അല്പം സന്തോഷം കടം തരുമോ…?

ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി സിഎംഐ രാജഗിരി സോഷ്യല്‍ സയന്‍സ് കോളജ് പ്രിന്‍സിപ്പലായിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കു വ്യത്യസ്തനായ ഒരു സന്ദര്‍ശകന്‍ വരും. മത്തായി എന്ന ടിയാന്‍ തൊഴിലില്‍ യാചകനാണ്. സംസാരപ്രിയനായ മത്തായി ഭാണ്ഡം നിറയെ വാര്‍ത്തകളുമായാണു വരുന്നത്. അവ ഒന്നൊന്നായി നിരത്തിവയ്ക്കും. വിക്രമാദിത്യന്‍ കഥകളിലേതുപോലെ രസകരങ്ങളായിരുന്നു ചിലത്. ഓരോ തവണ വരുമ്പോഴും യാചകബിസിനസ്സിലെ അതുവരെയുള്ള നീക്കിയിരിപ്പ് അച്ചനെ ഏല്പിക്കും. മത്തായിയുടെ ബാങ്കായിരുന്നു അച്ചന്‍.

നിത്യവും പല പത്രങ്ങള്‍ വായിച്ചിരുന്ന മത്തായിക്കു പൊതു വിജ്ഞാനം ഏറെയായിരുന്നു; സൂത്രക്കാരനുമാണ്. മുസ്ലീങ്ങളുടെ നോമ്പുകാലത്തു മത്തായി 'സക്കാത്ത്' ലക്ഷ്യംവച്ച് 'ബിസിനസ്സ്' കോഴിക്കോട്ടേക്കു മാറ്റും. അപ്പോള്‍ പേരും സംസാരശൈലിയും വസ്ത്രധാരണരീതിയും മാറും. കാലടി ഗോപിയുടെ ഏഴു രാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കിയെപ്പോലെയാണു മത്തായി പ്രവര്‍ത്തിച്ചിരുന്നത്.

മത്തായിയെ യാചകജീവിതത്തില്‍ നിന്നു രക്ഷിക്കാന്‍ അലക്സച്ചന്‍ ആഗ്രഹിച്ചു. സെക്യൂരിറ്റിയുടെ ജോലി ശരിയാക്കി, യൂണിഫോമും മേടിച്ചു. പക്ഷേ, അവസാനനിമിഷം മത്തായി പിന്‍വാങ്ങി. ജോലിയൊന്നും തനിക്കു ശരിയാവില്ല. അലഞ്ഞുതിരിയുന്നതിലാണു സന്തോഷം. കടത്തിണ്ണയില്‍ വാഹനങ്ങളുടെ കഠോരശബ്ദങ്ങള്‍ കേട്ടും മഴച്ചാറലേറ്റും കൊതുകുകടി കൊണ്ടും കിടന്നാലേ ഉറക്കം വരൂ. ചിട്ടയുള്ള ജീവിതം മരണത്തേക്കാള്‍ ഭീകരമാണ്. സാധാരണ മനുഷ്യരുടേതിനു കടകവിരുദ്ധമായ സങ്കല്പമാണു സന്തോഷം നിറഞ്ഞ ജീവിതത്തെക്കുറിച്ചു മത്തായിക്കുണ്ടായിരുന്നത്.

യാചകര്‍, കുറ്റവാളികള്‍, മയക്കുമരുന്നിന് അടിമകളായവര്‍ എന്നിവരില്‍ നിന്നു തെരഞ്ഞെടുത്ത് 26 പേരെ അച്ചടക്കമുള്ള ജീവിതത്തിലേക്കു നയിക്കുവാന്‍ അമേരിക്കയിലെ ഒരു സാമൂഹികപ്രവര്‍ത്തകന്‍ പരിശ്രമിച്ചു. അവര്‍ക്കെല്ലാം ഇഷ്ടമുള്ള തൊഴില്‍ പഠിക്കാന്‍ അവസരം കൊടുത്തു; മാന്യമായി ജീവിക്കാനുള്ള സ്റ്റൈപ്പന്‍റും ഏര്‍പ്പാടാക്കി. എന്നാല്‍ ഒരു കൊല്ലം തികയുംമുമ്പ് എല്ലാം അവസാനിപ്പിച്ചു മുഴുവനാളുകളും സ്ഥലംവിട്ടു! പുതിയ ജീവിതം അവര്‍ക്കു സന്തോഷകരമാകുന്നില്ല! എന്തു കാര്യങ്ങളാണു മനുഷ്യരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുന്നത്? ഉത്തരം പറയാന്‍ വളരെ വിഷമമുള്ള ചോദ്യമാണിത്. ഒരാളുടെ സന്തോഷം കടത്തിണ്ണയില്‍ കിടക്കുന്നതാണെങ്കില്‍ മറ്റൊരാളുടേതു പണം വിതറിയിട്ട് അതിനു മീതെ ശയിക്കുന്നതാണ്!

