കെ.വി. സുധാകരന്‍: ആഗസ്റ്റിന്‍റെ നഷ്ടം

കെ.വി. സുധാകരന്‍: ആഗസ്റ്റിന്‍റെ നഷ്ടം

"എന്‍റെയല്ലന്‍റെയല്ലിക്കൊമ്പനാനകള്‍ എന്‍റെയല്ലീ മഹാക്ഷേത്രവും മക്കളേ."

ഒരുപാടു വേദികളില്‍ നാമോര്‍മ്മിക്കേണ്ട വരികളാണിത്. അപ്പോള്‍ കെട്ടുപാടുകളില്ല, സങ്കടങ്ങളും നിരാശകളുമില്ല. നിര്‍മയമായ ഒരിടപെടല്‍. അനായാസേന ജീവിതം – ഹാ സുന്ദരം!

എത്ര പേര്‍ക്കു കഴിയുമെന്നതാണു പ്രശ്നം. ജീവിതത്തിന്‍റെ അനിവാര്യമായൊരു നില കണ്ടെത്താനാവാതെ ഉഴപ്പുന്ന നേരത്ത് ഇതേറെ സങ്കീര്‍ണമാണ്. പ്രത്യേകിച്ചും ഒരുമിച്ചു നടക്കുന്നിടത്തുനിന്നു പൊടുന്നനെയൊരാളെ കാണാതാകുന്ന വേളയില്‍!

കാലിക്കറ്റ് സര്‍വകലാശാലയില്‍ കലാലയാദ്ധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ കോഴ്സില്‍ പങ്കെടുക്കവേയാണു ജീവിതത്തെ അപ്പാടെ പിടിച്ചുലച്ച ദുരന്തം നേരിടേണ്ടിവന്നത്. പരിശീലനത്തിന്‍റെ ഭാഗമായുള്ള ഫീല്‍ഡ് വിസിറ്റ് ആഗസ്റ്റ് 15-നായതിനാല്‍ മാത്രമല്ല, ഏറെ നിര്‍ബന്ധിക്കപ്പെട്ടതായിരുന്നു എന്നതാണ് കൂടുതല്‍ മനസ്സ് മടുപ്പിച്ചത്. നിലമ്പൂരിലെ തേക്കിന്‍കാടുകള്‍ക്കിടയില്‍ കുട്ടികളെന്നപോലെ കളിചിരികളുമായി ഞങ്ങള്‍ നടന്നു. ഞങ്ങളെന്നാല്‍, കേരളത്തില്‍ എല്ലായിടത്തുനിന്നുള്ള കലാലയാദ്ധ്യാപക പ്രതിനിധികള്‍. കൂട്ടത്തിലുള്ളവരെല്ലാം പ്രഗത്ഭരായിരുന്നു. നിരൂപകരും ചിന്തകന്മാരും എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരുമൊക്കെ. കൂട്ടത്തിലൊരാളുണ്ടായിരുന്നു; കെ.വി. സുധാകരന്‍. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ അദ്ധ്യാപകന്‍. കഥാകൃത്തും പത്രപ്രവര്‍ത്തകനും വിമര്‍ശകനും മികച്ച മാഗസിന്‍ എഡിറ്ററും പ്രതിഭാശാലിയായ അദ്ധ്യാപകനുമാണ്. അതിലുപരി, സുധാകരന്‍റെ തൂലികയാണ്, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു മുഖ്യധാരാമുഖം കൊണ്ടുവന്നത്. മാതൃഭൂമിയില്‍ ജോലി ചെയ്യവേയാണു കാസര്‍കോഡിന്‍റെ എക്കാലത്തെയും വലിയ വിപത്തായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതമുഖങ്ങളെ സമരമുഖത്തേയ്ക്കെത്തിക്കുകയും അതിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തത്. പുറത്തേയ്ക്കു നീണ്ട നാവുമായി ജീവിക്കുന്ന ബദിയടുക്കയിലെ കവിതയെക്കുറിച്ച് എഴുതിക്കൊണ്ടാണു സുധാകരന്‍ മാതൃഭൂമിയിലെ പരമ്പരയ്ക്കു തുടക്കം കുറിച്ചത്.

