മനുഷ്യരും മരങ്ങളും യേശുവിന്‍റെ വാക്കുകളും

2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം വയോജനങ്ങളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിന്‍റെ മൊത്തം ജനസംഖ്യയില്‍ 12.5 ശതമാനം വയോജനങ്ങളാണ്. അവരില്‍ 55 ശതമാനം സ്ത്രീകളാണ്. അതില്‍ 67 ശതമാനം വിധവകളും.

കേരളത്തില്‍ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധസ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. വൃദ്ധസ്ത്രീകളുടെ ജീവിതം അരക്ഷിതമായ അവസ്ഥയിലാണ് എന്ന വസ്തുതയാണ് ഇവ വ്യക്തമാക്കുന്നത്.

വാര്‍ദ്ധക്യം ജീവജാലങ്ങള്‍ക്കു മാത്രമല്ല സസ്യങ്ങള്‍ക്കുമുണ്ട്. വൃക്ഷങ്ങള്‍ വാര്‍ദ്ധക്യം തരണം ചെയ്യാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു പീറ്റര്‍ വോളിബെന്‍ എഴുതിയ "The Hidden Life of Trees" എന്ന പ്രശസ്തമായ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യര്‍ക്ക് അത്രത്തോളം ആസൂത്രിതമായ രീതികളില്ല.

ജീവന്‍റെ വൃക്ഷത്തെപ്പറ്റി ബൈബിള്‍ പറയുന്നു. വൃക്ഷങ്ങള്‍ക്കു ജീവനുണ്ടെന്നു ശാസ്ത്രം വ്യക്തമാക്കുന്നു.

ജീവികള്‍ക്കുള്ളതുപോലെ സാമൂഹികബോധവും ആശയവിനിമയശേഷിയും വൃക്ഷങ്ങള്‍ക്കുണ്ടത്രേ. കാട്ടിലെ വൃക്ഷങ്ങള്‍ മനുഷ്യരുടെ കുടുംബങ്ങള്‍പോലെയാണ്. വൃക്ഷമാതാപിതാക്കള്‍ മക്കളോടൊത്തു വസിക്കുന്നു, ആശയവിനിമയം നടത്തുന്നു, വളര്‍ച്ചയില്‍ ഇടപെടുന്നു, രോഗം ബാധിച്ചവയ്ക്കും വളര്‍ച്ചയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവയ്ക്കും പോഷകങ്ങള്‍ പങ്കിട്ടുകൊടുക്കുന്നു, ശത്രുക്കളെക്കുറിച്ചും അപകടങ്ങള്‍ സംബന്ധിച്ചും മുന്നറിയിപ്പ് നല്കുന്നു.

പരസ്പരം സഹായിക്കുന്നതിനാല്‍ ഒരേ കുടുംബത്തിലും സമൂഹത്തിലുംപെട്ട വൃക്ഷങ്ങള്‍ക്കു നൂറ്റാണ്ടുകളോളം ജീവിക്കാന്‍ കഴിയുന്നു.എന്നാല്‍ ഒറ്റപ്പെട്ട വൃക്ഷങ്ങളുടെ അവസ്ഥ തെരുവിലെ കുട്ടികളുടേതാണ്. ഇവയ്ക്കു പ്രതികൂലാവസ്ഥകളോടു പോരാടി വളരേണ്ടി വരുന്നു. കാട്ടില്‍ സമൂഹമായി ജീവിക്കുന്ന സ്വന്തം വിഭാഗത്തില്‍പ്പെട്ട വൃക്ഷങ്ങളോടു താരതമ്യപ്പെടുത്തുമ്പോള്‍ ഈ വൃക്ഷങ്ങളുടെ ആയുസ്സ് കുറവായിരിക്കും.

നാലു ദശകങ്ങള്‍ക്കുമുമ്പ് ആഫ്രിക്കന്‍ പുല്‍മേട്ടില്‍ ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചു മനസ്സിലാക്കിയ ഒരു സംഭവമുണ്ട്. ഏതാനും ജിറാഫുകള്‍ ഒരു അക്കേഷ്യ മരത്തിലെ ഇലകള്‍ ഭക്ഷിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവ ഏറെ അകലെയുള്ള ഒരു അക്കേഷ്യ മരത്തിന്‍റെ അരികിലേക്കു നീങ്ങി ഇലകള്‍ തിന്നാന്‍ തുടങ്ങി. ആദ്യത്തെ അക്കേഷ്യമരം ജിറാഫുകളുടെ കയ്യേറ്റം ഇഷ്ടപ്പെടാതെ ഏതോ വിഷാംശം ഇലകളിലേക്കു പമ്പ് ചെയ്തപ്പോള്‍ അവയുടെ രുചി മാറി. ഇതു മനസ്സിലാക്കിയാണു ജിറാഫുകള്‍ അകലേയ്ക്കു നീങ്ങിയത്. ആദ്യത്തെ അക്കേഷ്യമരം പുറപ്പെടുവിക്കുന്ന ഒരു ഗ്യാസിന്‍റെ മണം തൊട്ടടുത്തുള്ള അക്കേഷ്യമരങ്ങള്‍ക്കു മുന്നറിയിപ്പാകുമെന്നതിനാല്‍ അവയും ഇലകളിലേക്കു വിഷാംശം പുറപ്പെടുവിക്കും. അതറിയാവുന്നതിനാല്‍ മുന്നറിയിപ്പ് എത്താത്ത അകലത്തിലുള്ള അക്കേഷ്യമരം തേടി ജിറാഫുകള്‍ പോയി. വൃക്ഷങ്ങളുടെയും നിസ്സാരമെന്നു മനുഷ്യര്‍ കരുതുന്ന ജീവികളുടെയും മറ്റും ജീവിതത്തിലെ രഹസ്യങ്ങള്‍ മനസ്സിലാക്കിയാല്‍ മനുഷ്യന്‍ നാണിക്കേണ്ടി വരും.

