള ഉത്തരം രാമന്‍റെ മനസ്സില്‍ ഉയര്‍ന്നില്ല. സംരക്ഷിക്കേണ്ടവര്‍ തന്നെ ആപത്താകുമ്പോള്‍ ആരെ വിളിച്ചു കരയാനാണ്? കരഞ്ഞിട്ടെന്തു പ്രയോജനമാണ്? ഈ കഥ അനേകം നാടുകളില്‍ ചെറിയ വ്യത്യാസങ്ങളോടെ പ്രചാരത്തിലുണ്ട്.

നമ്മുടെ സമൂഹത്തെ നോക്കുമ്പോള്‍ വളരെ പ്രസക്തമാണ് ഈ ചോദ്യങ്ങളെന്നു കാണാം. കുടുംബത്തിലായാലും സമൂഹത്തിലായാലും സംരക്ഷിക്കേണ്ടവര്‍ സംഹാരവേഷങ്ങളാകുന്നതാണു കാഴ്ച. പരസ്പരം കടിച്ചുകീറുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ കുട്ടികള്‍ക്ക് ആപത്താകുന്നു. പ്രതിബദ്ധതയില്ലാത്ത ഡോക്ടര്‍ രോഗികള്‍ക്ക് ആപത്താകുന്നു. ഉഴപ്പനായ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആപത്താകുന്നു. കൈക്കൂലിക്കാരനായ നിയമപാലകന്‍ പൗരന്മാര്‍ക്ക് ആപത്താകുന്നു. ഈ നിര എത്ര വേണമെങ്കിലും നീളും. ഞാന്‍ മറ്റുള്ളവര്‍ക്ക് ആപത്താകുന്നുണ്ടോയെന്ന അന്വേഷഷണം വളരെ അത്യാവശ്യമാണ്. ഞാന്‍ അന്യര്‍ക്കു നന്മയാകുന്നുണ്ടോയെന്ന അന്വേഷണം തുടര്‍ന്നു നടക്കണം.

രാഷ്ട്രീയക്കാരന്‍ രാഷ്ട്രത്തിനു നന്മയാകുന്നുണ്ടോ? പുരോഹിതന്‍ ആത്മീയതയ്ക്കും ന്യായാധിപന്‍ നിയമത്തിനും ഉദ്യോഗസ്ഥര്‍ നീതിക്കും നന്മയാകുന്നുണ്ടോ? ജീവിതത്തിന്‍റെ സമഗ്രതലങ്ങളെയും ഈ അന്വേഷണത്തില്‍ ഉള്‍ക്കൊള്ളിക്കാം. മഹാന്മാരായ വ്യക്തികളെല്ലാം അന്വേഷണത്തിന്‍റെ പാതയില്‍ മുന്നേറിയവരാണ്. മനുഷ്യന്‍ എന്തുകൊണ്ടു ദുഃഖിതനായിരിക്കുന്നു എന്നതാണു ശ്രീബുദ്ധന്‍ അന്വേഷിച്ചത്. യേശു "ദരിദ്രരെ സുവിശേഷം അറിയിക്കുകയും ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിച്ചു" (ലൂക്കാ 4:18). ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്രിവാള്‍ തന്‍റെ സര്‍ക്കാരിനെ നയിച്ചതു യേശു കാണിച്ച പാതയിലൂടെയാണെന്ന് അവകാശപ്പെടുകയും വിശദീകരിക്കുകയും ചെയ്തു. യേശു സ്വന്തം ജീവിതം ദരിദ്രര്‍ക്കും നിരാലംബര്‍ക്കുംവേണ്ടിയാണു സമര്‍പ്പിച്ചത്. തന്‍റെ സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടി പൊതുവിദ്യാഭ്യാസം മികവുള്ളതാക്കി. ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യചികിത്സയ്ക്കായി മൊഹല്ല ക്ലിനിക്കുകള്‍ തുറന്നു എന്നിങ്ങനെയായിരുന്നു വിശദീകരണം. മാപ്പു നല്കുക എന്നതാണു യേശു ജീവിതംകൊണ്ടു നല്കിയ പ്രധാന സന്ദേശമെന്നു കേജ്രിവാള്‍ വ്യക്തമാക്കി.

