നമുക്ക് തര്‍ക്കിക്കാന്‍ പഠിക്കാം

നമുക്ക് തര്‍ക്കിക്കാന്‍ പഠിക്കാം

ബോബി ജോര്‍ജ്ജ്

സുഹൃത്തുക്കള്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളില്‍ നിന്നാണ് സത്യം ഉണ്ടാകുന്നത് എന്ന് പറഞ്ഞത് തത്വചിന്തകനായ ഡേവിഡ് ഹ്യൂ ആയിരുന്നു (The truth springs from argument amongst friends: David Hume). അറിവ് നിര്‍മ്മിക്കുന്നതിലും, പങ്കു വയ്ക്കുന്നതിലും, വാദപ്രതിവാദങ്ങള്‍ക്കും, തര്‍ക്കങ്ങള്‍ക്കും ഉള്ള സ്ഥാനം വലുതാണ്. അറിവ് വളരുന്നത്, അതിനെ വിമര്‍ശനബുദ്ധ്യാ നമ്മള്‍ നേരിടുമ്പോഴാണ്. അഥവാ അതിനെ ചോദ്യം ചെയ്യാന്‍ നമ്മള്‍ മറ്റുള്ളവരെ അനുവദിക്കുമ്പോഴാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ പ്രധാനമായ ലക്ഷ്യങ്ങള്‍, ചോദ്യങ്ങള്‍ ചോദിക്കാനും, മുന്‍ വിധി ഇല്ലാതെ ഒന്നിനെ സമീപിക്കാനും, സ്വതന്ത്രമായി ചിന്തിക്കാനും ഒക്കെയുള്ള കഴിവുകള്‍ വികസിപ്പിക്കുക എന്നതാകുന്നത്. വിദ്യാഭ്യാസം എന്നത് അതുകൊണ്ടു തന്നെ, തൊഴില്‍ നേടാനുള്ള കഴിവുകള്‍ സ്വായത്തമാക്കുക എന്നത് മാത്രമല്ല എന്ന് വരുന്നു.

അമേരിക്കന്‍ തത്വചിന്തകയായ മാര്‍ത്ത നുസ്ബാമിന്റെ (Martha Nussbaum) പ്രശസ്തമായ ഒരു പുസ്തകം മുന്നോട്ടു വയ്ക്കുന്ന ഒരു ആശയമുണ്ട്. മനുഷ്യനെ സംസ്‌കാരചിത്തനും, ജനാധിപത്യവിശ്വാസിയും ഒക്കെ ആക്കുന്നതില്‍ മാനവിക വിഷയങ്ങള്‍ക്കുള്ള പങ്കാണ് നുസ്ബാം "Not for profit : Why democracy needs the humanities' എന്ന പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാദപ്രതിവാദങ്ങള്‍ക്കുള്ള പ്രസക്തി. നുസ്ബാം അവതരിപ്പിക്കുന്നത് സോക്രടീസ് പ്രചാരത്തില്‍ വരുത്തിയ ഒരു തര്‍ക്ക രീതിയാണ്. ഇവിടെ പറയുന്ന ആളുടെ വലിപ്പമോ, അധികാരമോ പ്രശ്‌നമല്ല, മറിച്ചു ആശയത്തിനാണ് പ്രാധാന്യം. ജനാധിപത്യത്തിന്റെ അന്തസത്ത എന്ന് പറയുന്നത് വിഭിന്ന ആശയങ്ങളോടുള്ള ഈ തുറവിയാണ്. ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തിനും, ഭൂരിപക്ഷത്തിന്റെ അഭി പ്രായത്തിനും ഒരേ സ്വീകാര്യത ഉള്ളതാണ് ശരിയായ ജനാധിപത്യസങ്കല്പം. നുസ്ബാം മുന്നോട്ടു വയ്ക്കുന്ന മനോഹരമായ ഈ സങ്കല്‍പ്പത്തില്‍ നിന്നും നമ്മുടെ ചുറ്റുപാടുകളിലേക്കു വരുമ്പോള്‍, വളരെ വ്യത്യസ്തമായ ഒരു ലോകമാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. നമ്മുടെ സമൂഹത്തില്‍, പക്വതയാര്‍ന്ന വാദപ്രതിവാദങ്ങളും, ആശയവിനിമയവും കുറഞ്ഞു വരുന്നത് ഒരു യാഥാര്‍ഥ്യമാണ്. സോഷ്യല്‍ മീഡിയയുടെ വന്‍തോതിലുള്ള വളര്‍ച്ചയും സ്വാധീനവും ഇതിനെ എങ്ങനെയാണ് ബാധിക്കുന്നത്?