വൃക്ഷങ്ങള്‍ അന്തസ്സുള്ള വാര്‍ദ്ധക്യം സ്വന്തമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ചെറുപ്പത്തിലെ തുടങ്ങുന്നുണ്ടെന്നു പീറ്റര്‍ രേഖപ്പെടുത്തുന്നു. ആദ്യം വൃക്ഷമാതാപിതാക്കളാണു വൃക്ഷക്കുഞ്ഞുങ്ങളെ ഇതിനായി ഒരുക്കുന്നത്. വെളിച്ചവും വെള്ളവും വളവും ആവശ്യത്തിനു ലഭിച്ചാല്‍ അതിവേഗത്തില്‍ വളരാന്‍ വൃക്ഷത്തൈകള്‍ ശ്രമിക്കും. ഇതു തടയുന്നതിനു വൃക്ഷമാതാപിതാക്കള്‍ ശാഖകള്‍ നീട്ടി സൂര്യപ്രകാശം നിയന്ത്രിക്കും. തന്മൂലം ജീവന്‍ നിലനിര്‍ത്താനാവശ്യമായ അളവില്‍ ഫോട്ടോസിന്തസ്വിസ് നടത്താനുള്ള സൂര്യപ്രകാശമേ കുഞ്ഞുങ്ങള്‍ക്കു ലഭിക്കൂ. അമിതവളര്‍ച്ച അങ്ങനെ നിയന്ത്രിക്കപ്പെടും. അതുവഴി സുസ്ഥിരമായ വളര്‍ച്ചയും ദീര്‍ഘായുസ്സും ഉറപ്പാക്കുകയാണ്.

മനുഷ്യക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ ഈ വൃക്ഷക്കുഞ്ഞുങ്ങളുടെ വളര്‍ച്ചയോടു താരതമ്യപ്പെടുത്തിയാലോ… കലോറി കൂടിയ ഭക്ഷ്യവസ്തുക്കളും ബേക്കറി സാധനങ്ങളും തിന്ന് അമിതമവണ്ണവുമായി നടക്കാന്‍പോലും വിഷമിക്കുന്ന മനുഷ്യക്കുഞ്ഞുങ്ങള്‍ മാതാപിതാക്കളുടെ അതിരുവിട്ട സ്നേഹത്തിന്‍റെ ഇരകളാണ്. മുപ്പതാം വയസ്സില്‍ എത്തുമ്പോഴേക്കും ഇവര്‍ പലവിധ രോഗങ്ങളുടെ അടിമകളാകും ദീര്‍ഘായുസ്സിന്‍റെ കാര്യമൊക്കെ 'ശേഷം ചിന്ത്യം' എന്ന അവസ്ഥയിലാവും. ഇങ്ങനെയുള്ള ന്യൂ ജനറേഷനെ കാത്തിരിക്കുന്നതു നേരത്തെ തുടങ്ങുന്ന വാര്‍ദ്ധക്യമാണ്. അതിനാല്‍ ഇന്നത്തെ വയോജനങ്ങളോട് അവര്‍ കുറേക്കൂടി സഹാനുഭതി പ്രകടിപ്പിക്കുന്നതു നല്ലതാണ്. മനുഷ്യരില്‍ വാര്‍ദ്ധക്യത്തില്‍ ആദ്യമുണ്ടാകുന്ന മാറ്റങ്ങളില്‍ പ്രധാനം തൊലിക്കുണ്ടാകുന്ന പലവിധ പ്രശ്നങ്ങളാണ്. ശരീരത്തിന്‍റെ ഈ സംരക്ഷിതവലയത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും അനാരോഗ്യത്തിനും കാരണമാകുന്നു. വൃക്ഷങ്ങള്‍ വാര്‍ദ്ധക്യത്തിലേക്കു കടക്കുമ്പോഴും തൊലിക്കു പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വൃക്ഷങ്ങള്‍ അവ സ്വന്തം നിലയില്‍ പരിഹരിക്കുന്നു.

ദൈവശാസ്ത്രജ്ഞന്മാര്‍ കുരിശിനെ വൃക്ഷത്തോടു ചേര്‍ത്തു ചിന്തിച്ചിട്ടുണ്ട്. ഒരിക്കലും നശിക്കാത്ത വൃക്ഷമാണു കുരിശ്. തമ്പുരാന്‍റെ ആ വൃക്ഷത്തില്‍ നിന്ന് ഉയിര്‍പ്പ് മുളപൊട്ടുന്നു. അതില്‍ ക്രൂശിതനായി കിടക്കുമ്പോള്‍, "യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്‍റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്‍റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹ. 19:26-27). ഇഹലോകത്തില്‍ അമ്മയുടെ വാര്‍ദ്ധക്യകാല സംരക്ഷണത്തിനായി പ്രിയശിഷ്യനെ ചുമതലപ്പെടുത്തുകയായിരുന്നു യേശുനാഥന്‍ എന്ന വ്യാഖ്യാനം വളരെ പ്രസക്തമാണ്. വാര്‍ദ്ധക്യ കാലസംരക്ഷണത്തിന്‍റെ പ്രാധാന്യം അവിടുത്തെ വാക്കുകള്‍ വ്യക്തമാക്കുന്നു.

-manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org