ഒത്തുതീര്‍പ്പിന് മഴവില്ലഴക്

ജീവിതകാലം മുഴുവന്‍ മഹാത്മാഗാന്ധിയെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും അതിശക്തമായി എതിര്‍ത്തയാളായിരുന്നു ബി.ആര്‍. അംബേദ്കര്‍. എന്നിട്ടും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ നിയമമന്ത്രിയാകാന്‍ വിളിക്കപ്പെട്ടത് അംബേദ്കര്‍ ആയിരുന്നുവെന്നതു വിചിത്രമായി തോന്നാം. സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യയിലെ ജനങ്ങള്‍ക്കു മുഴുവനാണെന്നുംകോണ്‍ഗ്രസ്സുകാര്‍ക്കു മാത്രമല്ലെന്നുമുള്ള ഉദാത്തമായ ചിന്തയുടെ അടിസ്ഥാനത്തില്‍ അംബേദ്കറെ മന്ത്രിസഭയില്‍ അംഗമാക്കാന്‍ ഗാന്ധിജി നെഹ്റുവിനോടു നിര്‍ദ്ദേശിക്കുകയായിരുന്നു. പണ്ഡിതന്‍, മികച്ച ഭരണാധികാരി എന്നിങ്ങനെയും അംബേദ്കറുടെ കഴിവുകള്‍ പരിഗണിച്ച്, തന്‍റെ നേര്‍ക്ക് ആ വ്യക്തി നടത്തിയിട്ടുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ തള്ളിക്കളയാനും മറക്കാനുമുള്ള മഹാമനസ്കത ഗാന്ധിജിക്കുണ്ടായിരുന്നു. ആ മനസ്സാണ് അദ്ദേഹത്തെ മഹാത്മാവാക്കിയത്. വലിയ സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഗാന്ധിജിയെപ്പോലെ വിശാല മനസ്സ് കാണിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഈ ലേകം എത്രയോ സുന്ദരമായേനെ.

മനുഷ്യവ്യവഹാരങ്ങളെ ഭരിക്കുന്ന, അല്ലെങ്കില്‍ ഭരിക്കേണ്ട മൗലികതത്ത്വം സന്ധിസംഭാഷണങ്ങളാണെന്നു പ്രമുഖ ഭാഷാപണ്ഡിതനും പ്രശസ്ത നോവലിസ്റ്റും ഉപന്യാസകാരനുമായ ഉമ്പര്‍ട്ടോ എക്കോ രേഖപ്പെടുത്തിയിട്ടുണ്ട്. കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ അനുരഞ്ജനത്തിന്‍റെ ശുശ്രൂഷയെപ്പറ്റി വി. പൗലോസ് വിശദമാക്കിയിട്ടുണ്ട്. "ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്കുകയും ചെയ്ത ദൈവത്തില്‍ നിന്നാണ് ഇവയെല്ലാം. അതായത്, ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്പിച്ചുകൊണ്ടു ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു" (2 കോറി. 5:18-19).

വി. പൗലോസ് വ്യക്തമാക്കുന്നതു രമ്യതപ്പെടുവാനുള്ള കഴിവു ദൈവികദാനമാണെന്നാണ്. തന്മൂലം ആത്മീയവ്യക്തിത്വങ്ങളില്‍ നിന്നു രമ്യതയുടെ കിരണങ്ങള്‍ പ്രസരിക്കുമെന്നു സാധാരണ മനുഷ്യര്‍ കരുതുന്നു. അങ്ങനെ സംഭവിക്കാതിരിക്കുമ്പോള്‍ അവര്‍ ദുഃ ഖിതരാകുന്നു. തെറ്റു മാനുഷികവും ക്ഷമ ദൈവികവുമാണ്എന്ന സത്യവചനം തെരുവില്‍ അനാഥമായി അലയുന്നു.

മഹാത്മജിയെ ലോകം കണ്ട മഹാനേതാക്കന്മാരില്‍ ഒരാളാക്കിയ ഒന്നാമത്തെ കാര്യം അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധിയാണ്. രണ്ടാമത്തെ കാര്യം, ഒരു സമരം എപ്പോള്‍ തുടങ്ങണമെന്നും എപ്പോള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിനു കൃത്യമായി അറിയാമായിരുന്നു എന്നതാണ്. സമരം തുടങ്ങാനല്ല വിഷമം, ശരിയായ സമയത്ത് അവസാനിപ്പിക്കാനാണ്. സമരപാരമ്പര്യമുള്ള ഏതു രാഷ്ട്രീയനേതാവിനോടു ചോദിച്ചാലും ഇക്കാര്യം സമ്മതിക്കും. ഒരു പ്രശ്നത്തില്‍ അപ്പുറത്തും ഇപ്പുറത്തുംനിന്ന് ഏറ്റുമുട്ടുന്നവര്‍ മനസ്സില്‍ കരുതിയിരിക്കേണ്ട വസ്തുതയാണിത്.

