Latest News
|^| Home -> Pangthi -> കിളിവാതിലിലൂടെ -> നെഹ്റുവും രാഹുലും

നെഹ്റുവും രാഹുലും

മാണി പയസ്

വമ്പന്‍ വേദികളിലെ വാചകക്കസര്‍ത്തുകളേക്കാള്‍ വ്യക്തിയുടെ ഉള്ളിലിരിപ്പ് പുറത്താകുന്നതു ചെറിയ സംഭവങ്ങളിലൂടെയാണ്. മാതൃരാജ്യത്തിന്‍റെ മഹത്തായ സാംസ്കാരിക പാരമ്പര്യത്തെപ്പറ്റി നെഞ്ചുവിരിച്ച് ഊറ്റംകൊള്ളുന്നയാള്‍ അനുദിനജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട സാംസ്കാരിക മര്യാദകള്‍ക്ക് ഒരു വിലയും കല്പിക്കാത്ത വ്യക്തിയാകാം. മൈക്കിനു മുന്നിലെ ആളല്ല സ്വകാര്യജീവിതത്തിലെ അയാള്‍. ഈ കാര്യത്തിന് ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുന്നവരുടെ എണ്ണം പെരുകുന്നതാണു നമ്മുടെ നാടിന്‍റെ ഗതികേട്.

ചെറിയ സംഭവങ്ങളില്‍പ്പോലും ഉള്ളിലെ നന്മ വെളിപ്പെടുന്ന വ്യക്തികളുണ്ട്. ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ പ്രസിഡന്‍റ് രാഹുല്‍ഗാന്ധി, അന്തരിച്ച കെ.എം. മാണിയുടെ പാലായിലുള്ള വീട്ടിലെത്തിയപ്പോള്‍ ഇത്തരത്തിലുള്ള ഒരു സംഭവമുണ്ടായി. ജോസ് കെ. മാണി എം.പി. വേണ്ടെന്നു പറഞ്ഞിട്ടും തന്‍റെ ലെയ്സ് കെട്ടിയ ഷൂസുകള്‍ അഴിച്ചുവച്ചുകൊണ്ടാണു രാഹുല്‍ഗാന്ധി വീട്ടിനുള്ളിലേക്കു കടന്നത്. മാണിയുടെ ഫോട്ടോയ്ക്കു മുന്നില്‍ റോസാദലങ്ങള്‍ അര്‍പ്പിക്കുകയും ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥനാനിരതനാവുകയും ചെയ്തു. മാണിയെക്കുറിച്ചു നല്ല വാക്കുകള്‍ പറയുകയുമുണ്ടായി.

വീട്ടില്‍ നിന്നു തിരിച്ചിറങ്ങിയ രാഹുല്‍ഗാന്ധി പുറത്തിരുന്നു ഷൂസിട്ട് ലെയ്സ് കെട്ടി സാധാരണപോലെ കാറില്‍ കയറിപ്പോവുകയും ചെയ്തു. ലെയ്സുള്ള ഷൂസാണെങ്കില്‍ സാധാരണക്കാര്‍പോലും അഴിക്കാന്‍ മടിക്കും. കാരണം അതു കെട്ടിയുണ്ടാക്കുക പണിതന്നെയാണ്. ഇവിടെയിതാ നാളെ ഇന്ത്യയുടെ പ്രധാനന്ത്രിയാകാന്‍ സാദ്ധ്യതയുള്ള ഒരാള്‍ ഒരു മടിയും കൂടാതെ അതു ചെയ്തു. വിനയവും സംസ്കാരവുമുള്ള മനസ്സിന്‍റെ ഉടമയ്ക്കേ ഇങ്ങനെ പ്രവര്‍ത്തിക്കാനാവൂ.

