കാക്കയ്ക്കും പൂച്ചയ്ക്കും പേടി മനുഷ്യന് മരണഭീതി

ഒരു കുഞ്ഞുകിളി പറന്നു വന്നിരിക്കുകയാണ്. വാഴകള്‍ക്കു വെള്ളമെത്തിക്കുന്നതിനുള്ള ചെറിയ തോടിന്‍റെ കരയില്‍ നിന്ന് അവള്‍ എന്തൊക്കെയോ കൊത്തിയെടുത്ത് തിന്നുന്നുണ്ട്. ഓരോ തവണയും കുനിഞ്ഞു കൊത്തിയശേഷം വിഹ്വലതയോടെ ചുറ്റിലും നോക്കും. അജ്ഞാതനായ ഒരു ഇരപിടിയനെ അവള്‍ ഭയപ്പെടുന്നപോലെ.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞുപൂച്ച വന്നു. വെളുത്ത പ്രതലത്തില്‍ കറുത്ത പൊട്ടുകളുള്ള സുന്ദരന്‍. വന്നപാടേ അവന്‍ ചെയ്തത് ഒരു ചെറുമരത്തിന്‍മേല്‍ തന്‍റെ മുന്‍കാലുകളുടെ നഖങ്ങള്‍ ഉരയ്ക്കുകയായിരുന്നു. ഉരച്ച്, ഉരച്ച്, ഉരച്ച്… പിന്നെയവന്‍ ചുറ്റിലും നോക്കി, പിന്നിലേക്കും. അല്പം ആലോചിച്ചു മുന്നിലേക്കു നടന്നു. ഇടയ്ക്കിടയ്ക്കു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഈ കുഞ്ഞന്‍ പൂച്ചയും ശത്രുവിനെ ഭയപ്പെടുന്നുണ്ടാകുമോ…?
കുഞ്ഞു ജീവികളില്‍ ഭയം അടിസ്ഥാനപരമായ വികാരമാണോ? എണ്ണിച്ചുട്ടെടുത്ത അപ്പം പോലെ എണ്ണിത്തിട്ടപ്പെടുത്തിയ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഇവയ്ക്കു ജീവിതം സമ്മാനിക്കുന്നതെന്താണ്? വലിയ ജീവികളുടെ ഇരകളാകുക എന്നതാണോ ഇവയുടെ ജീവിത നിയോഗം?

ജന്തുജാലങ്ങളെ നിയന്ത്രിക്കുന്നതു വികാരങ്ങളാണെന്നു ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ശക്തമായ വികാരം ഭയമാണ്. അതിനാല്‍ ശക്തനായ ശത്രുവിനെ കാണുമ്പോള്‍ തന്നെ ദുര്‍ബലരായ മൃഗങ്ങള്‍ ഓടാന്‍ തുടങ്ങും. ഓടണോ പോരാടണോ എന്ന ചോദ്യത്തിനു ഓടിക്കൊണ്ടാണു മറുപടി നല്കുക.

മനുഷ്യരോട് അടുത്തു സഹവസിക്കുന്ന കാക്കകള്‍ ചിരപരിചിതമായ സ്ഥലത്തു ചിരപരിചിതമായ വസ്തുക്കള്‍ ലഭിക്കുമ്പോള്‍പോലും, ഒന്നു കൊത്തി തലയുയര്‍ത്തി നോക്കി, വീണ്ടും കൊത്തി തലയുയര്‍ത്തി നോക്കിയാണു തിന്നുക. അവയ്ക്കും ഉള്‍ഭയമുണ്ട്.
മൃഗങ്ങളെപ്പോലെ അജ്ഞാതനായ ശത്രുവിനെ ഭയന്നു ജീവിക്കേണ്ട അവസ്ഥയിലാണ് ഇന്നു ലോകമെമ്പാടുമുള്ള മനുഷ്യര്‍.

മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്ന പ്രധാന വികാരം ഭയമായിരിക്കുന്നു. മുന്‍കാലങ്ങളിലെ ദാരിദ്ര്യം നിറഞ്ഞ സമൂഹം, ഭയം നിറഞ്ഞ സമൂഹമെന്ന നിലയിലേക്കു മാറിയിരിക്കുന്നു. മുതലാളിത്തവും സയന്‍സും തത്ത്വചിന്താപരമായ മുന്നേറ്റങ്ങളും പ്രേതം പോലുള്ള അദൃശ്യശക്തികളെക്കുറിച്ചുള്ള ഭയത്തില്‍നിന്നും മനുഷ്യനെ വിമുക്തമാക്കി, ദൈവവിശ്വാസം അവനെ കരുത്തനാക്കി. ഇന്ന് ഭീകരരും അവരുടെ നിഷ്ഠൂരമായ ആക്രമണങ്ങളും അണ്വായുധങ്ങളും നീളുന്ന യുദ്ധങ്ങളും വലിയ തോതിലുള്ള യുദ്ധസാധ്യതകളും മനുഷ്യന്‍റെ ഉറക്കം കെടുത്തുന്നു. പരിസ്ഥിതിനാശവും വര്‍ദ്ധിച്ചുവരുന്ന ചൂടും ചിന്തിക്കുന്ന മനുഷ്യരെ നിശ്ശബ്ദതയിലാഴ്ത്തുന്നു.

