വലത്തോട്ടു തിരിയുന്ന ഇടതന്മാര്‍

വലത്തോട്ടു തിരിയുന്ന ഇടതന്മാര്‍

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

കോവിഡ് മാറ്റങ്ങള്‍ കൊണ്ടുവന്നു. കോവിഡാനന്തര കാലത്ത് എന്തുമേതും പുതിയതുതന്നെ. തിരഞ്ഞടുപ്പുകള്‍പോലും ഒട്ടേറെ പുതുമകളെ നമുക്കു സമ്മാനിച്ചു. അവയല്ലാം ഇപ്പോള്‍ പുതിയ നോര്‍മ്മലാണ്. എല്ലാവരും മാറുന്നു. പാര്‍ട്ടിക്കാരും പ്രസ്ഥാനങ്ങളും മാറുന്നുണ്ട്. ഇടതന്മാരും മാറി. അവരിപ്പോള്‍ വലത്തോട്ടു തിരിയുന്നു. ജനപ്രിയ കാര്യങ്ങളില്‍ വലിയ ശുഷ്‌ക്കാന്തിയാണ്. ഇടതു വലതാകുന്നതു നല്ലതു തന്നെയാണ്. അതാണിപ്പോള്‍ നോര്‍മ്മല്‍. വലതുപക്ഷം എങ്ങോട്ടും തിരിയുന്നില്ല. അല്‍പം ഇടത്തേക്കു തിരിഞ്ഞാല്‍ ഗുണം ചെയ്‌തേക്കാം. ഇതൊരു പക്ഷേ ഒരു സിന്തസിസ് ടൈം ആയിരിക്കാം. മാറുന്ന കാലത്തെ പുതിയ ചലനങ്ങള്‍ ഭാവാത്മകമായിരിക്കുമെന്നു പ്രതീക്ഷിക്കാം.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം സൃഷ്ടിക്കുകയും ചരിത്രഗതിയെ രാഷ്ട്രീയമായി മാറ്റിയെഴുതുകയും ചെയ്തിട്ടുള്ളതാണ് കമ്യൂണിസ്റ്റു മന്ത്രി സഭകള്‍. ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റു മന്ത്രിസഭ കേരളത്തിന്റേതാണ്. ഭൂപരിഷ്‌കരണ നിയമം പോലൊരു പാര്‍ലമെന്ററി വിപ്ലവവും കേരളത്തിനു സ്വന്തമാണ്. അന്താരാഷ്ട്ര ക്ഷേമരാഷ്ട്ര സങ്കല്പത്തില്‍നിന്ന് പട്ടിണിക്കാരന്റെ മന്ത്രിസഭ എന്ന വിപ്ലവാത്മക ദാര്‍ശനിക നിലപാടുകളിലേക്ക് ഒരു സംസ്ഥാനത്തെ വളര്‍ത്തിയതും കേരളത്തിലെ കമ്യൂണിസ്റ്റു മന്ത്രിസഭയാണ്. ഇപ്പോള്‍ ഭരണത്തുടര്‍ച്ചയെന്ന മാന്ത്രിക കിരീടവും സ്വന്തമാക്കിയിരിക്കുന്നു.

ജനാധിപത്യത്തിന്റെ അപജയങ്ങളെക്കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ജനങ്ങള്‍ പ്രബുദ്ധരല്ലെന്നാണ് നിരന്തരം കേള്‍ക്കുന്ന ആക്ഷേപം. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത ഇന്‍ഡ്യയില്‍ എന്നല്ല ലോകത്തൊരിടത്തും ഉണ്ടാവില്ല എന്ന് ഓരോ തിരഞ്ഞെടുപ്പും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളാണു രാജാവെന്ന് കേരളത്തിലെ ജനങ്ങള്‍ തന്ന വിളിച്ചു പറയുന്നു. ആരോപണങ്ങള്‍ കൊണ്ടു മാത്രം വോട്ടു നേടാനാവില്ലെന്നത് തെളിയിക്കപ്പെട്ട പാഠം. കഷ്ടപ്പാടിന്റെ കാലത്തു കൂടെ നിന്ന സര്‍ക്കാരിനെ തള്ളിപ്പറയാന്‍ മാത്രം ആരോപണങ്ങള്‍ക്കു ബലമില്ലെന്നു പ്രഖ്യാപിക്കാന്‍ മാത്രം പ്രബുദ്ധത കേരള ജനതയ്ക്കുണ്ട്. പാര്‍ട്ടിക്കാരെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്കു കഴിയുന്നു. ജനങ്ങള്‍ പോസിറ്റീവായി. നേതാക്കള്‍ ഇപ്പോഴും നെഗറ്റീവ് ലൈനില്‍ത്തന്നെയാണ്.