ഇന്നു കാസര്‍കോഡ് മാറിയിരിക്കുന്നു. അവിടെയിപ്പോള്‍ വിഷമഴ പെയ്യാറില്ല. ആകാശം തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. സുധാകരനും പത്രപ്രവര്‍ത്തകന്‍റെ കുപ്പായമൂരിവച്ചു മലയാളം അദ്ധ്യാപകനായി ബ്രണ്ണന്‍ കോളജിലേക്കു മാറി. കാറ്റിലും മഴയിലും തെളിമ പടരുന്നത് അഭിമാനപൂര്‍വം മാറിനിന്നു നോക്കി, മനംനിറഞ്ഞു പുഞ്ചിരിക്കുന്നതിനിടെയാണു സുധാകരന്‍, സുധാകരബിംബമായി ഞങ്ങളോടൊപ്പം അക്കാദമിക് സ്റ്റാഫ് കോഴ്സിലെത്തിച്ചേര്‍ന്നത്.
ക്ലാസ്സുകളില്‍ സജീവവും സക്രിയവുമായി ഇടപെട്ടും ബാല്യവും കൗമാരവും തിരികെപ്പിടിക്കാന്‍ ശ്രമിച്ചും ഞങ്ങള്‍ മുന്നേറുന്നതിനിടെയാണ്, നിലമ്പൂരില്‍ തേക്കുതോട്ടത്തിനു മുന്നില്‍, ഞങ്ങളുടെ കണ്‍മുന്നില്‍ സുധാകരന്‍റെ വിലമതിക്കാനാവാത്ത ജീവന്‍ ഒരു ടിപ്പര്‍ ലോറി തട്ടിത്തെറിപ്പിച്ചത്. ഒരു മാസപ്പാതിയോളം സൗമ്യതയാര്‍ന്ന ഗാംഭീര്യംകൊണ്ടു ഞങ്ങളെ അസൂയപ്പെടുത്തിയിരുന്ന സുധാകരന്‍… എളിമയും മിതത്വവും സ്വതസിദ്ധമായ ശൈലിയാക്കിയിരുന്നയാള്‍… ഫാസിസത്തിനെതിരെ ജീവിതംകൊണ്ടു പോരാടിയ ചങ്കൂറ്റമുള്ള ഒരാള്‍…

ആഹ്ലാദത്തിന്‍റെ അങ്ങേയറ്റത്തെ ഉയരത്തില്‍ നിന്നു നടുക്കത്തിന്‍റെയും സങ്കടത്തിന്‍റെയും ആഴങ്ങളിലേക്കു തെറിച്ചുവീണതു സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു. നിലമ്പൂര്‍ ഗവണ്‍മെന്‍റ് ആശുപത്രി പരിസരത്ത് ഓരോരുത്തരും പരസ്പരം ആശ്വസിപ്പിക്കാനാവാതെ നടന്നു. ഘനീഭവിച്ച ദുഃഖം താങ്ങാന്‍ കഴിയാതെ ഒരു കസേരയിലേക്കമര്‍ന്നു. അരികിലിരുന്ന നോവലിസ്റ്റ് രാജേന്ദ്രന്‍റെ മിഴികളില്‍ ഉടക്കിയപ്പോള്‍ എന്‍റെ കണ്ണുകളും പതറി. എന്‍റെ തോളിലേക്കു വീണയാള്‍ കുഞ്ഞിനെപ്പോ ലെ പൊട്ടുമ്പോള്‍ കണ്ണീര്‍പ്പുഴകള്‍ തള്ളിത്തുറന്നു പാഞ്ഞു…

പിറ്റേന്ന്,
സിജു എഴുതിയതിങ്ങനെയാണ്: "മോതിരമൂരിയെടുക്കാന്‍ നഴ്സ് ആവശ്യപ്പെട്ടു. അവന്‍റെ മോതിരവിരലില്‍ തൊട്ടപ്പോള്‍ എവിടെയോ പിടയുന്ന പെണ്‍ഹൃദയത്തിന്‍റെ നോവ് കൈ പൊള്ളിച്ചു. ഇല്ല, എനിക്കിതൂരാനാവില്ല…" ദീപേഷ് എഴുതി: "പച്ചകളത്രയും എരിഞ്ഞടങ്ങിയ ഒരു കാടു ചിറകടിച്ചു വരുന്നു. ആകാശവും ഭൂമിയും നഷ്ടപ്പെട്ട ഒരു തൂവല്‍ കാറ്റത്ത് ആര്‍ക്കും വായിക്കാനാവാത്ത ഭാഷയില്‍ എഴുതുന്നു."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org