രാഹുല്‍ഗാന്ധിക്കു പ്രിയം പാശ്ചാത്യ സംസ്കാരമാണെന്നു പറയുന്നവരുണ്ട്. ഷൂസുകള്‍ അഴിച്ചുവച്ച സംഭവത്തോടെ ഭാരതീയ സംസ്കാരത്തിന്‍റെ അന്തഃസത്ത അദ്ദേഹത്തിന് അന്യമല്ലെന്നു വ്യക്തമാകുന്നു. വേദസംസ്കാരത്തില്‍ ചെരിപ്പുകള്‍ അഴിച്ചുമാറ്റാതെ മുറിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ചെരിപ്പുകള്‍ അഴിച്ചു വീടിനു മുന്‍വശത്തെ വാതിലിനു പുറത്തുവയ്ക്കുന്നതു വീടിനോടും അതിന്‍റെ ഉടമയോടും വീട്ടിനുളളിലെ വൃത്തിയോടും കാണിക്കുന്ന ബഹുമാനമാണ്. ആരാധനാലയങ്ങളില്‍ പോകുമ്പോള്‍ പാദരക്ഷകള്‍ പുറത്തുവയ്ക്കണം, അതു ദൈവത്തിന്‍റെ വീടാണ്. ദൈവത്തിന്‍റെ ഭവനം വൃത്തിയായി സംരക്ഷിക്കേണ്ടതു ഭക്തരുടെ ചുമതലയാണ്. ചെരിപ്പുകളോടൊപ്പം മനസ്സിലെ ഇരുട്ടും അഹംഭാവവും വക്രതയും അതിസാമര്‍ത്ഥ്യവും ലൗകികചിന്തകളുമെല്ലാം പുറത്തുവച്ചിട്ടു വേണം ഉള്ളില്‍ കടക്കാന്‍. തുറന്ന മനസ്സോടെ ആരാധനാലയത്തില്‍ കടന്നു പ്രാര്‍ത്ഥിക്കുകയും അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്താല്‍ തിരിച്ചുപോകുമ്പോള്‍ മനസ്സില്‍ ഈശ്വരാനുഭൂതി നിറയും. അപ്പൂപ്പന്‍താടിയുടേതുപോലുള്ള ലാഘവത്തില്‍ ജീവിതത്തെ കാണാന്‍ കഴിയും.

വക്രത നിറഞ്ഞ രാഷ്ട്രീയക്കാരുടെ നിരയില്‍ സത്യസന്ധനായ ഒരു മനുഷ്യന്‍റെ പ്രതിച്ഛായ പക്ഷപാതമില്ലാതെ ചിന്തിക്കുന്നവരുടെ മനസ്സുകളില്‍ രാഹുല്‍ഗാന്ധിക്കുണ്ട്. നാളെ അധികാരത്തില്‍ ഇരുന്നാല്‍ എന്തു സംഭവിക്കുമെന്നു പറയാന്‍ കഴിയില്ല. എല്ലാ നല്ല മനുഷ്യരെയും ചീത്തയാക്കാന്‍ കരാര്‍ എടുത്തിരിക്കുന്നവര്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ അധികമാണ്. ഇവര്‍ക്കു മണികെട്ടാന്‍ കഴിയണം. എങ്കില്‍ അധികാരത്തിന്‍റെ ഇടനാഴികളില്‍ ഇവരുടെ കാലൊച്ച കുറയും.

പാണ്ഡിത്യത്തിന്‍റെയും പരിചയസമ്പത്തിന്‍റെയും കുറവു രാഹുല്‍ഗാന്ധിക്കുണ്ട്. ഈ മഹാരാജ്യത്തിന്‍റെ യഥാര്‍ത്ഥ ചിത്രം ഇപ്പോഴും അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടോയെന്നു വ്യക്തമല്ല. അദ്ദേഹത്തിന്‍റെ മുതുമുത്തശ്ശനായ ജവഹര്‍ലാല്‍ നെഹ്റുവെന്ന മഹാനായ രാഷ്ട്രതന്ത്രജ്ഞനോടു താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വസ്തുത വളരെ വ്യക്തമാകുന്നത്. നെഹ്റുവിന്‍റെ മകളായ ഇന്ദിരാഗാന്ധിക്കും മകളുടെ മകനായ രാജീവ്ഗാന്ധിക്കും നെഹ്റുവിന്‍റെ പാണ്ഡിത്യമോ ചരിത്രജ്ഞാനമോ സാംസ്കാരിക ഔന്നത്യമോ ജനാധിപത്യബോധമോ ഉണ്ടായിരുന്നില്ല. പില്ക്കാലത്തു വിലയിരുത്തപ്പെടുമ്പോള്‍ ഇവരുടെ നിരയിലാവരുതു രാഹുല്‍ഗാന്ധി.

