അഭിലാഷ് ടോമിയും ഒറ്റക്കയ്യടി ശബ്ദവും

അഭിലാഷ് ടോമിയും ഒറ്റക്കയ്യടി ശബ്ദവും

വളരെയേറെ അപകട സാദ്ധ്യതയുള്ള മേഖലകളിലേക്കു സാഹസികരായ മനുഷ്യര്‍ കടന്നുചെല്ലുന്നു, സുരക്ഷിതത്വത്തിന്‍റെ ഇത്തിരിവട്ടത്തില്‍ ഒതുങ്ങിനില്ക്കുന്നവര്‍ അതുകണ്ട് അതിശയിക്കുന്നു. സാഹസികന് എന്തെങ്കിലും അപകടം പറ്റിയാല്‍ രണ്ടാമത്തെ കൂട്ടര്‍ പറയും, "ഇതിന്‍റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?" അവരെ സംബന്ധിച്ചിടത്തോളം ജീവിതമെന്നതു പണവും പദവിയും പത്രാസും അവയോടു ബന്ധപ്പെട്ടു കിട്ടുന്ന ഇക്കിളിസുഖങ്ങളും ദീര്‍ഘായുസ്സുമാണ്. ജീവിച്ച വര്‍ഷമല്ല, വര്‍ഷിച്ച ജീവിതമാണു ഗണനീയമെന്നത് അവര്‍ക്കു മനസ്സിലാകാത്ത കാര്യമാണ്.

ഇന്ത്യന്‍ നാവികസേനയില്‍ പൈലറ്റായ കമാന്‍ഡര്‍ അഭിലാഷ് ടോമി കടലിലെ സാഹിസകനായ പോരാളിയാണ്. ഗോള്‍ഡണ്‍ ഗ്ലോബ് രാജ്യാന്തര പായ്വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അതിശക്തമായ തിരകളി ലും ഭീകരമായ കാറ്റിലുംപെട്ട് വഞ്ചിയുടെ പായ്മരം തകരുകയും അഭിലാഷിനു ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്ത വാര്‍ത്ത ലോകം ഉത്കണ്ഠയോടെയാണു ശ്രവിച്ചത്. സാഹസികതയെ സ്നേഹിക്കുന്നവര്‍ പ്രാര്‍ത്ഥിച്ചു: "ദൈവമേ, അഭിലാഷിന് ഒന്നും സംഭവിക്കല്ലേ."

കടല്‍ക്ഷോഭത്തില്‍ ദിക്കറിയാതെ ഒഴുകുന്ന പായ്വഞ്ചിയില്‍ അഭിലാഷ് അനങ്ങാനാവാതെ കിടന്നത് 70 മണിക്കൂര്‍! രക്ഷാസന്ദേശം അയച്ചതിനുശേഷം അത്രയും സമയം പിന്നിട്ടാണു രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിലാഷിന്‍റെ തകര്‍ന്ന വഞ്ചിക്കരികില്‍ എത്താനായത്. ഓരോ മണിക്കൂറും ഓരോ യുഗംപോലെ അനുഭവപ്പെട്ട ആ സമയം എങ്ങനെ തരണം ചെയ്തുവെന്ന ചോദ്യത്തിന് അഭിലാഷ് പറഞ്ഞത്, "ആ സമയമത്രയും ചിന്തകളെ അകറ്റിനിര്‍ത്തി" എന്നാണ്. വര്‍ഷങ്ങളായുള്ള കടല്‍യാത്രയുടെ ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്നാണതെന്നും അഭിലാഷ് വ്യക്തമാക്കി.