ഒരു പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണം ലോകത്തിലെ എട്ടാമത്തെ സന്തുഷ്ടരാജ്യമായി തെരഞ്ഞെടുത്തതു ഭൂട്ടാനെയാണ്. ഏഷ്യയിലെ ഒന്നാമത്തെ സന്തുഷ്ടരാജ്യമെന്ന സ്ഥാനവും കൊച്ചു ഭൂട്ടാനുണ്ട്. ഭൂട്ടാന്‍കാരുടെ സന്തോഷത്തിന്‍റെ അടിസ്ഥാനങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന ചില സംഗതികളുണ്ട്.

അവര്‍ ആത്മീയതയെ പിന്തള്ളി ഭൗതികനേട്ടങ്ങളെ ജീവിതത്തിന്‍റെ വിജയചിഹാനങ്ങളായി പരിഗണിക്കുന്നില്ല. ഉപഭോക്തൃകമ്പോളം അവരെ പ്രലോഭിപ്പിക്കുന്നില്ല. ടി.വി. ഇന്‍റര്‍നെറ്റ്, റേഡിയോ മാധ്യമങ്ങളെ ജീവിതത്തിന്‍റെ അത്യാവശ്യ ഘടകങ്ങളായി പരിഗണിക്കുന്നില്ല. ഫെയ്സ് ബുക്കില്‍ പടം വരുന്നതും ലൈക്ക് കിട്ടുന്നതും കിട്ടാത്തതും അവരെ ബാധിക്കുന്ന കാര്യങ്ങളല്ല. സമ്പന്നന്‍റെ ജീവിതവും സാധാരണക്കാരന്‍റെ ജീവിതവും തമ്മിലുള്ള വിടവ് അവിടെ വളരെ കുറവാണ്. ജനങ്ങള്‍ കുറഞ്ഞത് എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങുന്നു. മാലിന്യം വലിച്ചെറിയല്‍ അവരുടെ രീതിയല്ല. അതിനാല്‍ വായുവും വെള്ളവും ഭൂമിയും മലിനമായിട്ടില്ല. പരിസ്ഥിതി, വനം, വന്യമൃഗങ്ങള്‍ എന്നിവയെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടപ്പാക്കുന്നു. രാജ്യത്തിന്‍റെ പകുതിയോളം പ്രദേശത്തിനു ദേശീയ പാര്‍ക്കിന്‍റെ സ്ഥാനമാണു നല്കിയിരിക്കുന്നത്. ഇവയോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. കേരളീയര്‍ സമീപഭാവിയിലൊന്നും യഥാര്‍ത്ഥമായ സന്തോഷം അനുഭവിക്കുകയില്ല. കാരണം മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ നമുക്കു കഴിയില്ല. അതിസങ്കീര്‍ണമാണു കേരളീയന്‍റെ മനസ്സ്. അതിലൊരാളുടെ കാര്യം സിനിമാതാരം കവിയൂര്‍ പൊന്നമ്മ പറഞ്ഞത് ഒരു ചാനലില്‍ കേള്‍ക്കുവാനും കാണുവാനുമിടയായി. പഴയ കാലത്തെ ഒരു പ്രമുഖ നടനെപ്പറ്റിയാണ്, അദ്ദേഹം ഷൂട്ടിംഗ് കഴിഞ്ഞു വീട്ടില്‍ വന്നാല്‍ ഉറങ്ങിയിരുന്നതു രൂപയും സ്വര്‍ണവും വിതറിയിട്ട് അതിന്മേല്‍ കിടക്ക വിരിച്ചായിരുന്നു; അദ്ദേഹത്തിന്‍റെ സഹായി പുറത്തുവിട്ട വിവരമാണ്. ധനികരെപ്പറ്റി മലയാളികള്‍ പണ്ടു പറഞ്ഞിരുന്ന ഒരു ചൊല്ലാണ്, അയാള്‍ പണത്തിന്മേലാണു കിടന്നുറങ്ങുന്നതെന്നത്. അതു യഥാര്‍ത്ഥമായും ചെയ്തിരുന്ന ആ നടനു ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല. മരണശേഷം അദ്ദേഹത്തിന്‍റെ സര്‍വസ്വവുമായ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചുവോ ആവോ? ഹിന്ദുവായതിനാല്‍ പൂത്ത പണം ശവപ്പെട്ടിയിലാക്കി തന്നോടൊപ്പം സംസ്കരിക്കണമെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടാവില്ല. സന്തോേഷം ധനത്തെ ആശ്രയിച്ചാണു നിലകൊള്ളുന്നതെങ്കില്‍ ധനം കുറഞ്ഞാല്‍ സന്തോഷവും കുറയും, ചിലപ്പോള്‍ ഇല്ലാതാകും. പണം കൂട്ടിവയ്ക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സന്തോഷം നഷ്ടമാകാം.

