രണ്ടു ജോസഫുമാര്‍: ചില ചിന്തകളും

രണ്ടു ജോസഫുമാര്‍: ചില ചിന്തകളും

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കുണ്ടുകളത്തിന് ബൊക്കെ കൊടുക്കുമ്പോള്‍ ഞാന്‍ നേരിയ ചിന്താക്കുഴപ്പത്തിലായിരുന്നു. കൈ മുത്തിയില്ലെങ്കില്‍ ബഹുമാനമില്ലെന്നു കരുതിയാലോ? അതിനാല്‍ ബൊക്കെ കൊടുത്തിട്ട് അടുത്ത ക്ഷണം സ്ഥാനമോതിരത്തില്‍ ചുംബിച്ചു. സമരംമൂലം പൂട്ടിയ ദീപിക തൃശൂര്‍ യൂണിറ്റ് രണ്ടാമതു തുറക്കുന്ന ചടങ്ങായിരുന്നു; ദശാബ്ദങ്ങള്‍ക്കുമുമ്പു നടന്നത്. വേദിയില്‍ ഒട്ടേറെ പ്രമുഖരുണ്ട്. കുണ്ടുകുളം പിതാവിനു ബൊക്കെ കൊടുക്കേണ്ട ചുമതല എന്നില്‍ എങ്ങനെയോ നിക്ഷിപ്തമായതാണ്. ദീപിക യൂണിറ്റ് ഇനി പൂട്ടിപ്പോകരുത്, അതിനാല്‍ നല്ലൊരു തുടക്കമാകണം, ബിഷപ്പിനും മറ്റും സന്തോഷം തോന്നണം. കൈ മുത്തുമ്പോള്‍ എന്‍റെ മനസ്സിലെ വിചാരം അതായിരുന്നു.

അക്കാലത്ത് കുണ്ടുകുളം പിതാവിനെ അകന്നുനിന്നു നോക്കിക്കണ്ടിരുന്ന ഒരാളാണ് ഈ എളിയവന്‍. അദ്ദേഹം പണം വാങ്ങി പണക്കാരുടെ കല്യാണം കെട്ടിക്കാന്‍ പോകുന്നു. പൈസ വാങ്ങി കച്ചവടസ്ഥാപനങ്ങള്‍ ആശീര്‍വദിക്കാനെത്തുന്നു. സംഘടിതശക്തിയില്‍ ഊന്നി മഴുത്തായയുമായി ശത്രുവിനെതിരെ തിരിയാന്‍ ആഹ്വാനം ചെയ്യുന്നു, കോണ്‍ഗ്രസ്സ് നേതാവ് കെ. കരുണാകരനെ അന്ധമായി പിന്തുണയ്ക്കുന്നു… മാര്‍ കുണ്ടുകുളത്തെ സംബന്ധിച്ച് എന്‍റെ ധാരണകളും അറിവുകളും ഇത്തരത്തിലുള്ളതായിരുന്നു.

ഇടയ്ക്കു ചിന്തിച്ചു; ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം പാവങ്ങളുടെ ബിഷപ് എന്നാണല്ലോ അറിയപ്പെടുന്നത്. അതെന്തുകൊണ്ടാണ്? പാവങ്ങളുടെ ക്ഷേമത്തിനായി പല സ്ഥാപനങ്ങള്‍ അദ്ദേഹം ആരംഭിച്ചിരുന്നുവെന്ന സത്യം വൈകിയാണു മനസ്സിലാക്കിയത്. അവിവാഹിതകളായ അമ്മമാര്‍ക്കുവേണ്ടിയുള്ള സ്ഥാപനം, അവിടെ ജനിക്കുന്ന കുട്ടികള്‍ക്കു വളര്‍ന്നുവലുതാകുവാന്‍ സുരക്ഷിതമായ സംവിധാനം, ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി ഒരു സ്നേഹസദനം. നിത്യരോഗികളായവരെ നോക്കുവാന്‍ കാരുണ്യപ്രസ്ഥാനം… മനുഷ്യത്വത്തിന്‍റെ വിളംബരങ്ങളായ പല സംരംഭങ്ങള്‍. ഈ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുവാനുള്ള പണം കണ്ടെത്താനാണു ബിഷപ് കുണ്ടുകുളം പണം വാങ്ങി കല്യാണം കെട്ടിക്കാനും കച്ചവടസ്ഥാപനം ആശീര്‍വദിക്കാനും പോയിരുന്നത്. ആശീര്‍വാദം കഴിയുമ്പോള്‍ അദ്ദേഹം കച്ചവടക്കാരോടു പറയും: "ലാഭത്തിന്‍റെ പത്തു ശതമാനം അതിരൂപതയ്ക്കുള്ളതാണെന്ന കാര്യം മറക്കണ്ട." ദശാംശത്തിന്‍റെ ഓര്‍മപ്പെടുത്തല്‍.

