നേതാവും ശുശ്രൂഷകനും

നേതാവും ശുശ്രൂഷകനും

ഫാ. ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി

2010-ല്‍ ഇറ്റാലിയന്‍ സാഹിത്യ പുരസ്‌കാരം നേടിയ Accabadora എന്ന നോവല്‍ എഴുതിയ മിഖേല മൂര്‍ജയുടെ ഗദ്യകൃതി യാണ് How to Be a Fascist: A Manual. ജനാധിപത്യ സമ്പ്രദായത്തിന്റെ മറവില്‍ നിന്നുകൊണ്ട് എങ്ങനെ ഒരു ഫാസിസ്റ്റ് ആകാം എന്ന ചോദ്യത്തിനുള്ള ചില ഉത്തരങ്ങളാണ് ഈ ചെറുപുസ്തകം. നമുക്കറിയാം ജനാധിപത്യത്തിന്റെ വിപരീതമാണ് ഫാസിസം എന്നകാര്യം. അതിന്റെ കാഴ്ചപ്പാടില്‍ ജനാധിപത്യമെന്നത് വിഷലിപ്തമായ സഹവര്‍ത്തിത്വമാണ്. അവിടെ ഭരണനിര്‍വഹണം നടത്തുകയെന്നത് സാമ്പത്തികപരമായി ചെലവേറിയതും, വികസനപരമായി ഫലപ്രദമല്ലാത്തതും പുരോഗമനത്തെ മന്ദഗതിയാക്കുന്നതുമായ കാര്യമാണ്. ഭരിക്കാന്‍ ഏറ്റവും എളുപ്പം ഫാസിസം തന്നെയാണ്.

ജനാധിപത്യമുള്ളിടത്ത് അത്ര പെട്ടെന്ന് ഫാസിസത്തിന്റെ വേര് പിടിക്കില്ല. പക്ഷേ അതിന് ജനാധിപത്യത്തിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കാന്‍ പറ്റും. നമ്മുടെ ദേഹത്ത് വരുന്ന പുഴുക്കടി പോലെയാണത്. നൂറ്റാണ്ടുകളോളം അതിന് ജനാധിപത്യത്തിന്റെ മേദസ്സിനുള്ളില്‍ ഒളിഞ്ഞിരിക്കും. അതിന്റെ ചില ബാഹ്യലക്ഷണങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ മരുന്ന് പുരട്ടും. അങ്ങനെ അത് മറഞ്ഞുപോകും. നമ്മള്‍ വിചാരിക്കും സൗഖ്യമായെന്നും. പക്ഷേ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടമാകുന്ന ആ ദിവസം അത് പുറത്തേക്ക് വരും. എല്ലായിടത്തും അത് പടര്‍ന്നു പിടിക്കും. കൊറോണയ്ക്ക് ശേഷം വന്ന ബ്ലാക്ക് ഫംഗസ് പോലെ…

ഫാസിസം എന്ന പദം ഉപയോഗിക്കാതെ ഒരു രാഷ്ട്രത്തെ മുഴുവന്‍ ഫാസിസ്റ്റ് ആക്കാന്‍ സാധിക്കുന്ന ഒരു കാല ഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. എവിടെയൊക്കെയോ ചില ചെറുത്തു നില്‍പ്പുകള്‍ ഉണ്ടെന്നല്ലാതെ ജനാധിപത്യം എന്ന സങ്കല്‍പം തന്നെ ഇപ്പോള്‍ നിറംമങ്ങി കൊണ്ടിരിക്കുന്നു. ആശയവിനിമയ രംഗത്ത് ഫാസിസ്റ്റ് ഭാഷ സ്വീകാര്യ മായിരിക്കുന്നു. ഉള്ളിലുള്ളത് എന്തെന്നറിയാതെ പല കരങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണ്ടോറ പോലെ അത് എല്ലാവരും ഉപയോഗിക്കുന്നു. അവസാനം ആ പണ്ടോറ പെട്ടിയില്‍ നിന്നും തിന്മയുടെ ശക്തികള്‍ പുറത്തേക്ക് വരും. അതെ, അതാണ് ഫാസിസ്റ്റ് ഭാഷയുടെ ഉള്ളിലുള്ളത്: തിന്മയുടെ ശക്തികള്‍.