ഇന്ത്യന്‍ നേവിയുടെ ഉന്നതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു യാഥാര്‍ത്ഥ്യമാക്കിയ അന്തര്‍ദ്ദേശീയ രക്ഷാദൗത്യമാണ് അഭിലാഷിനെ രക്ഷിച്ചത്. ഗുരുതരമായ പരുക്കിനെതിരെ, കുപിതയൗവ്വനത്തിന്‍റെ ശക്തിയോടെ വീശിയടിച്ച കൊടുങ്കാറ്റിനെതിരെ, വാ പിളര്‍ന്നെത്തിയ രാക്ഷസത്തിരമാലകള്‍ക്കെതിരെ മനുഷ്യന്‍റെ ഇച്ഛാശക്തി നേടിയ വിജയം. അഭിലാഷിന്‍റെ കായികശക്തി മികവുറ്റതാണ്. അതിലും ഉയര്‍ന്നതാണു മാനസികവും ആത്മീയവുമായ ശക്തി. ഏകാന്തത തനിക്കു ശക്തി പകരുന്നുവെന്ന് ഒരഭിമുഖത്തില്‍ അഭിലാഷ് വ്യക്തമാക്കിയിട്ടുണ്ട്. ഏകാന്തതയില്‍ കലര്‍പ്പില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നു. കൃത്യമായ അവബോധം ഉണരുന്നു. ഏകാന്തതയെ സ്നേഹിക്കുന്ന വ്യക്തി ആത്മീയതയെ ഉള്‍ക്കൊള്ളുന്നു. ആത്മീയരാണെന്നു വേഷഭൂഷാദികള്‍കൊണ്ട് അവകാശപ്പെടുന്നവര്‍ ഏകാന്തതയെ സ്നേഹിക്കാത്തതാണ് ഇന്നത്തെ വലിയ പ്രശ്നം. അവര്‍ ഉള്ളിലേക്കു നോക്കാന്‍ മറന്നുപോകുന്നതോ, ഭയപ്പെടുന്നതോ? അവരെയാണു വെള്ളയടിച്ച കുഴിമാടങ്ങളെന്നു യേശുനാഥന്‍ വിളിച്ചത്.

അഭിലാഷ് പ്രതിനിധീകരിക്കുന്ന ആത്മീയത ഉദാത്തമായ തലത്തിലുള്ളതാണ്. അദ്ദേഹം ഒരിക്കല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നു ഗോവയിലേക്കു ബോട്ടില്‍ വരികയായിരുന്നു. യാത്ര ആരംഭിക്കുംമുമ്പു സീനിയറായ നേവി ഓഫീസറുമായി ചൂടുപിടിച്ച തര്‍ക്കം നടന്നു. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ കുഴപ്പങ്ങളായിരുന്നു. മോശം കാറ്റ്, ആട്ടോപൈലറ്റിനു തകരാര്‍… അങ്ങനെ പലതും. യാത്രയുടെ കാര്യക്ഷമത, ഇന്ധനച്ചെലവ് ചുരുക്കല്‍, സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ സഹായിക്കുന്നതാണ് ആട്ടോ പൈലറ്റ്.

എന്താണിങ്ങനെയെന്ന് അഭിലാഷ് ആലോചിച്ചു. തന്‍റെ തലയ്ക്കകത്ത് അരങ്ങേറുന്ന കുഴപ്പങ്ങളുടെ പ്രതിഫലനങ്ങളാണു കാലാവസ്ഥയിലും ബോട്ടിലും പ്രതിഫലിക്കുന്നതെന്നു മനസ്സിലായി. എന്നിട്ടു സ്വയം പറഞ്ഞു, "ശാന്തനാകൂ, ശാന്തനാകൂ." എല്ലാം ഒന്നില്‍ തുടങ്ങാന്‍ മനസ്സിനെ ആദ്യം ശാന്തമാക്കണം. സാങ്കേതികകുഴപ്പങ്ങള്‍ തിരുത്തിയപ്പോഴേക്കും കാലാവസ്ഥ പ്രസന്നമായി കഴിഞ്ഞിരുന്നു. കുഴപ്പങ്ങള്‍ അവനവന്‍റെ ഉള്ളില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന ചിന്ത വിനയാന്വിതമായ ആത്മീയതയാണ്.

അഭിലാഷിനു നടുക്കടലിലും ധ്യാനാത്മകനാകാന്‍ കഴിയും. എങ്ങനെ? ഒരേ ശബ്ദം നിരന്തരം പുറപ്പെടുവിക്കും. ശ്വാസം നേരെയാകുന്നതുവരെയും, മനസ്സ് ശാന്തമാകുന്നതുവരെയും. ഋഷിമാര്‍ ചെയ്തിരുന്നതുപോലെ പുലിത്തോലില്‍ പ്രത്യേക പോസില്‍ ഇരുന്നാലേ ധ്യാനാത്മകത കൈവരിക്കാന്‍ കഴിയൂ എന്നില്ല. മനസ്സിനെ വരുതിയില്‍ നിര്‍ത്തുക എന്നതാണു ധ്യാനത്തിന്‍റെ ലക്ഷ്യം. ശ്രമിച്ചാല്‍ ഉലക്കമേലും ധ്യാനാത്മകത കൈ വരിക്കാം.

