കുരിശിന്‍റെ വഴിയിലെ വേറിട്ട കാഴ്ചകള്‍

കുരിശിന്‍റെ വഴിയിലെ വേറിട്ട കാഴ്ചകള്‍

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

കുരിശിന്‍റെ യാത്രയും കുരിശുമരണവും സമ്മാനിക്കുന്ന നാലു ചിത്രങ്ങളുണ്ട്. 1) മുറവിളി കൂട്ടി ക്രിസ്തുവിന്‍റെപിന്നാലെ നീങ്ങിയ ജനക്കൂട്ടവും വിലാപത്തോടെ നീങ്ങിയ സ്ത്രീകളും (ലൂക്കാ 23:1827). 2) ഗുരുനിഷേധം തീര്‍ത്ത അപരാധത്താല്‍ ഹൃദയം നുറുങ്ങി കരയുന്ന പത്രോസ് (മത്താ. 26:75; മര്‍ക്കോ. 14:72). 3) ഗുരുവിനെ വിറ്റു കിട്ടിയ വെള്ളിനാണയങ്ങള്‍ക്കു വിലയില്ലെന്നറിഞ്ഞു വലിച്ചെറിയുന്ന യൂദാസ് (മത്താ. 27:5). 4) ഇവര്‍ക്കെല്ലാവര്‍ക്കും വേണ്ടി കുരിശില്‍ മരിക്കുന്ന ക്രിസ്തു.
സമാനമായ ചിത്രങ്ങള്‍ സമ്മാനിക്കുന്നതാണ് ഇത്തവണത്തെ നോമ്പുകാലവും. ഒരു പുരോഹിതന്‍റെ പതനം മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. മാധ്യമങ്ങള്‍ എന്നു പറയുന്നതു ശരിയല്ല; ഞാനും നിങ്ങളും ഉള്‍പ്പെടുന്ന 'നമ്മള്‍' ആഘോഷിക്കുകയാണ്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിയാന്‍ ജനത്തിനന്നും ശുഷ്കാന്തിയുണ്ടായിരുന്നു (യോഹ. 8: 1-18). അതിന് ഒട്ടും കുറവ് ഇന്നും സംഭവിച്ചിട്ടില്ല. ഇത്തവണത്തെ കുരിശുയാത്ര മുന്നോട്ടു നീങ്ങുമ്പോള്‍ പിടിക്കപ്പെട്ട പുരോഹിതന്‍ അഴികള്‍ക്കുള്ളിലാണ്. മറ്റൊരു പുരോഹിതന്‍ യമനില്‍ സഹനത്തിന്‍റെ കാസ കുടിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇരയോടൊപ്പം സഹതപിക്കുകയും വേട്ടക്കാരനോടൊപ്പം ഓടുകയും ചെയ്യുന്ന ജനക്കൂട്ടം ഇന്നുമുണ്ട്. ഒരു പുരോഹിതനെ കല്ലെറിയാന്‍ കാണിക്കുന്ന ശുഷ്കാന്തി മറ്റൊരുവനെ തീവ്രവാദികളുടെ പിടിയില്‍ നിന്നു മോചിപ്പിക്കുവാന്‍ നമുക്കുണ്ടായിരുന്നോ? അതിനു ന്യായമുണ്ട്. അയാള്‍ക്കതു വേണം. പുരോഹിതന്‍ ക്രിസ്തുവിനുവേണ്ടി സഹിക്കേണ്ടവനല്ലേ? തീര്‍ച്ചയായും സഹിക്കേണ്ടവന്‍തന്നെ. ഇതിനിടയില്‍ ആദ്യത്തെ പുരോഹിതനെതിരെ പലരും കല്ലെടുത്തിട്ടുണ്ട്. എല്ലാവരും എറിയുകയാണ്; ഞാനും എറിഞ്ഞേക്കാം. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നു; ഞാനും ചെയ്തേക്കാം. കമന്‍റും ലൈക്കും കൊടുത്തേക്കാം. അത്രമാത്രം. ഇതിനിടയില്‍ എല്ലാ പുരോഹിതരും തിന്മയുടെ വഴിയേ സഞ്ചരിക്കുന്നവരാണ് എന്നു പറയുന്നതും കൂദാശകള്‍ പലതും അപഹാസ്യങ്ങളാണ് എന്നു ചിത്രീകരിക്കുന്നതുമായ ഗോസിപ്പുകള്‍ നിരന്നു. അതിനും കൊടുത്തു, ഒരു ലൈ ക്ക്; പോരാ… ഒരു ഷെയറും കമന്‍റുംകൂടെയിരിക്കട്ടെ. ഇതിനിടയില്‍ പലരും വന്നു പറഞ്ഞു: അച്ചാ, വിഷമിക്കണ്ടാ. ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഇനിയും ഞങ്ങള്‍ക്കു നല്ല വൈദികര്‍ വേണം; വിശുദ്ധരായ വൈദികര്‍. ഈ ജനക്കൂട്ടത്തില്‍ എവിടെയാണു ഞാനും നിങ്ങളും? കല്ലെറിയുന്നവരോ? സഹതപിക്കുന്നവരോ? പ്രാര്‍ത്ഥിക്കുന്നവരോ? പുലമ്പുന്നവരോ?