രോഗങ്ങളെക്കുറിച്ചുള്ള ഭയം മനുഷ്യരുടെ പൊതുവികാരമാണ്. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പകര്‍ച്ചവ്യാധിയുടെ നിലയിലേക്കു മാറുന്നു. പുതിയ രോഗങ്ങള്‍ പല്ലിളിച്ചെത്തുന്നു.
ലോകപൊലീസായി നെഞ്ചും വീര്‍പ്പിച്ചു നടക്കുന്ന അമേരിക്കയുടെ പൗരന്മാര്‍ മുന്‍കാലങ്ങളിലെ അപേക്ഷിച്ചു വലിയ ഭീതിയിലാണ്. ഭീതിയില്‍ നിന്നുള്ള സ്വാതന്ത്ര്യം മനുഷ്യന്‍റെ മൗലിക സ്വാതന്ത്ര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഫ്രാങ്ക്ളിന്‍ റൂസ്വെല്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. പ്രഭാഷണങ്ങള്‍ക്കോ ഉദ്ബോധനങ്ങള്‍ക്കോ അമേരിക്കക്കാരുടെ ഭയം കുറയ്ക്കാന്‍ കഴിയുന്നില്ല. ഭീകരരും ഭീകരാക്രമണവുമാണ് അവര്‍ക്ക് ആശങ്കകള്‍ ഉണര്‍ത്തുന്നത്. 2001 സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തിനു ശേഷമാണ് അമേരിക്കന്‍ മനസ്സിനെ ഭയം കീഴടക്കിയത്. അഭയം തേടി അവര്‍ ഭൂരിപക്ഷവും ദൈവസന്നിധിയിലേക്കു തിരിഞ്ഞിരിക്കുന്നു. അമേരിക്കയില്‍ ഇപ്പോള്‍ സൈക്യാട്രിസ്റ്റുകള്‍ക്കു നല്ല തിരക്കാണ്.

നമ്മുടെ അയല്‍പക്കരാജ്യമായ ശ്രീലങ്കയില്‍ കത്തോലിക്കാ, പ്രൊട്ടസ്റ്റന്‍റ് പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ നമ്മോടു പലതും പറയുന്നുണ്ട്. ആ ഭീകരാക്രമണങ്ങളുടെ മൂഖ്യ സൂത്രധാരന്‍ കേരളത്തിലും വന്നിരുന്നുവെന്ന വസ്തുത നമ്മളെ ആശങ്കയിലാഴ്ത്തുന്നു. ഒരു മതത്തിന്‍റെ ആരാധകര്‍ മറ്റൊരു മതത്തിലെ വിശ്വാസികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ വീരസ്വര്‍ഗം ലഭിക്കുമെന്നു വിശ്വസിച്ചു കൊടുംക്രൂരതകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു സെന്‍ കഥയുണ്ട്.

കെന്‍ജി ജപ്പാനിലെ ഒരു പോരാളിയായിരുന്നു. 'നാടിനുവേണ്ടി മരിക്കണം' എന്ന തന്‍റെ ജീവിതോദ്ദേശ്യം, യുദ്ധം ഇല്ലാതായതോടെ സാധ്യമാവില്ലെന്നായപ്പോള്‍ വീര മൃത്യുവിനെപ്പറ്റിയുള്ള അദ്ദേഹത്തിന്‍റെ ആശകള്‍ അകന്നുപോയി. എന്തു ചെയ്യണമെന്നറിയാതെ അയാള്‍ നഗരവീഥികളിലൂടെ അലഞ്ഞു.
ഒരു ദിവസം ഭീകരനായ ഒരു കൊള്ളക്കാരന്‍ ഒരു വൃദ്ധയെ അവരുടെ വീടിന്‍റെ രണ്ടാം നിലയില്‍ തടവിലാക്കി. വന്‍ തുക കൊടുത്താല്‍ മാത്രമേ വൃദ്ധയെ മോചിപ്പിക്കുവെന്ന് അയാള്‍ അധികാരികളെ അറിയിച്ചു. പൊലീസുകാര്‍ ആ കള്ളനെ പിടിക്കാന്‍ ശ്രമിക്കാതെ പിന്‍വലിഞ്ഞു കളിച്ചു. പൊലീസിനുപോലും അയാളെ ഭയമായിരുന്നു.