കര കാണാത്ത മഹാസമുദ്രത്തിലൂടെ പായ്വഞ്ചിയില്‍ ഒറ്റയ്ക്കു പോകുന്ന മനുഷ്യന്‍. എന്തെന്തു മഹാരഹസ്യങ്ങള്‍ ഉള്ളില്‍ പേറുന്നവളാണീ സമുദ്രം! രാത്രിയില്‍ ആകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കി ഡക്കില്‍ കിടക്കുമ്പോള്‍ ദൈവം തന്നെ സാകൂതം വീക്ഷിക്കുന്നതായി അഭിലാഷിനു തോന്നിയിരിക്കണം. നക്ഷത്രലിപികളിലൂടെ ദൈവം തന്നോടു സംസാരിക്കുകയാണെന്ന് അഭിലാഷ് സങ്കല്പിച്ചിരിക്കുമോ?

ലോകചരിത്രത്തെയും ദേശചരിത്രത്തെയും നാട്ടുചരിത്രത്തെയും ഗ്രാമചരിത്രത്തെയും ചെറുതും വലുതുമായ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന എല്ലാവരും ഈ പ്രപഞ്ചവിശാലതയെ ഏകാന്തതയില്‍ വീക്ഷിക്കാന്‍ തയ്യാറായിരുന്നെങ്കില്‍… ആ അവസരത്തിലെങ്കിലും സ്വന്തം മനസ്സിലേക്കു പാളിനോക്കിയിരുന്നെങ്കില്‍… ഈ ലോകം കുറേക്കൂടി നന്നാവുമായിരുന്നു.

അഭിലാഷ് ടോമിയുടെ കടല്‍ യാത്രകളെപ്പറ്റി ഓര്‍ത്തപ്പോള്‍ എന്‍റെ മനസ്സിലേക്കു കടന്നുവന്ന കഥയാണു ബ്രസീലിയന്‍ കഥാകൃത്തായ ഗ്വിമാറസ് റോസയുടെ. The Third Bank of the River എന്നത്. ഒരു മനുഷ്യന്‍ പറഞ്ഞുനിര്‍മിച്ച ബോട്ടില്‍ നദിയിലേക്കു തന്‍റെ ജീവിതം മാറ്റുകയാണ്. ഭാര്യയും മൂന്നു മക്കളുമുള്ള അയാള്‍ എന്തിനിതു ചെയ്തുവെന്ന് ആര്‍ക്കും അറിയില്ല. പിന്നെ ഒരിക്കലും അയാള്‍ വീട്ടിലേക്കോ കരയിലേക്കോ വന്നിട്ടില്ല. നദിയിലായി ജീവിതം. ജീവിതം നദിയായി. സ്വന്തം ജീവിതംകൊണ്ട് എന്തിനോ ഉള്ള പിഴയിടുകയായിരുന്നോ അയാള്‍? നദി കാലത്തിന്‍റെയും മരണത്തിന്‍റെയും പ്രതീകമാണെന്നു വ്യാഖ്യാനിക്കാനാവുമെങ്കിലും സാഹസികതയേക്കാള്‍ കീഴടങ്ങലിന്‍റെ ഞരക്കമാണ് അയാളുടെ പ്രവൃത്തിയില്‍ കാണാന്‍ കഴിയുക. കാലത്തോടും മരണത്തോടുമുള്ള പോരാട്ടമാണല്ലോ ജീവിതം.