യേശുവിന്‍റെ ശിഷ്യന്മാരില്‍ പണം സൂക്ഷിച്ചിരുന്നതും കൈകാര്യം ചെയ്തിരുന്നതും യൂദാസാണ്. ആ ചുമതല അയാള്‍ ചോദിച്ചു വാങ്ങിയതാവില്ല. വിധി തലയില്‍ വച്ചതാകും. പൊതുപണം കൈകാര്യം ചെയ്യുന്നവരെ സംശയദൃഷ്ടിയോടെയാണ് ആളുകള്‍ വീക്ഷിക്കുക. യേശുവിന്‍റെ ശിഷ്യന്മാരും വ്യത്യസ്തരായിരുന്നില്ല.

കള്ളനെ താക്കോല്‍ ഏല്പിച്ചിരിക്കുന്നു എന്ന ധ്വനിയോടെയാണു യൂദാസിനെപ്പറ്റി യോഹന്നാന്‍ സുവിശേഷകന്‍ എഴുതിയിരിക്കുന്നത്: "…അവന്‍ ഇതു പറഞ്ഞത് അവനു ദരിദ്രരോടു പരിഗണന ഉണ്ടായിരുന്നതുകൊണ്ടല്ല. പ്രത്യുത അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്‍റെ കയ്യിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍ നിന്ന് അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്" (യോഹ. 12:6-7) എന്നാണ്. യൂദാസിനെ യോഹന്നാന്‍ ഇത്രയും കറുത്ത നിറത്തില്‍ അവതരിപ്പിച്ചതിനു വ്യക്തമായ തെളിവും കാരണവുമുണ്ടെന്നു വിശ്വസിക്കാം.

ഒരു കാര്യം സത്യമാണ്. ധനം ആത്മീയതയോടും മനഃസമാധാനത്തോടും സന്തോഷത്തോടും ചേര്‍ന്നുപോകുന്ന ഒന്നല്ല. ധനപരമായ സമീപനം ആത്മീയതയുടെ അന്തകവിത്താണെന്നതിനു വര്‍ത്തമാനകാല സംഭവങ്ങള്‍ തന്നെ ആവശ്യത്തിലേറെ തെളിവുകള്‍ നല്കുന്നതിനാല്‍ ചരിത്രഖനനം നടത്തേണ്ട കാര്യമില്ല.

ധനം ശരാശരി മനുഷ്യനു സന്തോഷം തരുന്നുണ്ട്. ആ സന്തോഷം നിലനില്ക്കുന്നില്ല എന്നതാണു പ്രശ്നം. ശാസ്ത്ര, സാങ്കേതികവികാസം മനുഷ്യസമൂഹത്തെ വളരെയധികം സമ്പന്നമാക്കി. അതുകൊണ്ട് ഇന്നത്തെ മനുഷ്യര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പു ജീവിച്ചിരുന്ന മനുഷ്യരേക്കാള്‍ സന്തോഷം അനുഭവിക്കുന്നുണ്ടെന്നു പറയാനാകുമോ?

മനുഷ്യരുടെ യഥാര്‍ത്ഥ സന്തോഷത്തിന്‍റെ അടിസ്ഥാനമെന്താണ്? നന്മ ചെയ്യുമ്പോഴും അനുഭവിക്കുമ്പോഴും മനുഷ്യര്‍ക്കു സന്തോഷം അനുഭവപ്പെടുന്നുണ്ട്. ശാസ്ത്രപുരോഗതിയുടെ ഭാഗമായി വളര്‍ന്ന വൈദ്യശാസ്ത്രം മനുഷ്യന്‍ ചെയ്യുന്ന നന്മയാണ് രോഗിക്കു കിട്ടുന്ന സൗഖ്യം. അതു മനുഷ്യാസ്തിത്വത്തെ അര്‍ത്ഥപൂര്‍ണമാക്കുന്ന സന്തോഷത്തിനു പകരമല്ല. സന്തോഷം മറ്റൊന്നാണ്. അതെന്താണ് എന്ന ചോദ്യത്തിനുത്തരം സ്വന്തം നിലയ്ക്കു കണ്ടെത്താന്‍ ഓരോ മനുഷ്യനും വിധിക്കപ്പെട്ടിരിക്കുന്നു. ഭൂട്ടാന്‍കാരെപ്പോലെ ഒരു സമൂഹമായി അന്വേഷിക്കാന്‍ അവസരം കിട്ടുന്നതു ഭാഗ്യമാണ്. ആ ഭാഗ്യം മലയാളിക്കു കിട്ടുന്നതിനുമുമ്പു കാക്ക മലര്‍ന്നു പറക്കും. ഒരു കാര്യം മാത്രം പറയാം, കവളപ്പാറയില്‍ ഉരുള്‍പൊട്ടി മണ്ണിനടിയിലായ ഹതഭാഗ്യരുടെ മൃതദേഹങ്ങള്‍ മുഴുവന്‍ പുറത്തെടുക്കുംമുമ്പു പാറഖനനത്തിനു വീണ്ടും അനുമതി നല്കിയ സര്‍ക്കാരാണു കേരളം ഭരിക്കുന്നത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ കേരളത്തില്‍ നൂറാളം സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത് എന്നുകൂടി ഓര്‍ക്കുക.
– manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org