മഴുത്തായ എടുക്കാന്‍ ആഹ്വാനം ചെയ്തതു കോളജ് സമരകാലത്താണ്. അതിന് അദ്ദേഹത്തിന് ആവശ്യത്തിലേറെ ന്യായീകരണങ്ങളുണ്ടായിരുന്നു. ആറാം തിരുമുറിവ് നാടകത്തിനെതിരെ പ്രതിഷേധിച്ചത്, തന്‍റെ ഗുരുവും നാഥനുമായ യേശുവിനെ അപമാനിക്കുന്നതു കണ്ടുനില്ക്കാന്‍ കഴിയാത്തതുകൊണ്ടാണ്. അപ്പനെ തല്ലാന്‍ വരുന്നവന്‍റെ മുന്നില്‍ കൈകള്‍ കെട്ടി നില്ക്കാനാവുമോ?

മനുഷ്യബന്ധങ്ങളില്‍ ഒരിക്കലും അദ്ദേഹം പണം മാനദണ്ഡമാക്കിയിരുന്നില്ല. അതിനാല്‍ ഭിക്ഷക്കാരനുപോലും ബിഷപ്സ് ഹൗസില്‍ തന്‍റെ അരികിലേക്കു സ്വാതന്ത്ര്യത്തോടെ കടന്നുവരാമായിരുന്നു. റവ. ഡോ. പോള്‍ തേലക്കാട്ട് രേഖപ്പെടുത്തിയ ഒരു അനുഭവമുണ്ട്: "ഒരിക്കല്‍ 'സത്യദീപ'ത്തിനുവേണ്ടി ഒരു അഭിമുഖസംഭാഷണത്തിന് ഒന്നാംനിലയിലെ പിതാവിന്‍റെ (മാര്‍ കുണ്ടുകുളം) മുറിയിലേക്കു ചെന്നു. മുകളിലത്തെ വരാന്തയില്‍ പിതാവ് ഒരു പിച്ചക്കാരിയുമായി വാക്കേറ്റമാണ്. "കള്ളീ നീ എന്നെ പറ്റിച്ചു" എന്ന് ആവര്‍ത്തിച്ചു പിതാവ് പറയുന്നതു കേള്‍ക്കാം. ആ സ്ത്രീ കോവണി ഇറങ്ങിപ്പോകുന്നു. അഭിമുഖം കഴിഞ്ഞു താഴെ വന്നപ്പോള്‍ അരമനയിലെ അധികാരിയായ ഒരച്ചനോടു ഞാന്‍ ചോദിച്ചു: "ഈ പിച്ചക്കാരെയൊക്കെ മുകളിലേക്കു വിടുന്നതെന്തിന്? നിങ്ങള്‍ക്ക് അതു നോക്കിക്കൂടേ?" അദ്ദേഹം പറഞ്ഞു: "നല്ല കാര്യായ്, ഒരു പിച്ചക്കാരനെ താഴെ തടഞ്ഞു എന്നു കേട്ടാല്‍ ബഹളമാകും. പിതാവു സമ്മതിക്കില്ല, ഞങ്ങള്‍ എന്തു ചെയ്യും?" (ദൈവത്തിന്‍റെ കരങ്ങള്‍, പേജ് 13). ആരാധനാലയത്തിലേക്കു പിച്ചക്കാരന്‍ കടന്നുചെന്നാല്‍ ആര്‍ക്കെങ്കിലും തടയാനാകുമോ?