വിശുദ്ധ മദര്‍ തെരേസയോടൊപ്പം കാളിഘട്ടിലെ ആശ്രമത്തില്‍ സേവനം ചെയ്ത ഏതാനും മാസംകൊണ്ടു കെജ്രിവാള്‍ യേശുവിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കി.

മാപ്പ് നല്കുക എന്നതിനര്‍ത്ഥം എന്തു കുറ്റം ചെയ്താലും കണ്ടില്ലെന്നു നടിക്കുക എന്നല്ല. വീടിന്‍റെ പടികളിലിരുന്നു കുട്ടിക്കു ചോറു വാരി കൊടുക്കുകയാണ് അമ്മ. എന്തോ കാരണത്താല്‍ വാശി മൂത്ത പയ്യന്‍ താഴെയിറങ്ങി മുറ്റത്തെ ചരലു വാരി ചോറിലേക്കിട്ടു. കൊച്ചുകുട്ടിയുടെ ഈ കുറുമ്പ് അമ്മയ്ക്കു സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. അവള്‍ ചൂലിലെ ഈര്‍ക്കിലികള്‍ വലിച്ചെടുത്തു കുട്ടിക്കു വേദനിക്കുവോളം തല്ലി. അവന്‍റെ തുടകളില്‍ അടിയുടെ പാടുകള്‍ തിണര്‍ത്തു കിടന്നു. വാവിട്ടു കരഞ്ഞ അവനെ അമ്മ ആശ്വസിപ്പിക്കാന്‍ വൈകിയില്ല. അവന്‍ ചെയ്ത വലിയ തെറ്റു ബോദ്ധ്യപ്പെടുത്താന്‍ അടിയേക്കാള്‍ നല്ല മറ്റൊരു രീതി ഉണ്ടായിരുന്നില്ല. അടി കഴിഞ്ഞപ്പോള്‍ അമ്മ മകനു മാപ്പു കൊടുത്തു. താന്‍ ചെയ്ത തെറ്റിനാണ് അമ്മ തല്ലിയതെന്നു മനസ്സിലാക്കിയ മകന്‍ അമ്മയ്ക്കും മാപ്പു കൊടുത്തു. അവിടെ തീര്‍ന്നു അവരുടെ പിണക്കം. മുതിര്‍ന്നവരുടെ പിണക്കങ്ങളും ഇങ്ങനെയാവണം. പക മനസ്സില്‍ സൂക്ഷിച്ച് അവസരം കിട്ടുമ്പോഴെല്ലാം ചോറില്‍ മണ്ണു വാരിയിടരത്. അതു ശത്രുക്കള്‍ക്കു പറഞ്ഞു ചിരിക്കാനുള്ള കാര്യമാകും. മലിനമാകുന്നതു ചോറു മാത്രമല്ല, ഒരു ജീവിതസംസ്കാരമാണ്.

ചെറുതും വലുതുമായ കാര്യങ്ങള്‍ക്കു മാപ്പു നല്കേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ നിരന്തരം ഉണ്ടാകും. ക്ഷമിക്കുക എന്നതു മറ്റുള്ളവര്‍ക്കു കൊടുക്കുന്ന സമ്മാനമല്ല, അവനവനു നല്കുന്നതാണെന്നു തിരിച്ചറിയണം. മാപ്പ് നല്കുമ്പോള്‍ വ്യക്തിയില്‍ നെഗറ്റീവ് ചിന്തകളുടെ സ്വാധീനം ഇല്ലാതാകും. അങ്ങനെ വരുമ്പോള്‍ വൈകാരിക പക്ഷപാതമില്ലാതെ പ്രശ്നത്തെ കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. നല്ല ജീവിതം നയിച്ചുകൊണ്ടു പോസിറ്റീവായി പ്രതികാരം ചെയ്യാനാകും. അതിനാണു ശ്രമിക്കേണ്ടത്. പകയും പോരാട്ടവും അവനവന്‍റെയും അപരന്‍റെയും ജീവിതത്തെ തകര്‍ക്കാനേ ഉതകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org