രണ്ടു കുട്ടികള്‍ തമ്മില്‍ നിസ്സാര കാര്യത്തിനു തര്‍ക്കമുണ്ടാവുകയും പെട്ടെന്നതു വഴക്കാവുകയും ചെയ്തു. മുതിര്‍ന്നവര്‍ ഏറ്റുപിടിച്ചപ്പോള്‍ വഴക്കു ലഹളയായി. ഏറെ നാശനഷ്ടങ്ങള്‍ വരുത്തിയശേഷം ലഹളക്കാരായ മുതിര്‍ന്നവര്‍ നോക്കുമ്പോള്‍ കണ്ടതു വഴക്കു കൂടിയ കുട്ടികള്‍ കെട്ടിപ്പിടിച്ചു ചിരിച്ചുല്ലസിച്ചിരിക്കുന്നതാണ്. മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണിത്. കുട്ടികളെപ്പോലെ മുതിര്‍ന്നവരുടെ തര്‍ക്കങ്ങള്‍ക്കും പ്രത്യേകിച്ചു കാരണമൊന്നും വേണമെന്നില്ല. മുള്ളുകൊണ്ടു കുത്തിപ്പൊട്ടിയ ബലൂണ്‍ പോലുള്ള ഈഗോ മതി. ഉമ്പര്‍ട്ടോ എക്കോ തന്‍റെ പ്രശസ്തമായ ഒരു നോവലില്‍ രണ്ടു പ്രമുഖ സന്ന്യാസസമൂഹങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം ചിത്രീകരിച്ചിട്ടുണ്ട്. ഈശോമിശിഹായ്ക്കു പണസഞ്ചി ഉണ്ടായിരുന്നോ എന്നതായിരുന്നു തര്‍ക്കവിഷയം. ഫ്രാന്‍സിസ്കന്‍ സമൂഹം പറഞ്ഞു, നമ്മുടെ കര്‍ത്താവ് ഈശോമിശിഹായ്ക്കു പണസഞ്ചി ഉണ്ടായിരുന്നില്ല. ഡൊമിനിക്കന്‍ സമൂഹം പറഞ്ഞു, ഈശോമിശിഹായ്ക്കു പണസഞ്ചി ഉണ്ടായിരുന്നു. മാര്‍പാപ്പയുടെ പിന്തുണ തങ്ങള്‍ക്കു ലഭിച്ചതിനാല്‍ ഡൊമിനിക്കന്‍ സമൂഹം ഫ്രാന്‍സിസ്കന്‍ സമൂഹത്തെ വേട്ടയാടാന്‍ തുടങ്ങി. ഇത് ഉമ്പര്‍ട്ടോ എക്കോയുടെ ഭാവനാസൃഷ്ടിയാണ് എന്നു പറയാമെങ്കിലും ചരിത്രത്തില്‍ ഇതിനു തുല്യമായ പലതും സംഭവിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല.

സ്വകാര്യസ്വത്ത് എന്ന ആശയത്തെ തിരസ്കരിക്കുന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഫ്രാന്‍സിസ്കന്‍ സമൂഹവും സ്വകാര്യസ്വത്തിനെ എല്ലാറ്റിനും ഉപരിയായി പ്രതിഷ്ഠിക്കുന്ന മുതലാളിത്ത രാഷ്ട്രീയത്തെ ഡൊമിനിക്കന്‍ സമൂഹവും പ്രതിനിധീകരിക്കുന്നുവെന്ന വായന സാദ്ധ്യമാണ്. ഇങ്ങനെ മാത്രമല്ല, മറ്റു പല തലങ്ങളിലും ഉമ്പര്‍ട്ടോ എക്കോയുടെ ചിത്രീകരണത്തെ വായിക്കാമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