നെഹ്റുവിന്‍റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന കൃതി കനപ്പെട്ടതാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിലൂടെ കടന്നുപോകുകയാണ് ഈ കൃതിയില്‍. അതില്‍ ഭാരതമാതാ എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥമെന്തെന്നു നെഹ്റു അന്വേഷിക്കുന്നുണ്ട്. അദ്ദേഹം എഴുതി: “ഇന്ത്യയിലെ പര്‍വതങ്ങളും നദികളും വനങ്ങളും നമുക്കു പ്രിയപ്പെട്ടവതന്നെ. പക്ഷേ, എല്ലാറ്റിലുമേറെയായി ഗണിക്കേണ്ടത് ഇന്ത്യയിലെ ജനതയെയാണ്. അവരാകട്ടെ ഈ പരന്ന നാട്ടില്‍ മുഴുക്കെ വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. സാരമായി നോക്കിയാല്‍ ഈ കോടിക്കണക്കിനുളള ജനമാണു ഭാരതമാതാവ്. അവരുടെ ജയമെന്നു വച്ചാല്‍ ഈ ജനത്തിന്‍റെ ജയമെന്നാണര്‍ത്ഥം” (ഇന്ത്യയെ കണ്ടെത്തല്‍, പേജ് 59). ഇന്ത്യയുടെ പാരമ്പര്യത്തിന്‍റെ കുത്തക അവകാശപ്പെടുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സമീപനവും മഹാനായ മുന്‍ പ്രധാനന്ത്രിയുടെ സമീപനവും തമ്മിലുള്ള വ്യത്യാസം എത്രയോ വലുതാണ്. നെഹ്റുവിനു ഭാരതമാതാവ് എന്നാല്‍ ഈ നാട്ടിലെ ജനങ്ങളെ മുഴുവന്‍ ആലിംഗനം ചെയ്തു നില്ക്കുന്ന മാതൃത്വത്തിന്‍റെ വിശുദ്ധ രൂപമാണ്. ശക്തവും മഹത്തായതുമായ ഇത്തരം ദര്‍ശനങ്ങളിലേക്കു വളരുവാന്‍ രാഹുല്‍ ഗാന്ധിക്കു കഴിയണം. നല്ല മനുഷ്യനായ രാഹുല്‍ നല്ല രാഷ്ട്രതന്ത്രജ്ഞനും നല്ല ഭരണാധികാരിയുമായാല്‍ ഈ രാ ജ്യം തീര്‍ച്ചയായും രക്ഷപ്പെടും. അപ്പോഴും മുന്നണി രാഷ്ട്രീയത്തിന്‍റെ പരിമിതികളെക്കുറിച്ച് ആശങ്കപ്പെടാതെ വയ്യ. മുന്നണി രാഷ്ട്രീയം വിജയകരമായി നയിക്കാന്‍ സര്‍ക്കസിലെ ട്രപ്പീസ് അഭ്യാസിയേക്കാള്‍ മെയ്വഴക്കം വേണം!

മുന്നണി രാഷ്ട്രീയവും മുന്നണി ഭരണവും താത്ത്വികമായി നല്ലതാണ്. ഫെഡറലിസത്തിലെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ അധികാരം പങ്കുവയ്ക്കുന്നതുപോലെ മുന്നണി ഭരണത്തില്‍ പാര്‍ട്ടികള്‍ അധികാരം പങ്കുവയ്ക്കുന്നുവെന്നു സങ്കല്പിക്കാം. ഫെഡറലിസത്തിനും മുന്നണി രാഷ്ട്രീയത്തിനും പരസ്പരം പിന്തുണയ്ക്കാനും കഴിയും. പക്ഷേ, സംഭവിക്കുന്നതാകട്ടെ അധികാരത്തിലേറാനും തുടര്‍ന്ന് അവിടെ നിലനില്ക്കാനുമുള്ള വിലപേശലാണ്. മുന്നണി രാഷ്ട്രീയത്തില്‍ ചെറുകിട പ്രാദേശിക പാര്‍ട്ടികള്‍ക്കും ആശയാവിഷ്കാരത്തിനുള്ള അവസരം ലഭിക്കുമെന്ന ഗുണമുണ്ട്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളുടെ വീക്ഷണത്തിന്‍റെ പരിമിതികള്‍ പ്രശ്നം സൃഷ്ടിക്കാറാണു പതിവ്.

കോണ്‍ഗ്രസ്സിനു പുറമേ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടിയതു ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിനാണ്. തെരഞ്ഞെടുപ്പുഫലം വന്നിട്ടാകാം അക്കാര്യം തീരുമാനിക്കുന്നത് എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്‍റെ കടുപ്പക്കാരിയായ നായിക മമതാ ബാനര്‍ജി പറഞ്ഞത്. എസ്പിയും ബിഎസ്പിയുമെല്ലാം ഇതേ നിലപാടുകാരാണ്. ഫലം വന്നശേഷം നാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകുമെന്നു വ്യക്തം. അവ നമ്മുടെ മാതൃഭൂമിയുടെ നന്മയ്ക്കായി ഭവിക്കട്ടെയെന്നു പ്രര്‍ത്ഥിക്കാം.

Leave a Comment

*
*