കുടിയേറ്റത്തിന്‍റെ മറവിലുള്ള കയ്യേറ്റങ്ങള്‍

കുടിയേറ്റത്തിന്‍റെ മറവിലുള്ള കയ്യേറ്റങ്ങള്‍

ഇടുക്കി ജില്ലയിലെ കുടിയേറ്റ -കയ്യേറ്റ വാഗ്വാദങ്ങള്‍ക്കു ദശകങ്ങളുടെ ചരിത്രമുണ്ട്. സര്‍ക്കാരിന്‍റെതന്നെ പ്രോത്സാഹനത്തിലാണു കര്‍ഷകര്‍ ആദ്യം അവിടെ കുടിയേറിയത്. കുടിയേറ്റ കര്‍ഷകര്‍ക്കു പട്ടയം നല്കണമെന്നതു ദീര്‍ഘ കാലമായുള്ള ആവശ്യമാണ്. സര്‍ക്കാര്‍ തത്ത്വത്തില്‍ അത് അംഗീക രിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, 60-കളിലും 70-കളിലും കുടിയേറിയ കര്‍ഷകര്‍ക്ക് ഇപ്പോഴും പട്ടയം കിട്ടിയിട്ടില്ല. കുടിയേറ്റക്കാര്‍ക്ക് ഒരു വര്‍ഗീയനിറം നല്കാന്‍ ഒരു വിഭാഗം ആളുകള്‍ എപ്പോഴും ഉത്സുകരായിരുന്നിട്ടുണ്ട്. അവരില്‍ രാഷ്ട്രീയക്കാരുണ്ട്, സമുദായപ്രമാണിമാരുണ്ട്, പരിസ്ഥിതിവാദികളുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്. കുടിയേറ്റക്കാരില്‍ നല്ലൊരു വിഭാഗം, ഒരുപക്ഷേ, ഭൂരിപക്ഷം പേരും ക്രൈസ്തവരാണ്. അതുകൊണ്ടു മുന്‍പറഞ്ഞവര്‍ ക്രൈസ്തവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. കത്തോലിക്കാസഭ കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നുകൂടി പറഞ്ഞാലേ അവര്‍ക്കു തൃപ്തിയാകൂ.

കുടിയേറ്റത്തെപ്പറ്റി ഈ തര്‍ക്കങ്ങള്‍ അരങ്ങേറുമ്പോള്‍ വന്‍കിടക്കാരും കച്ചവടക്കണ്ണുള്ളവരും അവിടെ ഭൂമി കയ്യേറുകയായിരുന്നു. മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രമായതുകൊണ്ടു പ്രത്യേകിച്ചും, കയ്യേറ്റങ്ങള്‍ ഏറെ നടന്നത് അവിടെയാണ്. കയ്യേറ്റക്കാരില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും റിസോര്‍ട്ട് ഉടമകളും ഉണ്ട്. അവര്‍ തമ്മില്‍ ഒരു അവിഹിത കൂട്ടുകെട്ടു നിലനില്ക്കുന്നു. ഇത്തരം കയ്യേറ്റക്കാരില്‍ ക്രൈസ്തവരും ഉണ്ടായേക്കാം. പക്ഷേ, കുടിയേറ്റകര്‍ഷകര്‍ അത്തരം അനധികൃത കയ്യേറ്റങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും കയ്യേറ്റങ്ങള്‍ക്കു പലപ്പോഴും ക്രൈസ്തവരാണു പഴി കേള്‍ക്കുന്നത്.

മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഒരു പരിധിവരെ, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സാധാരണക്കാരായ കുടിയേറ്റക്കാരെ ദോഷകരമായി ബാധിക്കും. അതിനെതിരെ പ്രതികരിച്ചവരുടെ മുന്‍പന്തിയില്‍ ക്രൈസ്തവരാണ്. അക്കാരണത്താല്‍ ക്രൈസ്തവരായ കയ്യേറ്റക്കാര്‍ പരി സ്ഥിതിക്ക് എതിരാണെന്നു തത്പരകക്ഷികള്‍ പറഞ്ഞുപരത്തി.

