Latest News
|^| Home -> Pangthi -> കിളിവാതിലിലൂടെ -> മണി മുഴങ്ങുന്നതു നമുക്കുവേണ്ടി

മണി മുഴങ്ങുന്നതു നമുക്കുവേണ്ടി

മാണി പയസ്

തകര്‍ക്കാനുള്ള പാലത്തിന്‍റെ സ്കെച്ച് ഒളിഞ്ഞുനിന്നു തയ്യാറാക്കുമ്പോള്‍ ബോംബ്സ്ഫോടന വിദഗ്ദ്ധനോടു സഹായിയും ഗറിലയുമായ വൃദ്ധന്‍ പറയുന്നു: “റോബേര്‍ട്ടോ, ആ കാവല്‍ക്കാരന്‍ എന്‍റെ ഗ്രാമത്തില്‍ നിന്നുള്ളവനാണെന്നു തോന്നുന്നു. അവന്‍ നന്നെ ചെറുപ്പമാണ്. അവനെ കൊല്ലേണ്ടതുണ്ടോ?”

റോബേര്‍ട്ടോ ചോദിക്കുന്നു: “ആന്‍സെല്‍മോ, താങ്കള്‍ക്ക് അയാളെ കൊല്ലാന്‍ ബുദ്ധിമുട്ടുണ്ടോ?”

വൃദ്ധന്‍: “അവനെ ഞാന്‍ കൊല്ലാം; ഉറപ്പ്. പാലം നശിപ്പിക്കേണ്ടത് അത്യാവശ്യമാണല്ലോ. അതിനുശേഷവും ജീവിക്കാന്‍ ഭാഗ്യം ലഭിച്ചാല്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ഞാന്‍ നാളുകള്‍ കഴിക്കും. അങ്ങനെയെങ്കിലും എനിക്കു മാപ്പ് കിട്ടുമല്ലോ.” ഹെമിംഗ്വേയുടെ പ്രശസ്തമായ “മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി” എന്ന നോവലിനുണ്ടായ ചലച്ചിത്രഭാഷ്യത്തിന്‍റെ തുടക്കത്തിലുള്ള സന്ദര്‍ഭമാണിത്.

പാലം തകര്‍ക്കപ്പെടുന്നതിനൊപ്പം ആ ചെറുപ്പക്കാരനും മറ്റു നിരവധി പേരും മരിക്കുന്നു. യുദ്ധത്തില്‍ മരിക്കുന്നയാളും കൊല്ലുന്നയാളും വ്യക്തിപരമായി ശത്രുക്കളല്ല. എന്നാല്‍ അയാളെ ഞാനെന്തിനു കൊല്ലണമെന്നു ചോദിക്കാന്‍ സൈനികന് അവകാശമില്ല. ചോദിച്ചാല്‍ രാജ്യദ്രോഹിയാകും.

ഭാരതീയ പുരാണങ്ങളില്‍ യുദ്ധത്തെ ധര്‍മ്മയുദ്ധമെന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടിയുള്ള യുദ്ധം. സഹോദരങ്ങളായ പാണ്ഡുവിന്‍റെയും ധൃതരാഷ്ട്രരുടെയും മക്കള്‍ കുരുക്ഷേത്രത്തില്‍ പരസ്പരം യുദ്ധം ചെയ്തു നശിക്കുന്നതില്‍ നിന്നു തടയുവാന്‍ ധര്‍മ്മപുത്രനും പാണ്ഡവരില്‍ ഏറ്റവും മുതിര്‍ന്നയാളുമായ യുധിഷ്ഠിരനുപോലും കഴിഞ്ഞില്ല. യുദ്ധത്തില്‍ പാണ്ഡവര്‍ വിജയിച്ചുവെങ്കിലും താന്‍ പരാജിതനാണെന്നു യുധിഷ്ഠിരന്‍ വിശ്വസിച്ചു. പ്രിയപ്പെട്ടവരുടെ ജീവന്‍ കുരുതികഴിക്കപ്പെടുന്ന യുദ്ധം ഒരു ജേതാവിനെയും സന്തുഷ്ടനാക്കുന്നില്ല. കലിംഗയുദ്ധത്തിനുശേഷം അശോകചക്രവര്‍ത്തിയുടെ മനംമാറ്റത്തിനു കാരണമതാണ്. ജേതാവായ ചക്രവര്‍ത്തിയുദ്ധം അവസാനിച്ചശേഷം രണഭൂമിയിലൂടെ നടന്നപ്പോള്‍ കണ്ടതു നടുക്കുന്ന കാഴ്ചകളായിരുന്നു. കബന്ധഭീകരതയുടെ നടുവില്‍ ചക്രവര്‍ത്തിയുടെ ആത്മാവ് തേങ്ങിക്കരഞ്ഞു. കാറ്റ് അതേറ്റെടുത്തു; ആകാശം സ്തംഭിച്ചു നിന്നു.