ജറുസലേമില്‍ വെച്ച് യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുളിച്ചെയ്തു: 'നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം' (മത്താ 23:10-11). ഇതാണ് ഫാസിസത്തിനുള്ള മറുമരുന്ന്. ഇവിടെയുണ്ട് ലീഡര്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം.

ഭാഷയിലൂടെയാണ് ഫാസിസം ജനാധിപത്യത്തിന്റെ ഉള്ളില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നത്. നോക്കുക, ആശയങ്ങളെ ഫാസിസ്റ്റ് എന്ന് മുദ്രകുത്തി തള്ളിക്കളയാന്‍ എളുപ്പമാണ്. പക്ഷേ, ഭാഷയെയോ? തള്ളിക്കളയാന്‍ പറ്റില്ല. ഭാഷയില്‍ അര്‍ത്ഥവ്യതിയാനങ്ങള്‍ മനഃ പൂര്‍വ്വം ഉണ്ടാക്കപ്പെടുന്നുണ്ട്. അങ്ങനെ ഫാസിസത്തെ നമ്മുടെ സിരകളിലേക്ക് കടത്തി വിടുന്നുണ്ട്.

ഒരു ഫാസിസ്റ്റിനെ നിങ്ങള്‍ക്ക് സൃഷ്ടിക്കണമെങ്കില്‍ ആദ്യം വേണ്ടത് ലീഡര്‍ എന്ന വാക്കിനെ ജനാധിപത്യത്തിനുള്ളില്‍ നട്ടു പിടിപ്പിക്കുക എന്നതാണ്. ജനാധിപത്യത്തില്‍ നായകന്‍ ജനമല്ല, പാര്‍ട്ടി നേതാവാണെന്ന് പറഞ്ഞ് പഠിപ്പിക്കുക. ലീഡര്‍ എന്നത് നയിക്കുന്നവന്‍ എന്നല്ല, എല്ലാ അധികാരവുമുള്ള തലവന്‍ എന്നര്‍ത്ഥം കൊടുക്കുക. പതുക്കെ പതുക്കെ ആ ലീഡറിനെ ദൈവതുല്യനാക്കി മാറ്റുക. ലീഡര്‍ ദൈവതുല്യനായാല്‍, അവനു സംഹാരകനുമാകാം. അന്നം തരുന്നവനാണ് ദൈവമെന്നു മുദ്രാ വാക്യം ഇന്ന് വിളിക്കുമ്പോള്‍, നാളെ അവന്‍ ചെയ്യാന്‍ പോകുന്ന കൊലകള്‍ക്കും ന്യായീകരണങ്ങളുണ്ടാകും. അതിനു താത്വിക അനുമാനങ്ങളും ദൈവ ശാസ്ത്ര പരിചിന്തനങ്ങളും ബുദ്ധിജീവികളും സാംസ്‌കാരിക നായകരും കല്‍പ്പിച്ചു കൊടുക്കും. അവസാനം മുള്‍പ്പടര്‍പ്പ് കാടിനെ ഭരിക്കും. മരങ്ങളെല്ലാം ഞെങ്ങിഞെരുങ്ങി ശ്വാസം കിട്ടാതെ മരിക്കും.

ജറുസലേമില്‍ വെച്ച് യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുളിച്ചെയ്തു: 'നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം' (മത്താ 23:10-11). ഇതാണ് ഫാസിസത്തിനുള്ള മറുമരുന്ന്. ഇവിടെയുണ്ട് ലീഡര്‍ എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org