രണ്ടാമത്തെ ചിത്രം മാറിനിന്നു വിതുമ്പുന്ന പത്രോസിന്‍റേതാണ്. അവന്‍ പുരോഹിതരുടെ പ്രതിനിധിയാണ്. അവന്‍റെ വിതുമ്പല്‍ കേവലം ഗുരുനിഷേധത്തിന്‍റെ നൊമ്പരത്തില്‍ നിന്നാണെന്നു ഞാന്‍ കരുതുന്നില്ല. മറിച്ച് അവന്‍ മുഖേന ചിന്നിച്ചിതറിയവരെക്കുറിച്ചുള്ള വിതുമ്പല്‍കൂടിയായിരുന്നുവത്. അവന്‍ ഒന്നു കേപ്പയായിരുന്നെങ്കില്‍ മറ്റു ശിഷ്യരും ജനക്കൂട്ടവും അവനോടൊപ്പം കൂടുമായിരുന്നില്ലേ? സഹനങ്ങളും പ്രതിസന്ധികളും തെറ്റിദ്ധാരണകളും വരുമ്പോഴാണ് ഒരു പുരോഹിതന്‍ കേപ്പയാകേണ്ടത്. അങ്ങനെയുള്ള പാറമേലാണു സഭ ഇനിയും ഉയര്‍ത്തപ്പെടേണ്ടത്. പത്രോസിന്‍റെ വിതുമ്പല്‍ വിരല്‍ ചൂണ്ടുന്നത് വിശ്വസ്തതയിലേക്കും വിശുദ്ധിയിലേക്കും വിളിയുടെ കൂറിലേക്കും തിരിച്ചുവരേണ്ട ഞാനടക്കമുള്ള പുരോഹിത സന്ന്യസ്തരുടെ ജീവിതങ്ങളിലേക്കുംതന്നെയാണ്.
മറ്റൊരു ചിത്രം: ചിന്നിച്ചിതറിയ വെള്ളിനാണയങ്ങള്‍ക്കു നടുവിലിരുന്നു മുറവിളിയിടുന്ന യൂദാസിന്‍റേതാണ്. ഞാനും നിങ്ങളും എങ്ങനെ ആകരുത് എന്നു സ്വന്തം ജീവിതംകൊണ്ടു വിളിച്ചോതുന്നുണ്ടയാള്‍. ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ: "ശരീരം ഒന്നിനും ഉപകരിക്കുന്നില്ല, ആത്മാവാണു ജീവന്‍ നല്കുന്നത്" എന്ന് (യോഹ. 6:63). ഇഹത്തോട്, ജനത്തോട്, പണത്തോട്, ആഡംബരങ്ങളോട്, ശരീരത്തോട്… ഉള്ള ആര്‍ത്തികള്‍ക്ക് അറുതി വരുത്തണം. പാപത്തിന് ഒരുവനെയും തൃപ്തിപ്പെടുത്താന്‍ കഴിയുകയില്ല. അതവനെ തൃപ്തിപ്പെടുത്തുന്നു എന്നു തോന്നിപ്പിക്കാം. എന്നാല്‍ സത്യത്തില്‍ അവനെ നൊമ്പരപ്പെടുത്തുക തന്നെയാണു ചെയ്യുന്നത്.
ഇവയ്ക്കെല്ലാം നടുവില്‍ നീ എത്തിച്ചേരേണ്ട ഒരിടമുണ്ട്. അവന്‍ മരിച്ച ഇടം. കാല്‍വരിയിലെ കുരിശ്. അതാണ് അവസാന ചിത്രം. കുരിശിന്‍റെ വഴിയാണു രക്ഷയുടെ വഴി. അവിടെ ഇന്നും ക്രിസ്തു മരിക്കുന്നുണ്ട്. നിന്നെയും വിളിക്കുന്നുണ്ട് അവനോടൊപ്പം മരിക്കാന്‍. അപഹാസ്യങ്ങള്‍ ഏറ്റുവാങ്ങാന്‍. കുത്തുവാക്കുകള്‍ ഏറ്റുവാങ്ങാന്‍. അപരനുവേണ്ടി, അല്ല ക്രിസ്തുവിനുവേണ്ടി മരിക്കാന്‍. നമുക്കിനി അവന്‍റെ വഴി മതി. കാര്യങ്ങള്‍ പറഞ്ഞുവയ്ക്കാന്‍ എളുപ്പമാണ്. നീ ഇന്ന് ആരുടെ വഴിയിലാണ്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org