സാഹസികരായ സഞ്ചാരികള്‍ ഒളിച്ചോടാനല്ല കടല്‍യാത്ര തിരഞ്ഞെടുക്കുന്നത്. പുതിയ ലോകം തേടി പോവുകയാണവര്‍. വാസ് കോഡ ഗാമ തേടിയത് ഇന്ത്യയടക്കമുള്ള പൗരസ്ത്യരാജ്യങ്ങളിലേക്കുള്ള കടല്‍മാര്‍ഗമാണ്. നാല് കപ്പലുകളിലായി 170 പേരായിരുന്നു ഗാമയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. രണ്ടു കപ്പലുകളില്‍ ചരക്കുകളുമായി തിരിച്ചെത്തിയത് 55 പേര്‍ മാത്രം! അവര്‍ പോരാടിയത് കാലത്തോടും മരണത്തോടും മാത്രമല്ല സമുദ്രത്തോടും ചതിയന്മാരായ മനുഷ്യരോടുമായിരുന്നു. കോഴിക്കോട്ടെ സാമൂതിരി രാജാവുമായി നല്ല ബന്ധം സ്ഥാപിച്ച ഗാമയെ കൊലപ്പെടുത്തുവാന്‍ അറബികള്‍ സാമൂതിരിയുടെ സര്‍വ്വസൈന്യാധിപനെ കൂട്ടുപിടിച്ചു പദ്ധതിയിട്ടു. തങ്ങളുടെ വ്യാപാരകുത്തക പൊളിയാതിരിക്കാനുള്ള ശ്രമമായിരുന്നു അത്. അവരുടെ പിടിയിലായ വാസ്കോ ഡ ഗാമ, അനുജന്‍ പൗളോ ഡ ഗാമയുടെ തന്ത്രപൂര്‍വ്വമായ ഇടപെടല്‍കൊണ്ടാണു രക്ഷപ്പെട്ടത്. 1498 മേയ് മാസത്തില്‍ ആദ്യം വന്നപ്പോള്‍ സാമൂതിരി വാഗ്ദാനം ചെയ്ത ചരക്കുകള്‍ ലഭിക്കാതിരുന്നതിന്‍റെയും ചതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെയും പ്രതികാരം ഗാമ നടപ്പാക്കിയത് 1502-ലെ രണ്ടാം വരവിലാണ്. കടലിനു പറയാന്‍ ഇപ്രകാരമുള്ള പ്രതികാരകഥകള്‍ ഏറെയുണ്ട്.

അഭിലാഷ് ടോമി എന്ന സാഹസികന്‍ ഏകാന്തതയുടെ സംഗീതം ശ്രവിച്ചുകൊണ്ടാണു കടല്‍യാത്ര നടത്തുന്നത്. സെന്‍കഥയില്‍ പറയുന്നതുപോലുള്ള ഒറ്റക്കയ്യടി കൊണ്ടുള്ള ശബ്ദം അദ്ദേഹത്തിനു കേള്‍ക്കാന്‍ കഴിയുന്നു. അതു രണ്ടു വസ്തുക്കളോ രണ്ടു കൈകളോ കൂട്ടിമുട്ടി ഉണ്ടാക്കുന്നതല്ല. അതു പ്രപഞ്ചത്തിന്‍റെ സംഗീതമാണ്. അതവിടെ ഉള്ളതാണ്.

ഇന്ത്യയുടെ ബുദ്ധിസവും ചൈനയുടെ താവോയിസവും സംഗമിച്ചുണ്ടായതാണു സെന്‍. ചൈനയില്‍ ജന്മംകൊണ്ട സെന്‍ ജപ്പാനിലാണു പ്രായപൂര്‍ത്തി നേടിയത്. കണ്ണടച്ചിരിക്കുന്ന ആളല്ല സെന്‍ ഗുരു. അദ്ദേഹം എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയാവും. സെന്‍ പഠിക്കാനെത്തുന്ന വ്യക്തിയെ ഗുരു കോന്‍ വഴിയാണ് അതിലേക്കു പ്രവേശിപ്പിക്കുക. കോന്‍ എന്ന ജാപ്പനീസ് വാക്കിന്‍റെ അര്‍ത്ഥം ഉത്തരമില്ലാത്ത ചോദ്യം എന്നാണ്. അങ്ങനെയുള്ള ചോദ്യങ്ങളില്‍ ഒന്നാണ്, "ഒറ്റക്കയ്യടികൊണ്ടുള്ള ശബ്ദം" എന്താണ് എന്നത്. ഒറ്റക്കൈകൊണ്ടു എങ്ങനെ ശബ്ദമുണ്ടാക്കാന്‍ കഴിയും? അതിനാല്‍ അര്‍ത്ഥരഹിതമായ ചോദ്യമെന്നു തോന്നും. അര്‍ത്ഥരഹിതമെന്നു തോന്നുന്ന അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നത് അഭിലാഷ് ടോമിയെപ്പോലുള്ള സാഹസികരായ സഞ്ചാരികള്‍ക്കാണ്. മനോസഞ്ചാരികളുമായ അവര്‍ അനുഗ്രഹീതരാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org