ആയുധക്കച്ചവടക്കാരും യുദ്ധത്തെ രാഷ്ട്രീയ ആയുധമാക്കുന്നവരും യുദ്ധം കൊതിക്കുന്നവരാണ്. അവര്‍ക്ക് അതിര്‍ത്തി കാക്കുന്ന സൈനികരുടെയോ കുടുംബാംഗങ്ങളുടെയോ മനസ്സ് വായിക്കേണ്ട കാര്യമില്ല. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന വ്യോമസേനാംഗത്തിന്‍റെ പത്നിയായ അനുരിമ ശര്‍മ ആകുലതയുടെ പേടകം തുറക്കുന്നു: ” I am scared to my guts, I’m always teary eyed, vulnerable and praying a hundered times a day for the safe return”(എനിക്ക് ആകെ ഭയമാണ്. എപ്പോഴും കണ്ണീരും. ദുര്‍ബല മനസ്സായതിനാല്‍ ദിവസത്തില്‍ നൂറു തവണയെങ്കിലും പ്രാര്‍ത്ഥിക്കും, (പ്രിയപ്പെട്ടവന്‍) സുരക്ഷിതമായി തിരിച്ചെത്താന്‍). ഇങ്ങനെയൊരു ജീവിതത്തെക്കുറിച്ചു മറ്റുള്ളവര്‍ എപ്പോഴെങ്കിലും സങ്കല്പിച്ചിട്ടുണ്ടോ? ഹിന്ദു ദിനപത്രത്തിന്‍റെ 2019 മാര്‍ച്ച് 3-ലെ ഓപ്പണ്‍ പേജില്‍ പ്രസിദ്ധീകരിച്ച “Those wars that we don’t desire’ എന്ന ഹ്രസ്വലേഖനത്തില്‍നിന്ന് ഉദ്ധരിച്ചതാണ് ഈ വരികള്‍.

ആയുധക്കച്ചവടവും രാഷ്ട്രീയ അധികാരവും പരസ്പരം എപ്പോഴും സൗഹൃദത്തിലാണ്. അമേരിക്കയിലെ പ്രമുഖമായ ആയുധക്കമ്പനികളില്‍ ഒന്നിന്‍റെ സബ്സിഡിയറി കമ്പനി ഒരിക്കല്‍ നിയന്ത്രിച്ചിരുന്നതു ജോര്‍ജ് ഡബ്ല്യൂ ബുഷ് പ്രസിഡന്‍റായിരിക്കുമ്പോള്‍ വൈസ് പ്രസിഡന്‍റായിരുന്ന ഡിക്ക് ഷെനിയാണ്. 2013-നു മുമ്പ് ഒരു ദശാബ്ദക്കാലത്തിനുള്ളില്‍ 39.5 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങളാണ് അമേരിക്ക ഈ കമ്പനിയില്‍ നിന്നു വാങ്ങിയത്. ഇറാക്ക് യുദ്ധം അടിച്ചുപൊളിക്കാനായിരുന്നു ഇത്.

ആയുധക്കച്ചവടക്കാരായ രാജ്യങ്ങളില്‍ ഒന്നാംസ്ഥാനം അമേരിക്കയ്ക്കാണ്. റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ചൈന എന്നിവ പിന്നിലുണ്ട്. ലോകത്തെ ആയുധവില്പനയുടെ മൂന്നിലൊന്ന് ഇവര്‍ കൈകാര്യം ചെയ്യുന്നു. ഈ വന്‍ ആയുധശക്തികള്‍ ലോകത്തു സമാധാനമാണോ, യുദ്ധമാണോ ആഗ്രഹിക്കുക? യുദ്ധങ്ങള്‍ നടന്നാലേ കച്ചവടം നടക്കൂ.

ബറാക്ക് ഒബാമയുടെ ഭരണകാലത്തു യു.എസ്. രാഷ്ട്രീയ, സൈനിക വകുപ്പിലെ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്ന ടോം കെല്ലി ആയുധകയറ്റുമതി ഉഷാറാക്കുന്ന കാര്യത്തില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചു വിശദീകരിച്ചതിങ്ങനെയാണ്: “ആയുധവില്പനയുടെ കാര്യത്തില്‍ നമ്മുടെ കമ്പനികള്‍ക്കുവേണ്ടി പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. അനുദിനമെന്നോണം ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും നമ്മള്‍ ഇതു ചെയ്യുന്നുണ്ട്. കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നുമുണ്ട്.” പരസ്പരം ഏറ്റുമുട്ടി രക്തം വാര്‍ന്നു നില്ക്കുന്ന മുട്ടനാടുകളെ വീണ്ടും ചൂടുപിടിപ്പിക്കുന്ന കുറുക്കന്‍റെ സ്വരമാണിത്.

മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനോ മോശക്കാരനോ എന്നതു ശാസ്ത്രത്തിന് ഇന്നും കൃത്യമായി ഉത്തരം നല്കാനാവാത്ത ചോദ്യമാണ്. ചില നിരീക്ഷണ പഠനങ്ങളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടു പീറ്റര്‍ റിച്ചേര്‍സണ്‍ എഴുതുന്നു: “ചിലയാളുകള്‍ എപ്പോഴും സത്യസന്ധരും കരുണയുള്ളവരും ആയിരിക്കും. കുറച്ചുപേര്‍ മനോവൈകല്യമുള്ളവരായിരിക്കും. ഇതിനു രണ്ടിനും ഇടയിലുള്ളവരായിരിക്കും കൂടുതലാളുകളും. ഇങ്ങനെയായിരുന്നില്ലെങ്കില്‍ മനുഷ്യസമൂഹം പൂര്‍ണമായും മറ്റൊന്നാകുമായിരുന്നു” (This idea must die, Human Nature, Page 89). ഒരു കാര്യം സത്യം, കരുണയുള്ള മനുഷ്യര്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. അതിനാല്‍ ബോംബുകള്‍കൊണ്ടുള്ള കൂട്ടക്കുരുതികളോടും കഠാരകൊണ്ടുള്ള പകപോക്കലിനോടും നമുക്കു വിട പറയാം. സിനിമയില്‍ ആന്‍സെല്‍മോ ആഗ്രഹിച്ചതുപോലെയുള്ള ശിഷ്ടജീവിതം സാധിച്ചില്ല. പാലത്തോടൊപ്പം അയാളും പൊട്ടിത്തെറിച്ചു. അത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നമുക്കു കരുണയുള്ളവരാകാം.

-manipius59@gmail.com

Leave a Comment

*
*