പിണറായി സര്‍ക്കാരിന്റെ രണ്ടാമൂഴം പ്രയാണം ആരംഭിച്ചു. രണ്ടാമൂഴം എന്നതു പേരിനുമാത്രം. തുഴച്ചില്‍ക്കാരെല്ലാം പുതുമുഖങ്ങള്‍. ഇതൊരു തന്റേടമാണ് പിണറായി ഇരട്ടച്ചങ്കന്‍തന്നെ. പുതുമുഖങ്ങള്‍ എന്നു മാത്രമല്ല ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും മതിയായ ഇരിപ്പിടങ്ങള്‍ നല്‍കുകയും ചെയ്തു. ഇതത്ര എളുപ്പമുള്ള കാര്യമല്ല. മറ്റൊരു പാര്‍ട്ടിക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമെന്നു തോന്നുന്നില്ല. കെ.കെ. ശൈലജ ടീച്ചറിനെ കരയ്ക്കിരുത്തേണ്ടിയിരുന്നില്ല എന്നു പിണറായിയുടെ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ പറയുന്നു. തോമസ് ഐസക്കിനേയും ജി. സുധാകരനേയും വീട്ടിലിരുത്തിയതിന്റെ രാഷ്ട്രീയം തിരയുകയാണ് നിരീക്ഷകര്‍. ആര്‍ക്കും പ്രത്യേക ആനുകൂല്യമില്ല എന്നും, എല്ലാവരും പാര്‍ട്ടിക്കു വിധേയമെന്നും പറയാമെങ്കിലും അതത്രയ്ക്കങ്ങു ദഹിക്കുന്നില്ല കടുത്ത കമ്യൂണിസ്റ്റുകാര്‍ക്കുപോലും. എം.ബി. രാജേഷിനെ സ്പീക്കര്‍ സ്ഥാനം കൊടുത്ത് ഒതുക്കേണ്ടിയിരുന്നില്ല എന്നും അടക്കംപറച്ചിലുകളുണ്ട്. സ്പീക്കര്‍ കസേരയില്‍ ഒതുങ്ങിയിരിക്കില്ലെന്നു രാജേഷ്തന്നെ പറഞ്ഞുകഴിഞ്ഞു. എന്തായാലും മറുവാക്കു പറയാന്‍ പറ്റുന്ന ആരേയും തല്‍ക്കാലം വണ്ടിയില്‍ കയറ്റിയിട്ടില്ല ക്യാപ്റ്റന്‍. മന്ത്രിസഭയില്‍ ഒരേയൊരൊന്നാമനും രണ്ടാമനും മൂന്നാമനും ഇല്ലാതിരിക്കുകയും ചെയ്യുന്നതാണു കാര്യക്ഷമതയ്ക്കും ഭരണത്തുടര്‍ച്ചയ്ക്കും നല്ലതെന്നു നേതാവു പിന്‍ഗാമികളെ ബോധ്യപ്പെടുത്തി. മാത്രമല്ല നമുക്കിവിടെ ബംഗാള്‍ ആവര്‍ത്തിക്കാനാവുമെന്നും കിനാവു പങ്കുവച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും പേഴ്‌സണല്‍ സെക്രട്ടറിമാരായിട്ടെടുക്കുന്നതു വിവരവും പക്വതയുമുള്ള പാര്‍ട്ടി നേതാക്കളെത്തന്നെ മതിയെന്നത് വളരെ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറിമാരാകുന്നവര്‍ ഉറപ്പുള്ള നേതാക്കളായിരിക്കും. അവര്‍ ഇതിനകം ജനബന്ധത്തിന്റെ കാര്യത്തിലും ഭരണനിര്‍വ്വഹണകാര്യത്തിലും പക്വത നേടിയിരിക്കും.