കുണ്ടുകുളം പിതാവിന് ഒരു സ്വകാര്യജീവിതം ഉണ്ടായിരുന്നില്ല. സഭയുടെയും സമൂഹത്തിന്‍റെയും ചരിത്രത്തോട് ഇഴചേര്‍ന്നു നിന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതം. അതിനാല്‍ അദ്ദേഹം ജനകീയനും പാവങ്ങളുടെ ബിഷപ്പുമായി. സുതാര്യമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. അദ്ദേഹത്തിനു സ്വന്തമായ ശൈലിയുണ്ടായിരുന്നു. നര്‍മ്മവും ഭാഷയും അതിനു തിളക്കം കൂട്ടി. ഒരിക്കല്‍ വൈദികസമ്മേളനത്തില്‍ ബിഷപ്പിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. അവസാനം കുണ്ടുകുളം പിതാവ് പറഞ്ഞു: "പ്രിയ അച്ചന്മാരേ, ഇവിടെ പരിശുദ്ധരായ അച്ചന്മാരും പാപിയായ ഒരു മെത്രാനും ഉണ്ടെന്നു മനസ്സിലായി." പൊട്ടിച്ചിരിയുടെ അമിട്ടുകളാണു പിന്നീടു പൊട്ടിച്ചിതറിയത്. എല്ലാ അഭിപ്രായവ്യത്യാസങ്ങളും അന്തരീക്ഷത്തില്‍ അലിഞ്ഞു.

പണ്ടത്തെ വൈദിക മേലദ്ധ്യക്ഷന്മാര്‍ ഓരോരുത്തരും സ്വന്തമായ വ്യക്തിത്വത്തിന്‍റെ ശോഭ പ്രസരിപ്പിച്ചവരാണ്. സംസ്കൃതപണ്ഡിതനും കാന്‍ഡിയില്‍ വൈദികപഠനം നിര്‍വഹിച്ച ബുദ്ധിജീവിയും ഭാരതീയസംസ്കാരത്തെ വിലമതിച്ചയാളുമായ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, കാര്‍ഷികസംസ്കൃതിയുടെ ആത്മാവറിഞ്ഞിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, നര്‍മ്മത്തിലൂടെ ആത്മീയതയെ ഉപാസിച്ച കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറ തുടങ്ങിയവര്‍ കേരളസഭയ്ക്കു നല്കിയ സംഭാവനകള്‍ അതുല്യങ്ങളാണ്. മൈക്കലാഞ്ചലോയും ലിയോണാര്‍ഡോ ഡാവിഞ്ചിയും റാഫേലും ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നതുപോലെയായിരുന്നു ആ ബിഷപ്പുമാരുടെ കാലം. ആ കാലഘട്ടം തിരിച്ചുവരുന്നതിനെപ്പറ്റി സ്വപ്നം കാണാനെങ്കിലും നമുക്കു കഴിയില്ലേ. അവരൊക്കെ കേരളീയ പൊതുസമൂഹത്തിലും സ്വീകാര്യരായിരുന്നു. ആടയാഭരണങ്ങളല്ല, അവരുടെ വ്യത്യസ്തതയും വ്യക്തിത്വവുമായിരുന്നു അതിനു കാരണമായത്.

കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്‍റെ "ഞാന്‍ എന്‍റെ ദൃഷ്ടിയില്‍" എന്ന ആത്മകഥ വായിക്കുമ്പോള്‍ ഒരു കവിയുടെ ആത്മകഥയിലൂടെ കടന്നുപോകുന്ന അനുഭവമാണ് ഉണ്ടാകുന്നത്. അനേകം കാവ്യഭാഗങ്ങള്‍ അദ്ദേഹം അതില്‍ ഉദ്ധരിച്ചിട്ടുണ്ട്. കര്‍ദിനാള്‍ ഒരു കവിയെപ്പോലെ ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്നു. "ബഹുജനങ്ങളുമായി എന്നും ഔദ്യോഗിക കര്‍ത്തവ്യനിര്‍വഹണത്തിനുവേണ്ടി കുറെയെല്ലാം ഇടപെടേണ്ടി വന്നിട്ടുണ്ട്. എന്നുവരികിലും യഥാര്‍ത്ഥത്തില്‍ ഒരു ഏകാന്ത ജീവിതമായിരുന്നു എന്‍റേതെ"ന്നു കര്‍ദിനാള്‍ പാറേക്കാട്ടില്‍ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (ഞാന്‍ എന്‍റെ ദൃഷ്ടിയില്‍, പേജ് 396).

കേരളീയര്‍ക്കു പരിചയമുള്ള രണ്ടു മികച്ച രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനശൈലിയോടു താരതമ്യപ്പെടുത്തിയാല്‍ ആര്‍ച്ച്ബിഷപ് കുണ്ടുകുളം ഏ.കെ.ജി.യെപ്പോലെ ജനകീയനേതാവും പാറേക്കാട്ടില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലെ ബുദ്ധിശാലിയും ആയിരുന്നുവെന്നു രേഖപ്പെടുത്താം. ഈ ഒരു കോമ്പിനേഷനാണു കേരളസഭയ്ക്ക് ഇന്നാവശ്യം. ബൗദ്ധികതയും ജനകീയതയും നിസ്വാര്‍ത്ഥമായി വിശ്വാസത്തിന്‍റെ വേദിയില്‍ ഒന്നിച്ചു വിശ്വാസികളെ ദൈവോന്മുഖമായി നയിക്കുന്ന അവസ്ഥ.

ചുറ്റിലും നോക്കുമ്പോള്‍ ഇന്നു കാണാന്‍ കഴിയാത്ത ഒരു സ്വഭാവഗുണമാണു വിനയം. മുമ്പത്തെ അവസ്ഥ അതായിരുന്നില്ല. പാറേക്കാട്ടില്‍ പിതാവ് എഴുതിയിരിക്കുന്നു: "പള്ളിയില്‍ നിന്ന് എല്ലാവരുംകൂടി പൊതുയോഗത്തിനായി പടിഞ്ഞാറു വശത്തു തോമാശ്ലീഹായുടെ പ്രതിമയുടെ മുന്‍വശത്തായുള്ള മൈതാനത്തിലേക്കാണു പോയത്. പ്രസംഗമദ്ധ്യേ എന്നെ സഹായമെത്രാനായി നിയമിച്ചുള്ള വിവരം കര്‍ദിനാള്‍ കരഘോഷത്തിന്‍റെ മദ്ധ്യേ പ്രഖ്യാപിച്ചു. തത്സമയം കസേര കിട്ടാഞ്ഞിട്ടു ഞാന്‍ നിലത്ത് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു. എവിടെയെങ്കിലുമുണ്ടെങ്കില്‍ പ്ലാറ്റ് ഫോമിലേക്കു കയറിച്ചെല്ലണമെന്നു കര്‍ദിനാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു ഞാനവിടെ ചെല്ലുകയും ആദ്യം അദ്ദേഹത്തിന്‍റെയും അനന്തരം മെത്രാപ്പോലീത്താ തിരുമേനിയുടെയും കരങ്ങള്‍ ചുംബിക്കുകയും ചെയ്തു. ബഹുസഹസ്രം നേത്രങ്ങള്‍ എന്‍റെ നേര്‍ക്ക് തിരിഞ്ഞു. ഞാന്‍ ലജ്ജാവിവശനായി, ഇതികര്‍ത്തവ്യതാമൂഢനായി" (ഞാന്‍ എന്‍റെ ദൃഷ്ടിയില്‍, പേജ് 408). സഹായമെത്രാനാകാന്‍ സാദ്ധ്യതയുള്ള ഒരു വൈദികന്‍ കസേര കിട്ടാഞ്ഞു പൊതുയോഗത്തില്‍ നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന അവസ്ഥ ഇന്നുണ്ടാവുമോ? ഇല്ലെന്നു തറപ്പിച്ചു പറയാം.