കൃതിയെ മാത്രമല്ല വിഷയങ്ങളെയും പല രീതിയില്‍ വായിക്കാം, വ്യാഖ്യാനിക്കാം. തര്‍ക്കവിഷയമാണെങ്കില്‍ പറയുകയും വേണ്ട. അതേസമയം, ഏതു തര്‍ക്കവും സംഘര്‍ഷവും മനസ്സുവച്ചാല്‍ അവസാനിപ്പിക്കാനും കഴിയും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന തര്‍ക്കംപോലും ഒത്തുതീര്‍പ്പാക്കാം. ഇനി നമുക്കു സന്ധിസംഭാഷണം ആകാമെന്ന് ഇരുകൂട്ടര്‍ക്കും തോന്നുന്ന ഒരു ഘട്ടമുണ്ട്. ആ സമയം നഷ്ടപ്പെടാതെ നോക്കണം. വേലുപ്പിള്ള പ്രഭാകരന്‍ എന്ന 'പുലിത്തലന്‍' തന്‍റെ നല്ല കാലത്ത് ഒത്തുതീര്‍പ്പിനു വഴങ്ങിയിരുന്നെങ്കില്‍ പിന്നീടു സംഭവിച്ച ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്നു മാത്രമല്ല, ശ്രീലങ്കന്‍ തമിഴര്‍ക്ക് ഇന്നുള്ളതിനേക്കാള്‍ നേട്ടവും കിട്ടിയേനെ. പ്രഭാകരന്‍ കൊല്ലപ്പെട്ടതിനുശേഷം തമിഴര്‍ക്കു വിലപേശാനുള്ള കഴിവ് നഷ്ടമായി. പരമോന്നത നേതാവ് ജീവിച്ചിരിക്കുമ്പോഴേ എതിരാളികളില്‍ നിന്നു പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാവൂ.

വംശീയവും രാഷ്ട്രീയവുമായ അനുരഞ്ജനം ഏറ്റവും വിജയകരമായി അരങ്ങേറിയതു ദക്ഷിണാഫ്രിക്കയിലാണ്. പ്രസിഡന്‍റ് ഡി. ക്ലര്‍ക്കും അദ്ദേഹത്തിന്‍റെ വെളുത്ത പാര്‍ട്ടിയും നെല്‍സണ്‍ മണ്ഡേലയുമായും അദ്ദേഹത്തിന്‍റെ കറുത്തപാര്‍ട്ടിയുമായി സമാധാനചര്‍ച്ചയ്ക്കു തയ്യാറായി. മണ്ടേലയുടെ അനുയായികള്‍ തോക്കുകള്‍ താഴെവച്ചു സഹകരിച്ചു. ഫലമോ ആഭ്യന്തരയുദ്ധത്തിന്‍റെ അന്ത്യവും ജനാധിപത്യത്തിന്‍റെ ഉദയവും. പരസ്പരം മറന്നു പോരടിക്കുന്നവര്‍ ഒരു നിമിഷം കണ്ണുകളടച്ച് ഒത്തുതീര്‍പ്പിന്‍റെ അഴക് മനസ്സില്‍ കാണുക.

സെന്‍ഗുരുവായ ടോസാന്‍ പറഞ്ഞു, "നീലമല വെള്ളമേഘത്തിന്‍റെ അച്ഛനാണ്. വെള്ളമേഘം നീലമലയുടെ പുത്രനാണ്. ദിവസം മുഴുവന്‍ അവര്‍ പരസ്പരം ആശ്രിതരാകാതെ തന്നെ. വെള്ളമേഘം എപ്പോഴും വെള്ളമേഘവും നീലമല എപ്പോഴും നീലമലയും തന്നെ."

വെള്ളമേഘവും നീലമലയുംപോലെ അനവധി കാര്യങ്ങളുണ്ട്. പുരുഷനും സ്ത്രീയും, ഗുരുവും ശിഷ്യനും, നേതാവും അനുയായിയും… അങ്ങനെയങ്ങനെ. അവര്‍ തികച്ചും സ്വതന്ത്രര്‍, അതേസമയം ആശ്രിതര്‍. ഇപ്രകാരമാണു ജീവിക്കേണ്ടതെന്നു സെന്‍ ഉപദേശിക്കുന്നു. അങ്ങനെ ജീവിക്കുമ്പോള്‍ തര്‍ക്കങ്ങള്‍ക്ക് ഇടം കുറയും. തര്‍ക്കം ഉണ്ടായാല്‍ തന്നെ അനുരഞ്ജനത്തിന്‍റെ വഴി വേഗം തെളിഞ്ഞുവരും.

-manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org