കെന്‍ജി ഇതറിഞ്ഞു. അയാള്‍ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലേക്കു കുതിച്ചു ചെന്നു. വൃദ്ധയെ മോചിപ്പിക്കാന്‍ തസ്കരനോട് ആവശ്യപ്പെട്ടു. അയാള്‍ പരിഹാസം നിറഞ്ഞ അട്ടഹാസത്തോടെ കെന്‍ജിയുടെ നേര്‍ക്കു വാള്‍ വീശിയടുത്തു. പിന്നീടു പൊരിഞ്ഞ പോരാട്ടമായിരുന്നു. കെന്‍ജിയുടെ വെട്ടേറ്റു കൊള്ളക്കാരന്‍ മരിച്ചുവീണു. തനിക്കു സാരമായ മുറിവുകളൊന്നും ഏല്ക്കാത്തതിനാല്‍ കെന്‍ജി ദുഃഖിതനായി. അയാള്‍ സ്വയം കുത്തി മുറിവേല്പിച്ചു. മുറിവില്‍നിന്നു രക്തം ചീറ്റി. അപാരമായ വേദന ശരീരം മുഴുവന്‍ നിറഞ്ഞു. കെന്‍ജി നൊന്തു പിടഞ്ഞു. ആശുപത്രിയില്‍വച്ചു മരിക്കുകയും ചെയ്തു. അപ്പോള്‍ അയാളുടെ ചുണ്ടുകളില്‍ വീരസ്വര്‍ഗം പ്രാപിച്ചതിന്‍റെ സംതൃപ്തി നിറഞ്ഞ ചിരിയുണ്ടായിരുന്നു.

വീരസ്വര്‍ഗത്തിന്‍റെ അയുക്തികതയും അര്‍ത്ഥരാഹിത്യവും വ്യക്തമാക്കുന്ന ഈ സെന്‍കഥ ഇന്നത്തെ വീരസ്വര്‍ഗ വാര്‍ത്തകളോടു ചേര്‍ത്തു വായിച്ചാല്‍ കിട്ടുന്ന ഉത്തരമെന്താണ്? ആചാരങ്ങളാണോ പാലിക്കപ്പെടേണ്ടത്, മൂല്യങ്ങളാണോ എന്ന ചോദ്യം നവോത്ഥാന കേരളം ഉറക്കെ ചോദിക്കുകയും മൂല്യങ്ങളാണു വലുതെന്ന ഉത്തരത്തിലെത്തുകയും ചെയ്തു. ഇന്നു വിശ്വാസമാണോ വലുത്, മനുഷ്യനാണോ എന്ന ചോദ്യം ഉറക്കെ ഉന്നയിക്കപ്പെടേണ്ടിയിരിക്കുന്നു.

ക്രിസ്തുമതം സ്നേഹമാണ്, ഇസ്ലാംമതം സാഹോദര്യമാണ്, ബുദ്ധമതം കരുണയാണ്, ഹിന്ദുമതം സ്വാതന്ത്ര്യമാണ് എന്ന സത്യം വിസ്മരിക്കപ്പെടരുത്. സ്നേഹവും സാഹോദര്യവും കരുണയും സ്വാതന്ത്ര്യവുമില്ലെങ്കില്‍ മനുഷ്യജീവിതം പോലെ അര്‍ത്ഥരഹിതമായ മറ്റൊന്നുമുണ്ടാകില്ല. അതിനാല്‍ എല്ലാ മതങ്ങളും വേണം. അവയിലെ നന്മകള്‍ തിളങ്ങണം.

കാല്‍നടയാത്രക്കാര്‍ റോഡിന്‍റെ വലതുവശത്തുകൂടി നടക്കണമെന്നതു സാര്‍വദേശീയമായ ട്രാഫിക് നിയമമാണ്. ഇതു തെറ്റിച്ച് ഇടതു വശത്തുകൂടി നടക്കുന്നയാള്‍ക്കു പലപ്പോഴും തിരിഞ്ഞുനോക്കേണ്ടിവരും. പ്രത്യേകിച്ച്, വീതി കുറഞ്ഞ റോഡുകളില്‍. നിയമം ലംഘിക്കുന്നതുകൊണ്ടാണ് ഈ മനുഷ്യനു ഭയമുണ്ടാകുന്നത്. നിയമം പാലിച്ചും മൂല്യങ്ങള്‍ക്കനുസരിച്ചും ജീവിച്ചാല്‍ വ്യക്തിയുടേതായ കാരണങ്ങളാല്‍ ഉണ്ടാകുന്ന ഭയാശങ്കകള്‍ ഒഴിവാകും. ബാക്കിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org