ഇന്ന് വാദപ്രതിവാദങ്ങളുടെ വലിയൊരു ഇടം സോഷ്യല്‍ മീഡിയ ആണ്. ഒരുപക്ഷെ മനുഷ്യരുടെ സങ്കല്‍പ്പങ്ങള്‍ക്ക് എല്ലാം അപ്പുറത്തത് ആളുകള്‍ക്ക് ഒരുമിച്ചു കൂടാന്‍ ഉള്ള ഒരു സൗകര്യമാണ് സോഷ്യല്‍ മീഡിയ ഒരുക്കിയത്. ഭൂമിശാസ്ത്രപരമായ അതിരുകള്‍ മറന്ന് ആളുകള്‍ക്ക് ഒരുമിച്ചു വരാനും, പരസ്പരം ഇടപെടാനും സാധിക്കുന്നിടത്താണ് സോഷ്യല്‍ മീഡിയ, ആശയവിനിമയത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ടത്. അതുപോലെ തന്നെ, കാര്യമായ എഡിറ്റോറിയല്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയയുടെ വേറൊരു സവിശേഷത. അതുകൊണ്ടു തന്നെ, സ്വതന്ത്രമായ ആശയവിനിമയത്തിന് ഏറ്റവും ഉതകുന്ന രീതിയില്‍, തികച്ചും ജനാധിപത്യപരമായ ഒരു പ്ലാറ്റ്‌ഫോം ആണ് സോഷ്യല്‍ മീഡിയ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. സങ്കല്പങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും, യാഥാര്‍ഥ്യങ്ങള്‍ ഇതില്‍ നിന്നും മാറുന്നുണ്ടോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യത്യസ്തമായി ചിന്തിക്കുന്നവരുടെ കൂട്ടങ്ങള്‍ എന്നത് മാറി ഒരേപോലെ ചിന്തിക്കുന്നവരുടെ കൂട്ടങ്ങള്‍ ആയി പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും മാറുന്നുണ്ട്. അതോടൊപ്പം തന്നെ അത്തരം സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍, വ്യത്യസ്തമായ അഭിപ്രായങ്ങളോട് വല്ലാത്ത ഒരു അസഹിഷ്ണുത വളര്‍ന്നു വരുന്നതും കാണുവാന്‍ സാധിക്കും. സോഷ്യല്‍ മീഡിയ നമുക്ക് തരുന്ന ഒരു വലിയ സൗകര്യം നമ്മെപ്പോലെ ചിന്തിക്കുന്നവരെയും, നമ്മുടേതുപോലെ താല്‍പ്പര്യങ്ങള്‍ ഉള്ളവരെയും കണ്ടെത്താന്‍ സഹായിക്കുന്നു എന്നതാണ്. തീര്‍ച്ചയായും ഒരേ അഭിരുചികള്‍ ഉള്ളവരെ കണ്ടെത്തുന്നത് നല്ല കാര്യ മാണ്. മനുഷ്യനെ വേര്‍തിരിക്കുന്ന എല്ലാ വിത്യാസങ്ങളെയും മറി കടന്നു, ഒരേ താല്‍പ്പര്യങ്ങള്‍ ഉള്ളവര്‍ ഒരുമിച്ചു വരുമ്പോള്‍ പലതും ചെയ്യാന്‍ സാധിക്കും. പക്ഷെ ഇവിടെ ഒരു പ്രശ്‌നം, നമ്മള്‍ എപ്പോഴും നമ്മെ പോലെ ചിന്തിക്കുന്നവരുടെ കൂടെ മാത്രമാണ് ഇടപഴകുന്നത് എങ്കില്‍ അത് സത്യത്തിനും അറിവിനും വേണ്ടിയുള്ള നമ്മുടെ അന്വേഷണങ്ങളെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട് എന്നതാണ്. അവിടെ നമ്മുടെ ബോധ്യങ്ങള്‍ ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നില്ല. ആരെന്തു പറഞ്ഞാലും അതിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു. യോജിക്കാനും വിയോജിക്കാനും ഒരുപോലെ സാധിക്കുന്ന ഇടങ്ങള്‍ അവിടെ ഉണ്ടാകുന്നില്ല. WhatsApp പോലെ വളരെ വ്യാപകമായി പ്രചാരത്തില്‍ ഉള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പലപ്പോഴും തീവ്രമായതോ, അപകടകരമായതോ ആയ ആശയങ്ങളെ വളരെ എളുപ്പത്തില്‍ പ്രചരിപ്പിക്കാന്‍ സാധിക്കുന്ന വേദികള്‍ ആകുന്നതു ഇങ്ങനെയാണ്. ഗ്രൂപ്പിന്റെ ചിന്തകളെ സ്വാധീനിക്കാന്‍ പറ്റിയ ആശയങ്ങള്‍ നിരന്തരമായി കടത്തിവിടുക. ഭിന്നമായ അഭിപ്രായങ്ങള്‍ ഒട്ടും അനുവദിക്കാതിരിക്കുക. പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ സത്യമാണോ എന്ന ചോദ്യത്തിന് പോലും പ്രസക്തി ഉണ്ടാവില്ല. നമ്മള്‍ മുമ്പ് കണ്ട വാദപ്രതിവാദങ്ങള്‍ക്കു പകരം, ഒരൊറ്റ ആശയത്തിന് ചുറ്റും എല്ലാവരും അണിനിരക്കുന്ന പ്രവണതയാണ് നമ്മള്‍ ഇവിടെ ഒക്കെ കാണുക. ഒരിക്കലും ഒരാള്‍ക്ക് തന്നെത്തന്നെ തിരുത്തുവാന്‍ അവിടെ ഒരവസരം കിട്ടണമെന്നില്ല.