എല്‍ഡിഎഫ് മന്ത്രിസഭയിലെ സിപിഐക്കാരനായ റവന്യൂമന്ത്രി മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടികള്‍ എടുത്തപ്പോള്‍ കയ്യേറ്റത്തിന്‍റെ ചിത്രത്തിനു കുറച്ചുകൂടി വ്യക്തത കൈവന്നിരിക്കുന്നു. റവന്യൂമന്ത്രിയുടെ നീക്കങ്ങള്‍ക്കു തടയിടാന്‍ ശ്രമിക്കുന്നതു ക്രൈസ്തവരോ സഭയോ അല്ല. ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ളതു മാര്‍ക്സിസ്റ്റ് പാര്‍ട്ടിതന്നെയാണ്. ഇടുക്കി ജില്ലയില്‍ ജോലി ചെയ്തിരുന്ന പല ഉദ്യോഗസ്ഥരും വ്യാപകമായി സ്ഥലം കയ്യേറിയിട്ടുണ്ടത്രേ. പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും കച്ചവടക്കാരും ചേര്‍ന്ന കയ്യേറ്റക്കാരുടെ കൂട്ടുകെട്ട്, ഒഴിപ്പിക്കല്‍ തടയാന്‍ ഏതറ്റംവരെ പോകാനും തയ്യാറാകുമെന്നു വ്യക്തമാണ്.
മതത്തിന്‍റെയോ പാര്‍ട്ടിയുടെയോ കൊടിയുടെ നിറം നോക്കാതെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ എടുക്കുകയാണു വേണ്ടത്. സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടിക്കാര്‍ ഓഫീസുകള്‍ പണിതിട്ടുണ്ടെങ്കില്‍ അതൊഴിയാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ആര്‍ജ്ജവം കാണിക്കണം. ഇടുക്കി ജില്ലയിലെ മലയോരപ്രദേശങ്ങള്‍ തങ്ങളുടെ തറവാട്ടുസ്വത്താണെന്നു പാര്‍ട്ടിക്കാരാരും കരുതരുത്. കയ്യേറ്റമൊഴിപ്പിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ അത്തരം ഭൂമി ഒഴിപ്പിക്കുമെന്നു വിചാരിക്കാനാവില്ല. കയ്യേറ്റഭൂമി തിരിച്ചറിയാനും ഒഴിപ്പിക്കാനും ജുഡീഷ്യല്‍ സ്വഭാവമുള്ള ഒരു കമ്മീഷനെ വച്ചാലേ പ്രശ്നത്തിനു പരിഹാരമാകുകയുള്ളൂ. ക്രൈസ്തവരോ ഏതെങ്കിലും മതസ്ഥാപനങ്ങളോ ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ നിയമാനുസൃതമായി മുഖം നോക്കാതെ ഒഴിപ്പിക്കുകയാണു വേണ്ടത്. നിയമനടപടി സ്വീകരിക്കാതെ സമുദായത്തിന്‍റെ മുഖത്തു കരി വാരിത്തേയ്ക്കുന്നവരുടെ ഉദ്ദേശ്യം വേറെ എന്തോ ആണ്.