വിശ്വാസസംബന്ധമായ പ്രശ്നങ്ങളുടെ പേരില്‍ പ്രതികരിക്കുമ്പോള്‍ മാത്രമല്ല, പൊതുവിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍പോലും വെല്ലുവിളിയുടെ കടുത്ത ഭാഷ ചില വൈദികമേലദ്ധ്യക്ഷന്മാര്‍ ഉപയോഗിക്കാറുണ്ട്. ചില അല്മായ ഞാഞ്ഞൂലുകള്‍ ഇതനുകരിച്ച് ഇല്ലാത്ത പത്തി വിടര്‍ത്താന്‍ ശ്രമിക്കുന്നു. നമ്മുടേതുപോലുള്ള ബഹുസ്വരസമൂഹത്തില്‍ സമന്വയത്തിന്‍റെ ഭാഷയാണ് ഏറ്റവും അനുയോജ്യം. പൊതുസമൂഹവുമായുളള സൗഹൃദം കളയാതിരിക്കാന്‍ അതനിവാര്യമാണ്.

"Friendship once broken, like a China bowl,
Can Never, never, be again made whole.
You may repair it – like the China bowl – it is true,
But the part mended will be still in view.'

"സൗഹൃദം ചീനഭരണിപോലെ ഒരിക്കല്‍ പൊട്ടിയാല്‍ വീണ്ടും പൂര്‍ണമായി ഒന്നിപ്പിക്കുക സാദ്ധ്യമല്ല. കേടു തീര്‍ക്കാന്‍ പറ്റിയാലും അതിന്‍റെ പാടുകള്‍ ദൃശ്യമായിരിക്കും."

സഭ ചെയ്യുന്ന കാരുണ്യപ്രവൃത്തികളും സേവനങ്ങളും പൊതുസമൂഹം മനസ്സിലാക്കുന്നില്ലെന്ന പരാതി ഉയരാറുണ്ട്. പൊതുസമൂഹത്തിന് ഉള്‍ക്കൊളളാന്‍ കഴിയുന്ന രീതിയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. കുണ്ടുകുളം പിതാവിന്‍റെ കാലത്തേക്കാള്‍ കൂടുതല്‍ തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തൃശൂര്‍ അതിരൂപത ഇപ്പോള്‍ ചെലവഴിക്കുന്നുണ്ടെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പൊതുസമൂഹം അറിയാത്തതാണോ, അറിഞ്ഞ മട്ട് കാണിക്കാത്തതാണോ എന്ന സംശയം ന്യായമാണ്. പൊതുസമൂഹം ഇന്നു വര്‍ഗീയമായും ജാതീയമായും രാഷ്ട്രീയമായും മറ്റു പലതുമായും കനത്ത ചേരിതിരിവുകളിലാണ്.

പൊതുസമൂഹം കാണുന്നതു ബൈക്കും കാറും വിനോദയാത്രയുമായി മുന്നേറുന്ന വൈദികരെ മാത്രമാണ്. നിത്യരോഗികളെയും എയ്ഡ്സ് രോഗികളെയും കുഷ്ഠരോഗികളെയും ബുദ്ധിമാന്ദ്യമുള്ളവരെയും ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ അവര്‍ കാണുന്നില്ല. അവരെയും സഭാപരിപാടികളില്‍ മുന്‍നിരയിലേക്കു കൊണ്ടുവന്നു പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്തണം. നന്മ ചെയ്യുന്നവരെ ആദ്യം സഭയ്ക്കുള്ളില്‍ അംഗീകരിക്കണം. എന്നിട്ടു പൊതുസമൂഹത്തിലേക്കുള്ള ജാലകങ്ങള്‍ തുറന്നിടണം.

manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org