ചില WhatsApp ഗ്രൂപ്പുകളുടെ അലിഖിതനിയമം തന്നെ രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യരുത് എന്നാണ്. അത് ചര്‍ച്ച ചെയ്താല്‍ സൗഹൃദങ്ങളെ ബാധിക്കും എന്ന് അവര്‍ കരുതുന്നു. നമ്മുടെ ആശയങ്ങളോട് വിയോജിപ്പുള്ള ഒരാളോട്, സൗഹൃദം നഷ്ടപ്പെടുത്താതെ നമുക്ക് സംവദിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അത് പരാജയമാണ്. സംവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നമ്മള്‍ എങ്ങനെ ആണ് പെരുമാറേണ്ടത് എന്ന് ലോകപ്രശസ്ത തത്വ ചിന്തകനായ ഡാനിയേല്‍ ഡെന്നീട് (Daniel Dennet) പറഞ്ഞു വയ്ക്കുന്നുണ്ട്. ഒന്നാമതായി, നിങ്ങളുടെ എതിരാളി പറഞ്ഞത്, നിങ്ങള്‍ ഏറ്റവും വ്യക്തമായി വീണ്ടും പറഞ്ഞു നോക്കുക. ഒരുപക്ഷെ അത് കേട്ടിട്ട്, തനിക്ക് ഇത്ര നന്നായി പറയാന്‍ സാധിച്ചില്ലലോ എന്ന് തന്നെ അയാള്‍ക്ക് തോന്നിയേക്കാം. രണ്ടാമതായി, നിങ്ങളുടെ എതിരാളി പറഞ്ഞതില്‍ നിങ്ങള്‍ക്ക് യോജിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കുക. മൂന്നാമതായി, നിങ്ങള്‍ എന്തെങ്കിലും കാര്യം നിങ്ങളുടെ എതിരാളിയില്‍നിന്നും നിന്നും പഠിച്ചു എങ്കില്‍ അത് പറയുക. ഇതിനെല്ലാം ശേഷം, നിങ്ങള്‍ക്കു ഇക്കാര്യത്തില്‍ പറയാന്‍ ഉള്ളത് പറയുക. ഇതൊരു മാതൃകയാണ്. അങ്ങേയറ്റം മോശമായ ഭാഷയില്‍ എതിരാളിയെ അധിക്ഷേപിക്കാതെ, എതിര്‍പ്പിന്റെ എല്ലാ സ്വരങ്ങളെയും അടിച്ചമര്‍ത്താതെ നമുക്ക് തര്‍ക്കിക്കാനും കാര്യങ്ങള്‍ കൂടുതല്‍ നന്നായി പഠിക്കാനും സാധിക്കും. തിരഞ്ഞെടുപ്പുകള്‍ മാത്രം നടത്തിയതുകൊണ്ട് ഒരു രാജ്യവും ജനാധിപത്യം പുലരുന്ന ഒന്നാവുന്നില്ല. ഓരോ പൗരനും ഭയം കൂടാതെ തന്റെ അഭിപ്രായങ്ങള്‍ പറയാനും, അതില്‍ ഏറ്റവും യുക്തമായതു ഉള്‍ക്കൊള്ളാനും സാധിക്കുമ്പോഴാണ് ജനാധിപത്യം മനോഹരമാകുന്നത്. അതുപോലെ തന്നെ, നുസ്ബാം പറയുന്നത് പോലെ, ഒരു വിദ്യാര്‍ത്ഥി നേടേണ്ട ഏറ്റവും പ്രധാനപ്പെട്ട സ്‌കില്‍ ആരോഗ്യകരമായി വിയോജിക്കാനും, ചോദ്യങ്ങള്‍ ചോദിക്കാനും ഉള്ള കഴിവാണ്. അവര്‍ നിര്‍ജീവമായ കേള്‍വിക്കാര്‍ മാത്രം ആകേണ്ടവരല്ല മറിച്ചു സ്വതന്ത്രമായ ചിന്തയും അന്വേഷണവും നടത്താന്‍ ഉള്ള കഴിവ് ആര്‍ജ്ജിക്കേണ്ടവരാണ്. സോഷ്യല്‍ മീഡിയയുടെ അനന്തസാധ്യതകള്‍ നമ്മെ, എല്ലാത്തരം ആശയങ്ങളെയും നേരിടാനും, അവയോടു സംവദിക്കാനും പ്രാപ്തരാക്കട്ടെ. അല്ലെങ്കില്‍ നാം നമ്മുടെ ആശയങ്ങളുടെ മാത്രം തടവറകളില്‍ ആയിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org