നിയമവിരുദ്ധമായ എല്ലാ കയ്യേറ്റങ്ങള്‍ക്കും പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സഭ എതിരാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം പ്രഖ്യാപിക്കേണ്ടതുണ്ട്. അര്‍ഹരായ കുടിയേറ്റ കര്‍ഷകര്‍ക്കു പട്ടയം നല്കണമെന്ന് ആവശ്യപ്പെടുമ്പോഴും സഭയ്ക്കതു പറയാന്‍ കഴിയും. ഇക്കാര്യത്തില്‍ സഭ സമഗ്രവും സുചിന്തിതവുമായ നിലപാടുകള്‍ എടുക്കണം. അതിന്‍റെ അഭാവമാണു മൂന്നാറില്‍ ജെസിബി ഉപയോഗിച്ചു കുരിശു മാറ്റിയപ്പോള്‍ നടത്തിയ പ്രതികരണങ്ങളില്‍ പ്രതിഫലിച്ചത്. കുരിശു തകര്‍ത്തതു ക്രൈസ്തവ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന വിധത്തിലുള്ള പ്രതികരണം ആദ്യമുണ്ടായി. വസ്തുതകള്‍ മുഴുവന്‍ വിലയിരുത്താതെയുള്ള പ്രതികരണമായിപ്പോയി അത്. ക്രൈസ്തവവികാരത്തിന്‍റെ മറവില്‍ കയ്യേറ്റക്കാര്‍ ഒളിക്കുകയെന്ന അപകടമുണ്ടതിന്. പിന്നീടു കുറച്ചുകൂടി പക്വമായ പ്രതികരണങ്ങളുണ്ടായി എന്നു കാണാതിരുന്നുകൂടാ. ക്രൈസ്തവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കാന്‍ വെമ്പുന്ന ഒരു കൂട്ടരുള്ളപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവധാനത വേണം.

പൊതുവേ മാധ്യമങ്ങള്‍ക്കു മുമ്പിലുള്ള പ്രതികരണങ്ങളില്‍ സഭയുടെ ഭാഗത്തുനിന്ന് ഏകയോഗമായ സമീപനം കാണാറില്ല. ആ ലോചിച്ചുറപ്പിച്ചുള്ള അഭിപ്രായപ്രകടനങ്ങളാണു നടത്തേണ്ടത്. വക്താക്കളുടെ മനോധര്‍മംപോലെ പ്രതികരിക്കുന്നത് ഉചിതമായിരിക്കുകയില്ല. എല്ലാ വിഷയങ്ങളിലും മാധ്യമങ്ങളിലൂടെ പ്രതികരിക്കണമെന്ന പ്രലോഭനം സഭാവക്താക്കളും നേതാക്കന്മാരും അതിജീവിക്കണം. മാധ്യമങ്ങളുടെ പ്രത്യേകിച്ച്, ടിവി ചാനലകുളുടെ വെള്ളിവെളിച്ചത്തിലായിരിക്കുക ഇരുതല മൂര്‍ച്ചയുള്ള വാളുപോലെയാണെന്നതാണു വസ്തുത.

കുരിശുവച്ചു സ്ഥലം കയ്യേറിയെന്ന ആരോപണം ഗൗരവമായി പരിശോധിക്കേണ്ടതാണ്. മതചിഹ്നങ്ങള്‍ സ്ഥാപിച്ചു സ്ഥലം കൈവശപ്പെടുത്തുന്നത് ഇന്ത്യയില്‍ അത്ര അസാധാരണമൊന്നുമല്ല. ക്രൈസ്തവര്‍ അത്തരം ആരോപണങ്ങള്‍ക്കിടം കൊടുക്കരുത്. ആരോപണവിധേയനായ ടോം സഖറിയ സഭയ്ക്കു പുറത്തുപോയ ആളാണ്. സഭയില്‍ ആത്മാവിന്‍റെ ശക്തി വേണ്ടത്രയില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റ നിലപാട്. സഭയുമായുള്ള അനുരഞ്ജന ചര്‍ച്ചയില്‍ നിന്ന് അവസാനഘട്ടത്തില്‍ അദ്ദേഹം മാറിക്കളഞ്ഞെന്നാണു മനസ്സിലാക്കുന്നത്. അദ്ദേഹമിപ്പോള്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നു. സ്വന്തം ആത്മീയപ്രസ്ഥാനങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ഒരു മുന്നറിയിപ്പാണു ടോം സക്കറിയ ഇന്നു നേരിടുന്ന അവസ്ഥാവിശേഷം എന്നുകൂടി പ റയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org