കൂട്ടുകക്ഷി മന്ത്രിസഭയില്‍ ആരെയൊക്കെ കൂട്ടണമെന്ന കാര്യത്തില്‍ പിണറായിക്കു കൃത്യമായ ധാരണയുണ്ട്. ഒരു വഴിക്കു പോകുമ്പോള്‍ കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളരുതാത്തതാണു മുസ്ലീം ലീഗെന്നു ബോധ്യമുണ്ട്. അതു യു.ഡി.എഫിനുണ്ടായ അനുഭവത്തില്‍നിന്നു സഖാവു പഠിച്ച പാഠമാണ്. ലീഗിനെ പ്രീണിപ്പിച്ചു പ്രീണിപ്പിച്ചാണല്ലോ യു.ഡി.എഫ്. ക്ഷീണിച്ചത്. എന്നാല്‍ ജോസ് കെ. മാണിയെ കൂടെക്കൂട്ടിയാല്‍ മുന്നണിക്കു ശോഭയേറുമെന്നു പിണറായി തിരിച്ചറിഞ്ഞിരുന്നു. സി.പി.ഐ.യുടെ എതിര്‍പ്പിനെപ്പോലും അവഗണിച്ചുകൊണ്ടാണ് പിണറായി ആ സാഹസത്തിനു തയ്യാറായത്. സ്വന്തം പിതാവിനെ ക്രൂശിച്ചവരാണെങ്കിലും ഒരു കസേര കിട്ടുന്ന കാര്യമാണെങ്കില്‍ ആരോടും ക്ഷമിക്കാന്‍ ക്രിസ്ത്യാനിയായ ജോസിനു സാധിക്കും. അതുവഴി ജോസ് കെ. മാണിക്ക് അഡ്രസ്സും മന്ത്രിക്കസേരകളും ലഭിച്ചു.

തലമുറമാറ്റത്തിന്റെ ചൂളംവിളിയുമായി കോണ്‍ഗ്രസ്സും എത്തിയിരിക്കുന്നു. വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി പ്രതിഷ്ഠിച്ചു കൊണ്ടാണ് തലമുറമാറ്റം സാധിച്ചിരിക്കുന്നത്. എട്ടു വയസ്സിന്റെ വ്യത്യാസമേ ചെന്നിത്തലയും വി.ഡി. സതീശനും തമ്മിലുള്ളൂ. അതു തലമുറമാറ്റമാണെങ്കില്‍ നമുക്കുറപ്പിക്കാം തലമുറമാറ്റമെന്ന്. ഭരണകക്ഷി ട്യൂബു ലൈറ്റു തെളിച്ചാല്‍ പ്രതിപക്ഷം മെഴുകുതിരിയെങ്കിലും കത്തിക്കണ്ടേ. അതേതായാലും സാധിച്ചു. കോണ്‍ഗ്രസ്സ് രക്ഷപ്പെടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ചെറിയ ചികിത്സ കൊണ്ടൊന്നും കോണ്‍ഗ്രസ്സ് നന്നാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നെ തല്ലെണ്ടമ്മാവാ ഞാന്‍ നന്നാവില്ലെന്നു നാഴികയ്ക്കു നൂറുവട്ടം വിളിച്ചു പറയുന്നവരാണു കോണ്‍ഗ്രസ്സുകാര്‍. അടപടലെ പൊളിച്ചെഴുത്ത് അനിവാര്യമാണു കോണ്‍ഗ്രസ്സില്‍. പക്ഷേ പൂച്ചയ്ക്കാരു മണികെട്ടുമെന്നതാണു പ്രശ്‌നം. കേന്ദ്ര നേതൃത്വം മുതല്‍ താഴേക്കു മാറ്റം വേണം. കുടുംബവാഴ്ചയ്ക്കിനി പ്രസക്തിയൊന്നുമില്ല. ഗ്രൂപ്പുകളി ഉടന്‍ അവസാനിപ്പിക്കണം. ജനങ്ങളേയും അവരുടെ പ്രശ്‌നങ്ങളേയും ഫോക്കസ്സു ചെയ്യുക. ഞങ്ങള്‍ക്കിനിയും വേണം നട്ടെല്ലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org